Friday, December 31, 2010

ഡിസമ്പര്‍ ജനുവരിയോട് പറഞ്ഞത്എന്‍റെ ഒടുക്കം
നിന്‍റെ തുടക്കം
ജിജ്ഞാസയോടെ കേള്‍ക്കുന്ന നിന്നോട്
ജീവിതം എന്നോട് പറഞ്ഞത്
ഇന്ന് ഞാന്‍ പറയട്ടെ

നിന്‍റെ പ്രായത്തില്‍
എന്നെയും ഇവര്‍ തോളിലേറ്റി
വാഗ്ദാനങ്ങളൊരുപാട് നല്‍കി
യുദ്ധം ഇനി ചെയ്യില്ലെന്ന്
ഊരിയ വാളിനെ ദൂരെ കളഞ്ഞെന്ന്
ചിന്തിയ ചോരയില്‍
പുതിയ ചാവേറുകള്‍ കിളിര്‍ക്കില്ലെന്ന്
നവലോക സൃഷ്ടിയ്ക്കായ്‌
നാടിനെ സേവിക്കുമെന്ന്......

ഇന്ന്, ഞാനിതാ അരങ്ങൊഴിയുന്നു
ആശകള്‍ ഇനി ബാക്കിയില്ല
എല്ലാം മറന്നിവര്‍ തീര്‍ത്ത
പോര്‍ക്കളത്തില്‍ വീണ നിണത്തില്‍
എന്‍ അന്ത്യ കൂദാശ

എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
ഈ വെള്ളരിപ്പ്രാവിനെ
ഒരു ദിനം നീ ഇതിനെ
വിണ്ണില്‍ പറത്തുക
വരുമാ ദിനം നിശ്ചയം
നിന്‍റെ ആയുസ്സിലെങ്കിലും

Wednesday, December 22, 2010

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ഡി. സി ബുക്സില്‍


കേരളം ഒന്ന് കാണാനുള്ള തന്‍റെ ഏറെ നാളത്തെ ആശയുടെ ചിറകിലേറിയാണ് ലാറ്റിനമേരിക്കന്‍ സാഹിത്യലോകത്തെ സുല്‍ത്താന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അന്ന് വെളുപ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. തന്‍റെ പുസ്തകങ്ങള്‍ ധാരാളമായി വിറ്റഴിച്ചു തരുന്ന ഡി. സി ബുക്സ്‌ ഒന്ന് സന്ദര്‍ശിക്കുക, അത് ഏറ്റവും കൂടുതല്‍ വാങ്ങി വായിക്കുന്ന മലയാളികളെയും കേരളത്തെയും അല്‍പം ‍അടുത്തറിയുക എന്നിത്യാദി മോഹങ്ങളാണ് മാര്‍ക്കേസിന്‍റെ മനസ്സിലുണ്ടായിരുന്നത്.

ഡി. സി രവി തന്നെ എയര്‍പോര്‍ട്ടില്‍ കാറുമായി അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്നിട്ടുണ്ടായിരുന്നു.
തന്‍റെ അനിതരസാധാരണമായ തൂലികയാല്‍ മലയാളികളുടെ മനം കവര്‍ന്നിരുന്ന ആ മഹാന്‍ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടും, കുശലങ്ങള്‍ ചോദിച്ചും പറഞ്ഞും കൊണ്ടും രവിയോടൊപ്പം കോട്ടയത്തേക്ക് യാത്ര തിരിച്ചു. റോഡുകളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന വന്‍ഗര്‍ത്തങ്ങളില്‍ തങ്ങളുടെ വാഹനം താഴ്ന്നു പൊങ്ങുമ്പോള്‍ അദ്ദേഹം ആദ്യം ഒന്നമ്പരന്നു. പിന്നെ നോക്കുമ്പോഴാണ് കാണുന്നത് റോഡില്‍ അങ്ങുമിങ്ങും നിറയെ മനോഹരമായ ചെറുതും വലുതുമായ കുളങ്ങള്‍. അതില്‍ മുങ്ങിയും പൊങ്ങിയും ഈണം തികഞ്ഞ ഒരു ജാസ് ട്യൂണ്‍ പോലെ പാട്ടും പാടി അനായാസം ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ റോഡു നിറയെ. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മാര്‍ക്കേസിനു മനസ്സിലായത്‌ ഇത് കൊളംബിയയിലുള്ളത് പോലുള്ള റോഡില്‍ മാത്രം ഓടുന്ന കാറും ബസ്സുകളുമല്ല, അതിലുപരി കരയിലും വെള്ളത്തിലും ഒരുപോലെയോടുന്ന അതിനൂതനമായ പ്രത്യേക നിര്‍മ്മിത വാഹനങ്ങളാണ്. മൊത്തത്തില്‍ അന്ന് പാരിസില്‍ വെച്ച് കണ്ട ഒരു സറിയലിസ്റ്റിക്ക് ചിത്രം പോലെ തോന്നി അദ്ദേഹത്തിന്. ആകെ നോക്കുമ്പോള്‍ മലയാളികളോട് ഒരു അസൂയയും തോന്നി.

അങ്ങിനെ കോട്ടയത്തെത്തിയ അദ്ദേഹം ഡി. സി കുടുംബത്തിന്‍റെ വീട്ടില്‍ തന്നെയാണ് അന്ന് തങ്ങിയത്. ഉറങ്ങുന്നതിനു മുന്‍പ് താന്‍ യാത്ര പുറപ്പെട്ട ശേഷം ലോകത്ത് എന്തൊക്കെ സംഭവിച്ചു എന്നറിയാനായി അദ്ദഹം T V തുറന്നതും മനുഷ്യക്കോലത്തിലുള്ള ചില വിചിത്രജീവികളാണ് സ്ക്രീനില്‍ തെളിഞ്ഞത്. വലിയ തലയും ഏറെ മെലിഞ്ഞ മേനിയുമുള്ള മനുഷ്യര്‍. പുറത്തേക്ക് പൂര്‍ണമായും തുറിച്ചു തൂങ്ങിക്കിടക്കുന്ന തടിച്ചു വീര്‍ത്ത നാവുള്ളവര്‍. കാലിനു പകരം കൈവിരലില്‍ നടക്കുന്നവര്‍, തുടങ്ങി താന്‍ ഇത് വരെ ഒരു സയന്‍സ് ഫിക് ഷനിലും കാണാത്ത രംഗങ്ങള്‍ നേരോടെ കണ്ട് അദ്ദേഹത്തിന്‍റെ കണ്ണ് തള്ളി. കാഫ്ക്കയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൈവന്നതാണോ എന്നതിശയിച്ചു.
കാസറഗോട്ടെ ബന്തടുക്ക എന്ന സ്ഥലത്ത് നിന്നും മറ്റുമുള്ള ദൃശ്യങ്ങലായിരുന്നു അത്. അന്തരീക്ഷത്തില്‍ നിന്ന് പ്രത്യേക ലായനി തെളിക്കാന്‍ അനുമതി കൊടുത്തുകൊണ്ട് നാട്ടുകാരെ മൊത്തമായി രൂപപരിണാമം വരുത്താന്‍ ജനങ്ങളുടെ സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈ എടുക്കുന്നതെന്ന് അദ്ദേഹം വാര്‍ത്തയില്‍ നിന്നറിഞ്ഞു.

കേരളത്തിലെ ജീവിക്കുന്ന മായാജാല-യാഥാര്‍ത്യങ്ങള്‍ക്ക് മുമ്പില്‍ തന്‍റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങളോ" മാജിക്കല്‍ റിയാലിസമോ ഒന്നും ഒരു ചുക്കുമല്ലെന്ന തിരിച്ചറിവില്‍ അദ്ദേഹം വിനയാന്വിതനായി.

തുടര്‍ന്ന് സ്ക്രീനില്‍ തെളിഞ്ഞത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നുള്ള അക്ഷരശ്ലോക മത്സരമാണ്. അതിലെ വിജയികളെ പാനല്‍ ജഡ്ജ്മാര്‍ പ്രഖ്യാപിക്കുമ്പോഴേക്കും
മാര്‍ക്വേസിന്‍റെ മിഴികളെ തലോടി നിദ്രയെത്തി.

പതിയെ മയക്കത്തിലേക്ക് വീഴുമ്പോള്‍ തന്‍റെ അടുത്ത രചനയുടെ അദ്യ അദ്ധ്യായത്തിന്‍റെ ആദ്യ വാചകം ഒരു ഗൂഢസ്മിതത്തോടെ അദ്ദേഹം മനസ്സില്‍ ഇങ്ങിനെ കുറിച്ചിട്ടു: "അങ്ങ് കിഴക്ക് കിഴക്ക്, പഞ്ചതന്ത്രം കഥകള്‍ പിറന്ന മണ്ണില്‍, ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സര്‍ക്കാര്‍ വാഴും നാട്ടില്‍, തെക്കേ അറ്റത്ത് കാസറഗോഡ് എന്ന ദേശമുണ്ട്. അവിടെ...

Images: Google

Monday, December 13, 2010

ഒരു വാക്ക്ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് രവിക്ക് ഡോക്ടറുടെ മുറിയിലേക്ക് കയറാന്‍ കഴിഞ്ഞത്. കാത്തിരിക്കുന്ന രോഗികളെ തോല്‍പ്പിച്ച് മെഡിക്കല്‍ റെപ്പുകള്‍ ഡോക്ടറുടെ അടുത്തേക്ക്‌ വലിയ ബാഗും തൂക്കിപ്പിടിച്ചു നുഴഞ്ഞു കയറുന്നു. ഇവരെ ഡോക്ടര്‍ക്കും വലിയ കാര്യമാണ് എന്നിടത്താണ് രോഗികള്‍ തോല്‍ക്കുന്നത്. ഡോക്ടറെ കാണാന്‍ കാശടച്ചു റ്റോക്കന്‍ എടുത്തവര്‍ വാ പൊളിച്ചു കാത്തിരിക്കുക തന്നെ.

സമീപത്തുള്ള കസേരയിലേക്ക് കൈകാണിച്ച് ഇരിക്കാന്‍ പറഞ്ഞു ഡോക്ടര്‍. താന്‍ പരിശോധനയ്ക്ക് വേണ്ടി വന്നതല്ലെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ അയാളെ ചോദ്യരൂപത്തില്‍ നോക്കി. തിരക്കിന്‍റെ അസ്വസ്ഥത പടരുന്ന മുഖം. "ഞാന്‍ രാജന്‍റെ..." അയാള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഡോക്ടറുടെ മുഖം വിവര്‍ണ്ണമായി. ഒരു നിമിഷത്തെ മൌനത്തിനു ശേഷം തന്‍റെ സ്വര്‍ണ ഫ്രയിമിലുള്ള കണ്ണടയ്ക്കുള്ളില്‍ നിന്ന് ഡോക്ടറുടെ കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ ഇളകി. പിന്നെ ഹൃദയജന്യ രോഗങ്ങളുടെ ആകസ്മികഭാവങ്ങളെപ്പറ്റി, അതിന്‍റെ പ്രവചനാതീത സ്വഭാവത്തെ പറ്റി എല്ലാം ഹൃസ്വമായി വിവരിക്കാന്‍ തുടങ്ങി. കുറ്റബോധത്തിന്‍റെ ലാഞ്ചന ആ മുഖത്ത് മിന്നിമറയുന്നുണ്ടോ എന്ന് രവി സൂക്ഷിച്ചു നോക്കി. പിന്നെ ഡോക്ടറെ പഴി ചാരാന്‍ പഴുത്‌ തേടുന്ന തന്‍റെ ദുര്‍ബല മനസ്സിനെ ശാസിച്ചു അടക്കിയിരുത്താന്‍ ശ്രമിച്ചു.

കാത്തു കിടക്കുന്ന രോഗികളുടെ കടലാസുകെട്ട് മെലിഞ്ഞു നീണ്ട ലേഡിനേഴ്സ് ഡോക്ടറുടെ പുതിയ മാക്‌ ലാപ്റ്റോപിനരികില്‍ വെച്ചു. തന്‍റെ തീരാതിരക്കിന്‍റെ കൂടുന്ന പള്‍സ് പിന്നെയും ഡോക്ടറുടെ മിഴികളില്‍ പ്രതിഫലിച്ചു. ഇനിയും അവിടെ ഇരിക്കുന്നതില്‍ കാര്യമില്ലെന്ന് കണ്ട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉള്ളിലൊതുക്കി രവി വിട വാങ്ങി. കതകു തുറക്കുമ്പോള്‍ സോഫകളില്‍ നിറഞ്ഞ്, അവിടെയുമിവിടെയുമായി ചാഞ്ഞും ചെരിഞ്ഞും ഡോക്ടറെ കാണാന്‍ കാത്തു കിടക്കുന്നവര്‍‍. അടുത്ത് നില്‍ക്കുന്നയാളുടെ റ്റോക്കന്‍ നമ്പര്‍ അന്വേഷിക്കുന്നു ചിലര്‍. ക്യാഷ്‌ കൌണ്ടറിലെ തിരക്കിനെ തലോടി കനത്ത ചില്ല് വാതിലുകള്‍ തുറന്ന് പുറത്തിറങ്ങി അയാള്‍ ആശുപത്രി ഗേറ്റ് കടന്നു.

മെഡിക്കല്‍ ഷോപ്പിനു മുന്‍പില്‍ മരുന്ന് വാങ്ങാന്‍ നില്‍ക്കുന്നവരുടെ വരിയും വകഞ്ഞു മാറ്റി റോഡിലേക്കിറങ്ങുമ്പോള്‍ സാന്ത്വനമില്ലാത്ത കണ്ണുനീര്‍ പോലെ നേരിയ ചാറ്റല്‍ മഴ പരന്നു തുടങ്ങി. റോഡരികിലൂടെ അലസമായി നടന്നു നീങ്ങുന്ന ഒരു പറ്റം അറവുമാടുകള്‍. ഓരോട്ടോ പിടിക്കാനായി റോഡിനപ്പുറം കടക്കാന്‍ തിരക്കേറിയ ആ വഴിയില്‍ അയാള്‍ പിന്നെയും കാത്തു നിന്നു. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസ്സുകളില്‍ കയറിപ്പറ്റാന്‍ മത്സരിച്ചോടുന്ന സ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍.

ആ ബഹളത്തിലും അയാളുടെ ഓര്‍മ്മകള്‍ പിറകോട്ടു പോയി. ഏതൊരു കഥയായാലും അതിന്‍റെ അന്ത്യത്തില്‍ ഒരു ട്വിസ്റ്റ്‌ വേണമെന്ന് ശഠിക്കുന്നയാളായിരുന്നു രാജന്‍. കഥയുടെ മധ്യത്തില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ടായാല്‍ എങ്ങിനെയിരിക്കും എന്നുള്ളത് ആരും അധികം ഓര്‍ത്തു നോക്കാറില്ലെന്നു തോന്നുന്നു. ഉപജീവനത്തിനായി കടലിനപ്പുറം കടന്ന ലക്ഷങ്ങളില്‍ ഒരുവനായിരുന്നു രാജനും. തന്‍റെ ചെറിയ വീടിന്‍റെ പണി തുടങ്ങി വെച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. രണ്ടു വര്‍ഷം കൂടുമ്പോഴാണ് അവധിയ്ക്ക് വരിക. അപ്പോഴാണ്‌ വീട്പണിയുടെ ഓരോ ഘട്ടവും പുരോഗമിക്കുക. കിട്ടാനില്ലാത്ത പണിക്കാരെ ഓടിച്ചിട്ടു പിടിച്ചുകൊണ്ട് വരാന്‍ മാത്രം പണത്തിന്‍റെ ഗ്ലാമാറുള്ള ഒരു പ്രവാസിയായിരുന്നില്ല രാജന്‍. അവധിയ്ക്ക് വരുമ്പോള്‍ അണിയുന്ന പുതുവസ്ത്രങ്ങളുടെ മോഡിയില്‍ തന്‍റെ ദാരിദ്യം മറയ്ക്കുന്ന ഒരു ശരാശരി ഗള്‍ഫുകാരന്‍. രാജന്‍റെ വീടുപണി തുടങ്ങിയ ശേഷം തുടങ്ങിയ മറ്റുള്ള എത്രയോ രമ്യഹര്‍മങ്ങള്‍ പണി പൂര്‍ത്തിയായി താമസവും തുടങ്ങി. മൂന്ന് നാല് മാസത്തെ അവധിയില്‍ കഴിയുന്നത്ര പണികള്‍ തീര്‍ത്തിട്ട് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുകയാണ് രാജന്‍റെ പതിവ്. പിന്നെ രണ്ടു വര്‍ഷം മഴയും വെയിലുമേറ്റ് പണിതീരാത്ത ആ വീട് അങ്ങിനെ കിടക്കും.

ഞെങ്ങി ഞെരുങ്ങി, കടം വാങ്ങിയാണെങ്കിലും വീടിന്‍റെ ബാക്കി പണി തീര്‍ത്ത്‌ താമസം തുടങ്ങാം എന്ന സന്തോഷത്തിലാണ് രാജന്‍ ഇക്കുറി അവധിയില്‍ വന്നത്. തിരിച്ചു പോവാന്‍ ഒരു മാസം കൂടി ബാക്കിയുള്ള സമയമായപ്പോഴേക്ക് ഒരു വിധം പണിയെല്ലാം പൂര്‍ത്തിയായി.

രണ്ടു ദിവസം കഴിഞ്ഞു നടക്കാന്‍ പോവുന്ന വീട് കൂടല്‍ ചടങ്ങിനു ക്ഷണിക്കാന്‍ ഇന്നലെ രാവിലെയാണ് രവിയുടെ വീട്ടില്‍ രാജന്‍ കുടുംബസമേതം വന്നത്. മൂത്ത മകള്‍ പ്ലസ്‌റ്റുവിനു പഠിക്കുന്നു. മകന്‍ ആറാം ക്ലാസിലും. അധികനേരം തങ്ങിയില്ല. മറ്റുള്ള ബന്ധു-സുഹൃത് വീടുകളില്‍ എത്താന്‍ തിരക്കുള്ളതിനാല്‍ പെട്ടെന്ന് വിട പറഞ്ഞു. സാധാരണയായി ഏറെ നേരം സംസാരിച്ചിരിക്കുന്ന ആളാണ്‌.

അന്ന് ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട നെഞച് വേദനയാണ് രാജനെ ഡോക്ടര്‍ക്കരികിലെത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ കുറിച്ച് കൊടുത്തത് ഗ്യാസ്‌ട്രബ്ളിനുള്ള ഗുളിക. അടുത്ത പുലരി വെളുക്കും മുന്‍പ് മോര്‍ച്ചറിയുടെ അതിശൈത്യത്തില്‍ മരവിച്ചു നിവര്‍ന്നു കിടന്നു അയാള്‍.

പേമാരിയുടെ വരവറിയിച്ചു കൊണ്ട് അന്തരീക്ഷം കൂടുതല്‍ ഇരുണ്ടു മൂടി. മഴത്തുള്ളികള്‍ക്ക് കനം വെച്ചു. ഭൂമിയുടെ പൊള്ളുന്ന നോവ്‌ പകര്‍ന്നു വാങ്ങി കാര്‍മേഘങ്ങള്‍ പെയ്തിറങ്ങി. കുണ്ടും കുഴികളും നിറഞ്ഞ പാതയില്‍ വെള്ളം കയറി മുന്നോട്ടുള്ള യാത്ര ദുര്‍ഘടമായപ്പോള്‍ ഇനി മുന്നോട്ടു പോവാനാവില്ലെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു. നടക്കാവുന്ന ദൂരമേ ഇനി വീട്ടിലേക്കുള്ളൂ. ഓട്ടോക്കാരനെ പിരിച്ചു വിട്ട് കയ്യിലുണ്ടായിരുന്ന കുട നിവര്‍ത്തി രവി മെല്ലെ നടന്നു. കുടയുള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെ. മുന്‍പോട്ടുള്ള കാഴ്ച അസാധ്യമാക്കും വിധം കോരിച്ചൊരിയുന്ന ആ മഴയില്‍, അതില്‍ നിറയുന്ന വന്യസംഗീതത്തിന്‍റെ ആദിവിഷാദത്തില്‍ അലിഞ്ഞു സ്വയം ഇല്ലാതാവാന്‍ ഒരു വേള അയാള്‍ മോഹിച്ചു.

"മൃത്യുവിന് ഒരു വാക്കെയുള്ളൂ: വരൂ"
എന്ന് പാടിയത് കവി അയ്യപ്പനാണോ?

രാജന്‍ അവസാനമായി അണിഞ്ഞിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ രണ്ടു കടലാസു തുണ്ടുകള്‍ ഉണ്ടായിരുന്നു. ഒന്ന്, ഫര്‍ണീച്ചര്‍ കടയിലും, വീടിന്‍റെ കോണ്‍ട്രാക്ടര്‍ക്കും കൊടുത്ത് തീര്‍ക്കേണ്ട തുകയുടെ വിശദമായ കണക്ക്. പിന്നെ റിയാദിലേക്കുള്ള റികണ്‍ഫേം ചെയ്ത മടക്കവിമാനയാത്രാ ടിക്കറ്റും.

Friday, December 3, 2010

ഇരുളും വെളിച്ചവുംഎന്‍റെ തിന്‍മകളുടെ ഇരുളില്‍
നിന്‍റെ നന്‍മയുടെ പ്രകാശ വര്‍ഷം
കത്തി നിന്ന വെയിലില്‍
നിന്‍റെ കുടക്കീഴിലഭയം
ഊഷരമായ് തപിക്കും രാവില്‍
പെയ്തിറങ്ങി നീ മഴവര്‍ഷമായ്
എങ്കിലും, നിന്നസാന്നിദ്ധ്യം പകരും വിഭ്രാന്തി
എന്‍റെ ഉറക്കത്തെ ഉണര്‍ച്ചയില്‍ കോര്‍ക്കുന്നു
പ്രഭാത പ്രദോഷ വേളകളിലെ
ക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
നീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ....

Sunday, November 21, 2010

ബര്‍ക്ക ദത്തെ, നീയും!

Barkha Dutt ----------------------------Vir Sanghvi

മന്‍മോഹന്‍
സിംഗിന്‍റെ ഭരണം എത്ര മോഹനം എന്നാണ് MI ഷാനവാസ് എപ്പോഴും ഉണര്‍ത്താറുന്ടായിരുന്നത്. അല്പം ഉപ്പു തൊട്ടാണെങ്കിലും വലിയ പരിഭവമില്ലാതെ അധികപേരും അത് വിഴുങ്ങാറുമുണ്ടായിരുന്നു. മന്‍മോഹന്‍ജി മഹാനായ ഒരു ജിയാണെന്ന് എതിരാളികള്‍ പോലും പുകഴ്ത്തി നടന്നത് ഇന്നലെയാണെന്നു തോന്നുന്നത് വെറുതെയല്ല. ശരിക്കും ഇന്നലെ വരെയും അങ്ങിനെ തന്നെയായിരുന്നു. ഇന്ന് എന്തു പറ്റി എന്ന് ചോദിച്ചാല്‍, അദ്ദേഹത്തിന്‍റെ മന്ത്രിവൃന്തത്തില്‍ പലരും അദേഹത്തെ പറ്റിച്ചു എന്നതല്ലാതെ വേറെ ഒന്നും പറ്റിയിട്ടില്ല എന്ന് കോണ്ഗ്രെസ്സുകാര്‍ പറയും.

ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞപോലെ കോമണ്‍ വെല്‍ത്ത് ഗയിംസ് എന്ന് പറഞ്ഞാല്‍ അത് എല്ലാവരും ചേര്‍ന്ന് പൊതു
ജനാവിലെ ധനം പങ്കിട്ട് പോക്കറ്റിലാക്കി കളിക്കുന്ന ഒരു കളിയാണ് എന്ന ഒരു സോഷ്യലിസ്റ്റ് പരിപ്രേകഷ്യത്തില്‍ നിന്നാണ് സുരേഷ് കല്‍മാടി cwg കളിച്ചു കുറച്ചു കോടികള്‍ അടിച്ചു മാറ്റിയത് എന്നാണ് ആരോപണം. ഏതായാലും മന്‍മോഹന്‍ജിയുടെ കഷ്ടകാലം ഇവിടെ തുടങ്ങി. കല്‍മാടിജിയെ കഴുത്തിനു പിടിക്കാതെ തള്ളി ശ്വാസം വിടുന്നതെയുണ്ടായിരുന്നുള്ളൂ. അഴിമതി മതി എന്ന് പ്രധാനമന്ത്രിജി നല്ല അര്‍ത്ഥത്തില്‍ ഉപദേശിച്ചത് മന്ത്രിമാര്‍ അഴിമതി മാത്രം മതി എന്നാണോ കേട്ടത് എന്നറിയില്ല, ഇതാ വന്നിരിക്കുന്നു മറ്റൊരു രാജകീയ അഴിമതിക്കിസ്സ. DMK മന്ത്രി എ രാജ 2G spectrum ഇടപാടില്‍ ഒരു ചെറിയ തുകയായ Rs. 1,76,000 കോടി രൂപ അടിച്ചു മാറ്റി എന്നാണ് ആരോപണം. ഒരു രജനീകാന്ത് സ്റ്റയിലില്‍ പറഞ്ഞാല്‍ രാജാ ഒരു കോടി അടിച്ചു മാറ്റിയാല്‍ ആയിരം കോടി അടിച്ചുമാറ്റിയ മാതിരി. അങ്ങിനെയായിരിക്കാം വലതുവശത്തെ പൂജ്യങ്ങള്‍ കൂടിയത്. ഏതായാലും രാജയും ഒടുവില്‍ ഉലകമക്കള്‍ക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്തു. പക്ഷെ മന്‍മോഹന്‍ജിക്ക് മേല്‍ പതിഞ്ഞ കരിനിഴല്‍ രാജി വെച്ചു പോവുന്ന ലക്ഷണം കാണുന്നില്ല. പങ്കായം നഷ്ടമായ ഒരു കപ്പിത്താനിലെക്കുള്ള ഈ വേഷപ്പകര്‍ച്ച ഒരു രാശിയിലും ദൃശ്യമായിരുന്നില്ല.

മന്‍മോഹന്‍ജി first lady മിഷേല്‍ ഒബാമയുടെ നൃത്തച്ചുവടുകള്‍ ആസ്വദിച്ചിരിക്കുന്ന നേരത്താണ് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അംഗമാക്കാം എന്ന് ഒബാമ മന്മോഹന് വാക്ക് കൊടുത്തത്. ആണവ കരാറിനൊപ്പം ഇതും കൂടി ചേരുമ്പോള്‍ തന്‍റെ ശിരസ്സില്‍ വന്നു ചേരാന്‍ പോവുന്ന പൊന്‍തൂവലുകള്‍ എത്രയെന്നു ആലോചിക്കുകയായിരുന്നു ബഹുമാന്യ പ്രധാനമന്ത്രിജി. ഇത് സ്വപ്നമല്ലെന്ന് ഉറപ്പു വരുത്താന്‍ തന്‍റെ താടി രോമങ്ങളില്‍ സ്വയം പിടിച്ചു വലിച്ചു നോക്കി. ഈ നേരത്താണ് ദ്രാവിഡ മകനും ടെലികോം മന്ത്രിയുമായ എ രാജയുടെ റിയാലിറ്റി ഷോ റ്റെലികാസ്റ്റ് തുടങ്ങുന്നത്. യഥാ രാജാ, തഥാ പ്രജാപതി എന്നാണല്ലോ.

Nira Radia, PR consultant and lobbyist.

ഇതെല്ലം നമ്മള്‍ കണ്ടു മടുത്ത കാര്യങ്ങള്‍. എന്നാല്‍ ND TV യുടെ നെടും തൂണായ ബര്‍ക്ക ദത്തും, ഹിന്ദുസ്ഥാന്‍ ടൈംസിലെ കൌണ്ടര്‍ പോയിന്‍റ് കോളമെഴുത്തുകാരന്‍ വീര്‍ സംഘ് വിയും കോര്‍പ്പറേറ്റ് ദല്ലാളന്‍മാരുമായി അധികാരത്തിന്‍റെ ഇടനാഴിയില്‍ വില പേശുന്നതിന്‍റെ ഓഡിയോ പുറത്തു വന്നതാണ് കാര്യങ്ങളെ വ്യത്യസ്ഥമാക്കുന്നത്. വീര്‍ സംഘ് വി ഫോണില്‍ നീര റാഡിയ എന്ന ദാല്ലാളിനോട് സംസാരിച്ചത് മുകേഷ് അംബാനിക്ക് അനുകൂലമായി സര്‍ക്കാര്‍ തലത്തില്‍ കരുക്കള്‍ നീങ്ങാന്‍ വേണ്ടി തന്‍റെ പത്രത്തില്‍ എഴുതുന്നതിനെ പറ്റിയാണെങ്കില്‍, ബര്‍ക്ക ദത്ത് നീരാ റാഡിയക്ക് ഉറപ്പു കൊടുക്കാന്‍ ശ്രമിച്ചത് എ രാജയെ രണ്ടാം UPA മന്ത്രിസഭയിലും കോട്ടമില്ലാതെ എങ്ങിനെ ഉള്‍പെടുത്താമെന്നതിനെ കുറിച്ചായിരുന്നു. ഓപ്പണ്‍ മാഗസിനും outlook ഉം ചേര്‍ന്നാണ് ഈ ആരോപണവാര്‍ത്ത "തെളിവ്" സഹിതം പുറത്തു വിട്ടിരിക്കുന്നത്. ഇത് ഒരു ഇല്ലാ കഥയാവട്ടെ എന്ന് ആശിക്കാം.

അനീതിക്കും അഴിമതിക്കുമെതിരെ "നിരന്തരം നിര്‍ഭയം" പോരാടുന്ന ബര്‍ക്ക ദത്തിനോടുള്ള ആരാധന മൂത്ത് 231,074 പേരാണ് (ഇതെഴുതുന്ന സമയം വരെ) അവരെ twitter ഇല്‍ follow ചെയ്യുന്നത്. ബര്‍ക്കയുടെ ഓരോ വാക്കും അവര്‍ക്ക് വേദമന്ത്രമാണ്. രാജ്യം ആര് ഭരിക്കണമെന്നും, ഏതു വകുപ്പ് ആര്‍ക്കു കൊടുക്കണമെന്നും തീരുമാനിക്കുന്നത് കോര്‍പറെറ്റുകളും അവരുടെ മാധ്യമ ദല്ലാളന്‍മാരുമാണെന്ന് വരികില്‍ ഒബാമ പറഞ്ഞ പോലെ India is not simply emerging: India has already emerged , എന്ന് ഏറ്റു പറയാം.


Manmohan singh ------------------------------------------ A. Raja

Embedded പത്ര പ്രവര്‍ത്തനത്തിന്‍റെയും paid news ന്‍റെയും കാലത്ത് സുകുമാര്‍ അഴിക്കോട് പറഞ്ഞപോലെ 4 പത്രം ദിനേന വായിച്ചാലും സത്ത്യത്തിന്‍റെ കര കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സത്യവും അസത്യവും ഇടകലര്‍ന്നു പടരുന്നതെങ്കിലും ഇന്റര്‍നെറ്റ്‌ എന്ന വിവര വലയം ഇവിടെ ഒരു ആത്താണിയായി മാറുകയാണ്.

കാലം ആവശ്യപ്പെടുന്ന ഒരു യഥാര്‍ത്ഥ ബദലിന് പിറവി കൊടുക്കാന്‍ കഴിയാതെ ഇടതു പാര്‍ട്ടികള്‍ ലോട്ടറിയില്‍ തപ്പുകയാണ്‌. ആവാസ വ്യവസ്ഥകളില്‍ നിന്ന് കുത്തക കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കുടിയിറക്കപ്പെട്ട മണ്ണിന്‍റെ മക്കള്‍ അതിജീവനത്തിനു വഴി കാണാതെ അലയുമ്പോള്‍ ഹിംസയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ആള്‍കൂട്ട ബലം കൂടുന്നു. ഫാഷിസത്തിന് വളക്കൂറില്ലാത്ത മണ്ണാണിതെന്നു തെളിയിച്ചു കൊണ്ടാണ് കഴിഞ്ഞ രണ്ടു തവണയും ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തത്. അവരെ നിരാശരാക്കാന്‍ ആര് കൂട്ട് നിന്നാലും സോണിയ ഗാന്ധി കൂട്ട് നില്‍ക്കില്ലെന്ന ഒരു വിശ്വാസം അവര്‍ക്കുണ്ട്. ആ വിശ്വാസം അവരെ രക്ഷിക്കുമോ എന്ന ചോദ്യത്തിന് ശൂന്യ വേളയില്‍ പോലും ഉത്തരം കിട്ടുന്ന ലക്ഷണമില്ല. ജന്ദര്‍ മന്തരില്‍ ഒന്ന്
നിരാഹാര സത്യാഗ്രഹം കിടന്നാല്‍ ഇതെല്ലാം ഒന്ന് ഒഴിഞ്ഞു കിട്ടുമോ എന്ന് ചോദിച്ചറിയാന്‍ ഗാന്ധിജിയും ഇല്ലല്ലോ. അദ്ദേഹത്തെ God കൊണ്ട് പോയില്ലേ!

Friday, November 12, 2010

Came, Saw and Colonized


Change that we hoped for?

It was hardly a secret that Mr. Obama mainly had economic and geopolitical motivations behind his recent visit to India. Any head of state visiting any other countries would always have the same considerations as his or her prime agenda, it's quite natural. Mr. Obama categorically declared this in his press conference too. And it's no crime. You can’t blame them for that, after all, the declining super power's unemployment rate is skyrocketing while it is spending billions and billions of dollars in wars and invasions on other sovereign countries. Another rather hidden thread that runs through this visit is the U.S unease over China's growing clout across the continents. The white house assumes India can be used as the best tool in containing the raising dragon. On the other hand, India is also looking for an ally to cope with its giant neighbor super power. Hence, the U.S is trying to make an alliance of the willing to encircle China. Naturally, India is too happy to participate in the great gamble.

But when it comes to Pakistan, the game plan of both India and the U.S diverges. The U.S cannot afford to shun Islamabad in its “war against terror”. But India is desperately seeking to make the U.S subscribe to its view that Pakistan is a part of the problem not the solution and that Pakistan is merely a thriving factory of terrorism and the ISI is the main sponsor of all the terror networks throughout the glob.

An embrace in need

India wants the US to condemn Pakistan for its interference in Kashmir that the US can't afford to do. On the other hand, Pakistan is also feeling restless about the US hobnobbing with India. For its part, Pakistan is going through an existential crisis. It has already become the synonym of a failed state. Pakistan is the reality-show example as to how a state can be driven into anarchy and chaos if religious fanatics are allowed to thrive. India has a lot to learn from Pakistan’s nightmarish experience especially when it has its own homegrown variants of fanatics such as the RSS and SIMI etc.

To come back to the point, what both India and Pakistan refuse to recognize is the perennial fact that they are there own to sort out their problems and conflicts between them. U.S has never stabilized any country it made friendship with or invaded on. On the contrary it has a long history of destabilizing other sovereign countries. Be it Colombia, Chile, Nicaragua, Vietnam, Iran, Lebanon, Afghanistan or Iraq etc. Be it in the continents of America, Europe, Middle East or Asia the list goes on and on.


Kashmiries pelting stones at the security forces.

The crux of the dispute between
India and Pakistan is the unresolved matter of Kashmir. It was the departing "gift" by the British to the subcontinent. The will of the Kashmiri people was never sought at the time their King acceded the entity to India. Later the government promised the people that a plebiscite would be held on the future of the valley when things came back into normalcy. Soon Pakistan sent its tribal militia to infiltrate and occupied a small portion of Kashmir ever since. The people of Kashmir has become sandwiched between the two warring neighbors ever since. They have no love lost for either Pakistan or India. As both Inida and Pakistan have long been acquired the ultimate weapon of atom bomb, Kahsmir has become a nuclear flash point.

If the narrow minded religious prejudices continue to make us blind towards the lessons that the history has taught us, the entire region may slide into uncontrollable turmoil and chaos. The dream that the U.S would take care of all the trouble shootings may well turn out to be an inescapable nightmare.

Wednesday, September 1, 2010

ഒബാമ ഇഛിച്ചതും, നെതന്യാഹു കല്‍പിച്ചതുംഅധികാരത്തിന്‍റെയും ആയുധബലത്തിന്‍റെയും അഹന്ത തലയ്ക്കു പിടിക്കുമ്പോള്‍ മറ്റു രാജ്യങ്ങളുടെയും ദേശീയതകളുടെയും മേല്‍ കുതിര കയറുന്നതും കഴിയുമെങ്കില്‍ അവരെ വരുതിയിലാക്കി അവരുടെ പ്രകൃതി സമ്പത്ത് കടത്തിക്കൊണ്ട് പോകലും എക്കാലത്തെയും എല്ലാ നാട്ടിലെയും മിക്ക വരേണ്യ വര്‍ഗത്തിനും ഇഷ്ടപ്പെട്ട വിനോദമാണ്‌. ഇതിനു വേണ്ടി സാങ്കല്‍പിക ശത്രുക്കളെ സൃഷ്ടിച്ചെടുത്തു സാധാരണക്കാരായ പ്രജകളില്‍ ഭീതിയുടെ ഉന്‍മാദ രോഗം പടര്‍ത്തി അവരെ അധിനിവേശ യുദ്ധത്തിനു മാനസികമായി സജ്ജരാക്കാനും അതിലൂടെ തങ്ങളുടെ ഭരണ പരാജയം മറച്ചു പിടിക്കാനും അവരെ ഭരിക്കുന്ന പ്രജാപതികള്‍ക്കും പെരുത്തു ഇഷ്ടമാണ്. ഇങ്ങിനെ പൊതുജനത്തെ വിഢികളാക്കാന്‍ അതതു കാലത്തെ ഭരണാധികാരികാര്‍ ശ്രമിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്യാറുണ്ട്. ഈ ഇനത്തില്‍ ആഗ്രഗണ്യന്‍മാരായവരുടെ കൂട്ടത്തില്‍ അങ്ങെ തലക്കല്‍ ഫറോവയുണ്ടായിരുന്നു. അര നൂറ്റാണ്ട് മുന്‍പ് ഹിറ്റ്ലറും മുസ്സോളിനിയും ഈ പരമ്പര പിന്‍തുടര്‍ന്നവരായിരുന്നു. കാലവും കഥയും മാറി, ആളില്ലാ വിമാനം ഉപയോഗിച്ച് (ഓമനപ്പേര്: Drone അഥവാ Unmanned aircraft) ആളുകളെ തിരഞ്ഞു പിടിച്ച്‌ വകവരുത്തുന്ന ഹൈ ടെക് യുഗത്തിലെത്തുമ്പോള്‍ ഈ സില്‍സിലയിലെ പുത്തന്‍ തലമുറയെ പ്രതിനിധീകരിച്ചു പിറവിയെടുത്ത പുണ്യജന്മങ്ങളായിരുന്നു ജോര്‍ജ് ബുഷ്‌, ടോണി ബ്ലയര്‍ എന്നിങ്ങിനെയുള്ള ശിങ്കങ്ങള്‍.

കണ്ണുനീര്‍ തീര്‍ക്കുന്ന സങ്കടക്കടലുകള്‍‍.


കൊല്ലാന്‍ പോയി കൊല്ലപ്പെട്ടവര്‍ മൃതദേഹ പേടകങ്ങളില്‍ കൂടണയുമ്പോള്‍

ഇറാഖ് അധിനിവേശം ഏതാനും ആഴ്ചകള്‍ മാത്രം പിന്നിട്ട സമയത്ത്, 2003 മേയില്‍ എബ്രഹാം ലിങ്കന്‍ എന്ന തങ്ങളുടെ വിമാന വാഹിനിക്കപ്പലില്‍ ഒരു കോമാളിയെ പോലെ പട്ടാള വേഷത്തില്‍ വന്നിറങ്ങിയ ജോര്‍ജ് ബുഷ്‌ ഒരു പ്രസംഗം നടത്തി. ഇറാഖിലെ ദൗത്യം പൂര്‍ണവിജയത്തിലെത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം തന്‍റെ ജനതയോടും ലോകത്തോടും അവിടെ വെച്ച് ശങ്കയില്ലാതെ പ്രഖ്യാപിച്ചു കളഞ്ഞത്. പിറകില്‍ വലിയ ഒരു വര്‍ണ്ണ ബോര്‍ഡില്‍ വലിയ ലിപികളില്‍ ഇങ്ങിനെ എഴുതി വെച്ചിരുന്നു. "Mission Accomplished". എന്നാല്‍ ഈ പ്രജാപതി അറിഞ്ഞിരുന്നില്ല ഇറാഖിലെ യുദ്ധം ആരംഭിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം. 2003 മെയിന് ശേഷം ഇതുവരെ ഔദ്യോഗിക കണക്കു പ്രകാരം തന്നെ 5000 ത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷം അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് അതിഗുരുതരമായി പരിക്കേറ്റു അര്‍ദ്ധപ്രാണരായി. 6 ലക്ഷത്തിലധികം ഇറാഖികള്‍ കൊല്ലപ്പെട്ടു. ഇതിലേറെ ലക്ഷങ്ങള്‍ക്ക് മാരകമായി പരിക്കെറ്റു. ലക്ഷോപലക്ഷങ്ങള്‍ക്ക് വീടും പാര്‍പ്പിടവും ഇല്ലാതായി അഭയാര്‍ഥികള്‍ ആയി. പല കണക്കുകള്‍ പല വിധ കഥകള്‍ പറയുന്നു. യഥാര്‍ത്ഥ മരണത്തിന്‍റെയും പരിക്കേറ്റതിന്‍റെയും കണക്കുകള്‍ ഇതിലും എത്രയോ ഇരട്ടിയാണെന്നും പറയപ്പെടുന്നു.

ഇപ്പോള്‍ തന്‍റെ വാഗ്ദാനം നടപ്പിലാക്കുന്നു എന്നു പറഞ്ഞു ഒബാമ യുദ്ധം അവസാനിച്ചതായി പഖ്യാപിക്കുകയാണ്. അത്രയും നല്ലത്. ഉദ്യേശ ശുദ്ധിയില്‍ ഒബാമ ബുഷിനേക്കാള്‍ ഭേതമായിരിക്കും എന്നാണ് പൊതു വിശ്വാസം. അത് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ.
ഏതായാലും ഈ പിന്‍മാറ്റത്തിനു പിറകിലെ ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കുന്നത് നമ്മുടെ ശുഭാപ്തി വിശ്വാസത്തിനു ഷോക്കേല്‍ക്കാതിരിക്കാന്‍ സഹായിച്ചേക്കും: ഒരു ലക്ഷം പട്ടാളക്കാരെ തിരിച്ചു വിളിക്കുമ്പോള്‍ തന്നെ അര ലക്ഷം പട്ടാളക്കാര്‍ യുദ്ധത്തിനു സര്‍വ്വ സജ്ജരായി ഇറാക്കില്‍ തന്നെയുണ്ട്. അമേരിക്കന്‍ പട്ടാളക്കാരെ സഹായിക്കാന്‍ വേണ്ടി ഇറക്കുമതി ചെയ്ത Private Contractors എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സര്‍വായുധ സന്നാഹങ്ങളുള്ള വാടക ഗുണ്ടകളുടെ എണ്ണം 2007ല്‍ തന്നെ 180,000 കവിഞ്ഞിരുന്നു . ഇത് ഇനിയും കൂട്ടാന്‍ പോവുകയാണ് എന്നാണ് റോബര്‍ട്ട്‌ ഫിസ്ക് നെ പോലെയുള്ള വിശ്വസനീയത നേടിയെടുത്ത മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്ലാക്ക്‌ വാട്ടര്‍ എന്ന പേരില്‍ കുപ്രസിദ്ധരായ U.S
വാടക ഗുണ്ടാ സംഘം
ഇറാഖില്‍ .

വാഗ്ധാനങ്ങളുടെ കനത്തില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വാങ്ങിയ ഒബാമയില്‍ ഒരു പാടാളുകള്‍ക്ക് ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. പക്ഷെ ഇസ്രയേലി ദാര്‍ഷ്ട്യത്തിനു മുന്‍പില്‍ ഒബാമയും കവാത്ത് മറക്കുന്നത് കാണുമ്പോള്‍ അവരെല്ലാം വലിയ നിരാശയിലാണ്. ഞെക്കിക്കൊല്ലുന്ന ബുഷില്‍ നിന്ന് നക്കികൊല്ലാന്‍ കുട പിടിക്കുന്ന മാറ്റമായിരുന്നോ ആ "change we can‍ believe in " എന്നാണു അവരിപ്പോള്‍ ആശങ്കപ്പെടുന്നത്. അഫ്ഘാനിസ്ഥാനിലേക്ക് കൂടുതല്‍ പട്ടാളത്തെ അയച്ചു കൊണ്ട് അദ്ദേഹം നൊബേലിനോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് കണ്ടപ്പോഴേ ഒബാമ-ആരാധകരുടെ നെഞ്ജ് തകരാന്‍ തുടങ്ങിയതാണ്‌. പുതിയ യുദ്ധ മുഖങ്ങളൊന്നും തുറന്നിട്ടില്ല എന്നാണ് മറ്റൊരു ശുഭാപ്തി വിശ്വാസം. നട്ടെല്ലൊടിഞ്ഞു കിടക്കുന്നത് കൊണ്ടുള്ള നിസ്സഹായതയില്‍ നിന്നാണ് ഈ അവസ്ഥ, അല്ലാതെ അധിനിവേശവിശപ്പ്‌ തീര്‍ന്നത് കൊണ്ടല്ല എന്നത് മറ്റൊരു നേര്. എന്നിട്ടരിശം തീരാതെ ഇറാന് നേരെ പതുക്കെ പതുക്കെ കരുക്കള്‍ നീക്കിക്കൊണ്ടിരിപ്പാന് അങ്കിള്‍. ഇറാഖിനോട് കളിച്ചത് പോലാവില്ല ഇറാന്‍ എന്ന ഒരു നമ്പൂരി ശങ്കയും പിറകോട്ടു വലിക്കുന്നു തല്‍ക്കാലം. ഇറാഖിനെതിരെ പ്രയോഗിച്ച അതെ കുടില തന്ത്രം, ഉപരോധം കൊണ്ട് യുദ്ധത്തിനു പുറപ്പെടും മുന്‍പ് ഇറാനെ കഴിയുന്നത്ര ദുര്‍ബലമാക്കുക എന്ന രീതി ഒബാമയും കോപിയടിച്ചു നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത് കാണുക. 1990 മുതല്‍ 2003 വരെ 13 വര്ഷം കഠിനമായ സാമ്പത്തിക-ആയുധ ഉപരോധത്തിലൂടെ ഇറാഖിന്‍റെ നട്ടെല്ല് തകര്‍ത്ത ശേഷമാണ് U .S എന്ന സൂപര്‍ പവര്‍ ഇറാഖിനെതിരെ യുദ്ധം ആരംഭിച്ചത്. ഒരാളുടെ കൈ രണ്ടും പിറകോട്ടു കെട്ടിയിട്ട് കുറെ കാലം അയാളെ പട്ടിണിക്കിട്ട് പിന്നീട് അയാളെ അടികൂടി കീഴ്പെടുത്തുന്നപോലെ. കൂറ്റന്‍ അണ്വായുധ ശേഖരം പതിറ്റാട്ടണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഒരുക്കി വെച്ച ഇസ്രെയെലിനു നേരെ അന്ധത നടിച്ചു കൊണ്ടാണ് അണുവായുധം ഉണ്ടാക്കാന്‍ പോവുന്നു എന്ന് ആരോപിച്ചു കൊണ്ട് ഇറാനെതിരെ ഇവര്‍ യുദ്ധത്തിനു കോപു കൂട്ടുന്നതും ഉപരോധം ഏര്‍പ്പെടുത്തുന്നതും. നാഗരികതകളുടെ സംഘട്ടനമെന്ന സാമുവല്‍ ഹണ്ടിംഗ്ടണ്‍ സങ്കല്പത്തിനു ജോര്‍ജ് ബുഷ്‌ തെളിഞ്ഞു നിന്ന് തേര്‍ തെളിച്ചെങ്കില്‍, ഒബാമയെന്ന ഒറ്റയാള്‍ പട്ടാളത്തിനു അത് തിരുത്താന്‍ കെല്‍പ്പുണ്ടോ അല്ലെങ്കില്‍ കേവല വാഗ്വിലാസങ്ങല്‍ക്കപ്പുറം അതിനുള്ള മനസ്സുണ്ടോ എന്ന് പാവം ആരാധകര്‍ ചോദിക്കുന്നു.

വിഖ്യാത പാട്ടുകാരന്‍ Bob Dylan പാടിയ പോലെ "The answer, my friend, is blowing in the wind. The answer is blowing in the wind"

*********************************************************************
ഇവര്‍ക്ക് പറയാനുള്ളത് :

ARUNDHATI ROY: Well, I think the—you know, the saddest thing is that when the American elections happened and you had all the rhetoric of, you know, change you can believe in, and even the most cynical of us watched Obama win the elections and did feel moved, you know, watching how happy people were, especially people who had lived through the civil rights movement and so on, and, you know, in fact what has happened is that he has come in and expanded the war. He won the Nobel Peace Prize and took an opportunity to justify the war. It was as though those tears of the black people who watched, you know, a black man come to power were now cut and paste into the eyes of the world’s elite watching him justify war.

ROBERT FISK: Yeah, I’m sure he says that. Once Obama gets into office it’ll be the same old show. You know, I’ve been through so many times, “Oh well, we’re going to have the Labor government in power in Israel. It will be different to what it was under the Likud.” And it never is.

And, “We’re going to have the Democrats in power (under Clinton).” And it never was.

You know, we never get a new government in the sense that we never get a new Middle East.

At the end of the day, the U.S. government will go along with the Israeli government. I’m sorry to say. And I’m sorry for Israelis to say that because many Israelis realize how dangerous this is. But at the end of the day we are not going to have a change. And the situation is getting worse, and worse, and worse.

Tariq Ali: Imperialism may have acquired a human face, but has to be judged on its actions. It's not looking good.

Friday, August 27, 2010

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്


പ്രമാദമായ സ്ഫോടനങ്ങളെല്ലാം നടന്നതിനു പിറകില്‍ കാവി ഭീകരസംഘങ്ങള്‍ ആണെന്ന വസ്തുത വെളിച്ചത്തായതോടെ (അന്വേഷണ റിപ്പോ ര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) പ്രതിരോധത്തിലായ സംഘുകാര്‍ ജനശ്രദ്ധ തിരിച്ചു വിടാനുള്ള വെപ്രാളപ്പാചിലില്‍ 10 കൊല്ലത്തോളം അവര്‍ തന്നെ തെളിവില്ലാതെ ജയിലിലിട്ടു എല്ലും തോലുമാക്കിയ നാസര്‍ മദനിയെ വീണ്ടും ഭീകരമുദ്ര ചാര്‍ത്തി ബംഗലൂരുവിലേക്ക് പൊക്കുമ്പോള്‍ അതിനു അവര്‍ക്കൊപ്പം വാക്കുകൊണ്ടോ വാചാല മൌനം കൊണ്ടോ ഹലെലുയ പാടാന്‍ കേരളത്തില്‍ നിന്ന് ആര്യാടന്‍ മുഹമദിനോപ്പം, കെ.എം ഷാജിയും, എം.കെ മുനീറും ഉണ്ടായിരുന്നു. ആര്യാടന്‍റെ കാര്യം പോവട്ടെ, അത് ഒരുവേറിട്ട കാഴ്ചയാണെന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. ഷാജിയും, മുനീറും ആര്‍ക്ക് വേണ്ടിയാണ് രാജാവിനെക്കാള്‍ വലിയ രാജഭക്തിയോടെ "ജന്മഭൂമി" പത്രത്തിന്‍റെ ഓഡിയോ വോയ്സ് ആയി നിലകൊള്ളുന്നത്? സ്വയം ഹനിക്കുന്ന ഈ ഹരാകിരി ഇത്രമേല്‍ സംതൃപ്തി നല്‍കുന്നതാണോ?


മുന്‍പ് മദനിയെ വിമര്‍ശിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനിശിതമായി തന്നെ വിമര്‍ശിച്ചയാളാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ ഈ കര്‍ണാടക കോറസില്‍ അദ്ദേഹത്തെ നാം അങ്ങിനെ കാണുകയുണ്ടായില്ല. എന്തുകൊണ്ടായിരുന്നു അത്? എന്തൊക്കെ പറഞ്ഞാലും കുഞ്ഞാലിക്കുട്ടിക്ക് ഷാജിയെക്കളും മുനീറിനെകാളും സെന്‍സും, സെന്‍സിബിലിറ്റിയും പിന്നെ സെന്‍സിറ്റിവിറ്റിയും ഒക്കെയുണ്ട്. ജനങ്ങളുടെ പള്‍സ് തിരിച്ചറിയുക എന്നത് മുഖ്യമാണ്. ഇന്ത്യവിഷന്‍ അദേഹത്തെ രാഷ്ട്രീയ വനവാസത്തിനയച്ച ശേഷവും, അതിവേഗത്തില്‍ ടിയാന്‍ നേതൃത്വത്തില്‍ തിരിച്ചെത്തിയത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടവര്‍ക്കുള്ള ഉത്തരം ഇവിടെ കിട്ടും. മദനിയുടെ പോയ കാലത്തെ ഉന്മാദ ഭാഷണങ്ങള്‍ക്ക് നൈമിഷിക ആള്‍കൂട്ടങ്ങള്‍ക്കപ്പുറം ഒരു ശതമാനത്തിന്‍റെപോലും പിന്തുണ ഒരിക്കലും കിട്ടിയിട്ടില്ല. അത് പിണറായി വിജയന്പോലും ബോധ്യപ്പെട്ട കാര്യമാണ്‌.

കൂടുതല്‍ ദൂരം കിഴക്കോട്ടു സഞ്ചരിച്ചാല്‍ പടിഞ്ഞാറെത്തും എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അവിടേക്കാണ് ഇപ്പോള്‍ ഷാജിയും സംഘവും എത്തിക്കൊണ്ടിരിക്കുന്നത്. യാഥാര്‍ത്യങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട്, തങ്ങളുടെ secular credentials തെളിയിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ കസേര ഉറപ്പാക്കാന്‍ വേണ്ടിയോ ഈ ചുടുചോര്‍ മാന്തി നമ്മെ സ്തബ്ധരാക്കിയ പ്രമുഖര്‍ വേറെയും ഉണ്ട്. ഉദാ: ആന്‍റെണി (ടിയാന്‍ പറഞ്ഞത്, ന്യൂനപക്ഷങ്ങളും ഗള്‍ഫ്‌ പണവും ആണ് പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം എന്ന ലൈനില്‍ ആയിരുന്നു. കേരളം രണ്ടു നേരം നേരാം വണ്ണം ഉണ്ണുന്നത് ഗള്‍ഫ് പണം കൊണ്ടാണെന്ന അടിസ്ഥാന വസ്തുത തന്നെ ഇദ്ദേഹം വിസ്മരിച്ചു പോയി.) മറ്റൊരാള്‍ വി.എസ്ആയിരുന്നു. ഒരു പ്രദേശത്തുകാര്‍ മൊത്തം കോപിയടിച്ചാണ് പരീക്ഷ പാസ്സാകുന്നത്എന്നായിരുന്നു ഇദേഹത്തിനു വന്നെത്തിയ വെളിപ്പാട്. പിന്നെ ഈയിടെ അദേഹത്തിന് വന്ന മറ്റൊരു വെളിപാട് ആരും മറന്നു കാണില്ല. ചുരുക്കത്തില്‍ മോഡിയാരാധകര്‍ക്കും അവരുടെ നേതൃത്വത്തിനും പ്രിയപെട്ടവരായി ഇവര്‍ നൊടിയിടയില്‍ മാറി. ഷാജിയും, മുനീറുമാണ് അവരുടെ പുതിയ താരങ്ങള്‍.

ഇന്ത്യ വിഷന്‍ തുടങ്ങാന്‍ വിയര്‍പ്പിന്‍റെ തുള്ളികള്‍ പകുത്തു നല്‍കിയവരെ മുനീര്‍ എങ്ങിനെ നിരാശപ്പെടുത്തിയോ അതിലും കൂടിയ അളവില്‍ സാധാരണക്കാരെ അദ്ദേഹം ഇന്ന് നിരാശരാക്കുന്നു. തീവ്രവാദം എതിര്‍ക്കപ്പെടണം എന്നതില്‍ രണ്ടു പക്ഷമില്ല, എന്നാല്‍ അത് വിഷയത്തെ അതിന്‍റെ ശരിയായ പരിപ്രേക് ഷ്യത്തില്‍ നിന്നു വിലയിരുത്തിക്കൊണ്ടല്ലെങ്കില്‍ ഉപരിപ്ലവും അന്തസാരശൂന്യവുമായിരിക്കും.

Saturday, August 21, 2010

ചാനലും, ചര്‍ച്ചയും പിന്നെ നമ്മള്‍ കഴുതകളും

മലയാള TV ചാനലുകള്‍ കേരളത്തെ കര്‍ണാടകമാക്കാന്‍ കരാറെടുത്തതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ട് നാളേറെയായിരുന്നെങ്കിലും, അധ്യാപകന്‍റെ കൈവെട്ടു സംഭവത്തോടെ അത് ത്വരിതവേഗം കൈവരിക്കുകയും, മദനി അറസ്റ്റോടെ അത് ആഘോഷമാവുകയുമാണ്. ഏതെല്ലാം തരത്തിലുള്ള ചര്‍ച്ചകളാണ് മതേതര ജാനാധിപത്യത്തിന്‍റെ ഈ ഫോര്‍ത്ത് എസ്റ്റേറ്റ് കാവലാളുകള്‍ നമുക്ക് മുന്‍പില്‍ വിളമ്പിത്തരുന്നത്‌. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്ന കാര്യം നിസ്തര്‍ക്കമാണ്. Law should take its course എന്ന നമ്മുടെ നേതാക്കളുടെ പ്രിയപ്പെട്ട പല്ലവിക്കുപരി Justice should take its course.

കൈവെട്ടികള്‍ ഉന്നം വെച്ചത് സാമുദായിക ദ്രുവീകരണം ആയിരുന്നുവെങ്കില്‍, അത് കുടുതല്‍ വേഗത്തിലും ആഴത്തിലും ആക്കിക്കൊടുക്കാന്‍ വേണ്ടി നമ്മുടെ എല്ലാ ചാനലുകളും മത്സരിക്കുകയാണ്. ഉദാഹരണത്തിന്, നമ്മുടെ പല ജനപ്രിയ ടോക്ക് ഷോ, ടിബേറ്റ് പരിപാടികളും ഈയിടെ കണ്ടവര്‍ ഒരു horror movie കണ്ട പ്രതീതിയില്‍ അന്തിച്ചിരിപ്പാവും. മൂന്നും, നാലും ഭാഗങ്ങളുള്ള മാസങ്ങള്‍ നീളുന്ന മെഗാ-ഭീകര-പരമ്പരകള്‍ ആയാണ് ഇവ മിനിസ്ക്രീനില്‍ നിറയുന്നത്. ടൈറ്റ്ല്‍സ്‌ കാണിക്കുമ്പോള്‍ തന്നെ എല്ലാം തികഞ്ഞ ഒരു Hollywood thriller ന്‍റെ ചടുല സംഗീതം പിന്നണിയില്‍ കേള്‍ക്കാം, ഇടയ്ക്ക് ഒരു ടൈറ്റാനിക് ഇഫെക്ടില്‍ ഒരു തരുണിയുടെ വിലാപനാദവും, പിന്നെ സ്വയം സേവകരും, ജിഹാദി പയ്യന്‍സും നിക്കറില്‍ നിന്ന് വടി ചുഴറ്റുന്നതും, ചിട്ടയില്‍ അടിവെക്കുന്നതുമൊക്കെ കാണിക്കും. ആകെക്കൂടി ഭീകരമയം. ചര്‍ച്ച തുടങ്ങിയാല്‍ പാനലില്‍ ഇരിക്കുന്ന ഓരോ പാര്‍ട്ടിക്കാരനും മറ്റവന് നേരെ വിരല്‍ ചൂണ്ടി blame-game ആരംഭിക്കുകയായി. ഇതിനിടെ ഓഡിയന്‍സിലെ ചില ഞരമ്പ്‌ രോഗികളും ഇതേ കലാപരിപാടി ഏറ്റെടുക്കുന്നു. ആകെ ബഹളമയം. ചര്‍ച്ചയെന്നുപേര്.

ഇനി ചില ഫ്ലാഷ് ബാക്കുകള്‍: ഇന്ത്യാമഹാരാജ്യത്ത് നമ്മള്‍ കേട്ട പരമ്പര സ്ഫോടനങ്ങള്‍ നിരവധി. എല്ലാറ്റിലും "പ്രതികള്‍" ഒരു വിഭാഗത്തില്‍ പെട്ട യുവാക്കള്‍ മാത്രമായിരുന്നു. ഓരോ പൊട്ടിത്തെറിക്കും പിറകെ അകത്താകുന്ന എണ്ണമറ്റ ചെറുപ്പക്കാര്‍, പാഴാകുന്ന അവരുടെ ജീവിതങ്ങള്‍, തകര്‍ന്നടിഞ്ഞ അവരുടെ കുടുംബങ്ങള്‍. എവിടെയുംഎത്താത്ത അന്വേഷണങ്ങള്‍. അന്നേ വിവേകമതികള്‍ പറഞ്ഞു, എവിടെയോ എന്തോ ചീഞ്ഞു നാറുന്നു എന്ന്. കപ്പലിനകത്ത് തന്നെ ഒരു കള്ളനുണ്ടെന്ന്. "മതേതര" മാധ്യമങ്ങള്‍ അതെല്ലാം അവഗണിച്ചു, ഭാവനാ വിലാസത്തില്‍ ഭീകരതയുടെ അപസര്‍പകകഥകള്‍ നെയ്തു വിട്ട മഹാപേനയുന്തികള്‍. സത്യത്തിന് എത്ര കാലം വിലങ്ങു തീര്‍ക്കാന്‍പറ്റും? മുറം പിടിച്ചു മറക്കാനൊക്കുമോ സൂര്യതേജസ്സിനെ? അങ്ങിനെ വരവായി കഥകള്‍ CBI തന്നെ കണ്ടെത്തിയ അനിഷേധ്യ തെളിവുകള്‍ പറയുന്ന ഞെട്ടിപ്പിക്കാത്ത കഥകള്‍‍. കാരണം ഗാന്ധിജിക്കെതിരെ ഉന്നമെടുത്ത ആ കൈകളുടെ ഉറവ അറിയുന്നവര്‍ക്ക് ഇവിടെ ഞെട്ടാന്‍ ഒന്നും ഇല്ല.

ഇങ്ങിനെ നിനച്ചിരിക്കാതെ നഗ്നത വെളിപ്പെട്ടു വെപ്പ്രാളമെടുത്ത ദേശസ്നേഹത്തിന്‍റെ മൊത്തക്കുത്തകക്കാര്‍, contingency period ല്‍ escape നു ശ്രമിക്കാന്‍ അവര്‍ ഒരു ബാലിയാടിനെ മുന്‍കൂട്ടിതന്നെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. അതായിരുന്നു മദനി. മൊസാദിയന്‍ തന്ത്രങ്ങള്‍ എന്നും അവര്‍ക്ക് പ്രിയപ്പെട്ടതാകുന്നു.

നമ്മുടെ TV ചാനല്‍ വിദ്വാന്‍മാരില്‍ ചിലര്‍ ഇത് അറിഞ്ഞുകൊണ്ടും സഹകരിച്ചുകൊണ്ടും, ചിലര്‍ അറിയാതെയും, ചിലര്‍ താടിക്ക് തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കാനുള്ള തിടുക്കത്തിലും പാടുന്ന വക്കാ വക്കാ വിളികളാല്‍ മുഖരിതമാണ് അന്തരീക്ഷം. എങ്കിലും നമുക്ക് പ്രതീക്ഷയുണ്ട്, നാട്ടിന്‍പുറത്തുകാരന്‍റെ നന്‍മയില്‍, സലീമിന്‍റെയും സഹദേവന്‍റെയും ഹൃദയ നൈര്‍മല്യത്തില്‍. ഒന്നും ഒന്നും രണ്ടാവില്ല. ബഷീറിന്‍റെ മജീദ്‌ പറഞ്ഞപോലെ മ്മിണി ബല്യ ഒന്ന് തന്നെയാവും. ആവണം.

Tuesday, July 27, 2010

എല്ലാവരും സ്മാര്‍ട്ടായല്ലോ


ഇ മെയിലിന്‍റെയും, എസ് എം എസ് ന്‍റെയും സൈബര്‍ വീഥിയില്‍
എവിടെയോ ബന്ധങ്ങളുടെ ജീവന്‍ പൊലിഞ്ഞു പോയി.
മോര്‍ച്ചറിയില്‍ കിടത്തിയ ഈ അനാഥ പ്രേതത്തിനു
അവകാശികളാരും ഇല്ലാതെ പോയി.
അതുകൊണ്ട് നമുക്കിനി അതെല്ലാം മറക്കാം,
പകരം, ഷെയര്‍ മാര്‍ക്കെറ്റിലെ ഓഹരി സൂചികയില്‍
നമ്മുടെ മനസ്സുറപ്പിച്ചു, നേട്ടം കൊയ്തെടുക്കാം.

Saturday, July 10, 2010

വഴിയറിയാതെ

കൈവഴികള്‍ പിരിയുന്നിടത്ത്
സന്ദേഹിയായ് അയാള്‍ നിന്നു
ഇതിലെയെന്നൊരു കൂട്ടര്‍
അല്ലിതിലെയെന്ന് മറുകൂട്ടര്‍
മുന്നിലിരുളില്‍ അയാള്‍ കണ്ടു
നിണമണിഞ്ഞുകിടക്കും പാഥേയങ്ങള്‍
അവരുടെ നിഴലിന്‍ പിറകില്‍ കഠാരകള്‍
ദൈവത്തിന്‍ ശ്രീകോവില്‍ പിശാചിന്‍ പ്രതിഷ്ഠ
പങ്കുവെയ്പ്പിന്‍ ഗുണിതങ്ങളോരോ മിഴിയിലും
കുഞ്ഞാടിന്‍ കൂട്ടങ്ങള്‍ ജാഥയായ് നീങ്ങുന്നു
അറവു ശാലയെ ആഘോഷമാക്കുവാന്‍
ഉയരുന്നു ആരവം, അടയുന്നു കാതുകള്‍
നിറയുന്നു ധൂളികള്‍, അടയുന്നു നയനങ്ങള്‍
എവിടെ വെളിച്ചം, എവിടെ നേര്‍വഴി?

Friday, July 2, 2010

ജനാധിപത്യത്തിന്‍റെ കൂട്ടിക്കൊടുപ്പുകാര്‍

അങ്ങിനെ നാമമാത്ര നഷ്ടപരിഹാരതുക മാത്രം നല്‍കി യൂണിയന്‍കാര്‍ബൈഡ് കമ്പനി ഭോപാല്‍ വിഷ വാതക ദുരന്ത കേസില്‍ നിന്ന് അനായാസം തടിയൂരിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ നെടും തൂണുകള്‍ ആയ എക്സിക്യുട്ടിവും നിയമനിര്‍മാണ സഭയും കോടതിയും ഇതില്‍ കമ്പനിക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു. ദുരന്തത്തിന്‍റെ ഇരകള്‍ അതിഭീകരമാം വിധം കബളിപ്പിക്കപ്പെടാന്‍ അവര്‍ തെല്ലൊന്നുമല്ല സായ്പിനെ സഹായിച്ചു കൊടുത്തത്.

കമ്പനി ഉടമ വാറന്‍ ആന്റെഴ്സനെ ദുരന്തം നടന്ന ഉടനെ ഒളിപ്പിച്ച് അമേരിക്കയിലേക്ക് കടത്താന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി അര്‍ജുന്‍സിംഗ് മുതല്‍ അന്നത്തെ പ്രധാന മന്ത്രി രാജീവ്ഗാന്ധി വരെ ഒത്താശ ചെയ്തുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നു. ബി ജെ പി മുന്നണിയും കോണ്‍ഗ്രസ്‌ മുന്നണിയും ഒരുപോലെ നഗ്നരായി നില്‍കുന്നതാണ് സമകാലികകാഴ്ച.

കമ്പനിക്കെതിരെ അമേരിക്കയില്‍ ഫയില്‍ ചെയ്യപ്പെട്ട കേസില്‍ ഇന്ത്യന്‍ വക്കീല്‍ ആയ നാനി പാല്‍കി വാല ഇടപെട്ട് കമ്പനിയെ അവിടത്തെ കേസില്‍ നിന്ന് ഊരാന്‍ വേണ്ട വിധം സഹായിച്ചു കൊടുത്തു എന്നാണ് വാര്‍ത്തകള്‍. അമേരിക്കന്‍ കോടതിയില്‍ കേസ് വിചാരണ ചെയ്യപ്പെട്ടിരുന്നെങ്ങില്‍ ഈ കമ്പനി കുത്തുപാളയെടുക്കാന്‍ മാത്രം നഷ്ട്ടപരിഹാരത്തുക വിധിക്കുമായിരുന്നു എന്ന് നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ദുരന്തത്തിന്‍റെ
ഇരകളുടെ ശവങ്ങള്‍ വിറ്റ വകയില്‍ പോക്കറ്റില്‍ വന്ന വന്‍തുക വെച്ച് വിലസാത്തവര്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ നെടുംതൂണുകളില്‍ ആരുണ്ട്‌ എന്ന ചോദ്യത്തിന്‍റെ ഉത്തരത്തില്‍ നാം നമ്മുടെ ജനാധിപത്ത്യത്തിന്‍റെ വളര്‍ച്ച ദര്‍ശിക്കുക.

ചുരുക്കത്തില്‍
, പണക്കാരന് ഒരു നിയമവും പാവപ്പെട്ടവന് വേറെ ഒരു നിയമവും എന്ന വസ്തുതക്ക് വീണ്ടും അടിവരയിടുക. സ്വാതന്ത്ര്യത്തിന്‍റെ 60 വര്‍ഷം പിന്നിടുമ്പോഴും രണ്ടു തരം പൌരന്‍മാര്‍മാരുടെ സമൂഹമായി ഇന്ത്യ നിലകൊള്ളുന്നു.ഭോപാല്‍ ദുരന്തത്തിന്‍റെ നാള്‍വഴികള്‍:
Dec.3 1984: കമ്പനിയുടെ ഫാക്ടറിയില്‍ നിന്ന് വിഷവാദക ചോര്‍ച്ച ആരംഭിക്കുന്നു.
പ്രദേശ
വാസികളില്‍ 15000 പേര്‍ ഉടനെ മരിക്കുന്നു.
5 ലക്ഷം പേര്‍ ഗുരുതരാവസ്ഥയില്‍
അതില്‍
എത്രയോ മടങ്ങ്‌ ലക്ഷം ജനങ്ങള്‍ വിഷവായു ശ്ര്വസിച്ച് ആജീവനാന്തം നരകജീവിതത്തിലേക്ക്, തലമുറയില്‍ നിന്ന് തലമുറയിലേക്കു പടരുന്ന ജനിതക തകരാറുകള്‍ ദൃശ്യമാവുന്നു.

കമ്പനി
ഉടമ വാറന്‍ ആന്റെഴ്സന്‍ അടക്കം ഉത്തരവാദികളായ 9 പേര്‍ ഗവണ്മെന്റിന്‍റെ സഹായത്തോടെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുന്നു.

യൂണിയന്‍
കാര്‍ബൈടിനെതിരെ നഷ്ട പരിഹാരത്തിന് ഇന്ത്യ ഗവണ്മെന്റിന്‍റെ കേസ്.

February 1989: വാറന്‍ ആന്റെഴ്സന് എതിരെ ജാമ്യമില്ലാവാറണ്ട്

Feb 1989: നഷ്ട പരിഹാരമായി 470 മില്യന്‍ അമേരിക്കന്‍ ഡോളര്‍ നല്‍കാം എന്ന വ്യവസ്ഥയില്‍ ഇരുകൂട്ടരും രാജിയാവുന്നു.

1992: പണത്തിന്‍റെ ചെറിയ ഒരംശം ഇരകള്‍ക്ക് വിതരണം ചെയ്യപ്പെടുന്നു.

February 1992: സമന്‍സില്‍ നിരന്തരം ഹാജരാവതിരിക്കുന്ന വാറന്‍ ആന്റെഴ്സനെ പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിക്കുന്നു.

1999: International environment watchdog Greenpeace ഭോപാലില്‍ അവരുടെ പരിശോധനയില്‍ ദുരന്ത കാരണമായി സംഭവിച്ച ഞെട്ടിക്കുന്ന പാരിസ്ഥിതിക ആഘാധങ്ങള്‍ വെളിപ്പെടുത്തുന്നു: കുടിയോഗ്യമാല്ലതായിത്തീര്‍ന്ന പ്രദേശത്തെ ജലസ്രോതസ്സുകള്‍, കൃഷിയോഗ്യമാല്ലതായിത്തീര്‍ന്ന മണ്ണ്.

October 25, 2004: ബാക്കി നഷ്ടപരിഹാരത്തുക വിതരണംചെയ്യണമെന്നു ദുരന്തത്തിനു ഇരകളായവര്‍ ഇന്ത്യന്‍ ഗവന്മേന്റിനോട് ആവശ്യപ്പെടുന്നു.

June 7, 2010: കമ്പനിയുടെ ചെയര്‍മാന്‍ കേശു മഹിന്ദ്രയടക്കം കുറ്റം ചുമത്തപ്പെട്ട 8 പേരും കുറ്റവാളികളാണെന്ന് കോടതിവിധിക്കുന്നു. അതോടൊപ്പം ഇവര്‍ക്കെല്ലാം 25,000 രൂപയുടെ ജാമ്യവും അനുവദിക്കുന്നു.

Sunday, April 11, 2010

സാക്ഷിയാവും നാംസാക്ഷ്യം വഹിച്ചിടും നാം
തീര്‍ച്ച, സാക്ഷ്യം വഹിച്ചിടും നമ്മളും
ആ വാഗ്ദത്ത ദിനത്തിന്‍ സാക്ഷ്യം
വിധിയുടെ താളില്‍ കുറിക്കപ്പെട്ട ദിനം

മര്‍ദ്ധക വ്യവസ്ഥതന്‍ പര്‍വ്വതങ്ങള്‍
അപ്പൂപന്‍ താടിപോല്‍ വിണ്ണിലുയരുമ്പോള്‍
മര്‍ദ്ധിത ജനതതന്‍ പാദത്തിന്‍ കീഴെ
സ്പന്ദനം കൊളളുമീ ഭൂമി നിരന്തരം
രാജപ്രമാണികള്‍തന്‍ ശിരസുകളില്‍
വെള്ളിടിവാളുകള്‍ പടര്‍ന്നിറങ്ങും

അധികാരികുലത്തിന്‍ അരങ്ങുകളില്‍ നിന്ന്
ഭൂമിയിലെ തംബ്രാക്കളെ പടിയിറക്കുമ്പോള്‍
തിരസ്കൃത മര്‍ത്യരാം സദ്‌വൃത്തദാസന്‍മാര്‍
സോപാനങ്ങളിലേക്കുയര്‍ത്തപ്പെടും
രാജകിരീടങ്ങള്‍ തെറിച്ചുപോവും
സിംഹാസനങ്ങള്‍ തകര്‍ന്നു വീഴും

ശേഷിക്കുമൊരുവന്‍റെ പേരു മാത്രം
അദൃശ്യനെങ്കിലുമരികിലുളളവന്‍
കഴ്ച്ചയുമവന്‍, കണ്ണുകളുമവന്‍ തന്നെ
ഞാനാണു സത്യമെന്നാര്‍പുയരും
ഞാന്‍ തന്നെയാണത്, നിങ്ങളും
ദൈവസൃഷ്ടികള്‍ സിംഹാസനമേറുമാ നേരം
ഞാന്‍ തന്നെയാണത്, നിങ്ങളും


സാക്ഷ്യം വഹിച്ചിടും നാം
തീര്‍ച്ച, സാക്ഷ്യം വഹിച്ചിടും നമ്മളും
ആ വാഗ്ദത്ത ദിനത്തിന്‍ സാക്ഷ്യം
വിധിയുടെ താളില്‍ കുറിക്കപ്പെട്ട ദിനം
....................................................
* ആശയത്തിന് കടപ്പാട്: Faiz Ahmed Faiz

Friday, April 9, 2010

സ്വപ്നങ്ങളെ കൈവിടാതിരിക്കുകസ്വപ്നങ്ങളെ കൈവിടാതിരിക്കുക
സ്വപ്‌നങ്ങള്‍ മരിച്ചാല്‍
ജീവിതം പിന്നെ ചിറകൊടിഞ്ഞൊരു പക്ഷി
പറന്നുയരില്ലത് വിണ്ണിലേക്ക്

സ്വപ്നങ്ങളെ മുറുകെ പിടിക്കുക
സ്വപ്‌നങ്ങള്‍ കരിഞ്ഞാല്‍
ജീവിതം പിന്നെ തരിശുഭൂമി
തളിരില കിളിര്‍കാത്ത പാഴ്മരുഭൂമി