Friday, December 31, 2010

ഡിസമ്പര്‍ ജനുവരിയോട് പറഞ്ഞത്എന്‍റെ ഒടുക്കം
നിന്‍റെ തുടക്കം
ജിജ്ഞാസയോടെ കേള്‍ക്കുന്ന നിന്നോട്
ജീവിതം എന്നോട് പറഞ്ഞത്
ഇന്ന് ഞാന്‍ പറയട്ടെ

നിന്‍റെ പ്രായത്തില്‍
എന്നെയും ഇവര്‍ തോളിലേറ്റി
വാഗ്ദാനങ്ങളൊരുപാട് നല്‍കി
യുദ്ധം ഇനി ചെയ്യില്ലെന്ന്
ഊരിയ വാളിനെ ദൂരെ കളഞ്ഞെന്ന്
ചിന്തിയ ചോരയില്‍
പുതിയ ചാവേറുകള്‍ കിളിര്‍ക്കില്ലെന്ന്
നവലോക സൃഷ്ടിയ്ക്കായ്‌
നാടിനെ സേവിക്കുമെന്ന്......

ഇന്ന്, ഞാനിതാ അരങ്ങൊഴിയുന്നു
ആശകള്‍ ഇനി ബാക്കിയില്ല
എല്ലാം മറന്നിവര്‍ തീര്‍ത്ത
പോര്‍ക്കളത്തില്‍ വീണ നിണത്തില്‍
എന്‍ അന്ത്യ കൂദാശ

എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
ഈ വെള്ളരിപ്പ്രാവിനെ
ഒരു ദിനം നീ ഇതിനെ
വിണ്ണില്‍ പറത്തുക
വരുമാ ദിനം നിശ്ചയം
നിന്‍റെ ആയുസ്സിലെങ്കിലും

Wednesday, December 22, 2010

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ഡി. സി ബുക്സില്‍


കേരളം ഒന്ന് കാണാനുള്ള തന്‍റെ ഏറെ നാളത്തെ ആശയുടെ ചിറകിലേറിയാണ് ലാറ്റിനമേരിക്കന്‍ സാഹിത്യലോകത്തെ സുല്‍ത്താന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അന്ന് വെളുപ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. തന്‍റെ പുസ്തകങ്ങള്‍ ധാരാളമായി വിറ്റഴിച്ചു തരുന്ന ഡി. സി ബുക്സ്‌ ഒന്ന് സന്ദര്‍ശിക്കുക, അത് ഏറ്റവും കൂടുതല്‍ വാങ്ങി വായിക്കുന്ന മലയാളികളെയും കേരളത്തെയും അല്‍പം ‍അടുത്തറിയുക എന്നിത്യാദി മോഹങ്ങളാണ് മാര്‍ക്കേസിന്‍റെ മനസ്സിലുണ്ടായിരുന്നത്.

ഡി. സി രവി തന്നെ എയര്‍പോര്‍ട്ടില്‍ കാറുമായി അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്നിട്ടുണ്ടായിരുന്നു.
തന്‍റെ അനിതരസാധാരണമായ തൂലികയാല്‍ മലയാളികളുടെ മനം കവര്‍ന്നിരുന്ന ആ മഹാന്‍ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടും, കുശലങ്ങള്‍ ചോദിച്ചും പറഞ്ഞും കൊണ്ടും രവിയോടൊപ്പം കോട്ടയത്തേക്ക് യാത്ര തിരിച്ചു. റോഡുകളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന വന്‍ഗര്‍ത്തങ്ങളില്‍ തങ്ങളുടെ വാഹനം താഴ്ന്നു പൊങ്ങുമ്പോള്‍ അദ്ദേഹം ആദ്യം ഒന്നമ്പരന്നു. പിന്നെ നോക്കുമ്പോഴാണ് കാണുന്നത് റോഡില്‍ അങ്ങുമിങ്ങും നിറയെ മനോഹരമായ ചെറുതും വലുതുമായ കുളങ്ങള്‍. അതില്‍ മുങ്ങിയും പൊങ്ങിയും ഈണം തികഞ്ഞ ഒരു ജാസ് ട്യൂണ്‍ പോലെ പാട്ടും പാടി അനായാസം ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ റോഡു നിറയെ. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മാര്‍ക്കേസിനു മനസ്സിലായത്‌ ഇത് കൊളംബിയയിലുള്ളത് പോലുള്ള റോഡില്‍ മാത്രം ഓടുന്ന കാറും ബസ്സുകളുമല്ല, അതിലുപരി കരയിലും വെള്ളത്തിലും ഒരുപോലെയോടുന്ന അതിനൂതനമായ പ്രത്യേക നിര്‍മ്മിത വാഹനങ്ങളാണ്. മൊത്തത്തില്‍ അന്ന് പാരിസില്‍ വെച്ച് കണ്ട ഒരു സറിയലിസ്റ്റിക്ക് ചിത്രം പോലെ തോന്നി അദ്ദേഹത്തിന്. ആകെ നോക്കുമ്പോള്‍ മലയാളികളോട് ഒരു അസൂയയും തോന്നി.

അങ്ങിനെ കോട്ടയത്തെത്തിയ അദ്ദേഹം ഡി. സി കുടുംബത്തിന്‍റെ വീട്ടില്‍ തന്നെയാണ് അന്ന് തങ്ങിയത്. ഉറങ്ങുന്നതിനു മുന്‍പ് താന്‍ യാത്ര പുറപ്പെട്ട ശേഷം ലോകത്ത് എന്തൊക്കെ സംഭവിച്ചു എന്നറിയാനായി അദ്ദഹം T V തുറന്നതും മനുഷ്യക്കോലത്തിലുള്ള ചില വിചിത്രജീവികളാണ് സ്ക്രീനില്‍ തെളിഞ്ഞത്. വലിയ തലയും ഏറെ മെലിഞ്ഞ മേനിയുമുള്ള മനുഷ്യര്‍. പുറത്തേക്ക് പൂര്‍ണമായും തുറിച്ചു തൂങ്ങിക്കിടക്കുന്ന തടിച്ചു വീര്‍ത്ത നാവുള്ളവര്‍. കാലിനു പകരം കൈവിരലില്‍ നടക്കുന്നവര്‍, തുടങ്ങി താന്‍ ഇത് വരെ ഒരു സയന്‍സ് ഫിക് ഷനിലും കാണാത്ത രംഗങ്ങള്‍ നേരോടെ കണ്ട് അദ്ദേഹത്തിന്‍റെ കണ്ണ് തള്ളി. കാഫ്ക്കയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൈവന്നതാണോ എന്നതിശയിച്ചു.
കാസറഗോട്ടെ ബന്തടുക്ക എന്ന സ്ഥലത്ത് നിന്നും മറ്റുമുള്ള ദൃശ്യങ്ങലായിരുന്നു അത്. അന്തരീക്ഷത്തില്‍ നിന്ന് പ്രത്യേക ലായനി തെളിക്കാന്‍ അനുമതി കൊടുത്തുകൊണ്ട് നാട്ടുകാരെ മൊത്തമായി രൂപപരിണാമം വരുത്താന്‍ ജനങ്ങളുടെ സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈ എടുക്കുന്നതെന്ന് അദ്ദേഹം വാര്‍ത്തയില്‍ നിന്നറിഞ്ഞു.

കേരളത്തിലെ ജീവിക്കുന്ന മായാജാല-യാഥാര്‍ത്യങ്ങള്‍ക്ക് മുമ്പില്‍ തന്‍റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങളോ" മാജിക്കല്‍ റിയാലിസമോ ഒന്നും ഒരു ചുക്കുമല്ലെന്ന തിരിച്ചറിവില്‍ അദ്ദേഹം വിനയാന്വിതനായി.

തുടര്‍ന്ന് സ്ക്രീനില്‍ തെളിഞ്ഞത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നുള്ള അക്ഷരശ്ലോക മത്സരമാണ്. അതിലെ വിജയികളെ പാനല്‍ ജഡ്ജ്മാര്‍ പ്രഖ്യാപിക്കുമ്പോഴേക്കും
മാര്‍ക്വേസിന്‍റെ മിഴികളെ തലോടി നിദ്രയെത്തി.

പതിയെ മയക്കത്തിലേക്ക് വീഴുമ്പോള്‍ തന്‍റെ അടുത്ത രചനയുടെ അദ്യ അദ്ധ്യായത്തിന്‍റെ ആദ്യ വാചകം ഒരു ഗൂഢസ്മിതത്തോടെ അദ്ദേഹം മനസ്സില്‍ ഇങ്ങിനെ കുറിച്ചിട്ടു: "അങ്ങ് കിഴക്ക് കിഴക്ക്, പഞ്ചതന്ത്രം കഥകള്‍ പിറന്ന മണ്ണില്‍, ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സര്‍ക്കാര്‍ വാഴും നാട്ടില്‍, തെക്കേ അറ്റത്ത് കാസറഗോഡ് എന്ന ദേശമുണ്ട്. അവിടെ...

Images: Google

Monday, December 13, 2010

ഒരു വാക്ക്ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് രവിക്ക് ഡോക്ടറുടെ മുറിയിലേക്ക് കയറാന്‍ കഴിഞ്ഞത്. കാത്തിരിക്കുന്ന രോഗികളെ തോല്‍പ്പിച്ച് മെഡിക്കല്‍ റെപ്പുകള്‍ ഡോക്ടറുടെ അടുത്തേക്ക്‌ വലിയ ബാഗും തൂക്കിപ്പിടിച്ചു നുഴഞ്ഞു കയറുന്നു. ഇവരെ ഡോക്ടര്‍ക്കും വലിയ കാര്യമാണ് എന്നിടത്താണ് രോഗികള്‍ തോല്‍ക്കുന്നത്. ഡോക്ടറെ കാണാന്‍ കാശടച്ചു റ്റോക്കന്‍ എടുത്തവര്‍ വാ പൊളിച്ചു കാത്തിരിക്കുക തന്നെ.

സമീപത്തുള്ള കസേരയിലേക്ക് കൈകാണിച്ച് ഇരിക്കാന്‍ പറഞ്ഞു ഡോക്ടര്‍. താന്‍ പരിശോധനയ്ക്ക് വേണ്ടി വന്നതല്ലെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ അയാളെ ചോദ്യരൂപത്തില്‍ നോക്കി. തിരക്കിന്‍റെ അസ്വസ്ഥത പടരുന്ന മുഖം. "ഞാന്‍ രാജന്‍റെ..." അയാള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഡോക്ടറുടെ മുഖം വിവര്‍ണ്ണമായി. ഒരു നിമിഷത്തെ മൌനത്തിനു ശേഷം തന്‍റെ സ്വര്‍ണ ഫ്രയിമിലുള്ള കണ്ണടയ്ക്കുള്ളില്‍ നിന്ന് ഡോക്ടറുടെ കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ ഇളകി. പിന്നെ ഹൃദയജന്യ രോഗങ്ങളുടെ ആകസ്മികഭാവങ്ങളെപ്പറ്റി, അതിന്‍റെ പ്രവചനാതീത സ്വഭാവത്തെ പറ്റി എല്ലാം ഹൃസ്വമായി വിവരിക്കാന്‍ തുടങ്ങി. കുറ്റബോധത്തിന്‍റെ ലാഞ്ചന ആ മുഖത്ത് മിന്നിമറയുന്നുണ്ടോ എന്ന് രവി സൂക്ഷിച്ചു നോക്കി. പിന്നെ ഡോക്ടറെ പഴി ചാരാന്‍ പഴുത്‌ തേടുന്ന തന്‍റെ ദുര്‍ബല മനസ്സിനെ ശാസിച്ചു അടക്കിയിരുത്താന്‍ ശ്രമിച്ചു.

കാത്തു കിടക്കുന്ന രോഗികളുടെ കടലാസുകെട്ട് മെലിഞ്ഞു നീണ്ട ലേഡിനേഴ്സ് ഡോക്ടറുടെ പുതിയ മാക്‌ ലാപ്റ്റോപിനരികില്‍ വെച്ചു. തന്‍റെ തീരാതിരക്കിന്‍റെ കൂടുന്ന പള്‍സ് പിന്നെയും ഡോക്ടറുടെ മിഴികളില്‍ പ്രതിഫലിച്ചു. ഇനിയും അവിടെ ഇരിക്കുന്നതില്‍ കാര്യമില്ലെന്ന് കണ്ട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉള്ളിലൊതുക്കി രവി വിട വാങ്ങി. കതകു തുറക്കുമ്പോള്‍ സോഫകളില്‍ നിറഞ്ഞ്, അവിടെയുമിവിടെയുമായി ചാഞ്ഞും ചെരിഞ്ഞും ഡോക്ടറെ കാണാന്‍ കാത്തു കിടക്കുന്നവര്‍‍. അടുത്ത് നില്‍ക്കുന്നയാളുടെ റ്റോക്കന്‍ നമ്പര്‍ അന്വേഷിക്കുന്നു ചിലര്‍. ക്യാഷ്‌ കൌണ്ടറിലെ തിരക്കിനെ തലോടി കനത്ത ചില്ല് വാതിലുകള്‍ തുറന്ന് പുറത്തിറങ്ങി അയാള്‍ ആശുപത്രി ഗേറ്റ് കടന്നു.

മെഡിക്കല്‍ ഷോപ്പിനു മുന്‍പില്‍ മരുന്ന് വാങ്ങാന്‍ നില്‍ക്കുന്നവരുടെ വരിയും വകഞ്ഞു മാറ്റി റോഡിലേക്കിറങ്ങുമ്പോള്‍ സാന്ത്വനമില്ലാത്ത കണ്ണുനീര്‍ പോലെ നേരിയ ചാറ്റല്‍ മഴ പരന്നു തുടങ്ങി. റോഡരികിലൂടെ അലസമായി നടന്നു നീങ്ങുന്ന ഒരു പറ്റം അറവുമാടുകള്‍. ഓരോട്ടോ പിടിക്കാനായി റോഡിനപ്പുറം കടക്കാന്‍ തിരക്കേറിയ ആ വഴിയില്‍ അയാള്‍ പിന്നെയും കാത്തു നിന്നു. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസ്സുകളില്‍ കയറിപ്പറ്റാന്‍ മത്സരിച്ചോടുന്ന സ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍.

ആ ബഹളത്തിലും അയാളുടെ ഓര്‍മ്മകള്‍ പിറകോട്ടു പോയി. ഏതൊരു കഥയായാലും അതിന്‍റെ അന്ത്യത്തില്‍ ഒരു ട്വിസ്റ്റ്‌ വേണമെന്ന് ശഠിക്കുന്നയാളായിരുന്നു രാജന്‍. കഥയുടെ മധ്യത്തില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ടായാല്‍ എങ്ങിനെയിരിക്കും എന്നുള്ളത് ആരും അധികം ഓര്‍ത്തു നോക്കാറില്ലെന്നു തോന്നുന്നു. ഉപജീവനത്തിനായി കടലിനപ്പുറം കടന്ന ലക്ഷങ്ങളില്‍ ഒരുവനായിരുന്നു രാജനും. തന്‍റെ ചെറിയ വീടിന്‍റെ പണി തുടങ്ങി വെച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. രണ്ടു വര്‍ഷം കൂടുമ്പോഴാണ് അവധിയ്ക്ക് വരിക. അപ്പോഴാണ്‌ വീട്പണിയുടെ ഓരോ ഘട്ടവും പുരോഗമിക്കുക. കിട്ടാനില്ലാത്ത പണിക്കാരെ ഓടിച്ചിട്ടു പിടിച്ചുകൊണ്ട് വരാന്‍ മാത്രം പണത്തിന്‍റെ ഗ്ലാമാറുള്ള ഒരു പ്രവാസിയായിരുന്നില്ല രാജന്‍. അവധിയ്ക്ക് വരുമ്പോള്‍ അണിയുന്ന പുതുവസ്ത്രങ്ങളുടെ മോഡിയില്‍ തന്‍റെ ദാരിദ്യം മറയ്ക്കുന്ന ഒരു ശരാശരി ഗള്‍ഫുകാരന്‍. രാജന്‍റെ വീടുപണി തുടങ്ങിയ ശേഷം തുടങ്ങിയ മറ്റുള്ള എത്രയോ രമ്യഹര്‍മങ്ങള്‍ പണി പൂര്‍ത്തിയായി താമസവും തുടങ്ങി. മൂന്ന് നാല് മാസത്തെ അവധിയില്‍ കഴിയുന്നത്ര പണികള്‍ തീര്‍ത്തിട്ട് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുകയാണ് രാജന്‍റെ പതിവ്. പിന്നെ രണ്ടു വര്‍ഷം മഴയും വെയിലുമേറ്റ് പണിതീരാത്ത ആ വീട് അങ്ങിനെ കിടക്കും.

ഞെങ്ങി ഞെരുങ്ങി, കടം വാങ്ങിയാണെങ്കിലും വീടിന്‍റെ ബാക്കി പണി തീര്‍ത്ത്‌ താമസം തുടങ്ങാം എന്ന സന്തോഷത്തിലാണ് രാജന്‍ ഇക്കുറി അവധിയില്‍ വന്നത്. തിരിച്ചു പോവാന്‍ ഒരു മാസം കൂടി ബാക്കിയുള്ള സമയമായപ്പോഴേക്ക് ഒരു വിധം പണിയെല്ലാം പൂര്‍ത്തിയായി.

രണ്ടു ദിവസം കഴിഞ്ഞു നടക്കാന്‍ പോവുന്ന വീട് കൂടല്‍ ചടങ്ങിനു ക്ഷണിക്കാന്‍ ഇന്നലെ രാവിലെയാണ് രവിയുടെ വീട്ടില്‍ രാജന്‍ കുടുംബസമേതം വന്നത്. മൂത്ത മകള്‍ പ്ലസ്‌റ്റുവിനു പഠിക്കുന്നു. മകന്‍ ആറാം ക്ലാസിലും. അധികനേരം തങ്ങിയില്ല. മറ്റുള്ള ബന്ധു-സുഹൃത് വീടുകളില്‍ എത്താന്‍ തിരക്കുള്ളതിനാല്‍ പെട്ടെന്ന് വിട പറഞ്ഞു. സാധാരണയായി ഏറെ നേരം സംസാരിച്ചിരിക്കുന്ന ആളാണ്‌.

അന്ന് ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട നെഞച് വേദനയാണ് രാജനെ ഡോക്ടര്‍ക്കരികിലെത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ കുറിച്ച് കൊടുത്തത് ഗ്യാസ്‌ട്രബ്ളിനുള്ള ഗുളിക. അടുത്ത പുലരി വെളുക്കും മുന്‍പ് മോര്‍ച്ചറിയുടെ അതിശൈത്യത്തില്‍ മരവിച്ചു നിവര്‍ന്നു കിടന്നു അയാള്‍.

പേമാരിയുടെ വരവറിയിച്ചു കൊണ്ട് അന്തരീക്ഷം കൂടുതല്‍ ഇരുണ്ടു മൂടി. മഴത്തുള്ളികള്‍ക്ക് കനം വെച്ചു. ഭൂമിയുടെ പൊള്ളുന്ന നോവ്‌ പകര്‍ന്നു വാങ്ങി കാര്‍മേഘങ്ങള്‍ പെയ്തിറങ്ങി. കുണ്ടും കുഴികളും നിറഞ്ഞ പാതയില്‍ വെള്ളം കയറി മുന്നോട്ടുള്ള യാത്ര ദുര്‍ഘടമായപ്പോള്‍ ഇനി മുന്നോട്ടു പോവാനാവില്ലെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു. നടക്കാവുന്ന ദൂരമേ ഇനി വീട്ടിലേക്കുള്ളൂ. ഓട്ടോക്കാരനെ പിരിച്ചു വിട്ട് കയ്യിലുണ്ടായിരുന്ന കുട നിവര്‍ത്തി രവി മെല്ലെ നടന്നു. കുടയുള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെ. മുന്‍പോട്ടുള്ള കാഴ്ച അസാധ്യമാക്കും വിധം കോരിച്ചൊരിയുന്ന ആ മഴയില്‍, അതില്‍ നിറയുന്ന വന്യസംഗീതത്തിന്‍റെ ആദിവിഷാദത്തില്‍ അലിഞ്ഞു സ്വയം ഇല്ലാതാവാന്‍ ഒരു വേള അയാള്‍ മോഹിച്ചു.

"മൃത്യുവിന് ഒരു വാക്കെയുള്ളൂ: വരൂ"
എന്ന് പാടിയത് കവി അയ്യപ്പനാണോ?

രാജന്‍ അവസാനമായി അണിഞ്ഞിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ രണ്ടു കടലാസു തുണ്ടുകള്‍ ഉണ്ടായിരുന്നു. ഒന്ന്, ഫര്‍ണീച്ചര്‍ കടയിലും, വീടിന്‍റെ കോണ്‍ട്രാക്ടര്‍ക്കും കൊടുത്ത് തീര്‍ക്കേണ്ട തുകയുടെ വിശദമായ കണക്ക്. പിന്നെ റിയാദിലേക്കുള്ള റികണ്‍ഫേം ചെയ്ത മടക്കവിമാനയാത്രാ ടിക്കറ്റും.

Friday, December 3, 2010

ഇരുളും വെളിച്ചവുംഎന്‍റെ തിന്‍മകളുടെ ഇരുളില്‍
നിന്‍റെ നന്‍മയുടെ പ്രകാശ വര്‍ഷം
കത്തി നിന്ന വെയിലില്‍
നിന്‍റെ കുടക്കീഴിലഭയം
ഊഷരമായ് തപിക്കും രാവില്‍
പെയ്തിറങ്ങി നീ മഴവര്‍ഷമായ്
എങ്കിലും, നിന്നസാന്നിദ്ധ്യം പകരും വിഭ്രാന്തി
എന്‍റെ ഉറക്കത്തെ ഉണര്‍ച്ചയില്‍ കോര്‍ക്കുന്നു
പ്രഭാത പ്രദോഷ വേളകളിലെ
ക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
നീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ....