Thursday, January 27, 2011

മ്മിണി ബല്യ ഒന്ന്


("രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്നേഹത്തിന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയേക്കാള്‍ ശക്തിയുണ്ടെന്നു ഞാന്‍ മനസ്സിലാക്കി": സ്വാമി അസീമാനന്ദ)
ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു ഇത് കൂടി വായിക്കുക.
(വാര്‍ത്തയുടെ ഇംപാക്റ്റ്.) , (ആ ജനുവരി സന്ധ്യ മറക്കുവതെങ്ങനെ ?)
*******************************************************************************

അഴികള്‍ക്കകത്തു വെച്ചാണവരറിഞ്ഞത്
മതങ്ങള്‍ക്കപ്പുറം മനുഷ്യരുണ്ടെന്ന്
അലറിവിളിച്ചിരുന്നവര്‍ പരസ്പരം
മതിലിനപ്പുറം നടന്ന നാള്‍കളില്‍

കലീമിന്‍ കണ്ണിലെ നിരാശ്രയ ഭാവം
സ്വാമിതന്നുള്ളില്‍ പെരും നോവായ്‌ നിറഞ്ഞു
കിരാത ചിന്തകള്‍ക്കറുതി വന്നപ്പോള്‍
സീമകള്‍ക്കപ്പുറം സ്നേഹം തുളുമ്പിനാള്‍

രചിപ്പതിക്കഥ പുതിയ പാഥേയം
വെറുപ്പിന്‍ വാക്കുകള്‍ വെറും സ്മരണയാവട്ടെ
ഋതുഭേദങ്ങളില്‍ ഒരേ കുടക്കീഴില്‍ നമ്മള്‍
വഴികളെത്ര മേല്‍ നടന്നു തീര്‍ത്തില്ല

പൊളിച്ചു മാറ്റുക മതില്‍ നമുക്കിടയിലെ
തിരിച്ചു പോവുക സ്വസ്ഥ ഹൃദയ വനികയില്‍
പൊന്‍പുലരി നമുക്കായ് പിറക്കട്ടെയിനി
തീര്‍ത്ഥ ജലത്തിന്‍ ശുദ്ധിയില്‍ തൊട്ടിനി നമിക്കുക.

Saturday, January 22, 2011

പാലപ്പൂമണം കാറ്റില്‍ പരന്ന നാള്‍


ഇന്‍ബോക്സില്‍ പുതുതായി വന്നു കിടക്കുന്ന ഒരു ഇ-മെയില്‍, അയച്ച ആളുടെ പേരിനു താഴെ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളുടെ പേര്. അവാച്യമായ ഒരനുഭൂതി അത് നല്‍കുന്നു. അത് കൊണ്ടു വരുന്ന വാര്‍ത്ത സന്തോഷത്തിന്‍റെതാവാം സന്താപത്തിന്‍റെതാവാം. പക്ഷെ, വന്നു കിടക്കുന്ന കുറിമാനത്തിന് ജീവന്‍ തുടിയ്ക്കുന്ന ഒരാത്മാവുണ്ട്.

അത് അങ്ങിനെയായിരുന്നു, അന്നും, അത് കടലാസില്‍ ചുരുണ്ട് കൂടി വിവിധ വര്‍ണ്ണങ്ങളുടെ കുപ്പായമണിഞ്ഞു വന്ന കാലത്തും. അല്ല, അന്ന് ഇതിലേറെ വശ്യമായിരുന്നു അതിന്‍റെ അകംപുറ കാഴ്ചകള്‍. അന്ന് നിങ്ങള്‍ അതിനെ തൊട്ടു താലോടിയറിഞ്ഞിരുന്നു. ചിലപ്പോഴത് സുഗന്ധവാഹിയായി, മറ്റു ചിലപ്പോള്‍ സല്ലാപം ചൊരിയുന്ന സുഹൃത്തായി, സാന്ത്വനമായി.

ഓരോരുത്തരുടെ കത്തുകള്‍ക്കും അവരവരുടെ മുഖങ്ങള്‍ പോലെ വ്യത്യസ്തമായ കയ്യക്ഷരങ്ങള്‍ പകരുന്ന ഒരു ജീവന്‍ ഉണ്ടായിരുന്നു. ‍അതിലെ ഒരു കുത്തും കോമയും വരെ അത് എഴുതിയ വ്യക്തിയെ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിച്ചു. മൈക്രോസോഫ്റ്റ്‌ നല്‍കുന്ന മനോഹര(!) ലിപികള്‍കൊണ്ട് അതിനു പകരം വെയ്ക്കാനാവുമോ?

കാത്തിരിക്കാറുണ്ടായിരുന്നു നിങ്ങള്‍, കാക്കിയണിഞ്ഞു കുട ചൂടി വരുന്ന ആ ചെറുപ്പാക്കാരനെ, അതെ, ചിലപ്പോള്‍ വയസ്സനെ. ഇടവഴിയില്‍, റോഡില്‍, കവലയില്‍, പാടവരമ്പില്‍, പ്രത്യക്ഷപ്പെടുന്നത് കാണാന്‍, കുന്നിറങ്ങി വരുന്നത് കാണാന്‍, കുറിമാനത്തിന്‍റെ കെട്ടുകള്‍ അടുക്കി വെച്ച ബാഗുമായി.

വെയിലില്‍, കുളിരില്‍, മഴയില്‍, മഞ്ഞില്‍, മിഴികള്‍ തുറന്നു നിങ്ങള്‍ എത്ര കാത്തു നിന്നില്ല! അങ്ങകലെ, പുഴക്കടവിറങ്ങി, അവന്‍റെ രൂപം തെളിഞ്ഞു വരുന്ന നിമിഷം നിങ്ങളുടെ ഹൃദയത്തില്‍ തുടികൊട്ടുകള്‍ എത്ര ഉയര്‍ന്നില്ല! അതെ, ചിലപ്പോഴത് സന്ദേഹങ്ങളുടെ പെരുമഴക്കാറായ്‍ നിറഞ്ഞു.

അത് അങ്ങിനെയായിരുന്നു. ഒരു വിരലമര്‍ത്തലിന്‍റെ ദൂരത്ത് പ്രിയപ്പെട്ടവര്‍ വിശേഷങ്ങള്‍ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യാന്‍ തുടങ്ങുന്ന കാലത്തിനും മുന്‍പ്, ഈ മനോഹരമായ ടാറിട്ട റോഡുകള്‍ അതിനു മുന്‍പ് ചെമ്മണ്‍ പാതകളായി രൂപപരിണാമം പ്രാപിയ്ക്കും മുന്‍പ്, അതിന്‍റെ ആദിരൂപമായ ഇടവഴികള്‍ അനാദിയായ സര്‍പ്പങ്ങളെപോലെ, ഗ്രാമമേനിയിലെ ജീവരക്ത വാഹിനികളായ നാഡി ഞരമ്പുകള്‍ പോലെ വളഞ്ഞു പുളഞ്ഞു കിടന്ന കാലം. കുണ്ടനിടവഴികളില്‍ കൈവഴികള്‍ പിരിയുന്നിടങ്ങളില്‍ പാമ്പുകള്‍ ഇണ ചേര്‍ന്ന കാലം‍, വഴിയരികില്‍ പൂത്തു പടര്‍ന്നു മാദക സുഗന്ധം പരത്തിയ പാലമരക്കൊമ്പില്‍ യക്ഷികള്‍ കുടി പാര്‍ത്ത കാലം, അതും കഴിഞ്ഞുള്ള നാലും കൂടിയ തിരിവില്‍ ജിന്നുകള്‍ പതിയിരുന്ന് മന്ത്രിച്ചു വിളിച്ച കാലം, അവരോടു കലഹിച്ചും, പിന്നെ കഥ പറഞ്ഞും നിങ്ങള്‍ കൂടണഞ്ഞ കാലം.

കാലവര്‍ഷം കൂലം കുത്തിയൊഴുകി വന്ന നടവഴികളിലെ നീര്‍ച്ചാലുകള്‍ നീന്തി, ഇരുപുറവും നിറഞ്ഞ പറക്കെട്ടിനാല്‍, വൃക്ഷലതാതികളാല്‍ ഇരുട്ട് വീണ, തണുത്തുറഞ്ഞ കല്ലുവെട്ടിടവഴികളും കടന്നു, നടക്കാന്‍ പേടിയാവുന്ന തങ്ങളുപ്പാപാന്‍റെ ഇടവഴിയും അതിനപ്പുറത്തെ സര്‍പ്പക്കാവും ചുറ്റി, എല്ലാ ദുര്‍ഘട വഴികളും താണ്ടി അവന്‍ വന്നു, തന്‍റെ കുറിമാനക്കെട്ടുകളുമായി, നിങ്ങളുടെ ഊരും പേരും പരതി.

അവന്‍ വന്നു, വീട്ടമ്മയുടെ കാതങ്ങള്‍ക്കകലെയുള്ള, കടലുകള്‍ക്കക്കരെയുള്ള വീട്ടുകാരന്‍റെ
വിശേഷങ്ങളുമായി, അവന്‍റെ ആത്മാവില്‍നിന്നുയിര്‍കൊണ്ട വാക്കുകളുമായി, പേനയില്‍ നിണം നിറച്ചെഴുതിയ അക്ഷര ദൂതുമായി. അതിനു വിയര്‍പ്പിന്‍റെ ഗന്ധമുണ്ടായിരുന്നു, നിരാശയുടെ നനവുണ്ടായിരുന്നു, ആശയുടെ കനവുണ്ടായിരുന്നു, വിരഹത്തിന്‍റെ വേദനയുണ്ടായിരുന്നു.

അത് വായിച്ചു, വീണ്ടും വായിച്ചു അണ പൊട്ടിയ അവളുടെ മിഴിനീര്‍ കടലാസില്‍ പകര്‍ന്നു മഷി കലങ്ങുമ്പോള്‍ അവളുടെ കൈ പിടിച്ചു താഴെ നിന്നൊരു ബാലന്‍ സീമാതീതമായൊരു സങ്കടത്തില്‍ തന്‍റെ കുഞ്ഞു കൈകള്‍ കൊണ്ടവളെ ആലിംഗനം ചെയ്തിരുന്നു. ആപ്പോള്‍ അവളുടെ മിഴികളില്‍ നിന്നടര്‍ന്നു അവന്‍റെ മൂര്‍ദ്ധാവില്‍ വീണ കണങ്ങള്‍ക്ക് ഉഷ്ണമഴയുടെ ചൂടുണ്ടായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു, പിന്നെ കലാലയവീഥിയുടെ തണല്‍മരച്ചുവട്ടില്‍ നിങ്ങളുടെ പ്രിയ കൂട്ടുകാരി തന്‍റെ പുസ്തകത്തിലെ പൂവിന്‍ദളങ്ങളമര്‍ത്തി കാത്തുവെയ്ക്കുന്ന പേജ് തുറന്ന് കവറില്ലാതെ മടക്കി വെച്ച കടലാസില്‍ ആദ്യമായ് തന്ന പ്രണയലേഖനത്തിന് ചെമ്പകപ്പൂവിന്‍റെ മണമുണ്ടായിരുന്നു.

പിന്നെ, ഒരു ഇടവ മാസത്തിലെ മഴക്കാലത്ത്, ഇറയത്ത്‌ വരിയൊപ്പിച്ചു വീഴുന്ന മഴനൂലിഴകള്‍ നോക്കി അറിയാത്തൊരു ശോകത്തില്‍ ലയിച്ചിരിക്കെ പോസ്റ്റ്‌ മാന്‍ കുട ചൂടി വന്നു പാതി നനഞ്ഞൊരു കവറില്‍ കൊണ്ടു വന്ന ജോലി നിയമന ഉത്തരവ്, കടലിനക്കരെ നിന്ന് വന്നെത്തിയ വിസയുടെ ഒരു കടലാസ്.

കൂകിപ്പായുന്ന തീവണ്ടിയില്‍ സമാന്തരമായി അറ്റമില്ലാതെ നീണ്ടു കിടക്കുന്ന റെയില്‍പാളങ്ങള്‍ക്കൊപ്പം സഞ്ചരിച്ചും , ലോഹച്ചിറകില്‍ വിണ്ണിലുയര്‍ന്ന് അനന്തവിശാലതയില്‍ പറന്നും, ദേശാന്തര പ്രയാണങ്ങളില്‍, വീണേടം വിഷ്ണുലോകം തീര്‍ക്കുമ്പോഴും നാടിന്‍റെ സ്പന്ദനങ്ങള്‍ നിങ്ങള്‍ പങ്കു വെച്ചത് ഈ കടലാസിലായിരുന്നു. നിങ്ങളുടെ സന്തോഷവും സല്ലാപവും, സങ്കടവും സാന്ത്വനവും, ആശയും നിരാശയും അന്ന് ആ പോസ്റ്റുമാന്‍റെ ബാഗിനകത്ത്‌ ഒരുമയോടെ തൊട്ടുരുമ്മിക്കിടന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അധികം അകലമില്ലാത്ത പോലെ.

പിന്നീട് മാറി മറിഞ്ഞ ഭൂമിശാസ്ത്രങ്ങള്‍, കാലം കൊണ്ടു വന്ന മാറിയ കുറിമാന കാഴ്ചകള്‍, ഇലക്ട്രോണിക് മെയില്‍, മൊബൈല്‍ എസ്.എം എസ് എന്നിങ്ങിനെ. പഴയ പോസ്റ്റ്മാന്‍ ആ ഇടവഴിയോടൊപ്പം, ആ ജിന്നുകള്‍ക്കും യക്ഷികള്‍ക്കുമൊപ്പം കാലത്തിന്‍റെ വിസ്മൃതിയില്‍ എവിടെയോ ലയിച്ചു ചേര്‍ന്നു. ഇന്ന് ആരും അതേ ആകാംഷയില്‍ അവനെ കണ്മിഴിച്ചു കാത്തിരിക്കാറില്ല.

പക്ഷെ, ഇന്നും വന്നു കിടക്കുന്നൊരു ഇ-മെയിലില്‍ ഹൃദയത്തിലുള്ളൊരാളുടെ പേര് കാണുമ്പോള്‍, അങ്ങിനെയുള്ളൊരു എസ്.എം.എസ് കാണുമ്പോള്‍ നിങ്ങള്‍ ഇതെല്ലാം ഇങ്ങിനെ വെറുതെ ഓര്‍ത്തു പോവും. അത് അയച്ച ആളുടെ അന്ന് പരിചയമുണ്ടായിരുന്ന ആ കയ്യക്ഷരം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കും. പണ്ട് കണ്ടു മറന്ന ഒരാളുടെ മുഖം ഓര്‍മയില്‍ വീണ്ടും പരതി തെളിയിച്ചെടുക്കാന്‍ വെറുതെ ശ്രമിക്കുംപോലെ.

വെറുതെ!

Images: Google

Saturday, January 15, 2011

ഓര്‍മ്മകള്‍ ഇല്ലാതിരിക്കണം


ഇന്നലെയുടെ കഷ്ടനഷ്ടങ്ങളോര്‍ത്ത്‌ കണ്ണീര്‍ പൊഴിക്കുന്നതും, നാളെയുടെ അന്നവും ആരോഗ്യവുമോര്‍ത്ത് വെറുതെ വ്യാകുലപ്പെടുന്നതും വ്യര്‍ത്ഥ വ്യായാമങ്ങളാണെന്നും, ഇന്നിനെ മാത്രം ധ്യാനിക്കുന്നവന്‍ ധന്യനെന്നും അരുള്‍ ചെയ്ത ആചാര്യന്‍റെ വചനങ്ങള്‍ ആത്മാവിലുള്‍ക്കൊണ്ടാണ് അയാള്‍ ഇന്നില്‍, ഈ നിമിഷത്തില്‍ മാത്രം ചിന്തിക്കാനും അതില്‍ മാത്രം ജീവിക്കാനും മനസ്സുറപ്പിച്ചത്.

അതിനടുത്ത ദിവസം രാവിലെ, പതിവുപോലെ പത്രമെടുത്ത് നിവര്‍ത്തിയ അയാളെ എതിരേറ്റത് തലേ ദിവസത്തെ കൊള്ളിവെയ്പ്പുകളും, കൊലപാതകങ്ങളും, കവര്‍ച്ചകളും, കര്‍ഷക ആത്മഹത്യകളും പിന്നെ പീഡന കഥകളുമായിരുന്നു. അഭിവന്ദ്യ ആചാര്യന്‍റെ മഹത് വചനങ്ങള്‍ മായാതെ മനസ്സിലുളളതിനാല്‍ അതൊന്നും അയാളെ ഒട്ടും ഉലച്ചില്ല. ഇത്ര പെട്ടെന്ന് ഇന്നലേകളെ വിസ്മൃതിയുടെ ചവറ്റുകൂനയില്‍ തള്ളാന്‍ തന്നെ പ്രാപ്തനാക്കിയ ആചാര്യനോടുള്ള ആദരവില്‍ അയാളുടെ ഹൃദയം പിന്നെയും തരളിതമായി. അന്നു വരെ ശരിയായ ഉറക്കം എന്തെന്നറിഞ്ഞിട്ടില്ലാതിരുന്ന അയാള്‍ക്ക് ജീവിതത്തില്‍ അന്നാദ്യമായി സുന്ദര സ്വപ്നങ്ങളുടെ സുഖനിദ്രയില്‍അപ്സരസ്സുകള്‍ കൂട്ടിനെത്തി.

തൊട്ടടുത്ത ദിവസവും രാവിലത്തെ ചൂടുള്ള ചായ നുകരാനിരിയ്ക്കെ അയാള്‍ അന്നത്തെ പത്രമെടുത്ത് നിവര്‍ത്തി. ആധുനിക യുഗത്തില്‍ മനുഷ്യന്‍ പ്രകൃതിയോടു ചെയ്തു വരുന്ന പീഡനങ്ങള്‍ക്ക് പിറകെ അനിവാര്യമായും വരാന്‍ പോവുന്ന പ്രളയങ്ങളെപ്പറ്റിയും വരള്‍ച്ചയെ പറ്റിയും സവിസ്തരംവായിച്ചു. സ്വന്തത്തെ പറ്റിയെന്ന പോലെ മറ്റുള്ളവരെപ്പറ്റിയും, മറ്റുള്ളവയെ പറ്റിയും നാളെ എന്താവുമെന്നോര്‍ത്ത് തന്‍റെ വിലപ്പെട്ട സമയം പാഴാക്കുന്ന പഴയ ആളല്ലല്ലോ ഇന്നയാള്‍. അത്കൊണ്ടൊക്കെ തന്നെയാണ് അപ്പറഞ്ഞതൊക്കെ ഒരു സയന്‍സ് ഫിക്`ഷന്‍ കഥ കണക്കെ ആസ്വദിച്ചു വായിച്ചു തള്ളാന്‍അയാള്‍ക്ക്കഴിഞ്ഞത്.

അന്നത്തെ പത്രത്തില്‍അയാള്‍ വായിച്ചത് മുലപ്പാലിലെ ജീനുകളെ വേര്‍ത്തിരിച്ചെടുത്ത ശേഷം അരിയില്‍ സന്നിവേശിപ്പിച്ച് പേറ്റന്‍റെടുത്ത് കച്ചവടമാക്കാന്‍ കോപു കൂട്ടുന്ന കോര്‍പറേറ്റുകളുടെ ത്രസിപ്പിക്കുന്ന അപസര്‍പ്പക കഥകളായിരുന്നു. പിറവിയുടെ ആദി ജനിതക തലങ്ങളില്‍ പോലും അധിനിവേശം നടത്താന്‍ കച്ച കെട്ടുന്ന മനുഷ്യ ദുര വിളിച്ചു വരുത്താന്‍ പോവുന്ന സര്‍വ്വ നാശം അയാളെ തെല്ലും അസ്വസ്ഥനാക്കിയില്ല. കാരണം നാളെയെ പറ്റിയുള്ള ആകുലതകളില്‍ നിന്ന് ഇതിനകം അയാള്‍ മുക്തനായി കഴിഞ്ഞിരുന്നല്ലോ.

അന്നു രാത്രിയിലും അപ്സരകന്യകള്‍ സ്വപ്നത്തേരില്‍ അയാളെ ആകാശങ്ങള്‍ക്കപ്പുറത്തേക്ക് ആനയിച്ചു. അവിടെ വെച്ച് തന്‍റെ ആചാര്യന്‍ സുസ്മേരവദനായി സൌമ്യനായി അയാള്‍ക്കരികെ വന്നു. സര്‍വ്വ മോക്ഷത്തിന്‍റെ വാതായനങ്ങള്‍ അയാള്‍ക്ക്വേണ്ടി തുറക്കപ്പെട്ടതിന്‍റെ സത്`വാര്‍ത്ത അറിയിച്ചു.

അടുത്ത ദിവസം സുര്യകിരണങ്ങള്‍ രന്നു തുടങ്ങുമ്പോള്‍ ഒരു കാല്‍വിരല്‍ റോഡില്‍ തട്ടിച്ചു നിന്ന് തന്‍റെ സൈക്കിള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി അന്നത്തെ പ്രഭാത പത്രം അയാളുടെ മുറ്റത്തേക്കു നീട്ടിയെറിയുന്ന ചെറുക്കനോട് അടുത്ത ദിവസം മുതല്‍പത്രം വേണ്ട്തില്ലെന്ന് അയാള്ഉയര്‍ന്ന മതിലിനിപ്പുറത്തു നിന്ന് കൈ കൊണ്ടാംഗ്യം കാണിച്ച് ഉച്ചത്തില്‍ വിളിച്ചറിയിച്ചു. അതിനു ശേഷം ഇനി ലൈവ് റിയാലിറ്റി വിനോദ പരിപാടികള്‍ കാണിക്കുന്ന ചാനലുകള്‍മാത്രം തനിക്കു മതിയെന്ന് TV കേബ്ള്‍ ഓപറേറ്ററോട് ഫോണ്‍ ചെയ്തറിയിച്ചു. കാരണം അയാള്‍ ജീവിതം ആഘോഷിക്കുകയായിരുന്നു, ഓരോ നിമിഷവും.

കഴിഞ്ഞതിനെയോര്‍ത്ത്കരഞ്ഞും രാന്‍ പോവുന്നതിനെയോര്‍ത്ത്‌ ഭയന്നും, നിരന്തരം ആധി കൊണ്ടിരുന്ന മനസ്സിന്‍റെ തടവറയില്‍ നിന്ന് അയാളുടെ ആചാര്യന്‍ അപ്പോഴേക്കും അയാളെ പൂര്‍ണ്ണമായും മോചിപ്പിച്ചിരുന്നല്ലോ.

Image from: Google

Sunday, January 9, 2011

കലണ്ടറിലെ ബാക്കിബസ്സിറങ്ങിയ പാടെ റോഡ്‌ മുറിച്ചു കടന്ന് അപ്പുറത്തെ സൈഡിലുള്ള കൂറ്റന്‍ ബില്‍ഡിംഗ് ബ്ലോക്കിന് നേരെ നടന്നു നിയാസ്‌.

വെള്ളിയാഴ്ചയായതിനാല്‍ റോഡ്‌ നിറയെ വാഹനങ്ങളാണ്. റോഡിന്‍റെ ഇരു വശത്തും ആളുകള്‍ തിങ്ങി നിറഞ്ഞതിന്‍റെ അസഹ്യമായ തിരക്കും. വെള്ളിയാഴ്ചകള്‍ അങ്ങിനെയാണ് ഈ ചെറിയ നഗരത്തില്‍. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന പ്രവാസികളായ ഇന്ത്യക്കാരും ബംഗാളികളും മറ്റു നാട്ടുകാരും ഈ ദിവസം ഇവിടെ ഒത്തു ചേരുന്നു. പലരെയും അവരുടെ കംപനി വാഹനം തന്നെയാണ് കൂട്ടത്തോടെ ഇവിടെ കൊണ്ട് വന്നിറക്കുന്നത്. അകലങ്ങളിലുള്ള ജോലിസ്ഥലങ്ങളില്‍ തുടര്‍ച്ചയായി ആറു ദിവസം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി പണിയെടുക്കുന്നവര്‍ക്ക് വരാന്‍ പോവുന്ന ഓരോ വെള്ളിയാഴ്ചയും എരിയുന്ന മരുഭൂവിലകപ്പെട്ടവന് മുമ്പില്‍ തെളിയുന്ന തണ്ണീര്‍ തടാകം പോലെയാണ്. അന്ന് അവര്‍ ഈ കൊച്ചു നഗരത്തില്‍ ഒത്തു കൂടി തങ്ങളുടെ കണ്ണീരും കിനാവും പങ്കു വെയ്ക്കുന്നു. പരസ്പരം കണ്ടും മിണ്ടിയും ഏതു ചൂടിനെയും തണുപ്പിനെയും വകവെയ്ക്കാതെ കാത്തിരുന്ന സംഗമവേളകളെ സജ്ജീവമാക്കുന്നു. വരുന്ന ഒരാഴ്ചത്തേക്കുള്ള ഒറ്റപ്പെടലിന്‍റെ നീറ്റലിനെ, ജോലിയിലുടലെടുക്കുന്ന സങ്കീര്‍ണ്ണതകളെ, സമസ്യകളായവശേഷിക്കുന്ന ജീവിത ക്ലേശങ്ങളെ എല്ലാം ലഘൂകരിക്കാനുള്ള ഊര്‍ജ്ജ സംഭരണ ദിവസമാണ് വെള്ളിയാഴ്ചകള്‍ അവര്‍ക്ക്. ആഴ്ചയിലൊരിക്കലുള്ള അവരുടെ ഈ നഗരാധിനിവേശത്തെ വ്യാപാരികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുമ്പോള്‍ നഗരവാസികള്‍ അവരെ ശല്യക്കാരായ വിരുന്നുകാരായി കാണുന്നു. ഈ ദിവസം സായാഹ്ന സമയമാവുമ്പോഴേക്ക് ആളു തിങ്ങിയ ബസ്സിനകത്ത് ചെന്നുപെട്ട പ്രതീതിയാണ് ഇതിലൂടെയുള്ള യാത്ര.

മനസ്സാഗ്രഹിക്കുന്ന പോലെ ശരീരത്തെ മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയാതെ ഞെങ്ങി ഞെരുങ്ങി ഒരു വിധം അയാള്‍ റോഡിനപ്പുറം കടന്ന് ഉദ്ദ്യേശിച്ച കെട്ടിടത്തിനകത്തെത്തി. അതിന്‍റെ മൂന്നാമത്തെ പ്രവേശന കവാടത്തിലെവിടെയോ ഉള്ള പണമെടുക്കുന്ന റ്റെല്ലര്‍ മെഷിന്‍ ലക്‌ഷ്യമാക്കി മുന്നോട്ടു നീങ്ങി.

അന്ന് രാവിലെ മുതല്‍ വിവരിക്കാനാവാത്ത ഒരു മാനസിക സമ്മര്‍ദ്ധം അയാളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും ഉച്ച കഴിഞ്ഞപ്പോള്‍ നഗരത്തില്‍ നിന്ന് കുറച്ചകലെയുള്ള തന്‍റെ സുഹൃത്തിനെ കാണാന്‍ പോയി വൈകുന്നേരം തിരിച്ചു പോരാന്‍ ബസ്സിലിരിക്കുന്ന സമയത്ത് രാവിലെ തന്നെ പിടികൂടിയ മ്ലാനതയില്‍ നിന്ന് ഏറെക്കുറെ മോചിതാനായിരുന്നു. ബസ്‌ചാര്‍ജ് കൊടുത്ത് തന്‍റെ പേഴ്സിനകത്തേക്ക് ഒന്ന് കൂടി നോക്കിയപ്പോഴാണ് അതില്‍ ഇനി ബാക്കിയുള്ളത് പത്ത് റിയാലിന്‍റെ മൂന്ന് നോട്ടുകള്‍ മാത്രമാണെന്ന് പിന്നെയും ഓര്‍ത്തത്. തന്‍റെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തു ഡേറ്റ് വീണ്ടും നോക്കി. അതെ, ശമ്പളം വരാന്‍ ഇനിയും ഒരാഴ്ചയുണ്ട്. ഈ ഒരാഴ്ച മറികടക്കണമെങ്കില്‍ എങ്ങിനെ കുറച്ചു ചിലവഴിച്ചാലും കയ്യിലുള്ള മുപ്പത് റിയാലിലേക്ക് അമ്പതു കൂടി എന്തായാലും കൂട്ടേണ്ടി വരും. അപ്രതീക്ഷിതമായി വന്ന ആശുപത്രി ചിലവിനു നാട്ടിലേക്ക് സാമാന്യം വലിയ തുക പെട്ടെന്ന് കടം വാങ്ങി അയക്കേണ്ടി വന്നതാണ് ഈ മാസത്തെ ബജറ്റ് ഇങ്ങിനെ താളം തെറ്റിച്ചത്. അയാള്‍ക്ക്‌ ഇതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. പണത്തിന്‍റെ ധാരാളിത്തം ഒരിക്കലും കൈവന്നിട്ടില്ലെങ്കിലും കടം വാങ്ങി തീരെ ശീലമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഏറെ മെലിഞ്ഞുപോയ തന്‍റെ പേഴ്സും കലണ്ടറിലെ തികയാതെ കിടക്കുന്ന തിയതികളും അയാളെ തെല്ല് മൂകനാക്കി. ചെറിയ തുകയാണെങ്കിലും ഇനിയും കടം വാങ്ങാന്‍ വയ്യ.

അങ്ങിനെ സുഹൃത്തിനെ കണ്ട് ആര്‍ജിച്ച ഉത്സാഹമെല്ലാം ചോര്‍ന്ന് ബസ്സില്‍ അയാള്‍ പുറത്തേക്ക് തന്നെ നോക്കാതെ നോക്കിയിരുന്നു. അപ്പോഴാണ് വഴിയില്‍ മിന്നിമറഞ്ഞ ആ റ്റെല്ലര്‍ മെഷിന്‍ അയാളുടെ കെട്ടുപോയ ഉത്സാഹത്തെ ഒന്ന് ഇക്കിളിയാക്കിയത്. ഒരു സാധ്യതയുടെ സാന്ത്വനം. ശൂന്യമെന്നു താന്‍ കരുതിയിരുന്ന തന്‍റെ ബാങ്ക് അക്കൌണ്ടില്‍ എന്തോ ഒരു ചില്ലറ ശേഷിപ്പ് കിടപ്പില്ലേ എന്ന പ്രതീക്ഷയുടെ ഒരു കിരണം മനസ്സില്‍ മിന്നി. എങ്കിലും തീരെ ഉറപ്പു പോരാ. മനസ്സ് എപ്പോഴും അങ്ങിനെയാണ്. ശുഭാപ്തിയുടെ പ്രതീക്ഷകളെ അത്താണിയാക്കി മനസ്സിന്‍റെ ഭാരം അല്‍പനേരമെങ്കിലും ഇറക്കി വെച്ച് ആശ്വാസം കൊള്ളാന്‍ പലപ്പോഴും അത് അറച്ചു നില്‍ക്കും. അന്ന് തിടുക്കത്തില്‍ പണമെടുത്ത് അയച്ചപ്പോള്‍ കിട്ടാവുന്നത്ര ATM ല്‍ നിന്ന് ഊറ്റിയെടുത്തിരുന്നു എന്ന് തന്നെയാണോര്‍മ. എന്നാലും, ഏറെ ദാഹിച്ച നേരത്ത് തീര്‍ന്നു പോയ കുടിവെള്ള ബോട്ടിലിന്‍റെ അടിത്തട്ടില്‍ അരക്കപ്പ് വെള്ളമെങ്കിലും ഊറ്റിയെടുക്കാന്‍ കാണും എന്ന അര്‍ദ്ധ പ്രതീക്ഷയുടെ ഒരു തണുപ്പ് മനസ്സില്‍ എവിടെയോ.

ഈ ഉദ്വേഗത്തില്‍ ഉടക്കിയ മനസ്സുമായാണ് ആയാള്‍ ഷോപ്പിംഗ്‌ മാളിനോട് ചേര്‍ന്നുള റ്റെല്ലര്‍ മെഷീനരികിലേക്ക് നടന്നടുത്തത്. ATM കാര്‍ഡ്‌ മെഷിനിന്‍റെ വായില്‍ വെച്ചപാടെ മെഷിന്‍ അത് "ടപ്" എന്ന് വിഴുങ്ങി. പാസ്സ്‌വേര്‍ഡ്‌ ചോദിച്ചു. അതു നല്‍കിയ ശേഷം ബാലന്‍സ് ബട്ടണില്‍ വിരലമര്‍ത്തി. ഒരു നിമിഷം, പ്രാര്‍ത്ഥിക്കുന്ന പോലെ അയാള്‍ മെഷിന്‍ സ്ക്രീനിനു മുമ്പില്‍ നിന്നു. SR.85 എന്ന് ബാലന്‍സ്‌ ഡിസ്പ്ലേയില്‍ തെളിഞ്ഞു. അയാളില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം പുറത്തു വന്നു. വിത്ഡ്രാവല്‍ ബട്ടണില്‍ വിരലമര്‍ന്നത്‌ പെട്ടെന്നായിരുന്നു. മുഴുവനും എടുക്കാനാവില്ല, എടുക്കുന്നത് അമ്പതിന്‍റെ ഗുണിതം തന്നെയാവണം എന്നത് മെഷിന്‍റെ കണിശമായ നിഷ്ഠയാണ്. 50 എന്നടിച്ച് കണ്‍ഫേം ബട്ടന്‍ അമര്‍ത്തി. "റിസിപ്റ്റ് പ്രിന്‍റ് ചെയ്യണമോ?" എന്ന് വീണ്ടും ചോദ്യം. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ മനുഷ്യനോട് സമഭാവനയില്‍ ഇടപെടുന്ന ലോകത്തെ ശേഷിച്ച ഏക പ്രസ്ഥാനം ഈ റ്റെല്ലര്‍ മെഷിനാണെന്ന് തോന്നി. 85 മില്യന്‍ റിയാല്‍ ഉള്ളവനോടും വെറും 85 റിയാല്‍ ഉള്ളവനോടും റിസിപറ്റ് വേണമോ എന്ന് ചോദിക്കും. ഇതിലടങ്ങിയ യുക്തിയുടെ ഐറണിയോര്‍ത്തോ എന്തോ അയാളുടെ ചുണ്ടില്‍ ഒരു മന്ദഹാസം പാതി വിടരാന്‍ വിതുമ്പി.

പിറകില്‍ കാത്തു നില്‍ക്കുന്ന സൌദിയുടെ തിടുക്കത്തിന്‍റെ "*യാ അല്ലാ, സുറാ, സുറാ" ഒച്ച കേട്ട് റിസിപ്‌റ്റിന് "No" ബട്ടന്‍ അമര്‍ത്തി. "ടിക്" ശബ്ദത്തില്‍ പുറത്തേക്ക് വന്ന കാര്‍ഡിനെ യന്ത്രത്തിന്‍റെ ഉപദേശം ഉള്‍ക്കൊണ്ട്‌ വേഗത്തില്‍ എടുത്ത്‌ പോക്കറ്റിലിട്ടു. " ടിക്‌, ട്ര്ര്‍ ", ഒരു നിമിഷം, ഇളം പച്ച നിറമുള്ള ഒരു നോട്ട് പുറത്തു വന്നു. നിര്‍ന്നിമേഷനായി അല്‍പനേരം അയാള്‍ അതിലേക്കു നോക്കി നിന്നു. മുന്‍പ് ഒരേ മാസത്തില്‍ തന്നെ ഒന്നിലധികം തവണ നാലായിരവും അയ്യായിരവും റിയാല്‍ എടുക്കുമ്പോഴൊന്നും ഇത്ര അരുമയോടെ ഒരു നോട്ട് പുറത്തേക്ക് വരുന്നത് അയാള്‍ നോക്കി നിന്നിരുന്നില്ല. പകുതി പുറത്തു ചാടി നില്‍ക്കുന്ന പച്ചനോട്ടിനെ അപ്പോള്‍ പ്രസവിച്ച പൈതലിനെയെന്നപോലെ ഏറെ കരുതലോടെ കയ്യിലെടുത്തു. വലിച്ചെടുക്കുമ്പോള്‍ നോട്ട് കീറിപ്പോവുമോ എന്ന് ഭയക്കും പോലെ. കയ്യിലെടുത്ത നോട്ടിനെ തിരിച്ചും മറിച്ചും നോക്കി. അതിന്‍റെ ഒരു ഭാഗത്തിരുന്ന് ചിരിക്കുന്ന രാജാവിന് ജീവനുണ്ട്. ആ നോട്ടിനുള്ളില്‍ ഒരു ഹൃദയം മിടിക്കുന ശബ്ദവും അയാള്‍ക്ക്‌ കേള്‍ക്കാം. ആ മിടിപ്പിന് ചെവിയോര്‍ത്തുകൊണ്ട് ഒരു നിമിഷം അയാള്‍ നിന്നു. ഈ ഹൃദയമിടിപ്പ് മുന്‍പൊരിക്കലും തന്‍റെ ശ്രദ്ധയില്‍ വരാതിരുന്നതെങ്ങിനെയാണ് എന്ന് സ്വയം ആശ്ചര്യം കൊണ്ടു.

പിന്നീട്, ഭദ്രമായി ആ നോട്ട് തന്‍റെ ഇടതു നെഞ്ചിനു മീതെയുള്ള പോക്കറ്റിലിട്ട് വലതു കൈപടം കൊണ്ട് അതിനു മീതെ പതുക്കെ തലോടി വീണ്ടും ഉറപ്പു വരുത്തി പുറത്തെ തിരക്കിലേക്ക് നടന്നു നിയാസ്‌. പുതിയ കലണ്ടര്‍ കൊണ്ടു വരാവുന്ന പുതിയ പ്രതീക്ഷകളിലേക്ക്, പുതിയ പ്രയാണങ്ങളിലേക്ക്.
---------------------------------------
*"സുറാ, സുറാ": വേഗം, വേഗം.

Tuesday, January 4, 2011

ലൈവ് കമന്‍റ്അവിചാരിതമായി ജോലി നഷ്ടപ്പെട്ടതിന്‍റെ വ്യഥ തന്‍റെ വായനക്കാരുമായി പങ്കിടാനാണ് അയാള്‍ തന്‍റെ ഉള്ളുരുകി ഒരു പോസ്റ്റിട്ടത്.
വായിക്കാതെ കമെന്‍റെഴുതുന്ന ചില വിരുതന്‍മാര്‍ "അഭിനന്ദനങ്ങള്‍" എന്ന് തുരുതുരാ കമെന്‍റിട്ടു.
അന്നാണ് അയാള്‍ തന്‍റെ ബുദ്ധിജീവി സഞ്ചി തുറന്ന് തന്‍റെ കവിതകളെല്ലാം തീപെട്ടിക്കൊള്ളിക്ക് തിന്നാന്‍ കൊടുത്ത്,
തന്‍റെ ബ്ലോഗ്‌ ഡിലീറ്റ് ചെയ്ത് പാസ്സ്‌വേര്‍ഡ്‌ ഗൂഗിളിന്‍റെ ചവറ്റു കൊട്ടയിലെറിഞ്ഞത്.

എന്നിട്ടയാള്‍ കവി അയ്യപ്പനെ വായിച്ചു തെരുവിലേക്കിറങ്ങി.

പിന്നീട്... വഴിവക്കില്‍ അനാഥമായി ചേതനയറ്റു കിടന്ന അയാളുടെ അകാശത്തേക്കുയര്‍ന്ന മിഴികള്‍ നോക്കി വഴിയാത്രക്കാര്‍ ലൈവ് കമന്‍റിട്ടു.
"എന്നാലും... എങ്ങിനെ കഴിയേണ്ട ആളായിരുന്നു!....."