Saturday, February 18, 2012

ചെവിയോര്‍ക്കുക, അന്തിമ കാഹളം

അന്ന്, ഞങ്ങളുടെ ഗ്രാമത്തിലെ പടിഞ്ഞാറെ കവലയില്‍ നിന്ന് നേരെ തെക്കോട്ട് നോക്കിയാല്‍ രണ്ടു കിലോമീറ്ററിലേറെ പാടശേഖരം നീണ്ടു പരന്ന് കിടക്കുന്നത് കാണാമായിരുന്നു. കതിരിട്ടു കനക്കും മുന്‍പുള്ള നാളുകളിലെ പച്ചപ്പട്ടുടുത്തു കിടക്കുന്ന ആ സുന്ദരിപ്പാടം നയനാനന്ദകരമായൊരു കാഴ്ചയായിരുന്നു. അത്ര തന്നെ മനോഹരമായിരുന്നു, പിന്നെ കൊയ്ത്തടുക്കുന്ന കാലത്ത് നീളത്തിലുള്ളൊരു സുവര്‍ണ്ണ കമ്പളം പുതച്ച് തല ചായ്‌ച്ച് കിടന്നുള്ള അവളുടെ ആ മയക്കവും. അതും കഴിഞ്ഞ്, മഴയെത്തും മുന്പെയുള്ള നീണ്ട സ്കൂളവധിക്ക്, മൂത്തു പഴുത്ത ചക്കയും മാമ്പഴവും തിന്നു മദിക്കുന്ന വൈകുന്നേരങ്ങളില്‍ കൊയ്ത്തു കഴിഞ്ഞാളൊഴിഞ്ഞ വേനല്‍ പാടത്ത് കാല്‍പന്ത് കളിക്കുന്ന ചെറുപ്പക്കാരുടെ അടങ്ങാത്ത ആരവങ്ങള്‍, പാടത്തിന്റെ അങ്ങേ തല വരെ നീണ്ടു പോവുന്ന ഉത്സവക്കാഴ്ചകള്‍.

ആ കാഴ്ച അവസാനിക്കുന്നിടത്ത് വെച്ച് പാടം കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു പോവുന്നു. ആ തിരിവിലായിരുന്നു ടാര്‍ ചെയ്യാത്ത ഒരു റോഡ്‌ വന്നു അവസാനിച്ചിരുന്നത്. വൈകുന്നേരമായാല്‍ മത്സ്യം വാങ്ങാന്‍ കവലയില്‍ നേരത്തെ വന്നു നില്‍ക്കുന്നവരുടെ കണ്ണുകള്‍ തെക്കോട്ടു നീളും. വൈകീട്ട് നാലു മണിക്കും അഞ്ചിനും ഇടയില്‍ പാടത്തിന്റെ അങ്ങേയറ്റത്ത് ഒരു രൂപം പ്രത്യക്ഷപ്പെടും. അയാളുടെ തലയില്‍ ഒരു കുട്ടയുണ്ടെന്ന് ഇങ്ങേയറ്റത്ത് നിന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാമായിരുന്നു. മത്സ്യ വില്‍പനക്കാരന്‍ മുയ്തീന്‍ ആയിരിക്കും അത്. മീനും ഐസും നിറഞ്ഞ കുട്ടയുടെ ഭാരം ബാലന്‍സു ചെയ്തു, റോഡു കഴിഞ്ഞുള്ള പാട വരമ്പിലൂടെ അയാള്‍ തുള്ളിത്തുള്ളി അതിവേഗത്തില്‍ നടന്നു കുറച്ചു സമയത്തിനകം കവലയില്‍ വന്നു ചേരും.

ഏതു വേനലിലും മഴയിലും മുയ്തീന്‍ വന്നിരിക്കും. അഥവാ ഒരു ദിനം വന്നില്ലെങ്കില്‍ അന്ന് കടലിളകിയത് കാരണം മുക്കുവര്‍ കടലില്‍ പോയില്ല എന്നാണു സാരം. ഏതൊരു സര്‍ക്കസ്സുകാരനെയും അതിശയിപ്പിക്കുന്ന പദചലനപാടവത്തോടെ അങ്ങേ തലക്കല്‍ നിന്ന് മുയ്തീന്‍ മെലിഞ്ഞ പാടവരമ്പിലൂടെ വിയര്‍ത്തൊലിച്ചു ഇങ്ങേ തലക്കല്‍ എത്തിയ പാടെ, ഇറക്കി വെച്ച കുട്ടയ്ക്ക് ചുറ്റും ആളുകള്‍ നിറയും. വിശ്രമിക്കാന്‍ നേരമില്ലാതെ മുയ്തീന്‍ വില്പനയാരംഭിക്കും.

രണ്ടു കിലോമീറ്റര്‍ അകലെ ആ തിരിവില്‍ തീര്‍ന്നിരുന്ന ആ റോഡ്‌ കുറെ കാലം മുന്‍പ് ടാര്‍ ചെയ്തു, പാടത്തിന്റെ ഹൃദയത്തെ കീറി മുറിച്ചു ഞങ്ങളുടെ കവലയെ അര്‍ദ്ധ പ്രദക്ഷിണം വെച്ച് പിന്നെയും വടക്കോട്ട് നീണ്ടു പോയി. അതില്‍ നിന്ന് മുള പൊട്ടിയ ഒട്ടനവധി ഉപറോഡുകള്‍ ഗ്രാമത്തിലെ ഇടവഴിയരികുകളെ അരിഞ്ഞു തിന്ന് ഗ്രാമാന്തര്‍ഭാഗങ്ങളിലേക്ക് വളഞ്ഞു പടര്‍ന്ന വള്ളികള്‍ പോലെ അരിച്ചു കയറി. കോണ്‍ക്രീറ്റു സൗധങ്ങളുടെ പരന്ന നിര റോഡിനിരു വശത്തും ഗള്‍ഫ്‌ പണത്തിന്‍റെ അഹങ്കാരമായി ഉയര്‍ന്നു വന്നു. കാര്യമായി അവശേഷിക്കാത്ത പാടത്തിന്‍റെ ശോഷിച്ച അടയാളങ്ങള്‍ വേനലിലെ വറ്റി വരണ്ട പുഴയില്‍ അങ്ങിങ്ങായി ഇടയ്ക്ക് തെളിയുന്ന തുരുത്തുകള്‍ പോലെ കാണപ്പെട്ടു. മനുഷ്യരുടെ നിഴലുകള്‍ കിഴക്കോട്ടു നീളുന്ന നേരത്ത് മീന്‍ ചുമടുമായി കൂക്കി വിളിച്ചു കവലയിലെത്തിയിരുന്ന മുയ്തീന്‍ എന്നോ ഓര്‍മ്മയായി മറഞ്ഞു പോയി.

ഇന്നും മത്സ്യം സമയാസമയം എത്തിച്ചേരുന്നുണ്ട് അടുക്കളകളില്‍. പക്ഷെ അതിനു വേണ്ടി ആരും വൈകീട്ടു കവലയില്‍ കൂടേണ്ടതില്ല. രാവിലെ തന്നെ പ്രത്യേക ഈണത്തിലുള്ള ഒരു ഹോണ്‍ അടി റോഡില്‍ മുഴങ്ങിയാല്‍ വീട്ടു പടിക്കലേക്ക് സ്ത്രീ ജനങ്ങള്‍ പാത്രവുമായി ഓടി ചെല്ലുന്നു. വേണ്ട മത്സ്യം വണ്ടിക്കാരന്‍ പാത്രങ്ങളിലേക്ക് തൂക്കിയിട്ട് കൊടുക്കുന്നു. കാശ് പിന്നെ കൊടുത്താലും മതി.

നമ്മുടെ കടലിലെ മത്സ്യ സമ്പത്ത് മുച്ചൂടും വംശനാശത്തിന്‍റെ വക്കിലാണ് എന്ന വാര്‍ത്ത കേട്ടപ്പോള്‍ വെറുതെ ഓര്‍ത്ത്‌ പോവുകയാണ്. മത്സ്യങ്ങള്‍ മാത്രമല്ല, സമുദ്രത്തിലെ മൊത്തം ജൈവ വ്യവസ്ഥ തന്നെ പൂര്‍ണ നാശത്തിന്‍റെ പിടിയിലാണ് എന്നു പറയുന്നു. 95 ശതമാനം മത്സ്യങ്ങളെയും നാം ഇതിനകം തന്നെ ഇല്ലായ്മ ചെയ്തു കഴിഞ്ഞുവത്രേ. ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ അല്ല, മറിച്ചു ധനാര്‍ത്തി മൂത്ത കുത്തക മത്സ്യവ്യാപാര കമ്പനികള്‍ ആണ് ഇതിലെ വില്ലന്‍മാര്‍. ഇത് തദ്ദേശീയ കമ്പനികളാവാം അന്തര്‍ദേശീയമാവാം. മുക്കുവരെ പോലെ വലയെറിഞ്ഞു മീന്‍പിടിയ്ക്കുന്ന പഴഞ്ചന്‍ പരിപ്പാടികളൊന്നും അല്ല അവര്‍ക്കുള്ളത്. അവരുടെ രീതികള്‍ വ്യത്യസ്തവും നൂതനവുമാണ്. മത്സ്യങ്ങള്‍ തിങ്ങിയ ഇടങ്ങള്‍ കൃത്യമായി ഒരു ബട്ടന്‍ അമര്‍ത്തുന്ന വേഗതയില്‍ കാണിച്ചു കൊടുക്കുന്ന സോണാര്‍ യന്ത്രങ്ങള്‍, സ്പോട്ടര്‍ വിമാനങ്ങള്‍, ആധുനിക ട്രോളര്‍, ആയിരക്കണക്കിന് കാതങ്ങള്‍ അകലേക്ക്‌ നീട്ടിയിടാവുന്ന കൂട്ട ചൂണ്ടകള്‍, ഇവയെല്ലാം ഉപയോഗിച്ച് മനുഷ്യന്‍ കടലിന്‍റെ മാറ് പിളര്‍ന്നു മത്സ്യങ്ങളെ മാത്രമല്ല ഒടുക്കികൊണ്ടിരിക്കുന്നത്, നമ്മള്‍ കേള്‍ക്കുക പോലും ചെയ്യാത്ത, സമുദ്രാന്തര്‍ഭാഗത്ത്‌ വസിക്കുന്ന പലവിധ ജീവികളെ ദശാബ്ദങ്ങളായി കൂട്ടത്തോടെ കുരുക്കിയെടുത്തു കച്ചവടമാക്കിക്കൊണ്ടിരിക്കുന്നു

ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ ഒരു ദൂര പരിധിക്കപ്പുറം മത്സ്യവേട്ടയ്ക്ക് മുതിരില്ല. അതിന് അവര്‍ക്ക് കഴിയുകയും ഇല്ല. എന്നാല്‍ ആര്‍ത്തി മൂത്ത ആധുനിക വിപണനക്കാര്‍ക്ക് സമുദ്രത്തിന്‍റെ ഉള്‍ദൈര്‍ഘ്യത്തിലോ ആഴത്തിലോ അതിരുകള്‍ ഏതുമില്ല. അവരുടെ നീണ്ടു പോവുന്ന ചൂണ്ടകള്‍ സമുദ്രത്തിന്‍റെ ആമാശയവും കടന്നു കയറി കൊളുത്തി വലിക്കുകയാണ്. അതിലൂടെ മത്സ്യ സമ്പത്തിന് അറുതിയാവുന്നു എന്നത് മാത്രമല്ല, ഉള്‍ക്കടലുകളിലെ ആകെ ജൈവ ആവാസ വ്യവസ്ഥകള്‍ തന്നെ തകിടം മറിക്കപ്പെടുന്നു. ഈ തകര്‍ച്ച അവിടെ ഒതുങ്ങുന്നതല്ല. ഇതിന്‍റെ ദുരന്ത പരിണിതി നേരിട്ട് എത്തുന്നത് മനുഷ്യനിലേക്ക് തന്നെയാത്രെ. കടലിന്റെ കരുണയിലാണ് ജീവവായുപോലും നമ്മെ അനുഗ്രഹിക്കുന്നത്. നമ്മള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ഡയോക്സെഡ് തന്നിലേക്ക് ആവാഹിച്ചെടുക്കുകയും, നമുക്ക് ശ്വസിക്കാനുള്ള ശുദ്ധവായുവിന്‍റെ ഏറിയ പങ്കിനെയും അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുകയും (Photosynthetic organisms) ചെയ്യുന്നതു സമുദ്രമാകുന്നു. ചുരുക്കത്തില്‍ കടലിനു ജീവനുള്ളിടത്തോളം കാലമേ മനുഷ്യനും ജീവനുള്ളൂവെന്നര്‍ത്ഥം. നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കടല്‍ നേരിട്ട് കാണാത്ത ഒരാളാവം, എന്നാലും നിങ്ങളറിയാതെ നിങ്ങള്‍ എടുക്കുന്ന ഓരോ ശ്വാസവും, കുടിക്കുന്ന ഓരോ തുള്ളി വെള്ളവും കടലിന്റെ വറ്റാത്ത കരുണയില്‍ നിന്നാണ് ഉറവ കൊള്ളുന്നത്‌. ഇത് വിസ്മരിച്ചു മനുഷ്യര്‍ നീട്ടിയെറിയുന്ന ചൂണ്ടകള്‍ ആത്യന്തികമായി ചെന്ന് കൊളുത്തുക അവരുടെ തന്നെ ഹൃദയ ധമനികളിലായിരിക്കും.

ദിഗന്തങ്ങള്‍ മുഴങ്ങുന്ന ഒരു കുഴലൂത്തു വിളിയോടെയാണ് ലോകാവസാനത്തിന്റെ ആരംഭം കുറിക്കുക എന്ന് ഉസ്താദ് പണ്ട് പറഞ്ഞതോര്‍ക്കുന്നവരുണ്ടാവും. ആ കുഴലിന്റെ വലിപ്പം ഗണിച്ചെടുക്കാനായി ഓര്‍ത്തോര്‍ത്തു മനസ്സ് വിസ്മയം കൊണ്ട ഒരു ബാല്യം ഏറെ പേരുടേതാവാം. ഇന്ന്, പിടയുന്ന ഈ കടലിന്റെ രോദനത്തില്‍ നിറയുന്നതും അവസാനത്തിന്റെ ആരംഭം കുറിക്കുന്ന ആ കൊമ്പുവിളി തന്നെയാവില്ലേ ഒരു വേള?

ഓര്‍ക്കുക ..ചെവിയോര്‍ക്കുക,... അന്തിമ കാഹളം...

Tuesday, February 7, 2012

കുഞ്ഞുണ്ണിയുടെ സന്ദേഹങ്ങള്‍ "സ്വന്തമായി ബിസ്സിനസ്സ് വല്ലതും ചെയ്‌താല്‍ മാത്രമേ ഇക്കാലത്ത് രക്ഷപെടൂ." എല്ലാവരും ഇതേ കാര്യം തന്നെ പറഞ്ഞപ്പോള്‍ കാലക്രമേണ കുഞ്ഞുണ്ണിയും തലയാട്ടി തുടങ്ങി. എന്നല്ല, നിശ്ചിത ശമ്പളത്തിന് ജോലി ചെയ്തു കഴിയുന്നവരുടെ തീരാത്ത പായാരം പറച്ചിലിനു പരിഹാരമായി തന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ബുദ്ധി ഈയിടെയായി കുഞ്ഞുണ്ണി മറ്റുള്ളവരോടും ഉപദേശിക്കാന്‍ കൂടി തുടങ്ങിയിരുന്നു. 

അറബ് വസന്തവും സാമ്പത്തിക മാന്ദ്യവും കൈകോര്‍ത്തു വന്നതില്‍ പിന്നെ ഗള്‍ഫ് പ്രവാസികള്‍ കൂടിയ തോതില്‍ തൊഴില്‍ അനിശ്ചിതത്വം നേരിടുന്ന കാലം കൂടിയായതിനാല്‍ ഈ വക ചര്‍ച്ചകള്‍ തന്നെയായിരുന്നു ഒന്നിലേറെ പേര്‍ കൂടുന്നിടത്തെല്ലാം ഏറെയും. ജീവിതവിജയത്തിനാധാരം തീര്‍ച്ചയായും പണമല്ല എന്ന തത്വമായിരുന്നു കുഞ്ഞുണ്ണി ഇത്ര നാളും പിന്‍തുടര്‍ന്ന് പോന്നത്. എന്നാല്‍ ഇത് പറഞ്ഞു തരുന്ന പുണ്ണ്യഗുരുവല്ലഭന്‍ പോലും തന്നെ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് ആള്‍ക്കൂട്ടങ്ങളിലേക്ക് യാത്ര ചെയ്തത് വേഗതയേറിയ മേഴ്സ്ഡിസ് ബെന്‍സിലാണല്ലോ എന്ന വിരുദ്ധ സത്യം പുലര്‍ക്കാലത്തിനു മുന്‍പുള്ള ഉറക്കം കിട്ടാത്ത പേക്കിനാവുകളില്‍ ഇതിനു മുന്‍പേ കുഞ്ഞുണ്ണിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരുന്നു. നല്ല പാതി പിന്നിട്ട തന്റെ ജീവിതത്തിന്റെ ഇറക്കവഴിയില്‍ ഈ ചിന്തകള്‍ കുഞ്ഞുണ്ണിയെ ചിലപ്പോള്‍ അസ്വസ്ഥനും മൂകനുമാക്കി. ദി ആള്‍കെമിസ്റ്റില്‍ പൌലോ കൊയ്‌ലോ പറയുന്ന നിമിത്തങ്ങളുടെ ദര്‍ശനം തന്നെ നേട്ടങ്ങളുടെ വഴിയെ നടത്തിക്കൊള്ളുമെന്നു അയാള്‍ അത്യാഗ്രഹം കൊണ്ടു ചിലപ്പോള്‍. എന്നാല്‍ അതിലെ നായകന്‍ സാന്റിയാഗോ യുവാവായിരുന്നു. നിമിത്തങ്ങള്‍ ഒക്കെ ഒത്തു നോക്കി വിജയത്തിന്റെ ദിശ നിര്‍ണ്ണയിച്ചു മുന്നോട്ടു പോവാന്‍ ജീവിതം മുഴുവനും അവനു മുന്നില്‍ ബാക്കി കിടപ്പുണ്ടായിരുന്നു. എന്നാല്‍ തനിക്കു മുന്‍പില്‍ വികാരവും വിചാരവും അഗ്നി പകരുന്ന വര്‍ഷങ്ങള്‍ വിരലിലെണ്ണാന്‍ മാത്രമേ ബാക്കിയുള്ളുവല്ലോ എന്ന് കുഞ്ഞുണ്ണി ഖേദം കൊണ്ടു. ജീവിതം ഒരാഘോഷമാണെന്നും ഓരോ നിമിഷവും അതാസ്വദിക്കണമെന്നും മോഹന്‍ലാല്‍ ടി.വി സ്ക്രീനിലൂടെ വിണ്ടും ഓര്‍മിപ്പിക്കുമ്പോഴാണ് അയാള്‍ ചാനല്‍ മാറ്റിയത്. അവിടെ പാട്ടു മത്സരത്തിലെ എലിമിനേഷന്‍ റൌണ്ട് ആയിരുന്നു. ഔട്ട്‌ ആയ മത്സരാര്‍ത്ഥികളെ സുന്ദരിയായ അവതാരക ആശ്ലേശിച്ചാശ്വസിപ്പിക്കുന്നു. യേശുദാസിനെ പോലും പാടാന്‍ കൊള്ളില്ല ശബ്ദം എന്ന് പറഞ്ഞു ചെറുപ്പത്തില്‍ തിരിച്ചയച്ച ചരിതം പാനല്‍ ജഡ്ജ് മത്സരത്തില്‍ പുറത്തായവരോട് കണ്ണീരില്‍ പങ്കു വെയ്ക്കുന്നു. 

പിന്നെയും ചാനല്‍ മാറ്റി. വിമോചകനായ യേശുവിനെ പറ്റി വാചാലനാവുന്ന ഇടതു നേതാവ്. മാര്‍ക്സിനൊപ്പം കര്‍ത്താവിനെ പ്രതിഷ്ഠിക്കുന്നതില്‍ പ്രകോപനം കൊള്ളുന്ന ബിഷപ്പ്. തര്‍ക്കം മുതലെടുപ്പിനെപറ്റിയാണ്. ആര് ആരെ മുതലെടുക്കുന്നു എന്ന ചോദ്യങ്ങള്‍ അപ്പോഴും അങ്ങിനെ തന്നെ അവശേഷിക്കുന്നു. സത്യത്തില്‍ ഇരുകൂട്ടരും മുതലെടുപ്പുകാര്‍ തന്നെയായിരുന്നു. കര്‍ത്താവ് പിന്നെയും പിന്നെയും കുരിശില്‍ തറക്കപ്പെടുന്നതിനു അയാള്‍ സാക്ഷിയാവുന്നത് ഇതാദ്യമായിരുന്നില്ല.

തുടര്‍ന്ന് വന്ന ചര്‍ച്ച പ്രവാചകന്റെ "തിരു കേശ" ത്തെ പറ്റിയായിരുന്നു. ഈ കേശം ശരിക്കും പ്രവാചകന്റേത് തന്നെയാണോ അല്ലേ എന്നതായിരുന്നു ഗവേഷണവിഷയം. ശരിക്കുള്ളതാണെങ്കില്‍ പോലും കേശം വെച്ചുള്ള ഈ കാശുപദ്ധതി ജനങ്ങളുടെ ബുദ്ധിയെ അവഹേളിക്കലല്ലേ എന്ന ചോദ്യം മാത്രം ഉയര്‍ന്നു കേള്‍ക്കുന്നില്ല.

എല്ലാവര്‍ക്കും വിജയമാണ് മുഖ്യം. വിജയമെന്നാല്‍ സാമ്പത്തിക വിജയം. അതിനു വേണ്ടി മണ്ണിനെയും, പ്രകൃതിയെയും ആത്മീയതയേയും എല്ലാം ലേലം ചെയ്യാം. യഥാര്‍ത്ഥമായ, നിസ്വാര്‍ത്ഥരായ ഗുരുപരമ്പരകള്‍ അറ്റുപോയ ഒരു കാലത്തിന്റെ കൊലക്കളത്തിലാണ് താന്‍ വേച്ചു വേച്ചു നീങ്ങുന്നതെന്ന് കുഞ്ഞുണ്ണി വ്യസനത്തോടെ ഓര്‍ത്തു. മിക്ക മതങ്ങളും ഇസങ്ങളും അതിന്‍റെ അടിസ്ഥാന അക്ഷരങ്ങളില്‍ നില കൊള്ളുന്നത്‌ സാര്‍വ്വ ലൌകിക നീതിക്ക് വേണ്ടിയാണെങ്കിലും കേവല മനുഷ്യര്‍ അതിനു തീര്‍ക്കുന്ന ഭാഷ്യങ്ങളില്‍ കുത്സിത പ്രചാരണങ്ങളും കൂട്ടക്കുരുതികളും, ചുടു ചോരയും ചൂഷണവും നിറയുന്നത് എങ്ങിനെയാണെന്ന് അയാള്‍ ആശ്ചര്യം കൊണ്ടു. എവിടെയാണ് ഇങ്ങിനെയൊരു error bug കയറിക്കൂടിയത്? ഒരു പിടിയും കിട്ടുന്നില്ല. 

എങ്കിലും, ഒരു നാള്‍, വിദൂരമല്ലാത്ത ഒരു നാള്‍ ആ bug നെ fix ചെയ്യാന്‍ കെല്പുള്ള ഒരു മുനിമഹാന്‍ ലോകത്തിനു കരുണയായി പ്രപഞ്ചത്തില്‍ അവതരിക്കുക തന്നെ ചെയ്യുമെന്ന് കുഞ്ഞുണ്ണി പിന്നെപ്പിന്നെ സ്വയം ആശ്വസിക്കാന്‍ വേണ്ടിയാണെങ്കില്‍കൂടി വിശ്വസിച്ചു തുടങ്ങിയിരുന്നു. വിശ്വാസമല്ലേ എല്ലാം എന്ന മറ്റൊരു പരസ്യവാചകം ആ പ്രതീക്ഷയിലും സന്ദേഹം വിതച്ചിരുന്നുവെങ്കിലും.