Tuesday, April 17, 2012

ആന്റില

അംബാനിയുടെ ആന്റില
മുംബയിലെ മാനത്തെ നക്ഷത്രക്കൊട്ടാരം.
ആലീസിന്‍ അത്ഭുതക്കാഴ്ച്ചയല്ല
ലോകത്തിന്‍ നെറുകയിലെ അതിശയ താരകം.
 

ആകാശം ചുംബിക്കുമിരുപത്തേഴു മാളികകള്‍
മേഘവാഹിനിയിറങ്ങാന്‍ മൂന്ന് ഹെലിപ്പാടുകള്‍
ഒഴുകിയിറങ്ങുന്ന ഒന്‍പത് ലിഫ്റ്റുകള്‍
ബാല്‍ക്കണികള്‍ പോലെ ഉയരത്തിലുദ്യാനങ്ങള്‍
ആറു നിലകളില്‍ പാര്‍ക്കിംഗ് റോഡുശകടങ്ങള്‍ക്കായ്
സദാ സന്നദ്ധരായ് എഴുനൂറു വീട്ടുവേലക്കാര്‍
അറബിക്കഥകളിലെ ആശ്ചര്യമൂറ്റുന്ന
ആയിരത്തൊന്നല്ല വിസ്മയക്കാഴ്ച്ചകള്‍.

 

"ഭൂമിയിലേറ്റം വിലയേറും ഭവനം 
ജി.ഡി.പി* ഉയരുന്ന നിന്‍ നാട്ടിലാണല്ലോ!" 
അത്ഭുതം കൂറി പരദേശിയൊരുവന്‍‍
പത്രത്താളില്‍ നിന്നറിയാതെ തലയൂരി
നിറയുമാരാധനയോടെന്നെ കണ്ണെറിയുന്നങ്ങിനെ

തിളങ്ങുന്നയിന്ത്യയുടെയോമല്‍ പ്രതീകമായ്
സാകൂതം നിന്നു ഞാനൊട്ടുമഹങ്കാരമില്ലാതെ.  


പിന്നെ പത്രത്തിനിരുതാളുകള്‍ സൂത്രത്തില്‍
ചേര്‍ത്തു മറിച്ചു ഞാന്‍ മിഴി ചിമ്മിത്തുറക്കുംപോല്‍
ചെറുകോളത്തിലൊരു ചെറുവാര്‍ത്തയതിനിടയില്‍

ചത്തു ചതഞ്ഞു പ്രേതമായ് കിടക്കുന്നു;
ഇരുപത്തിരണ്ടു രൂപക്ക് കീഴോട്ട്

പട്ടിണി രേഖ പിന്നെയും താഴ്ത്തി വരച്ചതും,

മൂന്നില്‍ രണ്ടെന്നു പ്രജകളെന്നിട്ടും
പുതിയ വരയുടെയടിയില്‍ കിടപ്പതും, 

അന്നമില്ലാതെയര്‍ദ്ധനഗ്നരായവര്‍
തണുത്തുറയുന്ന പുലര്ക്കാല‍ വേളകളില്‍
നഗരപ്രാന്തങ്ങളിലഴുക്കിന്‍ ചേരികളിലെ ‍
തെരുവുതിണ്ണയിലുണരുന്ന നിര്‍വര്‍ണ്ണ ചിത്രവും.


 *GDP (Gross domestic product, മൊത്ത ആഭ്യന്തര ഉല്പാദന വളര്ച്ച)

Sunday, April 1, 2012

നമുക്കില്ലൊരു ലോകം


വിശാലമായ റൌണ്ടബൌട്ടിന്‍റെ  ഓരത്തുള്ള വലിയ മക്‌ഡൊനാള്‍ഡ്സ് ഫാസ്റ്റ് ഫുഡ്‌ ഭോജനശാലയും കഴിഞ്ഞു ഇടത്തോട്ടു തിരിയുന്ന റോഡില്‍ വെച്ചാണ് ആഫ്രിക്കക്കാരനായ ആ ചെറുപ്പക്കാരനെ കണ്ടത്. വിജനമായ റോഡിന്‍റെ  ഇരു വശത്തും ഒതുക്കമില്ലാതെ കാറുകള്‍ പാര്‍ക്ക് ചെയ്തു കിടന്നിരുന്നു. നെറുകയില്‍ സൂര്യന്‍ കനല്‍ പെയ്തു നിന്നു. സ്കൂള്‍ പ്രായത്തിലുള്ള ഒരു കൂട്ടം ആണ്‍പിള്ളേര്‍ സൈക്കിളിലേറി ബഹളം വെച്ചുകൊണ്ട് അരുതാത്ത വേഗത്തില്‍ അരികിലൂടെ മുന്നോട്ടു പാഞ്ഞു പോയി. റോഡരികിലുള്ള ഫ്ലാറ്റുകളില്‍ നിന്ന് പാകം ചെയ്യപ്പെടുന്ന ഉച്ചഭക്ഷണത്തിന്‍റെ മണം നാസാരന്ധ്രങ്ങളിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ വയറിന്‍റെ അടിത്തട്ടില്‍ വിശപ്പ്‌ ഉറക്കമുണര്‍ന്നു.

ഈ നിരത്ത് പിന്നിട്ടാല്‍ അപ്പുറത്തെ പ്രധാന റോഡിലെത്താം. അവിടെ മികവാര്‍ന്ന നാലുവരിപ്പാതയിലൂടെ അതിവേഗത്തില്‍ ഒഴുകി നീങ്ങുന്ന വാഹന നിരകള്‍ കാണും. അവ മുന്നിലെ സിഗ്നല്‍ പോസ്റ്റില്‍ ചുവപ്പ് ലൈറ്റ് തെളിയുമ്പോള്‍ ബ്രേക്കിട്ടു ഞരങ്ങി നില്‍ക്കുന്നു. പച്ചവെളിച്ചം തെളിയാന്‍ സ്റ്റിയറിങ്ങില്‍ അക്ഷമരായി താളമിട്ടിരിക്കുന്ന മുഖങ്ങള്‍ക്കിടയിലൂടെ നടന്നു കുടിവെള്ള ബോട്ടിലുകള്‍ വില്‍ക്കുന്ന ഒന്നോ രണ്ടോ ബംഗാളികളോ മറ്റു നാട്ടുകാരോ കാണും. രണ്ടു ചുവപ്പ് തെളിച്ചങ്ങള്‍‍ക്കിടയിലെ ഇട മുറിഞ്ഞുള്ള കച്ചവടം. ഇതിനിടയിലൂടെ ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരു ബാലനോ ബാലികയോ ഭിക്ഷ യാചിക്കുന്ന കാഴ്ചയും കാണാം ചിലയിടങ്ങളില്‍. വിദേശ നിര്‍മിത ആഡംബര വാഹനങ്ങളുടെ തിളക്കമാര്‍ന്ന ചില്ലുജാലകത്തിലൂടെ എത്തി നോക്കി അവര്‍ മുട്ടി വിളിക്കുന്നു. വെയില്‍ കുടിച്ചു വരണ്ട മുഖവുമായി, ചെറിയ ചൂണ്ടു വിരല്‍ അല്പം വളച്ച് ഉയര്‍ത്തിക്കാണിച്ച് ഒരു റിയാലിന് കെഞ്ചുന്ന ശൂന്യമായ മിഴികള്‍. ഒരു കൈകൊണ്ട്‌ പുതിയ ഇലക്ട്രോണിക് ഗയിം കളിച്ചും മറുകൈകൊണ്ട് ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീം നുണഞ്ഞുമിരിക്കുന്ന വിടര്‍ന്ന കണ്ണുകളുമുള്ള ബാല്യ-കൌമാരങ്ങള്‍ ശീതീകരിച്ച കാറിനകത്ത്, വേറൊരു ലോകത്ത്.

പൊതു സ്ഥലത്തെ ഭിക്ഷാടനം അനുവദനീയമല്ല. ആഫ്രിക്കയില്‍ നിന്നു കുടിയേറി വന്നു തിരിച്ചു പോവാത്തവരുടെ കുട്ടികളാണ് മിക്കപ്പോഴും നിയമം ലംഘിച്ചു കാശിനു കൈ കാണിക്കുന്നത്. തൊഴിലെടുക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ടും അതു ചെയ്യാനിഷ്ടപ്പെടാത്ത അവരുടെ രക്ഷിതാക്കള്‍ തന്നെയാവും കുട്ടികളെ ഇരക്കാനിറക്കുന്നത്. ഇതില്‍ കുറേ പേര്‍ വളരുമ്പോള്‍ പിടിച്ചുപറിക്കാരായി രൂപാന്തരപ്പെടുന്നു.

സിഗ്നലിലേക്ക് എത്താനായി ധൃതിയില്‍ നടക്കവേയാണ് അയാള്‍ എനിക്കെതിരെ വരുന്നത് ശ്രദ്ധയില്‍ പെട്ടത്. പാതയോരങ്ങളില്‍ ആളൊഴിഞ്ഞ നേരത്ത് പിടിച്ചുപറിക്കാരന്‍റെ ലക്ഷണമൊത്ത ഒരു ആഫ്രിക്കന്‍ വംശജന്‍റെ മുന്നില്‍ ചെന്ന് പെടുകയെന്നത് നഗരത്തിലെ പ്രവാസികളുടെ പേക്കിനാവുകളിലൊന്നാണ്. അറിയാത്ത പോലെ വഴി മാറി നടക്കാനാണ് സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിജീവന ബോധം അവനെ ഉണര്‍ത്തുക. എന്ത് ചെയ്യണമെന്നറിയാതെ ‍ അയാളുടെ ശരീര ഭാഷ ഗ്രഹിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ നാലു പാടും കണ്ണു പായിച്ചു. അല്പം ചടച്ച ശരീര പ്രകൃതിയാണ് അയാള്‍ക്ക്‌. ഒരു ആക്രമണം ഉണ്ടായാല്‍ അയാളെ തള്ളി മാറ്റി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തോന്നി. മാരകായുധങ്ങളൊന്നും അയാളുടെ പക്കലില്ലെങ്കില്‍. മനസ്സില്‍ അപായചിന്തകളുടെ തിരയിളക്കം.

അയാള്‍ അടുത്തെത്തി. അല്പം മഞ്ഞ നിറം കലര്‍ന്ന പല്ലുകള്‍ പുറത്തു കാണിക്കുന്ന വ്യക്തതയില്ലാത്ത വാക്കുകള്‍. പുഞ്ചിരിക്കുമ്പോള്‍ അയാളുടെ മേല്‍ ചുണ്ടിന്‍റെ ഒരു വശം അധികമായി മേലോട്ട് വിടരുന്നതിനാല്‍ അയാള്‍ ചിരിക്കും കരച്ചിലിനും ഇടയില്‍ ശങ്കിച്ച് നില്‍ക്കുന്ന പോലെ തോന്നിച്ചു. അധികം പൊക്കമില്ലാത്ത അയാളുടെ ഇന്‍ ചെയ്ത ഷര്‍ട്ടിന്‍റെ ഒരു വശം പാന്റിനു വെളിയിലേക്ക് തൂങ്ങി കിടക്കുന്നു. എന്തോ, ആരെയോ തിരയുന്ന പോലെയുള്ള മുഖഭാവം.

"അന മാഫീ ആലിബാബ, മാഫീ ഖഊഫ്, മാഫീ ഖഊഫ് , അന സുഡാനി, സുഡാനി " "ഞാന്‍ പിടിച്ചു പറിക്കാരനല്ല, പേടിക്കേണ്ട, ഞാന്‍ സുഡാന്‍കാരനാണ്." അത്ര സ്ഫുടമാല്ലാത്ത സ്വരത്തില്‍ അയാള്‍ എന്നെ സാന്ത്വനിപ്പിക്കാനെന്നപോലെ പറയുന്നു.

സുഡാനികള്‍ പൊതുവേ പിടിച്ചു പറി സംഘത്തില്‍ ഉള്‍പെ‍ടാറില്ലെന്നാണ് വെയ്പ്. അത് കൊണ്ടായിരിക്കാം അയാള്‍ സുഡാനിയാണെന്നു ആവര്‍ത്തിച്ചു പറയുന്നത്.

ആള്‍ അടുത്തേക്ക്‌ തന്നെ വരികയാണ്.

"എനിക്ക് എന്‍റെ സഹോദരനെ ഉടനെ വിളിക്കേണ്ടതുണ്ട്. എന്‍റെ ഫോണില്‍ പണം തീര്‍ന്നു പോയി. നിന്‍റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടോ? " അയാള്‍ ചോദിക്കുന്നു.

എന്തോ വലിയ വിഷമത്തിലകപ്പെട്ടിരിക്കയാണെന്ന് അയാളുടെ മുഖഭാവം കൊണ്ടു തോന്നുന്നു. ഒരു വേള എല്ലാം അഭിനയമാവം. എന്‍റെ പോക്കറ്റിലിരിക്കുന്ന ഐഫോണുമായി ഞൊടിയിടയില്‍ ഓടി മറയുന്ന അയാളെ ഞാന്‍ മനസ്സില്‍ കണ്ടു. അല്ലെങ്കില്‍ എന്‍റെ പക്കലുള്ള പണവും കവര്‍ന്ന് ഒരു പിച്ചാത്തിയിലേക്ക് എന്നെ നിശ്ചലനാക്കി ആ ചുടുവെയിലില്‍ രക്തം വാര്‍ന്നു തീരാനിട്ട് അയാള്‍ കടന്നേക്കാം. ഒന്നിനും ഒരു നിശ്ചയമില്ല. പത്രം തുറന്നാല്‍ മുടങ്ങാതെ കാണുന്ന പിടിച്ചു പറി വാര്‍ത്തകള്‍ മനസ്സില്‍ തെളിഞ്ഞു. അടുത്ത ദിവസത്തേക്കുള്ള മറ്റൊരു കോളം വാര്‍ത്തക്കുള്ള രംഗത്തിന് വേദിയൊരുങ്ങുകയാണെന്ന് തോന്നി.

"അന മാഫീ ആലിബാബ, മാഫീ ഖഊഫ്, മാഫീ ഖഊഫ് , അന സുഡാനി, സുഡാനി" അയാള്‍ ആവര്‍ത്തിക്കുന്നു.

ഒരു നിമിഷം...

കൂടുതല്‍ ആലോചിക്കാതെ പോക്കറ്റില്‍ നിന്ന് ഫോണെടുത്തു അയാള്‍ക്ക്‌ കൊടുത്തു. ആശ്വാസത്തോടെ അയാള്‍ സഹോദരന് ഡയല്‍ ചെയ്യുന്നു. ലൈന്‍ കിട്ടാതെയോ, അതോ അറ്റന്‍ഡ് ചെയ്യപ്പെടാതെയോ ആവാം വീണ്ടും വീണ്ടും ഡയല്‍ ചെയ്യുന്നുണ്ടായിരുന്നു. എന്തും സംഭവിക്കാം. അയാള്‍ കത്തിയെടുക്കുന്നുണ്ടോ, ഭാവം മാറുന്നുണ്ടോ? പെട്ടെന്നാണ് അയാള്‍ ഫോണില്‍ സംസാരിച്ചു തുടങ്ങിയത്. കാര്യങ്ങള്‍ വേഗത്തില്‍ പറഞ്ഞു ഫോണ്‍ ഡിസ്കണക്കറ്റ് ചെയ്തു.

ഫോണ്‍ തിരികെ നല്‍കുമ്പോള്‍ അയാളുടെ മുഖത്ത് തക്ക സമയത്ത് തന്നെ സഹോദരനോട് സംസാരിക്കാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തി തെളിഞ്ഞു നിന്നിരുന്നു. എന്നാല്‍, അതിലേറെ ആ മുഖത്തു പ്രകടമായത് അയാള്‍ വിശ്വാസത്തിലെടുക്കപ്പെട്ടതിന്‍റെ ആശ്വാസനിറവായിരുന്നുവെന്ന് തോന്നി. ആ കണ്ണുകള്‍ കൂടുതല്‍ വാചാലമായിരുന്നു. തൊലി കറുത്തു പോയതിനാല്‍ വഴിയോരങ്ങളില്‍ അവിശ്വസിക്കപ്പെടുന്നവന്‍റെ നിസ്സഹായതയും നീറ്റലും. റേഷ്യല്‍ പ്രൊഫൈലിംഗ് എന്ന് വിളിക്കപ്പെടുന്ന, വര്‍ണ്ണത്തിന്‍റെയോ വംശത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ചു കുറ്റവാളികളെന്നു മുദ്ര കുത്തി പാര്‍ശ്വവത്കരിക്കുന്ന നടപ്പു ദീനം‍. തിരസ്കരണത്തിന്‍റെ വെളിമ്പുറങ്ങളില്‍ ഞാന്‍ നിരപരാധിയാണെന്ന് സ്വയം നെറ്റിയില്‍ കുറിച്ച് വെക്കേണ്ടി വരുന്ന ദുരവസ്ഥ.

അയാള്‍ പറഞ്ഞത് മുഴുവന്‍ മുഖവിലക്കെടുക്കാന്‍ മനസ്സാ കൂട്ടാക്കാതെ ഞാന്‍ പിന്നെയും എന്‍റെ മുന്‍വിധികളുടെ വേലികള്‍ക്കുള്ളിലേക്ക് മടങ്ങവേ ഏറെ പരിചിതമല്ലാത്ത വാക്-രൂപങ്ങളില്‍ നന്ദി വാചകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ അകന്നകന്നു പോയി.

"അന മാഫീ ആലിബാബ...... അന........"

അവ്യക്തമായി, ഒരു വിലാപം പോലെ, പിന്നെയും ഉരുവിട്ടുകൊണ്ടിരുന്നു അയാള്‍.

ആരോടെന്നില്ലാതെ....

(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് )