Sunday, October 28, 2012

മഴക്കാല മേഘം



 പെട്ടെന്നുള്ള യാത്രയായിരുന്നു. സീസന്‍ സമയല്ലാതിരുന്നത് നന്നായി. അല്ലെങ്കില്‍ ടിക്കറ്റിനു നെട്ടോട്ടമോടേണ്ടി വന്നേനെ. താമസിച്ചെത്തുന്നതിനും, യാത്ര തടസ്സപ്പെടുന്നതിനും കുപ്രസിദ്ധമാണ് എയര്‍ ഇന്ത്യ വിമാനം. അതു കൊണ്ടു തന്നെ ടിക്കറ്റ്‌ കിട്ടിയത് സൗദി എയര്‍ലൈന്‍സിനാണ് എന്നത് ആശ്വാസമായി തോന്നി. എക്കണോമി ക്ലസ്സിനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത് എങ്കിലും അവിടത്തെ തിരക്ക് ഒഴിവാക്കാനായിരിക്കാം സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന എക്സിക്യുട്ടിവ് ക്ലാസ്സിലേക്ക് മാറിയിരിക്കാമെന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞു.

വിന്‍ഡോ സീറ്റില്‍ ഭാര്യ ഇരുന്നു. തൊട്ടടുത്ത സീറ്റില്‍ ഞാനും. യാത്ര തുടങ്ങുമ്പോള്‍ പതിവുള്ള ഉത്സാഹം അവളുടെ മുഖത്ത് കണ്ടില്ല. സീറ്റില്‍ തികച്ചും മൌനിയായിരുന്നു അവള്‍. പ്രായത്തില്‍ കവിഞ്ഞ അവശത അവളുടെ മുഖത്തു നിഴല്‍ വീഴ്ത്തിയിരുന്നു.

ഉമ്മയുടെ മരണ വാര്‍ത്ത കഴിഞ്ഞ ദിവസം വന്നെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നില്ല . എന്നാലും ആശുപത്രിയില്‍ മരുന്നും ചികിത്സയുമായി മല്ലിട്ട ഉമ്മയെ ജീവനോടെ ഒരു നോക്ക് കൂടി കാണണം എന്ന് മോഹിച്ചിരുന്നു.

തലേ ദിവസം രാത്രി അത്ര വൈകി ജ്യേഷ്ഠന്റെ ഫോണ്‍ വിളി വന്നപ്പൊഴേ അതുറപ്പിച്ചിരുന്നു. ആയുസ്സിന്റെ കണക്ക്‌ പുസ്തകം അതിന്‍റെ ഗണിതങ്ങളില്‍ കടുകിട പിഴവ് വരുത്താറില്ലല്ലോ.

ജ്യേഷ്ഠന്‍ വാക്കുകളുടെ വളച്ചു കെട്ടലുകളില്‍ സാന്ത്വനിപ്പിക്കാന്‍ മിനക്കെടാതെ പറഞ്ഞു. "ഉമ്മ.... ഉമ്മ നമ്മെ വിട്ടു പോയെടാ" പിന്നെ ഒരു അര്‍ദ്ധ മൗനം. "നിനക്ക് ഉടനെ എത്താന്‍ പറ്റുമോ? ഒരു ദിവസത്തില്‍ കൂടുതല്‍ നീട്ടി വെയ്ക്കാന്‍ പറ്റില്ല." പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നുവെങ്കിലും പെട്ടെന്ന് അനാഥമാക്കപ്പെട്ട പോലെയൊരു ചിന്ത മനസ്സിലൂടെ നീറ്റലായി എരിഞ്ഞു. തൊണ്ടയില്‍ നിന്ന്‍ എന്തോ ഒന്ന് നെഞ്ചിന്റെ കൂട് തകര്‍ത്ത് ഉള്ളിലേക്ക് കനം തൂങ്ങിക്കിടന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാപ വിട പറഞ്ഞ ശേഷം കുടുംബത്തിന്റെ ഇഴകളെ ആകെയും ബന്ധിപ്പിച്ചിരുന്ന ഏക കണ്ണിയായിരുന്നു ഉമ്മ. അത് അങ്ങിനെ പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന എന്തോ ഒരു ഉറപ്പിലായിരുന്നു ഇത് വരെ.

"ഓള്‍ പാസഞ്ചേഴ്സ് ആര്‍ റിക്ക്വസ്റ്റഡ് റ്റു..." സീറ്റ് ബെല്‍റ്റ്‌ മുറുക്കാനുള്ള അറിയിപ്പായിരുന്നു. അരികില്‍ പിറകിലേക്ക് ചായ്ച്ച സീറ്റില്‍ ഭാര്യ കണ്ണടച്ച് ഇരിപ്പിനും കിടപ്പിനുമിടയിലായിരുന്നു.

വിമാനം പൊങ്ങി പറന്നു തുടങ്ങി കുറച്ചു സമയം കഴിഞ്ഞിരുന്നു. സീറ്റ് ബെല്‍റ്റ്‌ അഴിച്ചു ചിലര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പോവാനും വരാനും തുടങ്ങുന്നു. വല്ലാത്ത തണുപ്പ്. തനിക്ക് വിമാനയാത്ര എന്നും അങ്ങിനെയാണ്. അതിനകത്തെ തണുപ്പ് സഹിക്കില്ല. എയര്‍ ഹോസ്റ്റസ്സിനോട് പറഞ്ഞു ഒരു പുതപ്പ് വാങ്ങി പുതച്ചു മൂടിയാലോ.

ഇരിക്കുന്ന സീറ്റിനു അഭിമുഖമായി മുന്നിലെ സീറ്റിനു പിറകില്‍ സ്ഥാപിച്ച എല്‍ സി ഡി സ്ക്രീനില്‍ സിനിമകളുടെയും പാട്ടുകളുടെയും മെനുവില്‍ പരതുന്നു ചിലര്‍. മറ്റേതെങ്കിലും വിമാനത്തിലായിരുന്നെങ്കില്‍ ഈ നേരത്ത് മദ്യം വിളമ്പി കിട്ടുന്നതിന്റെ ഉത്സാഹത്തിലായിരിക്കും യാത്രക്കാരിലെ ലഹരിപ്രിയമുള്ളവര്‍.

ഇടതു വശത്ത് തൊട്ടടുത്ത സീറ്റുകളില്‍ ഇരുന്നത് ചെറുപ്പക്കാരായ ഒരു ദമ്പതികളായിരുന്നു. അയാള്‍ക്ക്‌ ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. യുവതിക്ക് അതില്‍ താഴെയും. രണ്ടു പേരിലും അസാധാരണമായൊരു പ്രസരിപ്പും സൗന്ദര്യവും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടു. അവര്‍ വളരെ ഉല്ലാസത്തോടെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു. അയാള്‍ക്ക്‌ മറുപടിയായി ഇടയ്ക്ക് അവള്‍ സമൃദ്ധമായി ചിരിക്കുന്നുണ്ടായിരുന്നു.

വായിക്കുന്നത് വല്ലതും മനസ്സിലാവുന്ന അവസ്ഥയിലായിരുന്നത്‌ കൊണ്ടായിരുന്നില്ല കയ്യിലിരുന്ന അന്നത്തെ പത്രം കണ്ണോടിച്ചു കൊണ്ടിരുന്നത്. വിമാന യാത്രകളില്‍ സഹായാത്രികര്‍ മിക്കവരും സുഖമായി ഉറങ്ങുമ്പോഴും അതിനു കഴിയാതെ കണ്ണ് തുറന്നിരിക്കുക എന്നതാണ് എക്കാലത്തും തന്റെ പ്രകൃതം. ആ ഇരുത്തത്തിനു ഒരു കൂട്ടാണ് വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളും മാസികകളുമൊക്കെ.

ആ ചെറുപ്പക്കാരന്‍ എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടാണ്‌ വീണ്ടും ശ്രദ്ധ അവരിലേക്ക്‌ തിരിഞ്ഞത്. അയാള്‍ ഇരുന്ന സീറ്റിനടിയില്‍ നിന്ന് എന്തോ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു . ഒരു ജോഡി വാക്കിംഗ് ക്രച്ച് ആയിരുന്നു അത്. എന്തിനാണ് അയാള്‍ക്കത്  എന്ന് ആശ്ചര്യപ്പെട്ടിരിയ്ക്കെ സീറ്റുകള്‍ക്കിടയിലെ പരിമിതികള്‍ക്കിടയില്‍ വീണുപോവാതെ ആ വടിയുടെ പരന്ന അറ്റം തന്‍റെ ഇരു കക്ഷത്തിലേക്കും പിടിപ്പിച്ചു അയാള്‍ മെല്ലെ  എഴുന്നേറ്റു നിന്നു. വിമാനം ചെറുതായി ഒന്നുലഞ്ഞപോലെ. തോന്നിയതാവാം. അയാള്‍ ഇത്രയും പണിപ്പെട്ടു എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ അയാളെ യാതൊരു വിധത്തിലും സഹായിക്കാന്‍ മുതിരാത്തതു കണ്ടു വലിയ അത്ഭുതം തോന്നി.

ഒരു കാലിനു നല്ല സ്വാധീനക്കുറവുള്ള അയാള്‍ ഊന്നു വടിയില്‍ വേച്ചു വേച്ചു റ്റോയ്`ലറ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. അത് കണ്ടപ്പോള്‍ മനസ്സിനെ ഒരു തളര്‍ച്ച തലോടി. പാവം മനുഷ്യന്‍, സീറ്റിലിരിക്കെ രണ്ടു പേരും സംസാരിക്കുന്നതും നിറഞ്ഞു ചിരിക്കുന്നതുമെല്ലാം കണ്ടപ്പോള്‍ നല്ല സ്നേഹമുള്ള ദമ്പതികളാണെന്നാണ് കരുതിയിരുന്നത്. കാഴ്ചയിലും വസ്ത്ര ധാരണത്തിലും കുലീനത്ത്വം തുളുമ്പി നിന്ന ഇരു പേരോടും ചില്ലറ അസൂയയും തോന്നാതിരുന്നില്ല.

പക്ഷെ വികലാംഗനായ അയാളെ അവള്‍ ഒന്ന് കൈ പിടിക്കാന്‍ പോലും മിനക്കെടാതിരിക്കുന്നതു കണ്ടു മനസ്സില്‍ ഒരു അസ്വസ്ഥത പടര്‍ന്നു. പുറമേ കാണുന്നത് മുഴുവന്‍ ഒരിയ്ക്കലും സത്യമാവില്ലായിരിക്കാം. അവളുടെ സ്നേഹഭാഷണങ്ങള്‍ പൊള്ളയായിരുന്നു. അയാളെയല്ല അയാളുടെ ധനത്തില്‍ ആകൃഷ്ടയായി സമ്മതിച്ചതാവാം അവള്‍ ഈ ബന്ധത്തിന്.

കുറച്ചു കഴിഞ്ഞപ്പോഴേക്ക് അയാള്‍ മടങ്ങിയെത്തി. ഊന്നുവടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി വീണ്ടും ഇരിപ്പുറപ്പിക്കാന്‍ അയാള്‍ വല്ലാതെ പാട് പെടുന്നു. അറിയാതെ തന്നെ ഞാന്‍ എഴുന്നേറ്റു അയാള്‍ക്കരികില്‍ ചെന്നു. സീറ്റിലിരിക്കാന്‍ അയാള്‍ക്ക്‌ ഒരു കൈത്താങ്ങു നല്‍കി. സുമുഖനായ അയാള്‍ ഒരു പുഞ്ചിരിയില്‍ നന്ദി അറിയിച്ചു. വാക്കിംഗ് ക്രച്ച് അതിനിടയില്‍ അയാള്‍ തന്നെ സീറ്റിനിടയില്‍ ഒതുക്കി വെച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല, അയാള്‍ക്കും.

അപ്പോഴേക്ക് ചൂടുള്ള ഭക്ഷണത്തിന്റെ മണം പരന്നു തുടങ്ങി. യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്ന ട്രോളി മെല്ലെ ഉരുട്ടിക്കൊണ്ട് എയര്‍ ഹോസ്റ്റസ്സുമാര്‍ സീറ്റുകള്‍ക്കിടയിലെ ഇടനാഴിയിലൂടെ അങ്ങേ അറ്റത്തു നിന്ന് വരുന്നത് കാണാമായിരുന്നു.

ഭക്ഷണം കഴിച്ചു സ്വസ്ഥരായ യാത്രക്കാര്‍ വീണ്ടും മയക്കത്തിലേക്കു വീണു. ചിലര്‍ ഇയര്‍ഫോണില്‍ പാട്ട് കേട്ടുകൊണ്ടിരുന്നു. ഇനിയും ചിലര്‍ മുമ്പിലുള്ള ടച്ച് സ്ക്രീന്‍ മെനുവില്‍ വിരല്‍ കുത്തി സിനിമകളും മറ്റു ദൃശ്യങ്ങളും മാറി മാറി പരതിക്കൊണ്ടിരുന്നു. പിറകിലേതോ സീറ്റില്‍ നിന്ന് ഒരു കൊച്ചുകുട്ടി നിര്‍ത്താതെ കരഞ്ഞു.

ഉറക്കത്തിനും മയക്കത്തിനും ഇടയിലെ ഒരു അര്‍ദ്ധബോധാവസ്ഥയിലേക്ക് എപ്പോഴോ അറിയാതെ ഇമയടച്ചിരുന്നു ഞാന്‍ . വിമാനം കോഴിക്കോട് ഇറങ്ങാന്‍ പോവുന്ന അറിയിപ്പ് കേട്ടാണ് ഉണര്‍ന്നത്. കുറച്ചു കഴിയുമ്പോഴേക്ക് വിമാനത്തിന്റെ കൊച്ചുജാലകത്തിലൂടെ താഴെ പച്ചപ്പരവതാനിയും അതിനിടയിലെ നാഡി-ഞരമ്പുകള്‍ പോലുള്ള റോഡുകളും അതിലൂടെ അരിച്ചു നീങ്ങുന്ന തീപെട്ടിക്കൂടുകളും ദൃശ്യമായി തുടങ്ങി.

വിമാനം ലാന്‍ഡ്‌ ചെയ്തു റണ്‍വേയിലൂടെ നീങ്ങാന്‍ തുടങ്ങുമ്പോഴേക്കും അതില്‍ നിന്ന് ഇപ്പോള്‍ പുറത്തു ചാടണം എന്ന മട്ടില്‍ കുറെ പേര്‍ സീറ്റില്‍ നിന്ന് എഴുനേല്‍ക്കാന്‍ തുടങ്ങി. ഇങ്ങിനെ അപകടം ക്ഷണിച്ചു വരുത്താന്‍ ശ്രമിക്കുന്ന വിമാനയാത്രക്കാര്‍ ലോകത്ത് മലയാളികള്‍ മാത്രമേ കാണൂ എന്ന് ഈ യാത്രകളില്‍ തോന്നാറുണ്ട്.

ഇമിഗ്രേഷനും കസ്റ്റംസും കഴിഞ്ഞു പുറത്തിറങ്ങാന്‍ വലിയ താമസം നേരിട്ടില്ല. കൂടെ സാധനങ്ങള്‍ ഒന്നും കൊണ്ട് വന്നിരുന്നില്ല എന്നതും എളുപ്പത്തിനു കാരണമായി. എയര്‍പോര്‍ട്ടിന്റെ അവസാനവാതിലും കടന്നു പുറത്തിറങ്ങി. സ്വീകരിക്കാന്‍ വന്ന കാറില്‍ കയറി ഇരിക്കുമ്പോഴേക്ക് മഴ തുള്ളിയിട്ടു തുടങ്ങിയിരുന്നു.

കൂടെ യാത്ര ചെയ്തിരുന്ന വികലാംഗനായ യുവാവ് ഞങ്ങളുടെ കാറിനു മുന്നിലായി കിടക്കുന്ന വില കൂടിയ വിദേശ കാറിലേക്ക് സാവധാനം കയറുന്നത് കണ്ടു. നേര് പറഞ്ഞാല്‍ തിരക്കിനിടയില്‍ കുറെ നേരത്തേക്ക് അവരെ വിസ്മരിച്ചു പോയിരുന്നു. അയാളുടെ ഭാര്യ എവിടെ? അയാളെ സ്വീകരിക്കാന്‍ വന്നവരുടെ ഇടയില്‍ നിന്ന് അവളുടെ മുഖവും അപ്പോഴേക്ക് ദൃശ്യമായി. ബന്ധുക്കളെ കണ്ട സന്തോഷത്തില്‍ അവരോടു പ്രസന്ന വദനയായി സംസാരിച്ചു കൊണ്ട് അവളും കാറിനടുത്തേക്ക് നടന്നടുക്കുന്നു. പൊടുന്നനെ ഒരു അമ്പരപ്പ് മിന്നല്‍ പിണറുപോലെ മനസ്സിലൂടെ കടന്നുപോയി. രണ്ട് ഊന്നു വടികളില്‍ ശരീരഭാരമുറപ്പിച്ചു ഒരു കാല്‍ മാത്രം നിലത്ത് ഊന്നി വളരെ പതുക്കെയാണ് അവള്‍ നടന്നടുത്തത്.എന്തോ കേട്ടും പറഞ്ഞും ഒരു പൊട്ടിച്ചിരിയോടെ അവള്‍ കാറിലേക്ക് കൂടെയുള്ളവരുടെ സഹായത്തോടെ കയറുമ്പോഴേക്കും മഴക്കാറ് കൂടുതല്‍ കനം വെച്ചു തുടങ്ങിയിരുന്നു.