Sunday, October 28, 2012

മഴക്കാല മേഘം പെട്ടെന്നുള്ള യാത്രയായിരുന്നു. സീസന്‍ സമയല്ലാതിരുന്നത് നന്നായി. അല്ലെങ്കില്‍ ടിക്കറ്റിനു നെട്ടോട്ടമോടേണ്ടി വന്നേനെ. താമസിച്ചെത്തുന്നതിനും, യാത്ര തടസ്സപ്പെടുന്നതിനും കുപ്രസിദ്ധമാണ് എയര്‍ ഇന്ത്യ വിമാനം. അതു കൊണ്ടു തന്നെ ടിക്കറ്റ്‌ കിട്ടിയത് സൗദി എയര്‍ലൈന്‍സിനാണ് എന്നത് ആശ്വാസമായി തോന്നി. എക്കണോമി ക്ലസ്സിനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത് എങ്കിലും അവിടത്തെ തിരക്ക് ഒഴിവാക്കാനായിരിക്കാം സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന എക്സിക്യുട്ടിവ് ക്ലാസ്സിലേക്ക് മാറിയിരിക്കാമെന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞു.

വിന്‍ഡോ സീറ്റില്‍ ഭാര്യ ഇരുന്നു. തൊട്ടടുത്ത സീറ്റില്‍ ഞാനും. യാത്ര തുടങ്ങുമ്പോള്‍ പതിവുള്ള ഉത്സാഹം അവളുടെ മുഖത്ത് കണ്ടില്ല. സീറ്റില്‍ തികച്ചും മൌനിയായിരുന്നു അവള്‍. പ്രായത്തില്‍ കവിഞ്ഞ അവശത അവളുടെ മുഖത്തു നിഴല്‍ വീഴ്ത്തിയിരുന്നു.

ഉമ്മയുടെ മരണ വാര്‍ത്ത കഴിഞ്ഞ ദിവസം വന്നെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നില്ല . എന്നാലും ആശുപത്രിയില്‍ മരുന്നും ചികിത്സയുമായി മല്ലിട്ട ഉമ്മയെ ജീവനോടെ ഒരു നോക്ക് കൂടി കാണണം എന്ന് മോഹിച്ചിരുന്നു.

തലേ ദിവസം രാത്രി അത്ര വൈകി ജ്യേഷ്ഠന്റെ ഫോണ്‍ വിളി വന്നപ്പൊഴേ അതുറപ്പിച്ചിരുന്നു. ആയുസ്സിന്റെ കണക്ക്‌ പുസ്തകം അതിന്‍റെ ഗണിതങ്ങളില്‍ കടുകിട പിഴവ് വരുത്താറില്ലല്ലോ.

ജ്യേഷ്ഠന്‍ വാക്കുകളുടെ വളച്ചു കെട്ടലുകളില്‍ സാന്ത്വനിപ്പിക്കാന്‍ മിനക്കെടാതെ പറഞ്ഞു. "ഉമ്മ.... ഉമ്മ നമ്മെ വിട്ടു പോയെടാ" പിന്നെ ഒരു അര്‍ദ്ധ മൗനം. "നിനക്ക് ഉടനെ എത്താന്‍ പറ്റുമോ? ഒരു ദിവസത്തില്‍ കൂടുതല്‍ നീട്ടി വെയ്ക്കാന്‍ പറ്റില്ല." പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നുവെങ്കിലും പെട്ടെന്ന് അനാഥമാക്കപ്പെട്ട പോലെയൊരു ചിന്ത മനസ്സിലൂടെ നീറ്റലായി എരിഞ്ഞു. തൊണ്ടയില്‍ നിന്ന്‍ എന്തോ ഒന്ന് നെഞ്ചിന്റെ കൂട് തകര്‍ത്ത് ഉള്ളിലേക്ക് കനം തൂങ്ങിക്കിടന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാപ വിട പറഞ്ഞ ശേഷം കുടുംബത്തിന്റെ ഇഴകളെ ആകെയും ബന്ധിപ്പിച്ചിരുന്ന ഏക കണ്ണിയായിരുന്നു ഉമ്മ. അത് അങ്ങിനെ പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന എന്തോ ഒരു ഉറപ്പിലായിരുന്നു ഇത് വരെ.

"ഓള്‍ പാസഞ്ചേഴ്സ് ആര്‍ റിക്ക്വസ്റ്റഡ് റ്റു..." സീറ്റ് ബെല്‍റ്റ്‌ മുറുക്കാനുള്ള അറിയിപ്പായിരുന്നു. അരികില്‍ പിറകിലേക്ക് ചായ്ച്ച സീറ്റില്‍ ഭാര്യ കണ്ണടച്ച് ഇരിപ്പിനും കിടപ്പിനുമിടയിലായിരുന്നു.

വിമാനം പൊങ്ങി പറന്നു തുടങ്ങി കുറച്ചു സമയം കഴിഞ്ഞിരുന്നു. സീറ്റ് ബെല്‍റ്റ്‌ അഴിച്ചു ചിലര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പോവാനും വരാനും തുടങ്ങുന്നു. വല്ലാത്ത തണുപ്പ്. തനിക്ക് വിമാനയാത്ര എന്നും അങ്ങിനെയാണ്. അതിനകത്തെ തണുപ്പ് സഹിക്കില്ല. എയര്‍ ഹോസ്റ്റസ്സിനോട് പറഞ്ഞു ഒരു പുതപ്പ് വാങ്ങി പുതച്ചു മൂടിയാലോ.

ഇരിക്കുന്ന സീറ്റിനു അഭിമുഖമായി മുന്നിലെ സീറ്റിനു പിറകില്‍ സ്ഥാപിച്ച എല്‍ സി ഡി സ്ക്രീനില്‍ സിനിമകളുടെയും പാട്ടുകളുടെയും മെനുവില്‍ പരതുന്നു ചിലര്‍. മറ്റേതെങ്കിലും വിമാനത്തിലായിരുന്നെങ്കില്‍ ഈ നേരത്ത് മദ്യം വിളമ്പി കിട്ടുന്നതിന്റെ ഉത്സാഹത്തിലായിരിക്കും യാത്രക്കാരിലെ ലഹരിപ്രിയമുള്ളവര്‍.

ഇടതു വശത്ത് തൊട്ടടുത്ത സീറ്റുകളില്‍ ഇരുന്നത് ചെറുപ്പക്കാരായ ഒരു ദമ്പതികളായിരുന്നു. അയാള്‍ക്ക്‌ ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. യുവതിക്ക് അതില്‍ താഴെയും. രണ്ടു പേരിലും അസാധാരണമായൊരു പ്രസരിപ്പും സൗന്ദര്യവും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടു. അവര്‍ വളരെ ഉല്ലാസത്തോടെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു. അയാള്‍ക്ക്‌ മറുപടിയായി ഇടയ്ക്ക് അവള്‍ സമൃദ്ധമായി ചിരിക്കുന്നുണ്ടായിരുന്നു.

വായിക്കുന്നത് വല്ലതും മനസ്സിലാവുന്ന അവസ്ഥയിലായിരുന്നത്‌ കൊണ്ടായിരുന്നില്ല കയ്യിലിരുന്ന അന്നത്തെ പത്രം കണ്ണോടിച്ചു കൊണ്ടിരുന്നത്. വിമാന യാത്രകളില്‍ സഹായാത്രികര്‍ മിക്കവരും സുഖമായി ഉറങ്ങുമ്പോഴും അതിനു കഴിയാതെ കണ്ണ് തുറന്നിരിക്കുക എന്നതാണ് എക്കാലത്തും തന്റെ പ്രകൃതം. ആ ഇരുത്തത്തിനു ഒരു കൂട്ടാണ് വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളും മാസികകളുമൊക്കെ.

ആ ചെറുപ്പക്കാരന്‍ എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടാണ്‌ വീണ്ടും ശ്രദ്ധ അവരിലേക്ക്‌ തിരിഞ്ഞത്. അയാള്‍ ഇരുന്ന സീറ്റിനടിയില്‍ നിന്ന് എന്തോ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു . ഒരു ജോഡി വാക്കിംഗ് ക്രച്ച് ആയിരുന്നു അത്. എന്തിനാണ് അയാള്‍ക്കത്  എന്ന് ആശ്ചര്യപ്പെട്ടിരിയ്ക്കെ സീറ്റുകള്‍ക്കിടയിലെ പരിമിതികള്‍ക്കിടയില്‍ വീണുപോവാതെ ആ വടിയുടെ പരന്ന അറ്റം തന്‍റെ ഇരു കക്ഷത്തിലേക്കും പിടിപ്പിച്ചു അയാള്‍ മെല്ലെ  എഴുന്നേറ്റു നിന്നു. വിമാനം ചെറുതായി ഒന്നുലഞ്ഞപോലെ. തോന്നിയതാവാം. അയാള്‍ ഇത്രയും പണിപ്പെട്ടു എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ അയാളെ യാതൊരു വിധത്തിലും സഹായിക്കാന്‍ മുതിരാത്തതു കണ്ടു വലിയ അത്ഭുതം തോന്നി.

ഒരു കാലിനു നല്ല സ്വാധീനക്കുറവുള്ള അയാള്‍ ഊന്നു വടിയില്‍ വേച്ചു വേച്ചു റ്റോയ്`ലറ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. അത് കണ്ടപ്പോള്‍ മനസ്സിനെ ഒരു തളര്‍ച്ച തലോടി. പാവം മനുഷ്യന്‍, സീറ്റിലിരിക്കെ രണ്ടു പേരും സംസാരിക്കുന്നതും നിറഞ്ഞു ചിരിക്കുന്നതുമെല്ലാം കണ്ടപ്പോള്‍ നല്ല സ്നേഹമുള്ള ദമ്പതികളാണെന്നാണ് കരുതിയിരുന്നത്. കാഴ്ചയിലും വസ്ത്ര ധാരണത്തിലും കുലീനത്ത്വം തുളുമ്പി നിന്ന ഇരു പേരോടും ചില്ലറ അസൂയയും തോന്നാതിരുന്നില്ല.

പക്ഷെ വികലാംഗനായ അയാളെ അവള്‍ ഒന്ന് കൈ പിടിക്കാന്‍ പോലും മിനക്കെടാതിരിക്കുന്നതു കണ്ടു മനസ്സില്‍ ഒരു അസ്വസ്ഥത പടര്‍ന്നു. പുറമേ കാണുന്നത് മുഴുവന്‍ ഒരിയ്ക്കലും സത്യമാവില്ലായിരിക്കാം. അവളുടെ സ്നേഹഭാഷണങ്ങള്‍ പൊള്ളയായിരുന്നു. അയാളെയല്ല അയാളുടെ ധനത്തില്‍ ആകൃഷ്ടയായി സമ്മതിച്ചതാവാം അവള്‍ ഈ ബന്ധത്തിന്.

കുറച്ചു കഴിഞ്ഞപ്പോഴേക്ക് അയാള്‍ മടങ്ങിയെത്തി. ഊന്നുവടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി വീണ്ടും ഇരിപ്പുറപ്പിക്കാന്‍ അയാള്‍ വല്ലാതെ പാട് പെടുന്നു. അറിയാതെ തന്നെ ഞാന്‍ എഴുന്നേറ്റു അയാള്‍ക്കരികില്‍ ചെന്നു. സീറ്റിലിരിക്കാന്‍ അയാള്‍ക്ക്‌ ഒരു കൈത്താങ്ങു നല്‍കി. സുമുഖനായ അയാള്‍ ഒരു പുഞ്ചിരിയില്‍ നന്ദി അറിയിച്ചു. വാക്കിംഗ് ക്രച്ച് അതിനിടയില്‍ അയാള്‍ തന്നെ സീറ്റിനിടയില്‍ ഒതുക്കി വെച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല, അയാള്‍ക്കും.

അപ്പോഴേക്ക് ചൂടുള്ള ഭക്ഷണത്തിന്റെ മണം പരന്നു തുടങ്ങി. യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്ന ട്രോളി മെല്ലെ ഉരുട്ടിക്കൊണ്ട് എയര്‍ ഹോസ്റ്റസ്സുമാര്‍ സീറ്റുകള്‍ക്കിടയിലെ ഇടനാഴിയിലൂടെ അങ്ങേ അറ്റത്തു നിന്ന് വരുന്നത് കാണാമായിരുന്നു.

ഭക്ഷണം കഴിച്ചു സ്വസ്ഥരായ യാത്രക്കാര്‍ വീണ്ടും മയക്കത്തിലേക്കു വീണു. ചിലര്‍ ഇയര്‍ഫോണില്‍ പാട്ട് കേട്ടുകൊണ്ടിരുന്നു. ഇനിയും ചിലര്‍ മുമ്പിലുള്ള ടച്ച് സ്ക്രീന്‍ മെനുവില്‍ വിരല്‍ കുത്തി സിനിമകളും മറ്റു ദൃശ്യങ്ങളും മാറി മാറി പരതിക്കൊണ്ടിരുന്നു. പിറകിലേതോ സീറ്റില്‍ നിന്ന് ഒരു കൊച്ചുകുട്ടി നിര്‍ത്താതെ കരഞ്ഞു.

ഉറക്കത്തിനും മയക്കത്തിനും ഇടയിലെ ഒരു അര്‍ദ്ധബോധാവസ്ഥയിലേക്ക് എപ്പോഴോ അറിയാതെ ഇമയടച്ചിരുന്നു ഞാന്‍ . വിമാനം കോഴിക്കോട് ഇറങ്ങാന്‍ പോവുന്ന അറിയിപ്പ് കേട്ടാണ് ഉണര്‍ന്നത്. കുറച്ചു കഴിയുമ്പോഴേക്ക് വിമാനത്തിന്റെ കൊച്ചുജാലകത്തിലൂടെ താഴെ പച്ചപ്പരവതാനിയും അതിനിടയിലെ നാഡി-ഞരമ്പുകള്‍ പോലുള്ള റോഡുകളും അതിലൂടെ അരിച്ചു നീങ്ങുന്ന തീപെട്ടിക്കൂടുകളും ദൃശ്യമായി തുടങ്ങി.

വിമാനം ലാന്‍ഡ്‌ ചെയ്തു റണ്‍വേയിലൂടെ നീങ്ങാന്‍ തുടങ്ങുമ്പോഴേക്കും അതില്‍ നിന്ന് ഇപ്പോള്‍ പുറത്തു ചാടണം എന്ന മട്ടില്‍ കുറെ പേര്‍ സീറ്റില്‍ നിന്ന് എഴുനേല്‍ക്കാന്‍ തുടങ്ങി. ഇങ്ങിനെ അപകടം ക്ഷണിച്ചു വരുത്താന്‍ ശ്രമിക്കുന്ന വിമാനയാത്രക്കാര്‍ ലോകത്ത് മലയാളികള്‍ മാത്രമേ കാണൂ എന്ന് ഈ യാത്രകളില്‍ തോന്നാറുണ്ട്.

ഇമിഗ്രേഷനും കസ്റ്റംസും കഴിഞ്ഞു പുറത്തിറങ്ങാന്‍ വലിയ താമസം നേരിട്ടില്ല. കൂടെ സാധനങ്ങള്‍ ഒന്നും കൊണ്ട് വന്നിരുന്നില്ല എന്നതും എളുപ്പത്തിനു കാരണമായി. എയര്‍പോര്‍ട്ടിന്റെ അവസാനവാതിലും കടന്നു പുറത്തിറങ്ങി. സ്വീകരിക്കാന്‍ വന്ന കാറില്‍ കയറി ഇരിക്കുമ്പോഴേക്ക് മഴ തുള്ളിയിട്ടു തുടങ്ങിയിരുന്നു.

കൂടെ യാത്ര ചെയ്തിരുന്ന വികലാംഗനായ യുവാവ് ഞങ്ങളുടെ കാറിനു മുന്നിലായി കിടക്കുന്ന വില കൂടിയ വിദേശ കാറിലേക്ക് സാവധാനം കയറുന്നത് കണ്ടു. നേര് പറഞ്ഞാല്‍ തിരക്കിനിടയില്‍ കുറെ നേരത്തേക്ക് അവരെ വിസ്മരിച്ചു പോയിരുന്നു. അയാളുടെ ഭാര്യ എവിടെ? അയാളെ സ്വീകരിക്കാന്‍ വന്നവരുടെ ഇടയില്‍ നിന്ന് അവളുടെ മുഖവും അപ്പോഴേക്ക് ദൃശ്യമായി. ബന്ധുക്കളെ കണ്ട സന്തോഷത്തില്‍ അവരോടു പ്രസന്ന വദനയായി സംസാരിച്ചു കൊണ്ട് അവളും കാറിനടുത്തേക്ക് നടന്നടുക്കുന്നു. പൊടുന്നനെ ഒരു അമ്പരപ്പ് മിന്നല്‍ പിണറുപോലെ മനസ്സിലൂടെ കടന്നുപോയി. രണ്ട് ഊന്നു വടികളില്‍ ശരീരഭാരമുറപ്പിച്ചു ഒരു കാല്‍ മാത്രം നിലത്ത് ഊന്നി വളരെ പതുക്കെയാണ് അവള്‍ നടന്നടുത്തത്.എന്തോ കേട്ടും പറഞ്ഞും ഒരു പൊട്ടിച്ചിരിയോടെ അവള്‍ കാറിലേക്ക് കൂടെയുള്ളവരുടെ സഹായത്തോടെ കയറുമ്പോഴേക്കും മഴക്കാറ് കൂടുതല്‍ കനം വെച്ചു തുടങ്ങിയിരുന്നു.

59 comments:

 1. കാഴ്ച്ചപ്രകാരം നിങ്ങള്‍ വിധിക്കരുത്
  നീതിയുള്ള വിധി വിധിപ്പിന്‍ എന്നോ മറ്റോ ബൈബിളില്‍ പറഞ്ഞിട്ടുണ്ട്

  മനുഷ്യമനസ്സ് പായുന്ന വഴികളും നടത്തുന്ന വിധിനിര്‍ണ്ണയങ്ങളുമൊക്കെ എത്ര അബദ്ധമാകാം എന്ന് ഈ പോസ്റ്റ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

  എന്തായാലും കഥയിലെങ്കിലും എയര്‍ ഇന്‍ഡ്യ ഒഴിവാക്കിയല്ലോ
  തീവ്രവാദിയെന്നുള്ള പഴികേള്‍ക്കാതെ രക്ഷപ്പെടാം

  (കഥ തന്നെയല്ലേ? അനുഭവമൊന്നുമല്ലല്ലോ)

  ReplyDelete
 2. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു കുറിപ്പ് ,ഇത് കഥയല്ല അനുഭവം ആണെന്ന് തോന്നുന്നു .കാലിനു പ്ലസ്റ്റെര്‍ ഇട്ടു നടക്കുന്ന അവസ്ഥ രണ്ടു മൂന്നു ആഴ്ചയായി ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .അപ്പോള്‍ ആ യുവാവിന്റെ വേദന എനിക്ക് അറിയാം ..കുറച്ചു ഇടവേളക്ക് ശേഷം സലാം ജി യുടെ നോവിക്കുന്ന ഒരു കുറിപ്പ്

  ReplyDelete
 3. പ്രതീക്ഷിച്ച ക്ലൈമാക്സെങ്കിലും കഥ വളരെ നന്നായി

  ReplyDelete
 4. ഇത് കഥയല്ല ജീവിതക്കുറിപ്പ്,...! നല്ല സ്പര്‍ശിയായ ഭാഷ...!

  ReplyDelete
 5. കഥയുടെ അവസാനം ഞാനും അവരെ തേടുകയായിരുന്നു.....നന്നായി എഴുത്ത്....
  (അജിത്തേട്ടന്റെ അഭിപ്രായവും നന്നായിരിക്കുന്നു)

  ReplyDelete
 6. ചില മുന്‍വിധികള്‍ ,,അത് പലപ്പോഴും പരാജയമായി പോവാറുണ്ട്.
  കഥ നന്നായി സലാം ഭായ്

  ReplyDelete
 7. കൊള്ളാം..വിമാനയാത്രയ്ക്കിടയിലെ ചലനങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു.കാണുന്നതും വിധിയെഴുത്തും യാദാർത്ഥ്യവും തമ്മിലുള്ള മാറ്റങ്ങൾ കഥക്കൊടുവിൽ മനസ്സിലാക്കാം..ഒഴുക്കുള്ള എഴുത്തായത് കൊണ്ട് നല്ലൊരു വായനാനുഭവം കിട്ടി..കൂടുതൽ കഥകൾ പിറക്കട്ടെ.

  ReplyDelete
 8. കഥയോ.. യാഥാര്‍ത്ഥ സംഭവമോ.. എന്തായാലും കഥാന്ത്യം ഹൃദയ സ്പര്‍ശിയായി ചിത്രീകരിച്ചിരിക്കുന്നു... ഇഷ്ട്ടപ്പെട്ടു...

  ReplyDelete
 9. വായനക്കും അഭിപ്രായത്തിനും നന്ദി. Faisal Babu Ajith Kumar Amjath Khan sumesh vasu Hashiq AH എന്‍.പി മുനീര്‍ EKG

  ReplyDelete
 10. നമ്മള്‍ കാണുന്നതല്ല കാഴ്ച. സസ്‌പെന്‍സൊക്കെ നിറച്ച്
  കുറിപ്പ് മനോഹരമാക്കി. അഭിനന്ദനങ്ങള്‍

  ReplyDelete
 11. നൊമ്പരങ്ങള്‍ ഓരോന്നും പതുക്കെ പതുക്കെ കെട്ടഴിച്ചു കൊണ്ടുള്ള ഈ വായന അവസാനിച്ചപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ ഉരുണ്ട് ഹൃദയത്തിന്‍റെ താഴെ ഉരുണ്ടു കൂടി. നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 12. നമ്മൾ നേരിൽ കാണുന്നതുപോലെ ഭൂമി പരന്നതല്ല...!
  ആഴത്തിലറിയാതെ ഒരു തീരുമാനത്തിലെത്തരുതെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു...
  ഒരു കഥയായതുകൊണ്ട് ക്ലൈമാക്സ് അത്ര പോരെന്ന് എനിക്കും തോന്നി.
  ആശംസകൾ...

  ReplyDelete
 13. നമ്മള്‍ കാണുന്നതിനേക്കാള്‍ അപ്പുറത്താണ് ഓരോരുത്തരുടെയും ജീവിതങ്ങള്‍....

  അടുക്കുമ്പോള്‍ മാത്രമേ വട്ടുള്ളവരുടെ വിഷമങ്ങള്‍ നമ്മള്‍ അറിയൂ...

  ശാന്തമായി ഒഴുകുന്ന നദിയുടെ അടിയൊഴുക്ക് എത്രത്തോളം ഉണ്ടന്ന് കരയില്‍ നിന്ന് ആസ്വതിക്കുന്നവര്‍ക്ക് അറിയില്ല..

  നന്നായി അവതരിപ്പിച്ചു....അഭിനന്ദനങ്ങള്‍...

  www.ettavattam.blogspot.com


  ReplyDelete
 14. കാണാപ്പുറങ്ങള്‍ നമുക്ക് പലപ്പോഴും മുന്‍കൂട്ടി നിര്‍ണ്ണയിക്കാനാവില്ല..അനുഭവമാണോ!എന്തായാലും മനസ്സിനെ സ്പര്‍ശിക്കും വിധം എഴുതി ..

  ReplyDelete
 15. നമ്മുടെയൊക്കെ കാഴ്ചയ്ക്കും അപ്പുറത്താണ് ചില ജീവിതങ്ങള്‍.
  നല്ലൊരു വായന അനുഭവം തന്നതിന് നന്ദി..സലാംജീ..

  ReplyDelete
 16. കണ്ണുകളുടെ അര്‍ദ്ധ കാഴ്ച്ചക്കപ്പുറത്ത് നാം മനസ്സിലാക്കാത്ത ചില സത്യങ്ങളുണ്ടാവും.. അതിന്റെ ഒരു ഓര്മ പെടുത്തല്‍ ആയി ഈ കഥ..
  ഒരിക്കല്‍ ഒരു ബസ്സ് യാത്രയില്‍.. ബസ്സില്‍ നല്ല തിരക്കായിരുന്നു. ആ തിരക്കിലേക്ക് ഒരു സ്ത്രീ പ്രയാസപെട്ടു ഒരു കുഞ്ഞിനേയും ഒക്കത്തെടുത്ത്‌ വന്നു.. മുന്നിലെ കിളിയുടെ സീറ്റിന്റെ തൊട്ടു പിറകിലെ സീറ്റില്‍ ഇരുന്നിരുന്നവരില്‍ ഒരാള്‍ എഴുനേറ്റു പെങ്ങള്‍ ഇങ്ങോട്ടിരുന്നോ എന്ന് പറഞ്ഞു.. പക്ഷെ ജാലകത്തിന് അടുത്തിരുന്ന ആള്‍ എഴുനെറ്റില്ല.. വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍. നല്ല അര്രോഗ്യം പ്രസരിക്കുന്ന മുഖവും ഉടലും. പക്ഷെ അയാള്‍ രണ്ടു കൈകളും നീട്ടി ആ സ്ത്രീയോട് കുഞ്ഞിനെ തരൂ ഞാന്‍ എടുക്കാം എന്ന് പറഞ്ഞു. അപ്പോഴാണ്‌ മറ്റുള്ളവര്‍ അയാളെ ശ്രദ്ധിച്ചത്. ഓരോരുത്തര്‍ ഓരോന്ന് പറയാന്‍ തുടങ്ങി. കുഞ്ഞിനെ സ്ത്രീ അയാള്‍ക്ക്‌ കൊടുത്തതും ഇല്ല. അപ്പുറത്ത് രണ്ടു പേര് സീറ്റൊഴിഞ്ഞു കൊടുത്തു. സ്ത്രീ അവിടെ ഇരിക്കുകയും ചെയ്തു. ആളുകള്‍ ഓരോന്ന് പറയാന്‍ തുടങ്ങി. എല്ലാം പരിഹാസങ്ങള്‍ ആയിരുന്നു. ആ മനുഷ്യന്‍ അതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ പുറത്തെ കാഴ്ചകള്‍ നോക്കി നിന്ന്. ഒരു സ്റ്റൊപ്പെത്തിയപ്പോള്‍ അദ്ദേഹം ആളിരങ്ങണം എന്ന് പറഞ്ഞു. അയാളെ പരിഹസിച്ച അത്രയും ആളുകള്‍ നോക്കി നില്‍കെ ആ മനുഷ്യന്‍ തന്റെ രണ്ടു കാലുകളും വലിച്ചിഴച്ചു ഇഴഞ്ഞു പോയി. തന്റെ രണ്ടു കാലിനും സ്വാധീനം ഇല്ലാത്ത ഒരാളായിരുന്നു അദ്ദേഹം. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ സംഭവം ആണ് ഓര്മ വന്നത്..

  ReplyDelete
 17. നമ്മുടെ കാഴ്ചക്ക് പരിമിതിയുണ്ട്. കാഴ്ചപ്പാടിനും. പലപ്പോഴും പല ജീവിതങ്ങളുടെയും വേദനകള്‍ നമ്മുടെ കണ്ണില്‍ പെടാറില്ല. അഥവാ കണ്ടാലും തിരിച്ചറിയാറില്ല. ഒരു അനുഭവം അതിന്റെ ആര്‍ദ്രത തെല്ലും കുറഞ്ഞു പോകാതെ വായനക്കാരില്‍ എത്തിച്ചു എന്നതിലപ്പുറം ഈ കുറിപ്പ് മികച്ചതാകുന്നത് അത് പങ്കു വെക്കുന്ന ചിന്തകള്‍ കൊണ്ടാണ്. പ്രസരിപ്പോടെ ജീവിതത്തെ കാണുന്ന ആ ദമ്പതികള്‍ നമ്മില്‍ ബഹുമാനം ഉണര്‍ത്തുന്നു. ഒപ്പം മുന്‍വിധികളെ കുറിച്ചൊരു ഓര്‍മ്മപ്പെടുത്തലും

  ReplyDelete
 18. കൂടെ യാത്ര ചെയ്തിരുന്ന വികലാംഗനായ യുവാവ് ഞങ്ങളുടെ കാറിനു മുന്നിലായി കിടക്കുന്ന വില കൂടിയ വിദേശ കാറിലേക്ക് സാവധാനം കയറുന്നത് കണ്ടു. നേര് പറഞ്ഞാല്‍ തിരക്കിനിടയില്‍ കുറെ നേരത്തേക്ക് അവരെ വിസ്മരിച്ചു പോയിരുന്നു. അയാളുടെ ഭാര്യ എവിടെ? അയാളെ സ്വീകരിക്കാന്‍ വന്നവരുടെ ഇടയില്‍ നിന്ന് അവളുടെ മുഖവും അപ്പോഴേക്ക് ദൃശ്യമായി. ബന്ധുക്കളെ കണ്ട സന്തോഷത്തില്‍ അവരോടു പ്രസന്ന വദനയായി സംസാരിച്ചു കൊണ്ട് അവളും കാറിനടുത്തേക്ക് നടന്നടുക്കുന്നു. പൊടുന്നനെ ഒരു അമ്പരപ്പ് മിന്നല്‍ പിണറുപോലെ മനസ്സിലൂടെ കടന്നുപോയി. രണ്ട് ഊന്നു വടികളില്‍ ശരീരഭാരമുറപ്പിച്ചു ഒരു കാല്‍ മാത്രം നിലത്ത് ഊന്നിയാണ് വളരെ പതുക്കെ അവള്‍ നടന്നടുത്തത്. എന്തോ കേട്ടും പറഞ്ഞും ഒരു പൊട്ടിച്ചിരിയോടെ അവള്‍ കാറിലേക്ക് കൂടെയുള്ളവരുടെ സഹായത്തോടെ കയറുമ്പോഴേക്കും മഴ കനം വെച്ചു പെയ്തു തുടങ്ങിയിരുന്നു.


  ഓരോ കാര്യങ്ങളിലും മുൻപ് ഇതേ കഥയിൽ സലാമിക്ക പറഞ്ഞിട്ടുണ്ട്, മലയാളികൾ മാത്രമേ ഇങ്ങനെയൊക്കെ പെരുമാറൂ ന്ന്. സത്യമാ ഈ കഥാവസാനത്തിലും, മലയാളികൾ മാത്രമെ ഇങ്ങനെ മുൻവിധികൾ നടത്തൂ എന്നും എനിക്ക് തോന്നുന്നു. അവ തെറ്റായാലും ശരിയായാലും മുൻവിധികൾക്ക് ഒരു പഞ്ഞവും കാണില്ല.
  നിസാരന്റേയും അജിത്തേട്ടന്റേയും അഭിപ്രായങ്ങൾ ശ്രദ്ധേയം.
  ആശംസകൾ.

  ReplyDelete
 19. ഇത് കഥയല്ല ജീവിതക്കുറിപ്പ്,...! നല്ല സ്പര്‍ശിയായ ഭാഷ...!

  ReplyDelete
 20. ഒരേ കുറവുള്ളവര്‍ ഒന്ന് ചേര്‍ന്ന് തങ്ങളുടെ കുറവിനെ തോല്‍പ്പിക്കുന്ന മനോഹരമായ ദൃശ്യം വരച്ചതിനു അഭിനന്ദനങ്ങള്‍....

  ReplyDelete
 21. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാപ വിട പറഞ്ഞ ശേഷം കുടുംബത്തിന്റെ ഇഴകളെ ആകെയും ബന്ധിപ്പിച്ചിരുന്ന ഏക കണ്ണിയായിരുന്നു ഉമ്മ. അത് അങ്ങിനെ പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന എന്തോ ഒരു ഉറപ്പിലായിരുന്നു ഇത് വരെ....اഈ വരികള്‍ എന്തോ മനസില്‍ വല്ലാതെ കൊണ്ടു.ഹൃദയ സ്പര്‍ശിയായ രചന...ആശംസകള്‍ .........

  ReplyDelete
 22. മുന്‍വിധിയാണ് കാര്യങ്ങള്‍ തകിടം മറിക്കുന്നത്. എന്തെങ്കിലും കാണുമ്പോഴേക്കും അതിനെ കുറിച്ച ഒരു ധാരണ മനസ്സില്‍ രൂപപ്പെടുത്തും. പിന്നെ അതനുസരിച്ച ചിന്തകള്‍ കാടു കയറാന്‍ തുടങ്ങും. പലപ്പോഴും ഇത്തരം ചിന്തകളില്‍ അവസാനം ശ്രദ്ധിക്കാന്‍ പലപ്പോഴും കഴിയാതെ പിന്തുടരുന്നതാണ് കഷ്ടം.
  വളരെ സുന്ദരമായ അനുഭവം പോലുള്ള എഴുത്തായപ്പോള്‍ കഥ നന്നായി.
  എയര്‍ ഇന്ത്യ ആയിരിക്കും താരം എന്നാണു വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത്.
  കുറെ ആയല്ലോ ഇവിടെ പോസ്റ്റ്‌ കണ്ടിട്ട്...

  ReplyDelete
 23. ഇന്നലെ വായിക്കാന്‍ ക്ഷണിച്ചപ്പോള്‍ അല്പം കഴിഞ്ഞു നോക്കാം എന്ന് കരുതി. പിന്നെ മറന്നു.
  ഇന്ന് വായിച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ നൊമ്പരം ബാക്കിയായി.
  ചിലരുടെ ബ്ലോഗിലേക്ക് വരാനും വായിക്കാനും ആസ്വദിക്കാനും നമുക്ക് തോന്നുന്നത് എഴുത്ത്‌ ശൈലിയില്‍ അവര്‍ നെയ്തുകൂട്ടുന്ന അസാധാരണത്വം കാരണമാണ്.
  സലാംജിയുടെ തനത് ശൈലിക്ക് മുന്‍പില്‍ അസൂയയോടെ നില്‍ക്കട്ടെ.

  ReplyDelete
 24. പെയ്തൊഴിയാൻ വെമ്പി നിൽക്കുമീ മേഘ ശകലങ്ങൾ അശ്രുക്കളല്ലയോ..
  വാക്കുകളാൽ പ്രകടിപ്പിക്കാനാവാത്താ വികാരം ഇരുൾ മൂടി നിൽക്കുന്നു..
  നന്ദി സ്നേഹിതാ..
  ഈ പങ്കുവെക്കൽ ഏറ്റു വാങ്ങുന്നു...!

  ReplyDelete
 25. കഥയ്ക്കൊപ്പം സഞ്ചരിച്ച പോലെ ...പലപ്പോഴും നമ്മുടെ മുന്‍ വിധികള്‍ക്കും അപ്പുറം ആയിരിക്കും യാഥാര്‍ത്യങ്ങള്‍ ..ചെറിയ കാര്യങ്ങളില്‍ പോലും സങ്കടപ്പെടുന്ന നാം പലപ്പോഴും ജീവിതത്തിന്റെ വിലയറിയുന്നില്ല .അംഗ വൈകല്യം ഉണ്ടായിരിന്നിട്ടും മുഖത്തെ പ്രസരിപ്പും സൗന്ദര്യവും സന്തോഷവും അവര്‍ കാത്തു സൂക്ഷിക്കുന്നു .നന്നായിരിക്കുന്നു .ആശംസകള്‍

  ReplyDelete
 26. വെറുമൊരു കഥയായി വായിച്ച് തള്ളാനാവുന്നില്ലല്ലൊ. അവരുടെ ആസന്തോഷം അവസാനം വരെ ഉണ്ടാകട്ടെ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.ഒപ്പം എടുത്ത് ചാടി ആരേയും വിധിക്കരുത് എന്ന സ്വയം ബോധ്യവും.

  ReplyDelete
 27. ജീവിതമാണെന്ന് കഥ അവസാനിച്ചപ്പോഴും തോന്നി.എന്തിനും ഒരു മുന്‍വിധിയരുതെന്ന പാഠത്തേക്കാള്‍ എത്ര പരിതാപകരമായ അവസ്ഥയേയും അതിജീവിക്കാനും സന്തോഷം കണ്ടെത്താനും മനസ്സുകള്‍ക്ക് കഴിയുമെന്ന സത്യം കൂടി വെളിവാക്കിത്തരുന്നുണ്ട് അവസാന വരികളിലൂടെ.അഭിനന്ദനങ്ങള്‍ .

  ReplyDelete
 28. ഒരു ജീവിതാനുഭവം പകർത്തി എഴുതിയപോലെ.....
  പിന്നെ ലേബൽ നോക്കി., കഥയാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്വാനുഭവംപോലെ കഥ പറയുഞ്ഞു ഫലിപ്പിക്കുന്നതിൽ കഥാകൃത്ത് പൂർണമായും വിജയിച്ചിരിക്കുന്നു....

  അംഗവൈകല്യത്തിന്റെ കടുത്ത വെല്ലുവിളികൾക്കിടയിലും ജീവിതത്തിന്റെ ആഹ്ലാദവേളകളെ പരിപൂർണമായി ആസ്വദിക്കുന്ന ആ ദമ്പതികളുടെ ചിത്രത്തിന് നല്ല മിഴിവുണ്ട്.....

  ReplyDelete
 29. സലാമിന്റെ കാച്ചിക്കുറുക്കിയ ഒരു
  നല്ല കഥ....

  "എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തു ഇറങ്ങി കാറില്‍
  ഇരുന്നിട്ടും ആ യുവതിയുടെ വിചിത്രം ആയ പെരുമാറ്റം
  മനസ്സില്‍ ഒരു വല്ലാത്ത അസ്വാസ്ഥ്യം ആയി ചൂഴ്ന്നു നിന്നു"...

  വീണ്ടും അവരെ കാണാന്‍ ഒത്തില്ലെങ്കില്‍ എന്ത് ആകുമായിരുന്നു?
  ഞാന്‍ ഇങ്ങനെ ഒരു കഥാന്ത്യം ചുമ്മാ ചിന്തിച്ചു നോക്കിയതാ
  സലാം..

  ഒരു കൊച്ചു കാഴ്ചയിലൂട്ടെ വലിയ ലോക തത്വങ്ങള്‍ നോക്കി
  ക്കാണുന്ന ദാര്‍ശനികത പോലെ ഒരു നല്ല എഴുത്തുകാരന്റെ
  തൂലിക ചലിച്ചു.. ..നാം പലപ്പോഴും
  മറ്റുള്ളവരെ വിധിക്കുന്ന സാഹചര്യങ്ങള്‍ എത്ര പക്വതയോടെ
  ആയിരിക്കണം എന്ന ഒരു മുന്നറിയിപ്പും..

  ഒരൊറ്റ നോട്ടത്തില്‍ കണ്ട ഒരു സാധാരണ ചിന്തയെ ഇത്ര
  കയ്യടക്കത്തോടെ എഴുതി ഫലിപ്പിച്ച രീതി ആണ് കഥയുടെ
  കാതലിനേക്കാള്‍ എനിക്ക് ഇഷ്ട്ടപെട്ടത്‌...അഭിനന്ദനങ്ങള്‍.

  ReplyDelete
 30. സോറി നിസാര്‍
  ഞാന്‍ പകുതി വെച്ച് വായന നിര്‍ത്തി...പിന്നെ വരാം !

  ReplyDelete
 31. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും നന്നായി ശ്രദ്ധ കൊടുത്ത് കൃത്യമായി എഴുതി ! കഥയായാലും അനുഭവം ആയാലും ഉമ്മയുടെ മരണത്തിലെ നിസംഗത കലര്‍ന്ന വേദന മുതല്‍ക്ക് , ചെറിയ പ്രതി സന്ധികളില്‍ വരെ തളര്‍ന്നു പോകുന്ന നമുക്ക് പാഠം ആകെണ്ടുന്ന ദമ്പതി കളില്‍ എത്തി നിര്ത്ത്ടിച്ച എഴുത്ത് ഇഷ്ടം ആയി സലാം..എങ്കിലും സലാമിന്റെ കവിത തുളുമ്പുന്ന വരികള്‍ വായിക്കാന്‍ തന്നെ ആണ് വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടം

  ReplyDelete
 32. ഹൃദയത്തില്‍ തൊട്ടുഎഴുതിയ പോലെ ...ഇഷ്ടമായി ഏറെ ..

  ReplyDelete
 33. പ്രതീക്ഷിച്ച ക്ലൈമാക്സ് ആണെങ്കിലും നന്നായി എഴുതി..

  ReplyDelete
 34. ഉള്ളു തുറന്നു ചിരിക്കുവാനും ,സന്തോഷത്തോടെ ജീവിക്കുവാനും ആവശ്യമായത് ഇട്ടു മൂടാനുള്ള പണമോ, സുഗസവ്കര്യങ്ങലോ ഒന്നുമല്ല ഒരു തുറന്ന മനസാണ് ,സ്നേഹിക്കുവാനും കരുതുവാനും ഒക്കെ സാധിക്കുന്ന ഒരു മനസ്
  ജീവിതത്തെ ആസ്വധിക്കുന്നവര്‍ ശരിക്കും അവരാണ് ..
  നന്നായി എഴുതി ആശംസകള്‍


  ReplyDelete
 35. കഥയാണെങ്കില്‍ ക്ലൈമാക്സ് മുന്‍കൂട്ടി കാണാന്‍ സാധിച്ചു എന്നതൊഴിച്ചാല്‍ നല്ല കഥ, നല്ല ഭാഷ.

  ReplyDelete
 36. കണ്ണ് കൊണ്ട് കണ്ടതെല്ലാം വിശ്വസിക്കരുത് അല്ലെ ?കുറച്ചു കാത്തു നിന്നില്ലായിരുന്നെങ്കില്‍ ആ സ്ത്രീ ഒരു ധനമോഹി എന്ന വിശ്വാസത്തില്‍ തന്നെ കഴിഞ്ഞേനെ കഥാനായകന്‍ ജീവിതകാലം മുഴുവന്‍ .ഭാഷയില്‍ വളരെ സ്വാധീനം ഉണ്ടെന്നു തെളിയിക്കുന്ന എഴുത്ത് .

  ReplyDelete
 37. ഹാ!ജീവിതം.............
  ഹൃദയസ്പര്‍ശിയായ അവതരണം.
  ആശംസകള്‍

  ReplyDelete
 38. മിതഭാഷിയായ സലാം എന്തിനാണിങ്ങനെ പരത്തിയെഴുതുന്നതെന്ന് അത്ഭുതപ്പെടുകയായിരുന്നു. കൃത്യമായ അകലത്തിലുള്ള രണ്ടു 'പഞ്ചു'കള്‍ക്കുമിടയില്‍ കരുതലോടെ നിറച്ച പുറംകാഴ്ചകള്‍ ഭംഗിയായി. "നേര് പറഞ്ഞാല്‍ തിരക്കിനിടയില്‍ കുറെ നേരത്തേക്ക് അവരെ വിസ്മരിച്ചു പോയിരുന്നു" എന്ന വരി ഏറെ ഇഷ്ടപ്പെട്ടു - വിമാനയാത്രയുടെ മാത്രം സവിശേഷതയാണത്. "മഴക്കാല മേഘം" എന്ന പേര് ചിന്തിച്ചെടുത്തതാണെന്നും മനസ്സിലായി - മഴക്കാറിന്റെ ഇരുള്‍ തന്നെയാണ് മഴ എന്ന അനുഭൂതിയും പകരുന്നത്, അല്ലേ. ഇരുള്‍ കണ്ടു ഭ്രമിക്കുന്നവന്‍ അതുമനസ്സിലാക്കാന്‍ അല്പം വൈകുമെന്നേയുള്ളൂ.

  ReplyDelete
 39. വായനക്കൊടുവില്‍ നൊമ്പരമായി മാറിയ കഥാപാത്രങ്ങള്‍ , മനസ്സ് തൊട്ട മനോഹരമായ അവതരണം.

  ReplyDelete
 40. എന്തായാലും കഥാന്ത്യം ഹൃദയ സ്പര്‍ശിയായി ചിത്രീകരിച്ചിരിക്കുന്നു... ഇഷ്ട്ടപ്പെട്ടു...

  ReplyDelete
 41. ജീവിതഗന്ധിയായ കഥയോ അതോ അനുഭവമോ? ഏതായാലും ഹൃദയസ്പര്‍ശിയായി.

  ReplyDelete
 42. മുൻ വിധികളെ കുറിച്ചുള്ള ഒരു ലേഖനം ഇപ്പോൾ വെട്ടത്താനെന്ന ബ്ലോഗറുടേത് വായിച്ചതേയുള്ളൂ,.

  നാം കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതുമെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. തുടക്കം മുതൽ അവസാനം വരെ വായന സുഖം നൽകി ..

  ഈ വരികൾ <>> ഒന്ന് തിരുത്തിയെഴുതിയാൽ അതിലുള്ള കല്ലുകടിയൊഴിവാകും

  രണ്ട് ഊന്നു വടികളില്‍ ശരീരഭാരമുറപ്പിച്ചു ഒരു കാല്‍ മാത്രം നിലത്ത് ഊന്നി വളരെ പതുക്കെയാണ് അവള്‍ നടന്നടുത്തത്, എന്നാക്കി നോക്കൂ. വായന എളുപ്പമാക്കും...

  ReplyDelete
 43. കഥാകാരന്റെ മുന്‍വിധികള്‍ക്കെതിരായി ചിന്തിച്ചതിനാല്‍ ക്ലൈമാക്സ് നേരത്തെ പിടികിട്ടി. മനോഹരമായി എഴുതി സലാംക്കാ...

  ReplyDelete
 44. നന്ദി മൊഹി. ആ മാറ്റം വരുത്തിയിരിക്കുന്നു. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്ക്കും നന്ദി.

  ReplyDelete
 45. “ഇല്ലായ്മകള്‍” പങ്കുവെച്ച് വല്ലായ്മകളില്ലാതെ വാഴുന്ന യുവമിഥുനങ്ങള്‍.. ഭാഗികവീക്ഷണത്തിന്റെ വിഷമവൃത്തത്തില്‍ പെട്ട് വിചാരപ്പെടുന്ന ഒരു കാണി... വിപ്രവാസത്തിന്റെ ആകുലതകള്‍ക്കിടയില്‍ വിമാനയാത്രയില്‍ പോലും അക്ഷമ പ്രകടിപ്പിക്കുന്ന ശരാശരി മലയാളിയുടെ ഗെതികേട്‌.. ഒരു യാത്രയ്ക്കിടയിലെ ഏതാനും മണിക്കൂറുകളിലെ അനുഭവവൈചിത്ര്യങ്ങള്‍ വരച്ചിടുന്ന ഈ ചെറുകുറിപ്പിലും സലാമിലെ രചയിതാവ്‌ കൃതഹസ്തത നേടുന്നുണ്ട്‌. ആശംസകള്‍

  ReplyDelete
 46. വായന തുടങ്ങിയപ്പോള്‍ ഒരു അനുഭവ കുറിപ്പ് പോലെ തോന്നി സലാം ..

  കണ്മുന്നില്‍ കാണുന്ന ഏതു കാഴ്ചയും മുന്‍വിധികളോടെ കാണാന്‍ ശ്രമിക്കുന്ന സാധാരണ മനുഷ്യരുടെ സ്വഭാവം. അത് തന്നെ ഇവിടെയും സംഭവിച്ചു.

  പതിവ് പോലെ എഴുത്തിന്റെ ഭംഗി നില നിര്‍ത്തി.

  ReplyDelete
 47. വായന മുഴുമിപ്പിക്കും മുന്‍പേ ഒരേകദേശ ധാരണ കിട്ടിയിരുന്നു. അതൊരു പരാജയമെന്ന് എനിക്കഭിപ്രായമില്ല. കാരണം, ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ട് എന്നതുതന്നെയാണ്. എങ്കിലും, ചെറിയൊരു നിരാശയില്ലാതില്ല.

  ReplyDelete
 48. ഭംഗിയായി എഴുതി, അഭിനന്ദനങ്ങള്‍

  ReplyDelete
 49. എന്തും കാണുന്നതിനു മുന്നെ ഒരു തീരുമാനത്തിലെത്തി നിഷേധം പ്രകടിപ്പിക്കുക നമ്മുടെ മലയാളികളുടെ മാത്രം ഒരു പ്രത്യേക സ്വഭാവമാണല്ലൊ. ഈ കഥയിലും അതു തന്നെ സംഭവിച്ചു....!
  ആശംസകൾ...

  ReplyDelete
 50. വളരെ വൈകിയാണ് വായിക്കാന്‍ സാധിച്ചത്..
  ക്ലൈമാക്സ് നേരത്തെ മനസ്സിലാക്കാന്‍ സാധിച്ചു
  നല്ലൊരു കഥ.. ഹൃദയസ്പര്‍ശിയായ അവതരണം..!

  ReplyDelete
 51. പുറംകാഴ്ചകൾ! ഏതിലും നാം മുൻ‌വിധിയോടെ നോക്കുന്നു എന്നത് നമ്മുടെ ഒരു ശീലമായിപ്പോയില്ലേ? ജീവിതത്തോടുള്ള അവരുടെ പോസിറ്റീവ് ചിന്തതന്നെയല്ലേ ഇല്ലായ്മയിലുമുള്ള ആ ഉത്സാഹം .
  പിന്നെ ചെറിയൊരു സംശയം, മരണവാർത്തയെ തുടർന്നല്ലേ നാട്ടിലെത്തിയിരിക്കുന്നത് . അപ്പോഴും ബന്ധുക്കൾ പ്രസന്നവദനയായി സംസാരിക്കാൻ അനുവദിക്കുമോ?

  ReplyDelete
 52. ഹൃദയത്തില്‍ തൊട്ട് പകർത്തിയ അസ്സലൊരു
  ജീവിതാനുഭവം പങ്കുവെച്ചതാണൊ സലാം ഭായ് ..?
  അസ്സലവതരണം കേട്ടൊ

  ReplyDelete
 53. മനസ്സിനെ നോവിച്ച കഥ...!
  അനുഭവമെന്ന എന്ന നിലയിൽ ഇത് ഹൃദയത്തിൽ കെടാതെ നില്ക്കുന്നു..ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 54. ആദ്യമായാണിവിടെ. അനുഭവവും കഥയും കൂട്ടിക്കുഴച്ചതാണോ..? തുടക്കത്തിലെ വിവരണം കണ്ടപ്പോള്‍ അനുഭവം പോലെ തോന്നി. പിന്നെ വന്ന കഥാ പാത്രങ്ങള്‍ കഥയാവാനും അനുഭവമാവാനും സാധ്യതയുണ്ട്. ഏതായാലും അവതരണം നന്നായി.

  ReplyDelete