Thursday, February 21, 2013

നീല വെളിച്ചം

രാത്രിയേറെ വൈകും വരെ നീണ്ട, ബഹളമയമായ ആഘോഷങ്ങള്‍ കഴിഞ്ഞ് അയാള്‍ ഉറങ്ങാന്‍ കിടക്കുമ്പോഴാണ് നിശബ്ദമായി മരണമെത്തിയത്. തണുത്തൊരു ഇളം തെന്നല്‍ പോലെ അയാളുടെ ശയന മുറിയിലേക്കത് ഊര്‍ന്നിറങ്ങി.

നിനക്ക് വരാന്‍ നേരമായില്ലല്ലോ, അയാള്‍ പറഞ്ഞു. ഇന്നത്തെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ എനിക്ക് ഫെയ്സ്ബുക്കില്‍ ഇടാനുണ്ട്. പിന്നെ അത് കാണുന്നവരുടെ
കമന്റ്സ് വായിക്കണം, അതിനു മറുപടികള്‍ കൊടുക്കണം.

ഇല്ല, നിനക്ക് സമയമായി. സമയത്തിന്റെ കാര്യത്തില്‍ ഞാന്‍ കണിശക്കാരനാണ്.
നിന്റെ പിറവിയുടെ ബീജം അതിനു നിര്‍ണയിക്കപ്പെട്ട അണ്ഡം തേടി പ്രയാണം കൊള്ളും
മുന്‍പേ നിന്റെയീ ദിനം എന്റെ കലണ്ടറില്‍ കൃത്യമായി കുറിക്കപ്പെട്ടതല്ലേ.
ജീവിതത്തിന്റെ വിഷാദ സന്ധ്യകളില്‍ നിന്ന് നിന്നെ സ്വതന്ത്രനാക്കാനാണ്
ഞാന്‍ വന്നത്. മരണം പറഞ്ഞു.

അല്ല, ആന്ദ്രോയ്ഡ് പുതിയ വെഴ്ഷന്‍ നാളെ അപ്ഡേറ്റ്  ചെയ്യണം എന്ന് കരുതിയതായിരുന്നു ഞാന്‍ .  പിന്നെ സ്റ്റോക്ക്‌ മാര്‍ക്കറ്റ് സൂചിക നാളെ ഉയരുമെന്നും എന്റെ ഒരു നിക്ഷേപത്തില്‍ നല്ലൊരു ലാഭം വരുമെന്നുള്ള ഉറപ്പില്‍ സ്വസ്ഥമായി നിദ്രയിലേക്ക്‌ നടക്കുകയായിരുന്നു. അയാള്‍
പിന്നെയും പറഞ്ഞു.

ഇനിയും നേരമില്ല. നിന്നെ ഈ ബന്ധനങ്ങളില്‍ നിന്നെല്ലാം ഞാനിതാ സ്വതന്ത്രനാക്കുന്നു.

അനന്തരം.....

മാലാഖയുടെ ചിറകില്‍ അയാള്‍ മേലോട്ട്, മേലോട്ട് പറന്നു.

മീതേക്ക്, മീതേക്ക്.

ഭൂമി, താഴേക്ക് താഴേക്ക് ഇറങ്ങിപ്പോയി. പിന്നീടയാള്‍ കണ്ടു ഓസോണ്‍ പാളിയുടെ ഇഴ പിരിഞ്ഞ വിടവിലൂടെ... കരിമ്പുകയുടെ അവ്യക്തതയിലൂടെ, അങ്ങു താഴെ ഒരു കറുത്ത പൊട്ടുപോലെ ഭൂമി.

ആദം ആ കനി കഴിച്ചു ഹവ്വയോടൊപ്പം ഭൂമിയിലെത്തുന്നതിനും അനന്തരം പിറന്ന മനുഷ്യര്‍ കപ്പലുകളിലും വിമാനങ്ങളിലും വന്‍കരകളില്‍ നിന്ന് വന്‍കരകളിലേക്ക് പ്രയാണം കൊളളാന്‍ തുടങ്ങുന്നതിനും മുന്‍പ്‌ ആ കറുത്ത പൊട്ട് അഴകാര്‍ന്ന ഒരു ഹരിത ബിന്ദുവായിരുന്നു.  മാലാഖ നെടുവീപിട്ടു.

പരസ്പരം തൊടുത്തു വിടാനുള്ള അണുബോംബ്‌ വാഹിനികള്‍ നിറച്ച വലിയ കെട്ടിടങ്ങളാണ് ആ ചുവപ്പുനിറത്തില്‍ കാണുന്ന ചെറിയ അടയാളങ്ങള്‍. അതിര്‍ത്തിരേഖകള്‍ എന്നു പറഞ്ഞ് അതിനിടക്ക് തലങ്ങും വിലങ്ങും അവര്‍ കോറിയിട്ടിട്ടുണ്ട്. മാലാഖ പുഞ്ചിരിച്ചു.

വ്യസനസാന്ദ്രമായി താഴോട്ടു നോക്കി അയാള്‍ മൗനിയായി....

നിനക്ക് അങ്ങോട്ടു  തന്നെ പോവണമെന്നു തോന്നുന്നുണ്ടോ? മാലാഖ മന്ത്രിച്ചു.

വേണ്ട. കനിവേറിയ മാലാഖേ, എന്നെ സ്വതന്ത്രനാക്കൂ... പൂര്‍ണമായി.

പതിയെ, അയാളുടെ ആയുസ്സിന്റെ അവസാന ഇതളുകളും അടര്‍ന്നു വീണു.....

ഇളം നീല വെളിച്ചം നിറഞ്ഞ, പ്രസന്നമായ പുതിയൊരു ലോകത്തിലേക്ക്, കാലത്തിലേക്ക് അയാള്‍ പതുക്കെ ഇമ തുറന്നു.