Thursday, February 21, 2013

നീല വെളിച്ചം

രാത്രിയേറെ വൈകും വരെ നീണ്ട, ബഹളമയമായ ആഘോഷങ്ങള്‍ കഴിഞ്ഞ് അയാള്‍ ഉറങ്ങാന്‍ കിടക്കുമ്പോഴാണ് നിശബ്ദമായി മരണമെത്തിയത്. തണുത്തൊരു ഇളം തെന്നല്‍ പോലെ അയാളുടെ ശയന മുറിയിലേക്കത് ഊര്‍ന്നിറങ്ങി.

നിനക്ക് വരാന്‍ നേരമായില്ലല്ലോ, അയാള്‍ പറഞ്ഞു. ഇന്നത്തെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ എനിക്ക് ഫെയ്സ്ബുക്കില്‍ ഇടാനുണ്ട്. പിന്നെ അത് കാണുന്നവരുടെ
കമന്റ്സ് വായിക്കണം, അതിനു മറുപടികള്‍ കൊടുക്കണം.

ഇല്ല, നിനക്ക് സമയമായി. സമയത്തിന്റെ കാര്യത്തില്‍ ഞാന്‍ കണിശക്കാരനാണ്.
നിന്റെ പിറവിയുടെ ബീജം അതിനു നിര്‍ണയിക്കപ്പെട്ട അണ്ഡം തേടി പ്രയാണം കൊള്ളും
മുന്‍പേ നിന്റെയീ ദിനം എന്റെ കലണ്ടറില്‍ കൃത്യമായി കുറിക്കപ്പെട്ടതല്ലേ.
ജീവിതത്തിന്റെ വിഷാദ സന്ധ്യകളില്‍ നിന്ന് നിന്നെ സ്വതന്ത്രനാക്കാനാണ്
ഞാന്‍ വന്നത്. മരണം പറഞ്ഞു.

അല്ല, ആന്ദ്രോയ്ഡ് പുതിയ വെഴ്ഷന്‍ നാളെ അപ്ഡേറ്റ്  ചെയ്യണം എന്ന് കരുതിയതായിരുന്നു ഞാന്‍ .  പിന്നെ സ്റ്റോക്ക്‌ മാര്‍ക്കറ്റ് സൂചിക നാളെ ഉയരുമെന്നും എന്റെ ഒരു നിക്ഷേപത്തില്‍ നല്ലൊരു ലാഭം വരുമെന്നുള്ള ഉറപ്പില്‍ സ്വസ്ഥമായി നിദ്രയിലേക്ക്‌ നടക്കുകയായിരുന്നു. അയാള്‍
പിന്നെയും പറഞ്ഞു.

ഇനിയും നേരമില്ല. നിന്നെ ഈ ബന്ധനങ്ങളില്‍ നിന്നെല്ലാം ഞാനിതാ സ്വതന്ത്രനാക്കുന്നു.

അനന്തരം.....

മാലാഖയുടെ ചിറകില്‍ അയാള്‍ മേലോട്ട്, മേലോട്ട് പറന്നു.

മീതേക്ക്, മീതേക്ക്.

ഭൂമി, താഴേക്ക് താഴേക്ക് ഇറങ്ങിപ്പോയി. പിന്നീടയാള്‍ കണ്ടു ഓസോണ്‍ പാളിയുടെ ഇഴ പിരിഞ്ഞ വിടവിലൂടെ... കരിമ്പുകയുടെ അവ്യക്തതയിലൂടെ, അങ്ങു താഴെ ഒരു കറുത്ത പൊട്ടുപോലെ ഭൂമി.

ആദം ആ കനി കഴിച്ചു ഹവ്വയോടൊപ്പം ഭൂമിയിലെത്തുന്നതിനും അനന്തരം പിറന്ന മനുഷ്യര്‍ കപ്പലുകളിലും വിമാനങ്ങളിലും വന്‍കരകളില്‍ നിന്ന് വന്‍കരകളിലേക്ക് പ്രയാണം കൊളളാന്‍ തുടങ്ങുന്നതിനും മുന്‍പ്‌ ആ കറുത്ത പൊട്ട് അഴകാര്‍ന്ന ഒരു ഹരിത ബിന്ദുവായിരുന്നു.  മാലാഖ നെടുവീപിട്ടു.

പരസ്പരം തൊടുത്തു വിടാനുള്ള അണുബോംബ്‌ വാഹിനികള്‍ നിറച്ച വലിയ കെട്ടിടങ്ങളാണ് ആ ചുവപ്പുനിറത്തില്‍ കാണുന്ന ചെറിയ അടയാളങ്ങള്‍. അതിര്‍ത്തിരേഖകള്‍ എന്നു പറഞ്ഞ് അതിനിടക്ക് തലങ്ങും വിലങ്ങും അവര്‍ കോറിയിട്ടിട്ടുണ്ട്. മാലാഖ പുഞ്ചിരിച്ചു.

വ്യസനസാന്ദ്രമായി താഴോട്ടു നോക്കി അയാള്‍ മൗനിയായി....

നിനക്ക് അങ്ങോട്ടു  തന്നെ പോവണമെന്നു തോന്നുന്നുണ്ടോ? മാലാഖ മന്ത്രിച്ചു.

വേണ്ട. കനിവേറിയ മാലാഖേ, എന്നെ സ്വതന്ത്രനാക്കൂ... പൂര്‍ണമായി.

പതിയെ, അയാളുടെ ആയുസ്സിന്റെ അവസാന ഇതളുകളും അടര്‍ന്നു വീണു.....

ഇളം നീല വെളിച്ചം നിറഞ്ഞ, പ്രസന്നമായ പുതിയൊരു ലോകത്തിലേക്ക്, കാലത്തിലേക്ക് അയാള്‍ പതുക്കെ ഇമ തുറന്നു.

43 comments:

 1. ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമോ അത്!നീലവെളിച്ചം..അനുഭവിച്ചു തന്നെ അറിയാം അല്ലെ ഇന്നല്ലെങ്കില്‍ നാളെ.

  ReplyDelete
 2. മരണമെന്നതു ഒരു ജീവിത സത്യം. എന്നിട്ടും മരണത്തിന്റെ നിഴലില്‍ നിര്‍ഭയം ജീവിതം ആടിത്തിമിര്‍ക്കാന്‍ മാത്രം മറവി അനുഗ്രഹിച്ച മര്‍ത്യജന്മങ്ങള്‍ നാം. ഒന്നിനും ക്രിത്യതയില്ലാതെ.

  പക്ഷെ മരണം കൃത്യനിഷ്ടയുടെ കാര്യത്തില്‍ കണിശക്കാരന്‍ ആണു.

  ചെറുതെങ്കിലും വലിയ ചിന്തകളിലേക്ക് നയിക്കുന്ന കഥ നന്നായി സലാം.

  ReplyDelete
 3. ഫേസ് ബുക്കിന്റെ ദളങ്ങളിലും ഓഹരിവിപണിയുടെ കയറ്റിറക്കങ്ങളിലും മാത്രം കണ്ണുകളൂന്നി ലോകത്തെ മറന്നവന്ന്‌ ഇഴപിഞ്ഞിയ ഓസോൺ പാളിക്കിടയിലൂടെ പാളിനോക്കേണ്ടി വന്നു ഭൂമിയുടെ ദാരണാവസ്ഥ മനസ്സിലാക്കാൻ! എങ്കിൽ അവന്ന്‌ അത്രയും സ്വച്ഛന്ദമ്ര്‌ത്യൂ അനുവദിക്കരുതായിരുന്നു. സ്വധർമ്മം മറന്ന അവനെ കരിമ്പുക ശ്വസിപ്പിച്ചും അണുവികിരണം സഹിപ്പിച്ചും ചിത്രവധം നടത്തേണ്ടതായിരുന്നു.

  ReplyDelete
 4. മരണം എല്ലാവരേയും ഇങ്ങനെയാണോ, ഇത്ര സ്നേഹമായാണോ കൂട്ടിക്കൊണ്ട് പോവുക?

  കഥ നന്നായി.

  ReplyDelete
 5. ആരുടെയും സമയവും സൌകര്യവും കാത്തു നില്‍ക്കാതെ അതെത്തും. അപ്പോഴും പുതിയത് നേടിയത് പോരാ. ദാ..വരുന്നു വേറെയും ചിലത്. അതും കൂടി കാണട്ടെ പരീക്ഷിക്കട്ടെ എന്ന ഏറി വരുന്ന മനുഷ്യദുരകള്‍ക്കിടക്ക് നീലവെളിച്ചം സൌമ്യമായി.....

  ReplyDelete
 6. മരണമെത്തുന്ന നേരത്ത്......
  മരിക്കാന്‍ എല്ലാവരും ഒരിക്കലെങ്കിലും കൊതിച്ചിട്ടുണ്ടാവുമല്ലേ ? അത് ഇത്ര സുന്ദരമാവുമോ ആവോ?
  (അന്‍പതോ ഏറിയാല്‍ നൂറോ കൊല്ലത്തെ ദുരിതങ്ങള്‍ക്ക് അറുതിയല്ലേ , സുന്ദരമാവും..)

  ReplyDelete
 7. ജീവിതത്തോടുള്ള മനുഷ്യന്‍റെ ആസക്തി.....
  കാലത്തിന്‍റെ കലണ്ടറില്‍ കൃത്യമായി രേഖപ്പെടുത്തിയ മരണദിനം.
  പരസ്പരം പോരടിച്ച് നന്മനിറഞ്ഞ ഭൂമിയില്‍ തിന്മയുടെ ചോരപ്പാടുകള്‍
  സൃഷ്ടിക്കുന്ന മനുഷ്യര്‍
  ആശംസകള്‍

  ReplyDelete
 8. Dr. Eben Alexander എന്ന ന്യൂറോ സര്‍ജന്‍റെ Proof of Heaven എന്ന പുസ്തകം മനസ്സിലെത്തി. മരണത്തിന്‍റെ വഴിയിലൂടെയുള്ള തന്‍റെ എക്സ്പീരിയന്‍സ് വിശദീകരിക്കുകയാണദ്ദേഹം തലച്ചോറില്‍ മാരകമായ അണുബാധയുണ്ടാവുകയും അദ്ദേഹം സുദീര്‍ഘമായ അബോധാവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്തതിനു ശേഷമുണ്ടായ മാനസികാനുഭവങ്ങള്‍ പുസ്തകത്തിലാക്കിയതാണ് കൃതി. 'മരണം' നടന്നയുടനെ ഉയര്‍ന്ന കവിളെല്ലും അഗാധ നീല നയനങ്ങളുമുള്ള ഒരു സുന്ദരിയായ ഒരു പെണ്‍കുട്ടി തന്നെ സ്വന്തം ചിറകിലേറ്റി കൊണ്ട് പോയതിന് ശേഷമുള്ള 'അനുഭവങ്ങള്‍' അദ്ദേഹം എഴുതുന്നു. പരക്കെ വിമര്‍ശങ്ങള്‍ വന്ന കൃതിയാണത്. ഇതെഴുതുമ്പോഴും അതെന്‍റെ മേശപ്പുറത്തുണ്ട്. ശാസ്ത്രം തന്‍റെ അനുഭവത്തിന് കൃത്യമായ ഉത്തരം നല്‍കുന്നില്ല എന്നാണദ്ദേഹം പറയുന്നത്. മരണം ഇത്ര സ്മൂത്തായി സംഭവിക്കുന്ന ഒന്നാണോ? അറിയാന്‍ താല്‍പ്പര്യമുണ്ട്. എന്തു ചെയ്യാം? ഗാലിബിന്‍റെ പ്രശസ്തമായ വരികളുണ്ടല്ലോ, "മുഝേ ക്യാ ബുരാ ഥാ മര്‍നാ അഗര്‍ ഏക് ബാര്‍ ഹോത്താ" മരിക്കുന്നതില്‍ എനിക്കെന്ത്? അതൊരിക്കല്‍ കൂടി ഉണ്ടായിരുന്നുവെങ്കില്‍'

  ReplyDelete
 9. മരണത്തിലേക്ക് പോകുന്നത് പറഞ്ഞ രീതി മനോഹരമായിട്ടുണ്ട്. ചെറുതാണെങ്കിലും മനസ്സ് നിറച്ചു ഒപ്പം ചിന്തകളും. അഭിനന്ദനങ്ങള്‍..

  ReplyDelete
 10. മരണം വല്ലാത്തൊരു സത്യമാണത്..
  അനിവാര്യം എന്ന് നമുക്കൊക്കെ അറിയാമെങ്കിലും നാം മറന്നു പോകുന്ന സത്യം
  ഈ വായന കുറച്ചു സമയം മനസ്സിനെ മരണത്തിന്റെ ലോകത്തേക്ക് തള്ളി വിടുന്നു.. പിന്നെയും മനസ്സ് മരണം മറക്കും
  ഇത്രയും ലളിതമാകുമോ അത്?
  കുറച്ചു വരികളില്‍ വലിയ ചിന്തകള്‍

  ReplyDelete
 11. ഇങ്ങനെ സുഖകരമായി മരിക്കാനും ഒരു ഭാഗ്യം വേണം...

  ReplyDelete
 12. ഇവിടെ യാണ് മരണ ത്തോടുള്ള പ്രണയം തുടങ്ങുന്നത് അസ്വസ്ഥമാകുന്ന ചുറ്റുപാടുകള്‍ കെട്ടു പിണഞ്ഞ ബാധ്യതകള്‍ എല്ലാത്തിനുംശാശ്വതമായ ഒരു മോചനം യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇവിടെ പൂര്‍ണമാകുന്നു

  നല്ല ആശയം സലാം ജി

  ReplyDelete
 13. മരണത്തെപ്പറ്റി എന്റെ ഒരു ചിന്ത എന്താണെന്നറിയാമോ? മരണം സുഖകരമായൊരനുഭൂതിയായിരിയ്ക്കാം. അനാട്ടമിക്കല്‍ ആയി ചിന്തിച്ചാല്‍ മരണം വേദനാജനകമായിരിയ്ക്കില്ല. കാരണം അത് പ്രകൃതിനിയമത്തില്‍ പെട്ട, സ്വാഭാവികമായി സംഭവിക്കേണ്ട ഒരു പ്രക്രിയ ആണല്ലോ. പിന്നെ മരണത്തിന്റെ വേദന എന്ന് പറയുന്നത് തികച്ചും വൈകാരികമായ ഒന്നായിരിയ്ക്കും. പ്രിയപ്പെട്ട ലോകവും പ്രിയപ്പെട്ട ശരീരവും ജീവിതവും ഒക്കെ കൈവിട്ട് പോവുകയാണല്ലോ എന്ന വൈകാരികമായ വേദന. മരിക്കുന്നവര്‍ക്ക് വേദനയില്ലെങ്കിലും അവര്‍ ഇവിടെ അവശേഷിപ്പിച്ച് പോകുന്ന ഉറ്റവര്‍ക്കായിരിയ്ക്കും മരണത്തിന്റെ വേദന അധികമായി അനുഭവപ്പെടുന്നത്. ആരിഫ് ഭായ് പറഞ്ഞ ആ പുസ്തകം ഒന്ന് വായിയ്ക്കണമല്ലോ.

  (മരണവും നീലവെളിച്ചവും തമ്മില്‍ സിംബോളിക് ആയ വല്ല ബന്ധവുമുണ്ടോ?)

  ReplyDelete
 14. ഒരിക്കലും തീരാത്ത മനുഷ്യന്റെ ആഗ്രഹാത്തിരമാല! കനിശക്കാരനായ മരണം! നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി! വരാനിരിക്കുന്ന ആണവ യുദ്ധമെന്ന മഹാഭീക്ഷണി! ചികളിലേക്ക് പ്രകാശത്തിന്റെ ഒത്തിരി ജാലകങ്ങള്‍ തുറന്നിട്ട മനോഹരമായ ഒരു പോസ്റ്റ്... അഭിനന്ദനങ്ങള്‍ സലാം ഭായീ....

  എച്ചുവിന്റെ ചോദ്യം വളരെ പ്രസക്തമാണ്..
  ഓരോരുത്തരുടേയും മരണം അയാളുടെ നന്മതിന്മകളെ ആശ്രയിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു ഞാന്‍....

  ReplyDelete
 15. മരണത്തിലേക്കുള്ള യാത്ര ഇത്ര സുഖകരമായിരിക്കുമോ? എനിക്ക് തോന്നുന്നില്ല, പക്ഷെ വളരെ മനോഹരമായിട്ടുണ്ട് ആ ഭാവന...

  ആശംസകള്... ഇനിയും ഇത്തരം വ്യത്യസ്തതകളുമായി വരൂ :)

  ReplyDelete
 16. ഓസോൺപാളികളുടെ അപ്പുറത്തുനിന്ന് മരണദൂതുമായി വരുന്ന മാലഖയോടൊപ്പം നാം യാത്ര പോവുമ്പോൾ നമുക്കേറെ പ്രിയതരമായിരുന്ന ഈ ഭൂമിയെ തിരിഞ്ഞുനോക്കി നമുക്ക് ഇത്രവേഗം അതിനെ നിഷേധിക്കാനാവുമോ..... മരണശേഷം പുതിയൊരു ലോകവും കാലവും നമ്മെ കാത്തിരിക്കുന്നുവോ....

  ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.......

  ReplyDelete
 17. സലാംജി, ഞാനൊരു ഭൌതികവാദിയാണേ. എനിക്ക് ഈ പറഞ്ഞ ആന്‍ഡ്രോയ്ഡും വേനല്‍ക്കാലത്ത് മിനിസ്കര്‍ട്ടിട്ടുനടക്കുന്ന പെണ്‍കുട്ടികളും, പ്രകൃതിയും, വാഹനങ്ങളും, വിമാനയാത്രയും, രാഷ്ട്രീയവും, പണവും, അധികാരവും എന്നുവേണ്ട ഇഹലോകത്തെ സകലമാന ക്ലാപ്‌ട്രാപ്പുകളും ഇഷ്ടപ്പെട്ടതാണ്. ഇതിനൊക്കെ ഒരവസാനമുണ്ടാകുമല്ലോ എന്നോര്‍ത്ത് ഞാന്‍ വേവലാതിപ്പെടാനൊന്നും പോണില്ല. ഇത്രയൊക്കെ പാപം ചെയ്തുകൂട്ടിയല്ലോ, ഇനി മരണാനന്തര സൌഖ്യത്തിനായി ഏതെങ്കിലും ആള്‍ദൈവത്തിന്റെ കൂടെക്കൂടി 'ആത്മാവ്' ശുദ്ധീകരിച്ചെടുത്താലോ എന്ന വിചാരവുമില്ല. മാലാഖ എന്നോട് തിരിച്ചുപോണോ എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം തയ്യാര്‍ - "ഇനിയൊരു ജന്മമെനിക്കുണ്ടാമെങ്കിലതടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ".

  "ഉറങ്ങാന്‍ കിടക്കുമ്പോഴാണ് നിശബ്ദമായി മരണമെത്തിയത്. തണുത്തൊരു ഇളം തെന്നല്‍ പോലെ അയാളുടെ ശയന മുറിയിലേക്കത് (അത്) ഊര്‍ന്നിറങ്ങി." ....."ഇളം നീല വെളിച്ചം നിറഞ്ഞ, പ്രസന്നമായ പുതിയൊരു ലോകത്തിലേക്ക്, കാലത്തിലേക്ക് അയാള്‍ പതുക്കെ ഇമ തുറന്നു." ഹാ!! എന്താ വാക്കുകളുടെ ഒരു സൌന്ദര്യം! ഞാന്‍ ഒരു കഥയെഴുതിവെച്ചിട്ട് ഇതുപോലെ ഒന്നുരണ്ടു വാചകങ്ങള്‍ പോലും കിട്ടാത്തതുകൊണ്ടാണ് പ്രസിദ്ധീകരികാത്തത്.

  ReplyDelete
 18. ഹൃദയ അറകളിലെ കാഠിന്യം അലിഞ്ഞലിഞ്ഞ്‌ മരണ ലഹരിയിൽ എത്തിപ്പെടുന്ന അവസ്ഥ ആകർഷിച്ചു..
  സ്നേഹവും ബോധവും നയിക്കുന്ന വേദനായുടെ ആഴമല്ലേ ദുഃഖത്തിലേക്ക്‌ ആഴ്ത്തുന്നത്‌..
  ഒരു യാത്രക്കൊരുക്കിയ വായന നൽകാനായി..
  നന്ദി..അഭിനന്ദനങ്ങൾ..!

  അജിത്തേട്ടന്റെ ചോദ്യം ന്റേം സംശയമാണു..
  നവരസങ്ങളിലെ ഒരു രസം നീല നിറത്തെ വെറുപ്പായി പ്രദാനം ചെയ്യുന്നു എന്ന് വിശേഷിപ്പിക്കുന്ന ഒരു കവിത എഴുതിയതിനു നീല പ്രേമികൾ സമരം ചെയ്യുക ഉണ്ടായി..
  ഇവിടെ നൽകിയിട്ടുള്ള വിശേഷണത്തെ കുറിച്ചറിയുവാൻ താത്പര്യമുണ്ട്‌..!

  ശുഭരാത്രി...!

  ReplyDelete
 19. മരണം എത്ര സുന്ദരമാണ്...!
  മരണം എത്തുന്നതിനുമുൻപേ നമ്മുടെ കാഴ്ചയും കേൾവിയും ബോധവും എല്ലാം നമ്മളിൽ നിന്ന് എടുത്തു മാറ്റും. പിന്നെ നാം ഒന്നും അറിയുന്നില്ല. പിന്നെ പരമമായ ഉറക്കം. അതിനു ശേഷമാണ് ജീവൻ പറന്നകലുന്നത്....!!
  അതാണ് മരണം....!!
  മരണം എത്ര സുന്ദരമാണ്...!!!
  മരണത്തിന് അനന്തതയുടെ നിറമായ നീല നിറമായിരിക്കണം.

  ReplyDelete
 20. പെട്ടെന്ന് തീര്‍ന്നു പോയല്ലോ മരണത്തിന്റെ ചിറകിലെ യാത്ര .
  എത്ര ഭംഗിയായിട്ട് എഴുതി

  ReplyDelete
 21. @ajith, @വര്‍ഷിണി* വിനോദിനി

  മരണവും നീല വെളിച്ചവും തമ്മില്‍ കഥകള്‍ എഴുതുന്നവര്‍ ഉണ്ടാക്കിയെടുത്തതല്ലാത്ത ബന്ധമൊന്നും ഉണ്ടാവാനിടയില്ല

  ReplyDelete
 22. മരണത്തിന്റെ നിറം നീലയാണോ എന്നറിയില്ല .അതിനൊരു വിളര്‍ത്ത മഞ്ഞ നിറം ആണെന്നാണ്‌ തോന്നിയിട്ടുള്ളത് . എങ്കിലും കഥ നന്നായി . ഓരോരുത്തരുടെയും മരണം വ്യത്യസ്തമായിക്കും അല്ലേ..? , അവരുടെ ജീവിതം പോലെ തന്നെ .

  ReplyDelete
 23. ആന്ദ്രോയ്ഡ് പുതിയ വെഴ്ഷനും
  ഫേസ്ബുക്കിനും കമന്റ്സ് വായനക്കും
  സ്റ്റോക്ക്‌ മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍ക്കും ഒക്കെയിടയില്‍
  മരണം, വെറും ഇളം തെന്നല്‍ മാത്രമാണെന്ന് വിശ്വസിക്കുന്നവര്‍ . അണുബോംബ്‌ വാഹിനികള്‍ നിറച്ച അവരുടെ ജീവിതത്തിന്റെ അതിര്‍ത്തിരേഖകള്‍
  എല്ലാം കൂട്ടി വളരെ തന്‍മയത്തത്തോടെ അവതരിപ്പിച്ചു.ആശംസകള്‍

  ReplyDelete
 24. കവി പറഞ്ഞതുപോലെ 'ജീവിതം നല്ലതാണ്, എന്നാൽ ചിലപ്പോൾ, ചിലർക്ക് മരണം അതിലും നല്ലതാണ്.'

  ReplyDelete
 25. ഇത് ഞാനാണല്ലോ ആദ്യം വായിച്ചത്. അതിൽ അഭിമാനമുണ്ട് കേട്ടോ. നല്ല കഥയാണെന്ന് ആദ്യവായനയിൽ തന്നെ അറിഞ്ഞതാണു.

  ReplyDelete
 26. നല്ല ഒരു രചന . ആശംസകള്‍ .
  മരണം ഇന്നും മനുഷ്യന്റെ അഹന്തയ്ക്ക് ശരിക്കും പിടി തരാതെ ഒരു പ്രഹേളികയായി തുടരുന്നു .
  അല്പം കൂടെ ഡെപ്ത് കൊടുത്ത് എഴുതാമായിരുന്നു അല്ലെ ?

  ReplyDelete
 27. ഒരു ജിബ്രാന്‍ ടച്ച്‌, സലാം സാബ്...
  പ്രാരാബ്ധങ്ങളുടെ ശരീരം വിട്ട് അനന്ത വിഹായസ്സിലേക്കുള്ള ആത്മാവിന്റെ യാത്ര എല്ലാവര്ക്കും അനുഭവിക്കാനുള്ള പരമ സത്യം! ആത്മാവിനെ സംസ്കരിച്ചു റെഡി ആക്കി നിര്‍ത്താം; വിളിക്കുമ്പോള്‍ പോകാതെ കഴിയില്ല, ആര്‍ക്കും!

  ReplyDelete
 28. പരസ്പരം തൊടുത്തു വിടാനുള്ള അണുബോംബ്‌ വാഹിനികള്‍ നിറച്ച വലിയ കെട്ടിടങ്ങളാണ് ആ ചുവപ്പുനിറത്തില്‍ കാണുന്ന ചെറിയ അടയാളങ്ങള്‍. അതിര്‍ത്തിരേഖകള്‍ എന്നു പറഞ്ഞ് അതിനിടക്ക് തലങ്ങും വിലങ്ങും അവര്‍ കോറിയിട്ടിട്ടുണ്ട്.

  ആരിഫിക്കയുടെ കമന്റ് വായിച്ച എനിക്ക് മറ്റൊന്നും പറയാനില്ല.
  എല്ലാമതിലുണ്ട്,
  ആസംസകൾ.

  ReplyDelete
 29. ഇതുവായിച്ചപ്പോള്‍ ഇന്ന് കാലത്തെ മാതൃഭുമിയില്‍ വായിച്ച ടാഗോറിന്റെ വരികള്‍ ഓര്‍ത്തു പോയി.. എല്ലാവര്ക്കും വേണ്ടി അത് ഇവിടെ കോപ്പി ചെയ്യുന്നു :


  മരിക്കുന്നതിന് രണ്ടുനാള്‍ മുന്‍പ് ടാഗോര്‍ എഴുതിവെച്ചു:
  'ദൈവമേ! ഞാനെത്രയേറെ അനുഗൃഹീതനാണ്. ഞാനെങ്ങനെയാണെന്റെ കൃതജ്ഞതയറിയിക്കുക? ഇത് സ്വീകരിക്കാന്‍ ഒരു തരത്തിലും
  അര്‍ഹനല്ലാതിരുന്ന എനിക്ക് അങ്ങീ ജീവിതം നല്കി. ശ്വാസം നല്കി. ഞാനൊരിക്കലും നേടിയിട്ടില്ലാത്ത സൗന്ദര്യത്തിന്റെ, ആനന്ദത്തിന്റെ അനുഭൂതി അനുഗ്രഹത്താല്‍ ഞാന്‍ മതിമറന്നവനാണ്. ഈ ജീവിതത്തില്‍ എന്തെങ്കിലും വേദനയോ കഷ്ടതയോ അസ്വാസ്ഥ്യമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെന്റെ തെറ്റുകൊണ്ടാണ്. അതുകൊണ്ടുതന്നെ എന്നെ ഈ ജീവിതത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഞാനങ്ങയോടാവശ്യപ്പെടില്ല. എന്നെ കൊള്ളാമെന്ന് അങ്ങയ്ക്ക് തോന്നുന്നുവെങ്കില്‍ മാത്രം ഈ ജീവിതത്തിലേക്കെന്നെ വീണ്ടും വീണ്ടും അയയ്ക്കുക!.... എനിക്ക് ഒരു നാള്‍കൂടി ജീവിക്കാന്‍ കിട്ടിയിരിക്കയാണ്!.... ഞാനതില്‍ അതീവ കൃതജ്ഞനാണ്. സൂര്യന്‍ തന്റെ വെളിച്ചം ഒരിക്കല്‍കൂടി എന്റെ നേരെ ചൊരിയും, ഇന്ന് ഞാന്‍ വീണ്ടും ചന്ദ്രനെ കാണും....'

  ReplyDelete
 30. മരണത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്ന എന്തും ഉത്തമകൃതികളിലാണ് വരവുവെക്കേണ്ടത്.
  ഇടക്കിടെ ആരെങ്കിലുമൊക്കെ ഓര്‍മിപ്പിച്ചില്ലെങ്കില്‍ എന്താകും സ്ഥിതി.
  അഭിനന്ദനങ്ങള്‍

  ReplyDelete
 31. സലാം.....

  വായനയില്‍ മുഴുകി... ഇത്ര മനോഹരം ആയി മരണത്തെ
  സമീപിക്കുവാന്‍ കഴിയുമോ?അത് ഒരു അനുഗ്രഹം തന്നെ
  ആവും... അല്ലെങ്കില്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാവുക എന്നത്
  തന്നെ ആവാം ഈ എഴുത്തിന്റെ വിജയവും..

  ഓരോ മരണവും പേടിപ്പെടുത്തുന്ന ചിന്തകള്‍ തരുമ്പോള്‍ ഈ
  വരികള്‍ ഹൃദയത്തില്‍ സമാധാനവും ആശ്വാസവും നല്‍കുന്നു. ഇങ്ങനെയും
  മരണത്തെ സ്നേഹിക്കാന്‍ ആയാല്‍ ജീവിതത്തോട് ഉള്ള സമീപനം തന്നെ
  എത്ര മധുര തരം ആവും...

  അഭിനന്ദനങ്ങള്‍ ഈ എഴുതിനു..ഇനി അല്പം നല്ലത് ചിന്തിക്കാമല്ലൊ
  വായനയുടെ ഓര്മ തീരും വരെ എങ്കിലും..!!!

  ReplyDelete
 32. മരണം എത്ര സുന്ദരമാണ്...!!!

  ReplyDelete
 33. നല്ല ഭാവന !
  അഭിനന്ദനങ്ങള്‍ സലാം

  ReplyDelete
 34. മരണത്തിലേക്കുള്ള വഴി ഇത്ര സുന്ദരമാണോ? ഈ രീതിയില്‍ ആയിരുന്നുവെങ്കില്‍ നന്നായേനെ... ആശംസകള്‍ സലാം ഭായ് ...

  ReplyDelete
 35. മുന്നേ വായിച്ചിരുന്നു . അഭിപ്രായം ഇടാന്‍ പറ്റിയില്ല .

  നന്നായി ട്ടോ കഥ .

  എഴുത്തിപ്പോള്‍ കുറച്ചു അല്ലേ സലാം ഭായ് .
  വിത്യസ്തമായി എഴുതുന്ന നിങ്ങളൊക്കെ വീണ്ടും സജീവമാവൂ .

  ReplyDelete
 36. അസ്സല്‍ എഴുത്ത്.

  ഒട്ടും മുഷിവ് തോന്നിയില്ല ഈ കൊച്ചു കഥ വായിച്ചു തീര്‍ന്നപ്പോള്‍ . മരണത്തിനു വ്യത്യസ്തമായ ഒരു മുഖം നല്‍കിയ കഥ സലാം ഭായിക്ക് കുറച്ചു കൂടി നന്നാക്കാന്‍ കഴിയുമായിരുന്നു എന്നെനിക്ക് തോന്നി. പണ്ടത്തെ പോസ്റ്റുകളില്‍ കണ്ട ആ കല്പകഞ്ചേരി ടച്ച്‌ ഇവിടെ അല്‍പ്പം കുറവ് വന്നോ എന്നൊരു ചെറിയ സംശയം ബാക്കി നിര്‍ത്തി മടങ്ങട്ടെ...

  ReplyDelete
 37. ജീവിതത്തിന്റെ നിസ്സാരതയെ കുറിച്ച് ഒരു നിമിഷത്തെക്കെങ്കിലും ചിന്തിക്കാന്‍ ഉതകുന്ന എഴുത്ത്. കുലീനമായ ഭാഷ . വശ്യമായ ശൈലി.
  ആശംസ്കള്‍ നേരുന്നു.

  ReplyDelete
 38. സൌന്ദര്യവൽക്കരിച്ചിരിക്കുന്ന സുന്ദരമായ മരണം...!

  ReplyDelete
 39. കഥയുടെ അര്‍ത്ഥതലം വളരെ ആഴമേറിയതാണ്. എന്നാല്‍ എനിക്കിഷ്ടപ്പെട്ടത് എല്ലാരും ഭയക്കുന്ന മരണത്തെ ഇത്ര സുന്ദരമായി .. ഒരു മാലാഖയായി അവതരിപ്പിച്ചതിലെ ആ അവതരണ ഭംഗി തന്നെ. നാളേക്ക് ചെയ്യുവാനുള്ള ജോലികള്‍ വൃഥാ ഇന്നേ പ്ലാന്‍ ചെയ്തു മലക്കുന്നു ...! :)

  ReplyDelete
 40. അതിസുന്ദരമൊരു മരണം....

  ReplyDelete
 41. ഒരു അത്ഭുത പ്രതിഭാസമാണ് മരണം ...

  ReplyDelete