Sunday, March 31, 2013

ഓർമ്മകൾ അനശ്വരമാകുന്നത്


ചുറ്റും തിങ്ങി നിറയും കാർമേഘങ്ങൾ
മൂകം മനസ്സിൻ വെളിച്ചം കെടുത്താം,
കോരിച്ചൊരിയും മഴയുടെ പ്രഭാതത്തിലേക്കുണരുമ്പോൾ
മനസ്സ് അറിയാതെ വിഷാദം കൊള്ളാം.
മഴയ്ക്ക് പിറകെ തെളിയുന്ന ഇളവെയിലിൽ
വിടരുന്ന റോസാപുഷ്പം കാണ്‍കെ ഹൃദയം കിളിർക്കാം പിന്നെയും.
നനഞ്ഞ മണ്ണിൻ ഗന്ധത്തിൽ റോസാ സുഗന്ധം കലരുമ്പോൾ
ജീവൻ ഒരു ലഹരിയായ് പിന്നെയും നുരയാം.

വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
പ്രിയ കവിതകൾ പിറക്കുന്നത്‌ അതിന്റെ നഷ്ടസ്മൃതിയിലാണ്.
മൃത്യുവെ അതിജയിക്കാൻ ശബളമാമൊരു യൗവ്വനം മതി.
ശോകം അതിജയിക്കുമ്പോഴും ഒരു കിളിപ്പാട്ടിൻ ഈണത്തിൽ അത് പ്രിയതരമാകാം.

സ്വപ്നതുല്ല്യമാം നിറവസന്തം വരുന്നതും പോവുന്നതും
ഒരു ഭാവഗാനത്തിൻ ദ്രുതചിറകടിതൻ താളത്തിലാണ്.
അതിലുയർന്നൊരു സുവർണ്ണ ചക്രവാളം കണ്ടതിൻ കനവുകൾ
എന്നുമുണ്ടാകും കണ്‍കളിൽ ജ്വാലയായ്,
പിന്നെയേതു യുദ്ധകാണ്ഡം പിറന്നാലും,
പോർക്കളത്തിൽ മുറിവേറ്റു പിടഞ്ഞാലും
ജീവിത സ്മൃതികളിൽ എന്നും നിറയുവാൻ.

Saturday, March 30, 2013

പർവീനക്കൊരു പാവക്കുട്ടി


ബാർബി ഡോൾ ...

അറ്റം അല്പം ചുരുണ്ട സ്വർണ്ണവർണ്ണമാർന്ന തലമുടി അവളുടെ തോളിലേക്ക് വല്ലരിപോലെ പടർന്നിറങ്ങി പിറകിലേക്ക് വളർന്നു കിടക്കുന്നു. നെറുകയിൽ അലങ്കാരത്തിനു മാറ്റ് കൂട്ടും വിധം ചെറിയ കിരീടാകൃതിയിലുള്ള ഹെയർ-ഹോൾഡർ. അതിന്മേൽ വിടർന്നു നിൽക്കുന്ന പ്ലാസ്റ്റിക്‌ റോസാപൂവ്. സ്വപ്നം മയങ്ങുന്ന വിടർന്ന നീല നയനങ്ങൾ. നീണ്ടു വളഞ്ഞ ഇരു കണ്‍പീലികൾ.  നെറുകയിലെ പൂക്കിരീടത്തിനിണങ്ങുന്ന ചന്തമാർന്ന പുഷ്പാഭരണം കഴുത്തിൽ. അതിനൊത്തു നില്ക്കുന്ന റോസ് വർണ്ണത്തിലുള്ള ഉടുപ്പ് കാല്മുട്ടിനു താഴേക്ക് നിവർത്തിയ കുഞ്ഞു വർണ്ണക്കുടപോലെ. അതേ നിറത്തിലുള്ള മനോഹരമായ പാദുകത്തിന്റെ പൂവള്ളികൾ കണങ്കാലിന്റെ പകുതി വരെ ചുറ്റിപ്പടർന്നു കിടക്കുന്നു. മടമ്പുകൾ ഉയർത്തിയ കാൽവിരലുകളിൽ, ഒരു നൃത്തം പകുതിയിൽ നിലച്ച പോലെ അവൾ നില്ക്കുന്നു. നിശ്ചലയായി, മിഴികൾ വിടർത്തിച്ചിരിക്കുന്ന പാവക്കുട്ടി. പിറകിൽ സൂക്ഷ്മമായി ഘടിപ്പിച്ച ചെറിയ സ്വിച്ച് ഒന്നു തൊടുകയെ വേണ്ടൂ, മധുരമായി പാടിക്കൊണ്ട് ബാർബി നൃത്തം നിർത്തിയേടത്തു നിന്ന് പിന്നെയും തുടങ്ങും.

ഇത് യു.ക്കെ.ജി ക്ലാസ്സുകാരി പർവീനക്കു വേണ്ടി അവളുടെ ഉപ്പ ഫിറാസ് തലേന്ന് രാത്രി വാങ്ങിച്ചതാണ്. ഫിറാസ് അവധിക്കു നാട്ടിൽ പോവുകയാണ്. മോളുടെ സ്കൂൾ അവധിയോട് ഒത്തു വരാനായി പോക്ക് അല്പം നീട്ടേണ്ടി വന്നിരുന്നു. തലേ ദിവസം കെട്ടി വെച്ച പെട്ടി വീണ്ടും തുറന്നു ബാർബിയെ ഭദ്രമായി അതിനകത്ത് വെയ്ക്കണം. അത് വരെ പെട്ടിയുടെ പുറത്ത് ചിരിച്ചു കൊണ്ട് നില്പാണ് ബാർബി പാട്ടിനും നൃത്തത്തിനും വിരൽ ഞൊടിച്ചാൽ തയ്യാർ എന്ന ഭാവത്തിൽ. തലേന്ന് വൈകീട്ട് വിളിച്ചപ്പോഴാണ് വാങ്ങേണ്ട പാവക്കുട്ടിയുടെ രൂപം പർവീന വിവരിച്ചത്. വിരുന്നു പോയ വീട്ടിൽ എവിടെയോ വെച്ച് കണ്ടതാണവൾ. അതുപോലുള്ളത് തന്നെ വേണം എന്നവൾ ഫോണിലൂടെ ശഠിച്ചു. "പെട്ടിയെല്ലാം കെട്ടിപ്പോയല്ലോ മോളെ, എന്നാലും ഉപ്പ വാങ്ങാം." ഫിറാസ് അവളെ സമാധാനിപ്പിച്ചു.

കളിപ്പാട്ടങ്ങൾ പല വിധവും പർവീനക്കു വേണ്ടി നേരത്തെ വാങ്ങി പെട്ടിയിൽ വെച്ചിരുന്നുവെങ്കിലും അവൾ ആവശ്യപ്പെട്ട പാവക്കുട്ടിയെ തന്നെ വാങ്ങാനായി ഫിറാസ് രാത്രി വൈകിയിരുന്നെങ്കിലും കൂട്ടുകാരനൊപ്പം മാർക്കെറ്റിലേക്കിറങ്ങി. നാട്ടിൽ അവളുടെ അടുത്ത് എത്തുന്ന നിമിഷം തൊട്ട്  പെട്ടി തുറന്ന് ബാർബിയെ സ്വന്തമാക്കാൻ വെമ്പൽ കൂട്ടുന്ന മോളുടെ മുഖം അയാൾ മനസ്സിൽ കണ്ടു. അകാംഷയുടെ അക്ഷമയും ആഹ്ലാദവും കൊണ്ടു വിടർന്ന കണ്ണുകളുമായി അവൾ അടുത്തു കൂടും. അതോർത്തപ്പോൾ ഫിറാസ് തനിയെ ചിരിച്ചു. നല്ല ബാർബിയെ തന്നെ തിരഞ്ഞ് കളിപ്പാട്ട വില്പനക്കടകളിൽ നിന്ന് കടകളിലേക്ക്‌ നടക്കുന്നതിനിടെ അവളുടെ കുസൃതികൾ കൂട്ടുകാരനോട് അയാൾ പങ്കു വെച്ചു. നേരം വൈകിയതുകൊണ്ട് കടകൾ ഓരോന്നായി അടച്ചുതുടങ്ങിയിരുന്നു. 

വിജന വിശാലമായി പരന്നു കിടക്കുന്ന മരുമണൽ പരപ്പുപോലെ ഊഷരമാണ് പ്രവാസിയുടെ മനസ്സ് പലപ്പോഴും. അങ്ങിനെയുള്ള ജീവിതത്തിൽ, ഋതുഭേദങ്ങൾക്കിടയിലെ ദീർഘസഞ്ചാരത്തിൽ, അറ്റമില്ലെന്നു തോന്നിപ്പിക്കുന്ന കാത്തിരിപ്പിനിടെ വീണു കിട്ടുന്ന മരുപ്പച്ചയാണ്‌ ഒരവധിക്കാലം. അതു മുന്നിലെത്തുമ്പോൾ വിമാനമേറും മുൻപേ അവൻ മനസ്സുകൊണ്ട് നാട്ടിലെത്തുന്നു. ഫിറാസിന്റെ അവസ്ഥയും അതു തന്നെയായിരുന്നു.

പെട്ടിപ്പുറത്തിരിക്കുന്ന ബാർബിയെ ഞാൻ വീണ്ടും നോക്കി. അർദ്ധവിരാമത്തിൽ നിർത്തിയ പാട്ടും നൃത്തവും വീണ്ടും തുടങ്ങാൻ അതിന്റെ സ്വിച്ചിൽ പർവീനയുടെ മൃദുവിരൽ സ്പർശം കാത്തു ചിരിച്ചു നില്ക്കുന്നു അവൾ. അവളെ പാക്ക് ചെയ്ത് പെട്ടിയിൽ വെയ്ക്കാനും പിന്നെ വിമാനമേറി അവളുടെ അവകാശിയുടെ കുഞ്ഞു കൈകളിലെത്തിക്കാനും ബാധ്യസ്ഥനായ ഫിറാസ് പക്ഷെ ആ പുലരിയിൽ പൂർണ്ണമായ ഒരുറക്കത്തിലായിരുന്നു. പാട്ടു പാടിപ്പാടി തളരാതെ നൃത്തം വെയ്ക്കുന്ന ബാർബിയുടെ സംഗീതസ്വരത്തിനൊപ്പം ഉയർന്ന് അലയടിച്ച പർവീനയുടെ നിറഞ്ഞ ആഹ്ലാദച്ചിരിയുടെ പ്രതിധ്വനിയിൽ മുങ്ങിയ ഒരു സുന്ദര സ്വപ്നം ആ പുലരിയിൽ അയാളെ തേടിയെത്തിയിരുന്നു. ആ സ്വപ്നത്തിന്റെ തേരിലേറി റ്റിക്കെറ്റില്ലാതെ നിശ്ചിത സമയത്തിനു മുൻപെ തന്നെ യാത്രയായിക്കഴിഞ്ഞിരുന്നു ഫിറാസ്. ഇനിയൊരിക്കലും പ്രവാസത്തിലേക്ക് മടങ്ങേണ്ടതില്ലാത്തൊരു ലോകത്തിലേക്ക്.

നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് എന്റെ കയ്യിലിരുന്ന മൊബൈൽ ഫോണ്‍ ശബ്ദിച്ചു. നാട്ടിൽ നിന്ന് ഫിറാസിന്റെ മകനാണ്, ബാംഗളൂരിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്നവർ. " പറഞ്ഞ പോലെ ഞാൻ പതിനൊന്ന് മണിക്ക് തന്നെ എയർപോർട്ടിൽ കാറുമായെത്തും. ഉപ്പാനോട് പറയാൻ മറക്കല്ലെ. ഉപ്പാനെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്‌ ആണ്. അതാണ്‌ അങ്കിളിനെ വിളിച്ചത്... "

പുറത്ത്, രാവിലെ തുടങ്ങിയ മണൽകാറ്റിൽ അന്തരീക്ഷത്തിൽ പൊടി പടലങ്ങൾ  തിങ്ങി നിറഞ്ഞു കാഴ്ചകൾ പാടെ മങ്ങിയിരുന്നു.