Sunday, August 11, 2013

ഗോവര്‍ധന്‍റെ തുടരുന്ന യാത്രകള്‍


ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ ഹാസ്യനാടകത്തിലെ കഥാപാത്രമായ ഗോവര്‍ധന്‍* കഥയില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ അറിഞ്ഞിരുന്നില്ല തന്‍റെ യാത്ര ചരിത്രത്തിന്‍റെ കരുണയറ്റ ഏതേതു വഴികളിലൂടെ തന്നെ കൊണ്ടു പോകുമെന്ന്. അകലെയേതോ ശാദ്വലതീരം തേടിയുള്ള ആ പ്രയാണത്തില്‍ ചരിത്രത്തില്‍ നിന്നും കാലത്തില്‍ നിന്നും ഭൂത-ഭാവി-വര്‍ത്തമാനത്തിന്‍റെ ക്രമഗണനകള്‍ പാലിച്ചുകൊണ്ടായിരുന്നില്ല സംഭവങ്ങളും കഥാപാത്രങ്ങളും അവനെത്തേടി വന്നത്.

 കല്ലുവിന്‍റെ മതില്‍ വീണ് ആട് ചത്ത കേസില്‍ ഗോവര്‍ധന്‍ പ്രതിയായതുകൊണ്ടായിരുന്നില്ല അവന് തൂക്കുകയര്‍ വിധിക്കപ്പെട്ടത്. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു നിരപരാധിയെ തൂക്കിലിടാന്‍ കൊണ്ട് വന്നപ്പോള്‍ തൂക്കു കയറിന്‍റെ കുരുക്കിനെക്കാള്‍ തടിച്ചതാണ് അയാളുടെ കഴുത്ത് എന്ന് കാണുകയും, ഒന്നുമറിയാതെ അത് വഴി വന്ന ഗോവര്‍ധന്‍റെ കഴുത്ത് കുരുക്കിനു പാകമാണെന്നു കണ്ട് ശിക്ഷ അയാള്‍ക്ക് വിധിക്കപ്പെടുകയുമായിരുന്നു. ആ അന്യായ വിധിയില്‍നിന്ന് നീതി തേടിയായിരുന്നു ഒരു രാത്രിയില്‍ തടവറയുടെ കാവല്‍ക്കാരന്‍ ജാഗ്രത കൈവിട്ട ഒരു വേളയില്‍  ഗോവര്‍ധന്‍ ഇരുളിന്‍റെ വഴികളിലൂടെ പുറത്തു കടന്നത്‌.

ആ യാത്രയില്‍ തന്‍റെ അതേ അനുഭവം പേറുന്ന എണ്ണമറ്റയാളുകളുടെ നിലവിളികള്‍ വഴിയിലുടനീളം ഗോവര്‍ധനെ കാത്തിരിപ്പുണ്ടായിരുന്നു.  തൂക്കുകയറിന്‍റെ കുടുക്ക് പാകമാകുന്ന കഴുത്തുകള്‍ തേടി അലയുന്ന ആരാച്ചാര്‍മാരെ ഗോവര്‍ധന്‍ പിന്നെയും പിന്നെയും കണ്ടു. കാലഗണനയുടെ പെരുക്കങ്ങള്‍ക്കപ്പുറത്തും ഇപ്പുറത്തും വേട്ടക്കാരുടെ ന്യായങ്ങളും ഇരകളുടെ രോദനവും മാറ്റമില്ലാത്തതായി തുടരുന്നത്  അവന്‍ കണ്ടു. പാതിരാത്രികളില്‍ മനുഷ്യര്‍ വസിക്കുന്ന ഗ്രാമങ്ങളില്‍, നഗരപ്രാന്തങ്ങളില്‍ ആളില്ലാവിമാനങ്ങള്‍ വട്ടമിട്ടു പറക്കുന്നതും താഴെ ഭൂമിയില്‍ അഗ്നിപ്രളയം തീര്‍ക്കുന്നതും ഒരു ഞരക്കം പോലും പുറത്തു വരാതെ മനുഷ്യര്‍ പിടഞ്ഞൊടുങ്ങുന്നതും കണ്ടു ഗോവര്‍ധന്‍ അന്ധാളിക്കുകയുണ്ടായില്ല. നൂറ്റാണ്ടുകളുടെ അപ്പുറത്തും അതിര്‍ത്തികള്‍ക്കപ്പുറത്തു നിന്ന് ഇന്ദ്രപ്രസ്ഥം കടന്നു വന്ന യോദ്ധാക്കള്‍ തങ്ങള്‍ പിടിച്ചടക്കിയ നഗരങ്ങളില്‍ പുതിയ രാജാവിന്‍റെ അധികാരം വിളംബരം ചെയ്തത് കൊള്ളയും കവര്‍ച്ചയും ഉത്സവങ്ങളാക്കിക്കൊണ്ടായിരുന്നുവല്ലോ.

അതിനിടയില്‍ യാത്രയുടെ ഒരിടത്താവളത്തില്‍ സ്വാതന്ത്ര്യം പേറ്റുനോവില്‍ പുളയുന്ന ഒരു പകലന്തിയില്‍ അര്‍ദ്ധനഗ്നനായ ഒരു ഫഖീറിന്‍റെ മാറു തുളച്ച് ഒരു വെടിയുണ്ട പാഞ്ഞു പോയതും, "ഹെയ് റാം" എന്ന നേര്‍ത്തൊരു ഞരക്കം കേട്ടതും മാത്രമായിരുന്നില്ല ഓര്‍മ്മകള്‍, ചരിത്രത്തിന്‍റെ താളുകളെ ചുവപ്പു ചായമണിയിച്ച വെടിയുണ്ടകള്‍ പിന്നെയും അനേക ലക്ഷം കോടി അണുക്കളായി  സ്വയം വിഭജനം നടത്തിയതും ഒരു സായാഹ്നത്തിന്‍റെ പകുതിയില്‍ ഒരു നിമിഷത്തിന്‍റെ ഹ്രസ്വവേളയില്‍ ഭൂമിയുടെ ജീവനെ ആകെയും  ഒടുക്കാനുതകുന്ന സംഹാരം ഉള്ളിലൊളിപ്പിച്ച വെറുമൊരു ബട്ടണായി അത് പരിണമിച്ചതും കൂടിയായിരുന്നു.

ആരാച്ചാരുടെ ജോലി കുറ്റവാളിയുടെ കഴുത്തിനു പറ്റിയ കുരുക്ക് ഉണ്ടാക്കലല്ലെന്നും കയ്യിലുള്ള കുരുക്കിനൊത്ത കുറ്റവാളിയെ കണ്ടു പിടിച്ചു തരാന്‍ രാജാവിനോട് അപേക്ഷിക്കലാണെന്നും അറിഞ്ഞ ഗോവര്‍ധനെ അലട്ടിയത് സ്വന്തം വിധിയിലുപരി ചരിത്രത്തിലുടനീളം ആരാച്ചാര്‍മാരുടെ കയറുകളില്‍ തൂങ്ങിക്കിടന്ന എണ്ണമറ്റ അസ്ഥികൂടങ്ങളുടെ ഏകഭാവമായിരുന്നു. ചിരിക്കുകയാണെന്നും കരയുകയാണെന്നും ഒരേ സമയം തോന്നിപ്പിച്ച അവയുടെ മുഖങ്ങള്‍ ഗോവര്‍ധനെ വിടാതെ പിടികൂടുകയും തകര്‍ന്ന വീടുകള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ പലായാനം ചെയ്തുകൊണ്ടേയിരിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയും ചെയ്തു.  അമ്മിഞ്ഞ ചുരത്താത്ത മുലകളില്‍ തൂങ്ങിക്കിടന്നു കരയുന്ന കുഞ്ഞുങ്ങളെയുമെടുത്തു കൂട്ടമായി എങ്ങോട്ടോ ഇഴയുന്ന സ്ത്രീജനങ്ങളും നിരാലംബരായ വൃദ്ധജനങ്ങളുമായിരുന്നു വഴികളിലേറെയും.

അടിമകളായ ഗോവര്‍ധനേയും അലിയേയും അവരുടെ ഉടമ ദീര്‍ഘകാല അടിമത്തത്തില്‍ നിന്ന് സ്വതന്ത്രരാക്കിയതില്‍ പിന്നെ സഹോദരന്‍മാരെങ്കിലും രണ്ടു വിരുദ്ധ ദിശകളിലേക്ക് അവര്‍ക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് തിരിഞ്ഞു നടക്കേണ്ടി വന്നത് അവര്‍ അങ്ങിനെ ആഗ്രഹിച്ചിട്ടായിരുന്നില്ല.  ചരിത്രത്തിന്‍റെ ദയാരഹിതമായ നിയോഗങ്ങള്‍ നടപ്പിലാക്കാനുള്ള കേവല കരുക്കള്‍ മാത്രമാണ് തങ്ങളെന്ന അറിവ് അവരുടെ ജനിതകബോധത്തില്‍ തെളിഞ്ഞിരുന്നതുകൊണ്ടായിരുന്നു.  ഒരു ചരിത്രത്തിലെ നായകനായ രാജാവ്, യോദ്ധാവ്  മറ്റൊരു ചരിത്രത്തില്‍ വില്ലാനായിരുന്നുവെങ്കില്‍  എല്ലാ ചരിത്രങ്ങളിലും ഗോവര്‍ധനും അലിയുമൊക്കെ കേവല രോദനങ്ങള്‍ മാത്രമായിരുന്നു.

ഏതു ദിക്കില്‍ നിന്നും പട നയിച്ചു വന്ന ഏതു വംശത്തിലെ രാജാവായാലും എഴുതിയ നിയമങ്ങള്‍ ഏകസ്വഭാവത്തിലുള്ളതും ആയിരുന്നുവല്ലോ. ബ്രിട്ടിഷുകാര്‍ ഓരോ നാട്ടുരാജ്യങ്ങള്‍ കീഴ്പെടുത്തുകയും അതിനു ശേഷം ആ ഉദ്യമത്തിനു ചിലവായ പണം അവിടത്തെ രാജാവില്‍ നിന്ന് ഈടാക്കുകയും ചെയ്തു. രാജാവാകട്ടെ ഈ പണം ഈടാക്കാന്‍ സമീപിച്ചത് തന്‍റെ പ്രജകളെയാണ്. രാജാവിന് രാജാവായി വാണാല്‍ മാത്രം മതിയായിരുന്നു. വെള്ളക്കാര്‍ക്ക് കീഴൊതുങ്ങിയായാലും അവര്‍ വരുന്നതിനു മുന്‍പുള്ള സ്വതന്ത്ര രാജപദവിയിലാണെങ്കിലും.

 ഗോവര്‍ധനും അലിയുമടങ്ങുന്ന പ്രജകളുടെ ദൌത്യം ഭരിക്കുന്നവര്‍ക്ക് കരം കൊടുക്കുക എന്നതാണ്. രാജാവ് പറയുന്ന ദിശയിലേക്ക് വാളുമായി നീങ്ങാനും രാജാവിന്‍റെ ആരാച്ചാരുടെ കൈവശമുള്ള കയറിനു പാകമുള്ള കഴുത്തായി വഴങ്ങിക്കൊടുക്കാനുമുള്ള നിയോഗങ്ങളില്‍ നിന്ന് പലായാനം ചെയ്താലും പുറത്തു കടക്കാനാവില്ലെന്ന അറിവ് ഗോവര്‍ധനെ പലപ്പോഴും മൃത്യുവിനു നേരെ മന്ദസ്മിതം തൂകാന്‍ പഠിപ്പിച്ചു തുടങ്ങിയിരുന്നു. മന്ദിറിലും മസ്ജിദിലും തടവില്‍ കിടക്കുന്ന ദൈവത്തിന്‍റെ വിലാപം ഗോവര്‍ധന്‍റെ ചേരികള്‍ കത്തിയമരുമ്പോള്‍ നിലവിളികളില്‍ മുങ്ങിപ്പോകുന്നത് പുതിയ കാര്യമായിരുന്നില്ല.

പുതിയ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ രാജാവിന്‍റെ തേര് ഉരുണ്ടു തുടങ്ങുന്നതിന്‍റെ കാഹളം മുഴങ്ങുമ്പോള്‍ ആ ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ചാവേറാകാനോ, കൊലക്കയറിനു പാകപ്പെടുന്ന കഴുത്താകാനോ വേണ്ടി ഗോവര്‍ധന്‍ ഇനിയും ജീവിക്കുകയാണ്, അവന്‍റെ യാത്രകള്‍ എവിടെ നിന്നും തുടങ്ങിയതായിരുന്നില്ല, അത്കൊണ്ട് തന്നെ അത് എവിടെയും അവസാനിക്കുന്നതുമായിരുന്നില്ല.

*ഗോവര്‍ധന്‍: ആനന്ദിന്‍റെ "ഗോവര്‍ധന്‍റെ യാത്രകള്‍" ളിലെ നായകന്‍.
ചിത്രം: ഗൂഗിള്‍.  

39 comments:

 1. കഴുത്തുകള്‍ക്കിണങ്ങിയ കുരുക്കുമായി ഒരു ആരാച്ചാര്‍ ഏത് നിമിഷവും തേടിയെത്തിയേക്കാം. ഭാഗ്യം തുണയ്ക്കുവോളം എല്ലാരും സ്വത(ന്തരാണ്. അതിന് ശേഷം....!!??

  ReplyDelete
  Replies
  1. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി. അജിത്‌ജി.

   Delete
 2. njn vayichittillatha book anath, Govardhante yathrakal. i kuripp kandappol vayichal manassilakumenna thonnal. nandi salam ji.

  ReplyDelete
 3. ഇങ്ങനെ ഒരു ബൂക് ഇതുവരെ കണ്ടില്ല. ആശംസകൾ...

  ReplyDelete
  Replies
  1. വായിച്ചാല്‍ വെറുതെയാവില്ല

   Delete
 4. കഥക്കുള്ളിലെ കഥയും കാര്യവും അവയുടെ അര്‍ത്ഥവും ആഴവും കണ്ടെത്തിയ ഒരു മനസ്സ് ഈ വരികളിലും വായിക്കപ്പെടുന്നുണ്ട്..തീര്‍ച്ചയായും വായിക്കേണ്ട ഒരു പുസ്തകം തന്നെയെന്ന് ഈ വിവരണങ്ങള്‍ വായിക്കുമ്പോള്‍ തോന്നുന്നുണ്ട്.അത് തന്നെയാണ് ഈ വിലയിരുത്തലിന്റെ വിജയവും.

  ReplyDelete
 5. ഞാന്‍ ആ ബുക്ക് വായിച്ചിട്ടില്ല, വായിച്ചിട്ട് വരാം, പിന്നെ

  ReplyDelete

 6. ‘ഗോവർദ്ധന്റെ യാത്രകൾ’ വായിച്ചത് വർഷങ്ങൾക്കപ്പുറത്തായിരുന്നു. വിശദാംശങ്ങളെ മറവി കവർന്നു. സലാമിന്റെ ആസ്വാദനം ഏറെകൂറെ എല്ലാം വീണ്ടും മനസ്സിലെത്തിച്ചു.

  “ആരുടെയൊക്കെയോ ലക്ഷ്യപൂര്ത്തീയകരണത്തിനു വേണ്ടി ചാവേറാകാനോ, കൊലക്കയറിനു പാകപ്പെടുന്ന കഴുത്താകാനോ വേണ്ടി ഗോവര്ദ്ധ ന് ഇനിയും ജീവിക്കുകയാണ്, അവന്റെയ യാത്രകള് എവിടെ നിന്നും തുടങ്ങിയതായിരുന്നില്ല, അത്കൊണ്ട് തന്നെ അത് എവിടെയും അവസാനിക്കുന്നതുമായിരുന്നില്ല”

  സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കാൻ അനുവദിക്കപ്പെട്ടിട്ടില്ലാത്ത നിരാലംബജീവിതങ്ങളുടെ അഭിശപ്തത ചരിത്രത്തിന്റെ വീഥികളിൽ അവിരാമം ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. കുരുക്കിന് പാകമായ കഴുത്തുകൾ സമർപ്പിക്കാൻ വിധിക്കപ്പെട്ട ഉടലുകൾ മാത്രമായി ചുരുങ്ങിയ നിസ്സാരജന്മങ്ങൾ.

  മികച്ച ഭാഷയിലെഴുതപ്പെട്ട ഈ കുറിപ്പ് ആസ്വാദ്യകരമായ വായന തന്നു.

  നന്ദി.

  ReplyDelete
 7. ഗോവര്‍ദ്ധന്റെ കഥ ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ ഈ ലേഖനത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ വേണ്ടത്ര സൂചന രണ്ടാമത്തെ ഖണ്ഡികയിലുണ്ട്.

  അവസാനത്തെ രണ്ടു ഖണ്ഡികകളിലെ ആശയം വളരേ ഇഷ്ടമായി. അതിനൊരു സലാം! മറ്റിടങ്ങളില്‍ താങ്കള്‍ രേഖപ്പെടുത്തിയ രാഷ്ട്രീയനിലപാടുകളോട് എനിക്കു യോജിപ്പില്ല, എങ്കിലും അതു മനസ്സിലാക്കുന്നു.

  എനിക്ക് മുഖ്യമായി പറയാനുള്ളത് ഭാഷയേപ്പറ്റിയാണ്. സലാംജിയേപ്പോലെ വ്യക്തമായും ശക്തമായും കാര്യമാത്രപ്രസക്തമായും ആശയസമ്പന്നമായും എഴുതാന്‍ കഴിയുന്നവര്‍ കുറവാണ്. താങ്കളുടെ ചുറ്റുവട്ടത്തുള്ള കുറച്ചുകുട്ടികളേയെങ്കിലും താങ്കള്‍ മലയാളം പഠിപ്പിക്കണമെന്നൊരു അഭ്യര്‍ത്ഥന എനിക്കുണ്ട്. ഇതുപോലെ ആശയവിനിമയം ചെയ്യാന്‍ കഴിയുന്നതില്‍ ഒരാനന്ദമുണ്ട് - വരും തലമുറയെ അതു ബോദ്ധ്യപ്പെടുത്താന്‍ താങ്കളേപ്പോലുള്ളവര്‍ക്കേ കഴിയൂ.

  ഒന്നുകൂടി - ആ ഫേയ്സ്ബുക്ക് പൊളിഞ്ഞുപണ്ടാരമടങ്ങി സൂക്കര്‍ബര്‍ഗ് കുത്തുപാളയെടുക്കട്ടേയെന്ന് ഞാന്‍ ഇതിനാല്‍ പ്രാകിക്കൊള്ളുന്നു.

  ReplyDelete
  Replies
  1. സലാമിനെപ്പോലെയുള്ളവരുടെ സർഗ്ഗാത്മകതയെ കുറുക്കിക്കെട്ടിയിടുന്ന ഫേസ് ബുക്കിന്റെ നേർക്ക് നടത്തിയ പ്രാക്കിൽ എന്റെ സ്വരവും ചേർത്ത് അതിനെ ഒരു കോറസാക്കുന്നു കൊച്ചുകൊച്ചീച്ചീ....

   Delete
  2. ഫെയ്സ്ബുക്ക്‌ എഴുത്തിനെയും വായനയേയും തളര്‍ത്തുന്നു എന്നത് നേര്.

   Delete
  3. ഫേസ് ബുക്ക് ഗൌരവമുള്ള എഴുത്തിനെയും ഗൌരവമുള്ള വായനയെയും തടസ്സപ്പെടുത്തുന്നുണ്ട്. എന്നാല്‍ വിട്ടിട്ട് പോകാനും വയ്യ. അതാണ് സത്യം.

   Delete
  4. കയ്ച്ചിട്ട് ഇറക്കാനും വയ്യ... ന്ന്‍ പറഞ്ഞ പോലെ അല്ലെ ?

   Delete
  5. എന്നാ പിന്നെ അവിടെയും ഒരു ശുദ്ധികലശം നടത്തിക്കൂടെ? സലാം ഫേസ് ബുക്കിലെ “ശുദ്ധ മലയാളം” എന്ന കൂട്ടായ്മയില്‍ ദയവായി ഒന്നു വന്നു നോക്കൂ...

   Delete
  6. ഫേസ് ബുക്ക് ഗൌരവമുള്ള എഴുത്തിനെയും ഗൌരവമുള്ള വായനയെയും തടസ്സപ്പെടുത്തുന്നുണ്ട്. എന്നാല്‍ വിട്ടിട്ട് പോകാനും വയ്യ. അതാണ് സത്യം.

   ഇതൊന്നുമില്ലേൽ എനിക്ക് അബ്ദുൾ സലാം എന്ന അടിപൊളി ബ്ലോഗ്ഗെഴുത്തുകാരനെ പരിചയപ്പെടാൻ കഴിയുമായിരുന്നോ ?
   ഫേയ്സ് ബുക്ക് മാത്രമേ തളർത്തുന്നുള്ളൂ,ബ്ലോഗ് വളർത്തുന്നു.!

   Delete
 8. ഗോവര്‍ദ്ധന്‍റെ പുനര്‍ വായനക്ക് ഒരു പാട് സാധ്യതകള്‍ ഉണ്ട്.
  ആനന്ദിന്‍റെ ഈ അടുത്ത് ഭാഷാപോഷിണിയിലും മാതൃഭൂമിയിലും വന്ന ലേഖനങ്ങളും ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും.

  ReplyDelete
 9. മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന ഒറ്റ പുസ്തകം വായിച്ച് ആനന്ദിന്റെ കുറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. അതില്‍ അഭയാര്‍ഥികള്‍ മൊത്തം വായിക്കാന്‍ ഇത് വരെ കഴിഞ്ഞുമില്ല. ഏത് ബുക്കും വായിക്കുന്ന ലാഘവത്തില്‍ ആനന്ദിനെ വായിക്കാന്‍ പറ്റില്ലയെന്ന് പഠിച്ചു. സമയമെടുത്ത് പഠിക്കണം. ഗോവര്ധനന്റെ യാത്രകളില്‍ സലാം കൈ വച്ചപ്പോഴും അങ്ങനെതന്നെ തോന്നുന്നു. നല്ല ഭാഷ . എഴുത്ത് മുടങ്ങാതെ തുടരട്ടെ.

  ReplyDelete
 10. നീതിപീഠവും ഭരണകൂടവും എന്തിന് ഭൂരിപക്ഷ മനസ്സുകളിലെ അന്ധമായ പ്രതികാരവുമൊക്കെ പാകമായ കഴുത്തുകളും തേടി അലയുകയാണ്. ആ കുരുക്ക് ഏതു കഴുത്തിലും വന്നു വീഴും, ഭൂരിപക്ഷ മനസ്സാക്ഷി അതാണാഗ്രഹിക്കുന്നതെങ്കിൽ.. ആനന്ദിന്റെ കൃതികൾ വായനാസുഖം തരുന്നതല്ല, പക്ഷേ ക്ലേശകരമായ എന്തോ ഒന്ന് വിജയകരമായി ചെയ്തുതീരുമ്പോൾ അനുഭവിക്കുന്ന നിർവ്വചനീയാനുഭൂതി നൽകുന്നവയാണവ. ഈ പുസ്തകം വായിച്ചിട്ടില്ല 

  ReplyDelete
 11. ഒരു കഥയായിപ്പോലും പരിഗണിക്കപ്പെടാത്ത വിധം 'ഗോവർദ്ധ ജീവിതങ്ങൾ' ആനന്ദിൽ നിന്നും അകലെയായി ജീവിക്കുന്നുണ്ട്. 'ഇരയാക്കപ്പെടുന്നതിലെ ചാക്രികത അവതരിപ്പിച്ചു കൊണ്ട് ഇരയുടെ ദൈന്യതയെ വേട്ടക്കാരന് കരുത്തെന്ന് അനുവദിച്ച് സാമാന്യവത്കരിക്കുന്ന' ആനന്ദ് പാരായണത്തിനും അപ്പുറത്ത് ഹരിതാഭമായ അരികുകൾ തേടുന്ന പാവം പാവം മനുഷ്യർ ഒന്നും രണ്ടുമല്ല, അവർ ശത കോടികളാണ്. സലാംജി ഏറെ പറയാനുണ്ട്.

  ReplyDelete
 12. നന്നായിട്ടെഴുതിയിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 13. ആനന്ദിന്റെ രചനകൾ എന്നാ രീതിയിൽ മാറ്റി നിർത്തിയ പൂക്കൾ ഉണ്ട്. അതെല്ലാം ഇനി തിരികെ വിളിക്കാലെ. നന്ദി സലാം ഭായ് ഇത് പരിചയപ്പെടുത്തിയതിന്.

  ReplyDelete
 14. ആ യാത്രയില്‍ തന്‍റെ അതേ അനുഭവം പേറുന്ന എണ്ണമറ്റയാളുകളുടെ നിലവിളികള്‍ ‘വഴിയിലുടനീളം ഗോവര്‍ധനെ കാത്തിരിപ്പുണ്ടായിരുന്നു. തൂക്കുകയറിന്‍റെ കുടുക്ക് പാകമാകുന്ന കഴുത്തുകള്‍ തേടി അലയുന്ന ആരാച്ചാര്‍മാരെ ഗോവര്‍ധന്‍ പിന്നെയും പിന്നെയും കണ്ടു. കാലഗണനയുടെ പെരുക്കങ്ങള്‍ക്കപ്പുറത്തും ഇപ്പുറത്തും വേട്ടക്കാരുടെ ന്യായങ്ങളും ഇരകളുടെ രോദനവും മാറ്റമില്ലാത്തതായി തുടരുന്നത് അവന്‍ കണ്ടു. പാതിരാത്രികളില്‍ മനുഷ്യര്‍ വസിക്കുന്ന ഗ്രാമങ്ങളില്‍, നഗരപ്രാന്തങ്ങളില്‍ ആളില്ലാവിമാനങ്ങള്‍ വട്ടമിട്ടു പറക്കുന്നതും താഴെ ഭൂമിയില്‍ അഗ്നിപ്രളയം തീര്‍ക്കുന്നതും ഒരു ഞരക്കം പോലും പുറത്തു വരാതെ മനുഷ്യര്‍ പിടഞ്ഞൊടുങ്ങുന്നതും കണ്ടു ‘

  ഗോവർദ്ധനനെ ഞാൻ പണ്ട് തൊട്ടറിഞ്ഞിട്ടുണ്ട് കേട്ടോ ഭായ് ,
  പക്ഷേ അന്നൊന്നും ആനന്ദിന്റെ കഥകളൊന്നും എനിക്ക് ദഹിക്കാറെ ഉണ്ടായിരുന്നില്ല

  പക്ഷേ താങ്കളുടെ വളരെ ശക്തമായ
  ഭാഷയിലൂടെയുള്ള ഈ പരിചയപ്പെടുത്തൽ
  വീണ്ടും ആനന്ദിനെ എന്റെ പുനർവായനയിൽ ഉൾപ്പെടുത്തുവാൻ പ്രേരിപ്പിക്കുന്നൂ...

  ReplyDelete
 15. ഇവരെ എനിക്ക് ദഹിക്കില്ല എന്നൊരു മുൻവിധിയോടെ ഞാൻ സമീപ്പിക്കുന്ന എഴുത്തുകാരുണ്ട്‌ . എന്തിന് ചിലരുടെ രാഷ്ട്രീയം തന്നെ അവരുടെ രചനകളിൽ നിന്ന് എന്നെ മാറ്റി നിർത്താറുണ്ട് . അതെനിക്കൊരു നഷ്ടമാവാം . പക്ഷെ വിഷമമില്ല .

  ആനന്ദിലേക്ക് വന്നാൽ അത് മുൻവിധിയല്ല . വായിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതാണ് . അത് എന്റെ മാത്രം പ്രശ്നമാണ് . ശ്രമിക്കണം എന്ന് പലരും പറയും . ഈ ലക്കം മാതൃഭൂമി ആഴ്ചപതിപ്പ് വെണ്ടക്കയിൽ കവറാക്കിയിട്ടുണ്ട് "ആനന്ദ് " എന്ന് . അതൊഴികെ എല്ലാം വായിച്ചു .

  ആത്മാർഥമായി ഈ പോസ്റ്റിനൊരു അഭിപ്രായം എഴുതാൻ എനിക്ക് വയ്യ സലാം ഭായ് . ഒരു തുടർ വായനപോലെയോ അല്ലെങ്കിൽ അതിനോട് ചേർത്തോ വായിക്കേണ്ട ഒന്നിനെ , അതറിയാതെ വല്ലതും പറഞ്ഞു പോകുന്നതിൽ കാര്യമില്ല . അതുകൊണ്ട് വായിച്ച് പിൻവാങ്ങുന്നു .

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി, മന്‍സൂര്‍.
   ആനന്ദ് എനിക്കും അമൃതല്ല, വായനയുടെ കാര്യത്തില്‍. എങ്കിലും ഈ പുസ്തകം അത്ര പ്രശ്നക്കാരനല്ല.

   Delete
 16. ചരിത്രപരവും, സാമൂഹികവുമായ സന്ദര്‍ഭങ്ങളെ അപനിര്‍മ്മിച്ചുകൊണ്ട്‌ സൃഷ്ടിക്കുന്ന ഒരു ഭാവലോകമാണ് ആനന്ദിന്റെ നോവലുകള്‍. അലസമായ വായനകള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ആനന്ദിന്റെ ഗദ്യത്തിന്റെ ഉള്ളറകളിലേക്ക് പതുക്കെ ഇറങ്ങിച്ചെല്ലുമ്പോള്‍, സാമൂഹ്യമനസ്സാക്ഷിക്കു നേരെ ഒളിയമ്പുകളെയ്ത് ഊറിച്ചിരിക്കുന്ന ഒരെഴുത്തുകാരനെ കാണാനാവും. ആനന്ദിന്റെ അപനിര്‍മിതികള്‍ പലപ്പോഴും സത്യത്തിന്റെ ക്രൂരമായ മുഖം വെളിപ്പെടുത്തുന്നതു കാണാം. ഒറ്റനോട്ടത്തില്‍ രചനയിലെ അപനിര്‍മിതിയായി അനുഭവപ്പെടുന്ന ചൗപട് രാജാവിന്റെ വിധിന്യായം വെളിപ്പെടുത്തുന്നത് നമ്മുടെ കാലത്തിന്റെ നീതിബോധത്തിന്റെയും, അധികാരശക്തികളുടേയും ക്രൂരമുഖമാണ്. അധികാരപ്രമത്തതയുടേയും, അയുക്തികമായ മര്‍ദ്ധനവ്യവസ്ഥകളുടേയും ഇരയാണ് താനും എന്ന യാഥാര്‍ത്ഥ്യം ഓരോ വായനക്കാരനും തിരിച്ചറിയുന്നു.

  മലയാളത്തിലെ അതിപ്രശസ്തനായ കവി ഈയ്യിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. താന്‍ വായിക്കാന്‍ താല്‍പ്പര്യമെടുക്കാത്ത എഴുത്തുകാരനാണ് ആനന്ദ് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഗൗരവപൂര്‍വ്വം വായനയെ സമീപിക്കുന്ന സാധാരണക്കാരായ വായനക്കാരെ സംബന്ധിച്ചിടത്തോളം ഗോവര്‍ദ്ധന്റെ യാത്രകള്‍ പോലെയുള്ള രചനകള്‍ അത്രയൊന്നും ദുര്‍ഗ്രാഹ്യമല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

  സൗമ്യമായ ഒരു പുഞ്ചിരിയുമായി എഴുത്തിന്റെ പുത്തന്‍മേച്ചില്‍ പുറങ്ങള്‍ തേടുകയും, പുത്തന്‍ ഭാവുകത്വവും,സാമൂഹ്യനിരീക്ഷണങ്ങളും ഒരേസമയം വിജയകരമായി എഴുത്തില്‍ സമന്വയിപ്പിക്കുകയും ചെയ്യുന്ന ആനന്ദിന്റെ രചാനാലോകത്തേക്ക് നല്ലൊരു ശ്രദ്ധ ക്ഷണിക്കലാണ് ഈ ലേഖനം. നോവലിനെ ഗൗരവപൂര്‍വ്വം സമീപിച്ച ഒരു വായനക്കാരനേയും, തെളിമയുള്ള ഭാഷയില്‍ ചിന്തകള്‍ പകര്‍ത്തിവെക്കാനറിയുന്ന ഒരെഴുത്തുകാരനെയും ഈ ചെറിയ അവലോകനത്തില്‍ അറിയാനാവുന്നു.

  ReplyDelete
  Replies
  1. എപ്പോഴുമെന്ന പോലെ ആഴത്തിലറിഞ്ഞ അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രദീപ്‌ കുമാര്‍.

   Delete
 17. വായനയിലേയ്ക്കും ചർച്ചയിലേയ്ക്കും ഉയർത്തുന്ന എഴുത്തിനു ആശംസകൾ..!

  ReplyDelete
 18. ഇതിൽ അഭിപ്രായം പറയുന്ന പലരും സലാമിക്കയുടെ ഭാഷയെ കുറിച്ച് നന്നായി പറയാറുണ്ട്. അതൊരു സത്യവുമാണ്,ആ സൗന്ദര്യം ശരിയായി മനസ്സിലാക്കാൻ, ഇതിനുള്ള പ്രചോദനം പറഞ്ഞ രണ്ടാമത്തെ ഖണ്ഡികയും താഴെ ഞാൻ ഇടുന്ന ഈ വാചകങ്ങളും മതിയാവും.
  'ഒരു ചരിത്രത്തിലെ നായകനായ രാജാവ്, യോദ്ധാവ് മറ്റൊരു ചരിത്രത്തില്‍ വില്ലാനായിരുന്നുവെങ്കില്‍ എല്ലാ ചരിത്രങ്ങളിലും ഗോവര്‍ധനും അലിയുമൊക്കെ കേവല രോദനങ്ങള്‍ മാത്രമായിരുന്നു.'

  മുന്നെ ആരോ കുറിച്ചത് പോലെ ഇതിലെ രണ്ടാമത്തെ ഖണ്ഡികയിൽ ഈ എഴുത്തിന്റെ സകല ഉദ്ദേശവും ഉറവിടവും വ്യക്തമായി കുറിച്ചിച്ചിട്ടുണ്ട്. അതിലെ ആദ്യ വരികളിലൂടെ കണ്ണോടിച്ചാൽ വളരെ വ്യക്തത കൈവരുന്നു നമുക്ക്.

  ഉപരോധ സമരം 'ഒത്തുതീർപ്പായ' അവസരത്തിലാണ് ഞാനിന്നിത് യാദൃച്ഛികമായി വായിക്കാനെടുക്കുന്നത്. അത് യാദൃച്ഛികമായല്ല, 'എന്തെങ്കിലും' കാരണങ്ങളാൽ മനസ്സ് ഒന്ന് കലങ്ങട്ടെ എന്ന് കരുതി വായിക്കാതെ നീട്ടി വച്ചതാണ്.
  ആശംസകൾ.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. ആനന്ദിനെ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ആള്‍ക്കൂട്ടം എടുത്തു വെച്ചു, മടുത്തിട്ടല്ല എന്തോ കാരണങ്ങള്‍ കൊണ്ട് വായന മുറിഞ്ഞു. ഇനി തീര്‍ച്ചയായും വായിക്കും. ഗോവര്ധനന്റെ യാത്രകളും.

  ReplyDelete
 21. നന്നായിയിരിക്കുന്നു സലാം ..
  തുടരുക

  ReplyDelete
 22. നല്ലൊരു അവലോകനം തന്നെ..
  ആനന്ദ്‌ ഒരു പിടി കിട്ടാപ്പുള്ളി പോലെ പലപ്പോഴും
  ലൈബ്രറിയിൽ എന്നെയും അദ്ഭുതപ്പെടുത്തുക
  ആയിരുന്നു.വായനയുടെ കഴുത്തിൽ ഒരു കുരുക്ക്
  ആവുമോ എന്ന് പേടിച്ചു. അത് കൊണ്ട് തന്നെ
  വായിക്കാൻ തോന്നിയിട്ടുമില്ല....:)

  നന്ദി സലാംജി.....

  ReplyDelete
 23. പുനര്‍വായനയും ആസ്വാദനവും ഗംഭീരമായി.മനോഹരമായ ശൈലി.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 24. ഈ പോസ്റ്റ്‌ കാണാന്‍ വൈകി. ആദ്യവാസാനം ആകാംക്ഷയോടെ വായിച്ചു തീര്‍ത്ത ഒരവലോകനം. പുസ്തകത്തെ കുറിച്ച് അറിയാം എന്നാല്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടവേളക്ക് ശേഷം വന്ന ഒരു നല്ല പോസ്റ്റ്‌.

  ReplyDelete
 25. മന്ദിറിലും മസ്ജിദിലും തടവില്‍ കിടക്കുന്ന ദൈവത്തിന്‍റെ വിലാപം ഗോവര്‍ധന്‍റെ ചേരികള്‍ കത്തിയമരുമ്പോള്‍ നിലവിളികളില്‍ മുങ്ങിപ്പോകുന്നത് പുതിയ കാര്യമായിരുന്നില്ല...

  It has been just an incidental perusal from Kentucky, America, while on a visit to my elder sister.
  Touching!

  ReplyDelete
 26. ഇന്ന് ഫേസ് ബൂകിലെ ഒരു പോസ്റ്റിൽ നിന്നും ആണ് ഈ ബ്ലോഗ്‌ കാണുന്നത് ,ഗോവര്ധനെന്റെ യാത്രകൾ വളരെ മുൻപ് വായിച്ച പുസ്തകം ആണ്, ഈ പോസ്റ്റ് മറന്നു പോയത് വീണ്ടും ഓർമിപ്പിച്ചു ,ആനന്ദിനെ പുനർ വായന നടത്തുവാൻ പ്രേരിപ്പിക്കുന്നു ,,

  ReplyDelete
 27. ഇന്ന് ഫേസ് ബൂകിലെ ഒരു പോസ്റ്റിൽ നിന്നും ആണ് ഈ ബ്ലോഗ്‌ കാണുന്നത് ,ഗോവര്ധനെന്റെ യാത്രകൾ വളരെ മുൻപ് വായിച്ച പുസ്തകം ആണ്, ഈ പോസ്റ്റ് മറന്നു പോയത് വീണ്ടും ഓർമിപ്പിച്ചു ,ആനന്ദിനെ പുനർ വായന നടത്തുവാൻ പ്രേരിപ്പിക്കുന്നു ,,

  ReplyDelete