Saturday, August 31, 2013

അക്ഷരപ്പൂക്കളുടെ വസന്തവും ശിശിരവും

ശൈശവ, ബാല്യകാലങ്ങളിലെ ഏതു ബിന്ദുവില്‍ നിന്നാണ് ഓര്‍മ്മകള്‍ തുടങ്ങുന്നത് എന്നതിന് കണിശമായൊരു കണക്കുണ്ടാവാന്‍ തരമില്ല. ഉണങ്ങിത്തുടങ്ങിയ വാഴത്തണ്ടില്‍ നിന്ന്‍ അടര്‍ത്തിയെടുക്കുന്ന നേര്‍ത്ത നാര് പച്ചയീര്‍ക്കിള്‍ വില്ലുപോലെ വളച്ചു പിടിച്ചു രണ്ടറ്റത്തും കെട്ടിയ ശേഷം വിരല്‍ തുമ്പുകൊണ്ട് അതില്‍ മുത്തമിടുമ്പോള്‍ ഉണരുന്ന നേര്‍ത്ത സംഗീതത്തില്‍ നിന്നാണ് തന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നതെന്ന് ബഷീര്‍ (ഓര്‍മ്മയുടെ അറകള്‍ എന്ന പുസ്തകത്തിലാണെന്ന് തോന്നുന്നു) പറയുന്നുണ്ട്. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ മനസ്സിലായതില്‍ പിന്നെ സ്വന്തമെന്നതിലേറെ മറ്റുള്ളവരില്‍ നിന്ന്  കടം കിട്ടുന്ന ബാലരമ, പൂമ്പാറ്റ, അമ്പിളി അമ്മാവന്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഒറ്റയിരുപ്പില്‍ ആഹ്ലാദം നുരയുന്ന ഏകാഗ്രതയോടെ വായിച്ചു തീര്‍ക്കുന്ന, തോരാത്ത മഴയില്‍ സൂര്യന്‍ മങ്ങിയ വൈകുന്നേരങ്ങളില്‍ നിന്നാണ് എനിക്ക് ഓര്‍മ്മകള്‍ തുടങ്ങുന്നത്.  ആര്‍ത്തലച്ച് അനുസ്യൂതം  പെയ്യുന്ന മഴയുടെ അമരുന്ന ആലിംഗനത്തിലടങ്ങിയ ശോകമെന്താണെന്ന് ഓര്‍ത്തെടുത്തു നോക്കുകയും, നിറഞ്ഞു കവിയുന്ന മുറ്റവും ഇറയത്ത് വീഴുന്ന പെരുത്ത മഴത്തുള്ളികള്‍ തീര്‍ക്കുന്ന ഒഴുകുന്ന കുമിളകളെയും നിര്‍നിമേഷം നോക്കിയിരിക്കുകയും, വീണ്ടും വേതാളം വിക്രമാദിത്യനോട് പറഞ്ഞു തുടങ്ങിയ കഥയിലേക്ക് മടങ്ങുകയും ചെയ്യുന്ന ബാല്യം. അതിന്‍റെ ആനന്ദം അനുപമമായിരുന്നു. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അങ്ങിനെയൊരു ബാല്യം ചിറകടിച്ചു പറന്നു പോയിട്ടുണ്ടാവും എല്ലാവര്‍ക്കും. അത് അകലെയാണ്, വളരെ അടുത്തുമാണ്.

കൗമാരത്തിന്‍റെ കൗതുകവായനകളില്‍ പൈങ്കിളി വാരികകളോട് പ്രിയമേറി വരും കുറെയേറെപ്പേര്‍ക്ക്.  ധനാഢൃനായ വ്യവസായിയുടെ സുന്ദരിയായ ഏക മകള്‍ അച്ഛന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട, പക്ഷെ സുമുഖനായ ചെറുപ്പക്കാരനെ പ്രണയിക്കുന്നു. എന്നാല്‍ മകള്‍ക്ക് വേണ്ടി അച്ഛനുറപ്പിച്ച വരന്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഒരു ദിവസം നാട്ടിലെത്തുന്നു. ബാറില്‍ വെച്ച് അടിയുണ്ടാക്കിയ പ്രതിശ്രുത വരനെ, അവളുടെ കാമുകനായ ചെറുപ്പക്കാരന്‍ ഒരു ദിവസം രക്ഷിച്ചു കൊണ്ടു വരുന്നു. ആ തങ്ക ഹൃദയത്തെ (കാമുകനെ)യല്ലാതെ വേറൊരാളെ തനിക്ക് വേണ്ട എന്ന് മകള്‍ കട്ടായം പറയുന്നു.  കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് കണ്ട അച്ഛന്‍ മകളുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ഗുണ്ടകളെ അയക്കുന്നു.  (തുടരും). പിന്നെ അടുത്ത ലക്കം വരുന്ന തിയതി കലണ്ടറില്‍ നോക്കി ഒരു കാത്തിരിപ്പാണ്.

സ്കൂളിലേക്കുള്ളതല്ലാത്ത പുസ്തകങ്ങള്‍ വീട്ടില്‍ നിന്ന് ലഭിക്കാന്‍ അധികം അവസരമില്ലാതിരുന്ന എനിക്ക്  ചില കുടുംബ വീടുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ വലിയ ആഹ്ലാദം നിറഞ്ഞതായിരുന്നു. അവിടെ ചെന്നാല്‍ കഥാപുസ്തകങ്ങളുടെ പഴയ ലക്കങ്ങളടക്കം കുറേയെണ്ണം ഒന്നിച്ച് വായിക്കാമെന്നതായിരുന്നു കാരണം. മാത്യു മറ്റവും ജോയ്സിയുമൊക്കെ (James Joyce അല്ല) ലോകോത്തര എഴുത്തുകാരാണെന്ന് കരുതുകയും അവരെ ആരാധിക്കുകയും ചെയ്യുന്ന പ്രായം.  അങ്ങിനെയിരിക്കെയാണ് ഞങ്ങളുടെ വീടിനടുത്ത് ചെറിയ കവലയിലുള്ള ഒരു പഴയ ഒറ്റനിലക്കെട്ടിടത്തിനു മുകളിലത്തെ മുറിയില്‍ മുതിര്‍ന്നവര്‍ ചിലര്‍ ചേര്‍ന്ന് ഒരു ചെറിയ വായനശാല തുടങ്ങുന്നത്.  എല്ലാ തരക്കാരെയും ആകര്‍ഷിക്കാന്‍ വേണ്ടി ഏതാനും പൈങ്കിളി വാരികകളും അവിടെ വരുത്തിയിരുന്നു. അവിടെ വെച്ചാണ് ആദ്യമായി മാതൃഭൂമി വാരികയും കലാകൗമുദി വാരികയും (ഉള്ളടക്കത്തില്‍ അന്നത്തെ കലാകൗമുദിയല്ല ഇന്നുള്ളത്) ഒക്കെ അടുത്തു കാണുന്നത്. അതിലെ നീണ്ട മൂക്കും അതുപോലുള്ള കാലും കയ്യുമൊക്കെയുള്ള ആളുകളുടെ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ  അതൊന്നും വായിക്കാനേ തോന്നിയിരുന്നില്ല. എങ്കിലും, ഇഷ്ട വാരികകളെല്ലാം പെട്ടെന്ന് വായിച്ചു തീരുമ്പോള്‍ വലിയ താത്പര്യത്തോടെയല്ലെങ്കിലും ഇടയ്ക്കൊക്കെ മേല്‍പ്പറഞ്ഞ വികൃത ചിത്രങ്ങളുള്ള  വാരികകളും അലസമായി ഓടിച്ചു നോക്കും. ഫലിത ബിന്ദുക്കള്‍ പോലുമില്ലാത്ത വിരസമായ അതിന്‍റെ പേജുകള്‍ ആര് വായിക്കുമെന്ന് അത്ഭുതപ്പെടും. ഏതായാലും പിന്നീടെപ്പൊഴോ എം. കൃഷ്ണന്‍ നായര്‍ എഴുതുന്ന സാഹിത്യ വാരഫലം വായിക്കല്‍ ഒരു പതിവായിത്തീര്‍ന്നു. അന്ന കരെനീന, യുദ്ധവും സമാധാനവും, കരമസോവ് സഹോദരന്മാര്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്നിങ്ങിനെ നമുക്കറിയാത്ത സംഭവങ്ങളെ പറ്റിയൊക്കെയാണെങ്കിലും വായിക്കാന്‍ ഒരു രസം വന്നു തുടങ്ങിയിരുന്നു.  അന്ന കരെനീന വായിച്ചാല്‍ ലോകത്തെ എല്ലാ നോവലുകളും വായിച്ചതിനു തുല്യമായി എന്നൊക്കെ വാരഫലക്കാരന്‍ അന്ന് എഴുതാറുണ്ടായിരുന്നു. അങ്ങിനെ മാതൃഭൂമിയിലും കലാകൗമുദിയിലുമൊക്കെ വരുന്ന നിലവാരമുള്ള സാഹിത്യം കുറേശെയൊക്കെ വായിച്ചു തുടങ്ങിയ ആ നാളുകളിലൊരിക്കല്‍ ഒരാളുടെ പക്കല്‍ നിന്ന് സി രാധാകൃഷ്ണന്‍റെ സ്പന്ദമാപിനികളെ നന്ദി എന്ന നോവല്‍ വായിക്കാന്‍ കിട്ടി. അത് പിന്നീടുള്ള വായനകളെ ആകെ വഴിമാറ്റി വിട്ടു എന്നു പറയാം. അതില്‍ പിന്നെയാണ് ബഷീറിന്‍റെ ബാല്യകാല സഖി വായിച്ചത്. അന്ന് അവസാനമായി കണ്ടപ്പോള്‍ സുഹറ പറയാന്‍ തുടങ്ങിയതെന്തായിരുന്നു? എന്ന ഒരു ചോദ്യത്തില്‍ ആ കഥ തീരുമ്പോള്‍ ശിരസ്സിനുള്ളില്‍ കടന്നലുകള്‍ മൂളിപ്പറന്നു. പിന്നീടാണ് ജീവിതം പറയുന്ന യഥാര്‍ത്ഥ എഴുത്തുകാര്‍ ആരൊക്കെയെന്ന് ഒരു ധാരണ വന്നു തുടങ്ങിയത്. അന്നൊക്കെ ഒരു പുസ്തകം കയ്യില്‍ വന്നാല്‍ അത് തന്നെയായിരുന്നു ലോകം. അത് തന്നെയായിരുന്നു തുടക്കവും ഒടുക്കവും. പുസ്തകങ്ങളെ പ്രണയിക്കുകയും അതിന് ആത്മാവിനെ നല്‍കുകയും ചെയ്തു വായനപ്രിയരായവര്‍. ഓരോ പുസ്തകവും ഓരോ അനുഭവമായിരുന്നു.

വിവര സാങ്കേതിക വിദ്യ വികസിക്കുകയും, കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ ഫോണ്‍, റ്റാബ്, നോട്ട് (ഇനി എന്തൊക്കെയാണ് വരുന്നതാവോ!) എന്നിങ്ങിനെ വിവിധയിനം ഗാഡ്ജറ്റുകള്‍ ഒരു വിധം എല്ലാവര്‍ക്കും പ്രാപ്യമായി തുടങ്ങുകയും ചെയ്തതില്‍ പിന്നെ ലോകം അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിരല്‍തുമ്പിലാണെന്ന് പറയാം. നാനാവിധത്തില്‍ ലഭ്യമായ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, ന്യൂസ്‌ ഫീഡ്സ്, പുസ്തകാവലോകനങ്ങള്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ക്ഷണമാത്രയില്‍ കയ്യിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ എല്ലാമുണ്ട് ഒരു വിരല്‍ സ്പര്‍ശത്തില്‍. ഇനി ഇതെല്ലാം വിട്ട് റ്റെലിവിഷന്‍ തുറന്നാലും അതിര്‍ത്തികളുടെ വേലിക്കെട്ടുകള്‍ മായ്ച്ചു കളഞ്ഞുകൊണ്ട് ചാനലുകളും ചര്‍ച്ചകളും രാവും പകലും ഇടതടവില്ലാതെ പെയ്തിറങ്ങുന്നു. വിരല്‍തുമ്പില്‍ വിവരങ്ങള്‍ എമ്പാടും ലഭ്യമായ ഈ അസുലഭകാലഘട്ടം ആ നിലയ്ക്ക് നമ്മളെ കൂടുതല്‍ വിവരമുള്ളവരും വിവേകമുള്ളവരും ആക്കിത്തീര്‍ക്കേണ്ടതാണ്. എന്നാല്‍ അല്‍പവിവരത്തിന്‍റെയും അവിവേകത്തിന്‍റെയും സമ്മേളനത്തില്‍ ഒരു ആഗോളഗ്രാമം വികസിച്ചു വരുന്നതായിട്ടാണ് നമ്മള്‍ പലപ്പോഴും കണ്ടു വരുന്നത്. നെറ്റിലൂടെ ആവശ്യമുള്ളതും ബുദ്ധിവികാസത്തിന് അനുഗുണമാകുന്നതുമായ തെരുഞ്ഞെടുത്ത ഒരു വായന ശീലമാക്കാന്‍ അധികപേര്‍ക്കും സാധ്യമാകുന്നില്ല എന്നു തന്നെ പറയാം. പണച്ചിലവില്ലാതെയും അല്ലാതെയും എണ്ണമറ്റ പുസ്തകങ്ങള്‍ നമുക്കിന്ന് ഒരു മിനക്കേടുമില്ലാതെ നെറ്റ് വഴി ലഭിക്കാന്‍ പ്രയാസമില്ല. എന്നിട്ടും വായനയുടെ ആനന്ദത്തിലേക്ക് ഇന്റര്‍നെറ്റ്-വിജ്ഞാന വിസ്ഫോടനത്തിന് മുന്‍പുള്ള കാലത്തെപോലെ ആഴത്തിലിറങ്ങാന്‍ അധികപേര്‍ക്കും ആവുന്നില്ല.

പഴയതെല്ലാം നല്ലതും പുതിയതെല്ലാം മോശവുമെന്ന പതിവു ക്ലീഷേ മാത്രമാണോ ഈ തോന്നലുകള്‍? വായനയുടെ വസന്ത കാലം എന്ന് പറയുന്നത് ഈ വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിനു മുന്‍പുള്ള ആ ഇല്ലായ്മയുടെ കാലം തന്നെയായിരുന്നു എന്ന് നമുക്ക് തോന്നുന്നത് എന്തുകൊണ്ടാവും? അന്ന് പുസ്തകങ്ങള്‍ ധാരാളമായി ലഭിക്കാന്‍  സാഹചര്യമില്ലാത്ത ഒരു കാലമാണ്. എവിടെ നിന്നെങ്കിലും, അല്ലെങ്കില്‍ ലൈബ്രറിയില്‍ നിന്ന് ഒരു പുസ്തകം നമ്മുടെ കയ്യില്‍ വരും. അത് ഒരു നിശ്ചിത സമയത്തിനുള്ളില്‍ വായിച്ചു  തിരിച്ചു നല്‍കുകയും വേണം. സമയം കളയാതെ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ അക്ഷരങ്ങളെയും ധ്യാനിച്ച്‌ കൊണ്ട് നിങ്ങളത് വായിച്ചു തീര്‍ക്കുന്നു. കഥയാണെങ്കില്‍ നിങ്ങള്‍ അതിലൊരു കഥാപാത്രമാവുന്നു. നോവലാണെങ്കില്‍ അതിലെ പല ജീവിതങ്ങള്‍ നിങ്ങള്‍ സ്വയം തന്നെ ജീവിക്കുന്നു. യാത്രാവിവരണമാണെങ്കില്‍ കപ്പലും വിമാനവുമേറി ഒരിക്കലും കണ്ടിട്ടില്ലാത്ത തുറമുഖങ്ങളിലേക്ക്, നഗരങ്ങളിലേക്ക് നിങ്ങളും തീര്‍ത്ഥയാത്ര പോകുന്നു. അതെ, ഓരോ വായനയും ഒരു തീര്‍ത്ഥയാത്രയായിരുന്നു, ആരാധനയായിരുന്നു. ഇന്ന് വിരല്‍തുമ്പില്‍, എന്നല്ല, ഒരു ഇമയനക്കം കൊണ്ട് തന്നെ വിജ്ഞാനലോകത്തിന്‍റെ കവാടം തുറക്കാന്‍ മനുഷ്യന്‍ കെല്‍പ്പ് നേടിയിരിക്കുന്നു. വിവരവിജ്ഞാനത്തിന്‍റെ അതി-ലഭ്യത പക്ഷെ നമ്മളെ ചിന്താകുഴപ്പത്തിലാക്കിയിരിക്കുന്നു. വേണ്ടതും വേണ്ടാത്തതുമെല്ലാം ഒരു പോലെ ടൈം ലൈനില്‍ വന്ന് നിറയുന്നു. ഏറിയ കൂറും ഒരു ചന്തയുടെ സ്വഭാവ സവിശേഷതകളുള്ള സോഷ്യല്‍ നെറ്റ്-വര്‍ക്കുകളില്‍ ചിന്തയ്ക്കുള്ള ഇടം തുലോം തുച്ഛമാണ്. ഈ ബഹളം എല്ലാ ജിജ്ഞാസകളെയും ഭ്രൂണഹത്യ ചെയ്തു കളഞ്ഞിരിക്കുന്നു. കാത്തിരുന്നു കിട്ടുന്ന ഒരു പുസ്തകത്തിന്‍റെ വായന നല്‍കുന്ന അനുഭൂതി അന്യം നിന്ന് പോയിരിക്കുന്നു. ബുദ്ധിജീവികളെകൊണ്ട് ഇനിയെന്തു പ്രയോജനം?  സൈബര്‍ വലയില്‍ ചെന്ന് ചാടി അവള്‍/അവന്‍ ആത്മാഹുതി ചെയ്തിരിക്കുന്നു.

75 comments:

 1. തുടക്കം ബാലരമയും മലർവാടിയും തന്നെ എല്ലാവർക്കും .
  പക്ഷേ എനിക്കുംപരയാൻ മടിയില്ല . പൈങ്കിളികളിൽ തല പൂഴ്ത്തിയിരുന്നൊരു വായനക്കാലം എനിക്കുമുണ്ട് . തുറന്നു പറഞ്ഞാൽ കൂടുതൽ ക്ഷമയോടെയുള്ള വായനയിലേക്ക് അടുപ്പിച്ച ഘടകം . കേരള ശബ്ദത്തിൽ പി . അയ്യനേത്ത് ആവും കുറച്ചൂടെ ത്രില്ലിംഗ് ആയ വായന തന്നത് . ഇന്ന് പൈങ്കിളി ഞാൻ വായിക്കാറില്ല . പക്ഷേ , അതാണ്‌ എന്നെ വായനയിലേക്ക് അടുപ്പിച്ച ഒന്ന് എന്ന നിലയിൽ തള്ളിപറയുന്നുമില്ല .
  സൈബർ വായന അത്ര വലിയ ആവേശമൊന്നും തരുന്നില്ല . എന്നാലും വിരസമായ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞു വരുന്ന സൈബര്‍ അക്ഷരങ്ങളില്‍ ഒതുങ്ങുന്നു ഇപ്പോഴത്തെ വായന. ബ്ലോഗും മറ്റ് മിനിയേച്ചര്‍ ഓണ്‍ലൈന്‍ കുറിപ്പുകളും ചര്‍ച്ചകളും വായിച്ചു ചെറിയൊരു ബന്ധം സൂക്ഷിക്കുന്നു എന്ന് മാത്രം. പുസ്തകങ്ങളുടെ ,അച്ചടിച്ച അക്ഷരക്കൂട്ടുകളുടെ ആ ഗന്ധം , താളുകളില്‍ നിന്ന് താളുകളിലേക്ക് മറിയുമ്പോള്‍ ലഭിച്ചിരുന്ന ആ ആവേശം നഷ്ടമാകുന്നല്ലോ എന്ന ദുഃഖം വല്ലാതെ ആകുലപ്പെടുത്തുന്നു .
  നല്ല പോസ്റ്റ്‌ സലാം ഭായ്

  ReplyDelete
  Replies
  1. ആദ്യ അഭിപ്രായത്തിനു നന്ദി മന്‍സൂര്‍. വായനയെ നമുക്ക് തിരികെ പിടിക്കാം. അപ്പോള്‍ എഴുത്തും താനെ പിടി തരും.

   Delete
 2. @@
  ഇന്റര്‍നെറ്റ്‌ തുറന്നിടുന്നത് വലിയൊരു ലോകം തന്നെയാണ്. എന്നാലും വേണ്ടാത്തത് തിരയുന്ന, മിസ്‌യൂസ് ചെയ്യുന്ന കൌമാരമാണ് ഇതില്‍ വിഹരിക്കുന്നത്.
  മുന്‍പ് കാശ് കൊടുത്തു വാങ്ങേണ്ട പല അറിവുകളും ഇന്ന് ഒരു ക്ലിക്കിലൂടെ കിട്ടുന്നു.

  'ആടുജീവിതം' എനിക്ക് കിട്ടിയത് ഇതിലൂടെയാണ്.
  അങ്ങനെയങ്ങനെ പലതും ഇതിലൂടെ വായിക്കുന്നു.

  നല്ലൊരു കുറിപ്പിന് ഒരായിരം നന്ദി സലാംജീ.

  **

  ReplyDelete
  Replies
  1. അതെ, ഇന്‍റര്‍നെറ്റ് നല്ല വായനയ്ക്കും ഉപയോഗിക്കാം. ഏറ്റവും പുതിയ കാര്യങ്ങള്‍ അറിയാന്‍ ഇതുപോലെ പറ്റിയ മാധ്യമങ്ങള്‍ വേറെയില്ല. Thanks

   Delete
 3. തേടിപ്പിടിച്ചു വായിക്കുന്നതിനു പകരം കിട്ടുന്നത് വായിക്കുന്ന സ്വഭാവമായി മാറിയിരിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വ്യക്തിപരമായ ഒരു വിലയിരുത്തലാണ് .നല്ല കുറിപ്പ്

  ReplyDelete
  Replies
  1. ഇന്‍റര്‍ നെറ്റ് നമ്മള്‍ ഉപയോഗിക്കുമ്പോള്‍ കൊള്ളാം. അത് നമ്മളെ ഉപയോഗിക്കാന്‍ തുടങ്ങുമ്പോഴാണ് പ്രശനം.

   Delete
 4. അന്നൊക്കെ കൂടുതലും പൈങ്കിളികൾ തന്നെ, പിന്നെ അത് പലതിലേക്കും വഴി മാറി, ഇന്നും എന്ത് വായിക്കണം എന്നതില്ല , എന്തും വായിക്കും , വായന കുറഞ്ഞു എന്നും പറയാം.,,,,,,,,,,,,,,,,,,,,,

  നന്നായി വിവരിച്ചു

  ReplyDelete
  Replies
  1. പൈങ്കിക്കാലത്തിനും അതിന്‍റെ കഥകള്‍ പറയാനുണ്ട്.

   Delete
 5. പണ്ടത്തെ വായനയുടെ പെരുംമഴക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി
  എനിക്കാസ്വദ്യകരമായ ഈ കുറിപ്പ്‌.
  ആശംസകള്‍

  ReplyDelete
  Replies
  1. മഴയും അക്ഷര മഴയും, രണ്ടിലും സംഗീതമുണ്ട്.

   Delete
 6. എന്റെ കുട്ടിക്കാലം തന്നെയല്ലേ ഇവിടെ എഴുതി വെച്ചിരിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഇതുപോലെ എന്റെ വീടിനടുത്തെ കൊച്ചു വായന ശാലയിലെ ബുക്കുകളെല്ലാം തന്നെ വായിച്ചു തീര്‍ത്ത ഒരു കാലമായിരുന്നു അത്."ഇനി പുസ്തകം ഒന്നും ഇല്ല കൊച്ചെ" എന്നവര്‍ പറഞ്ഞത് ഓര്‍ക്കുന്നു.ഇന്റര്‍ നെറ്റിലെ വായനയിലൂടെയാണ് എപ്പോഴോ നഷ്ടപ്പെട്ടുപോയ എന്റെ വായാന തിരികെ കിട്ടിയത്. ഇടക്ക് കളഞ്ഞു പോയ നല്ല ശീലം തുടരുന്നതിന്റെ ബാക്കിയായി എന്റെ കയ്യില്‍ അച്ചടി പുസ്തകങ്ങളുടെ നല്ല ശേഖരവും ഇപ്പോള്‍ ഉണ്ട്

  ReplyDelete
  Replies
  1. നെറ്റിനു വായനയെ തകര്‍ത്ത കഥകള്‍ മാത്രമല്ല അതിനു ജീവന്‍ കൊടുത്ത കഥകളും പറയാനുണ്ട് എന്ന് സാരം.

   Delete
 7. വായന തുടങ്ങുന്നതും വളരുന്നതും മിക്കവാറും എല്ലാവര്‍ക്കും ഈ ലേഖനത്തില്‍ പറഞ്ഞതുപോലെ തന്നെ ആയിരിക്കും. പിന്നെയൊരു ഘട്ടത്തില്‍ ചിലരുടെ വായന മരിക്കുകയും ചിലരുടേത് ചത്തതിനൊക്കുമേ എന്നപോലെയും ഒക്കെയായിത്തീരുന്നു. ചുരുക്കം ചിലര്‍ ഗൗരവതരവായനയുമായി മുന്നോട്ട് പോകും. സൗകര്യങ്ങളും ലഭ്യതയും കൂടുമ്പോള്‍ മൂല്യം കുറയുന്നു എന്ന പൊതുതത്വം ഇവിടെയും ബാധകമാണ്.

  ReplyDelete
  Replies
  1. പ്രിന്‍റ് വായനയോടൊപ്പം ബ്ലോഗ്‌ വായനയും ഉത്സവമാക്കുന്നു അജിത്‌ ചേട്ടന് ഒരു നെറ്റ് സൈഡ് എഫെക്റ്റും ഏല്‍ക്കില്ല എന്നുറപ്പ്.

   Delete
 8. എല്ലാവരും ഏറ്റുപറയുന്ന അനുഭവകഥകൾ തന്നെയാ നിയ്ക്കും പറയാനുള്ളത്‌.. ഏറ്റവും പ്രിയം ബാല്യാം ആസ്വാദിച്ച ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും തന്നെ.. കൂടപ്പിറപ്പുകളുമായി എത്ര അടികൂടിയിരിക്കുന്നു.. അതായിരിക്കാം പ്രിയമേറാനുള്ള ഒരു കാരണം. വളർച്ചയുടെ ഓരൊ ഘട്ടത്തിലുള്ള കൂടുമാറ്റവും ശ്രദ്ധേയമായി അവതരിപ്പിച്ചിരിക്കുന്നു... നന്ദി സലാം.. മനസ്സിനെ ഉണർത്തിയ ലേഖനം...ആശംസകൾ

  ReplyDelete
  Replies
  1. മഴവര്‍ഷം പോലെ കഥവര്‍ഷം നടത്തുന്ന വര്‍ഷിണിക്ക് നന്ദി.

   Delete
 9. പഴയ വായനയുടെ രസം ഇപ്പോഴെന്താണ് കിട്ടാത്തതെന്നു ചോദിച്ചാല്‍ വ്യക്തമായ മറുപടിയില്ല.അന്ന് വായിക്കാന്‍ പുസ്തകങ്ങളെയുള്ളു.മറ്റുള്ള മാധ്യമങ്ങള്‍ ഒന്നുമില്ല.ആ കാലം മനസ്സില്‍ കിടക്കുന്നത് കൊണ്ടാവും,ഇപ്പോഴും പത്രങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കുന്ന ആ സുഖം മറ്റെവിടെയും കിട്ടാത്തത്.മാരാര്‍,ദുര്‍ഗ്ഗപ്രസാദ്‌ ഖത്രി തുടങ്ങിയവരുടെ കുറ്റാന്വേഷണനോവലുകളിലാണ് വായന തുടങ്ങിയത്.അതുകൊണ്ടാവും ഒരു ദേശത്തിന്റെ കഥക്കും നാലുകെട്ടിനും ഒപ്പം വെളുത്ത ചെകുത്താനും മറന്നുപോകാത്തത്..പഴയ ആ കാലം..ആ ഓര്‍മ്മകളുടെ മധുരം..എല്ലാം ഈ വരികളിലൂടെ നുകര്‍ന്നു.

  ReplyDelete
  Replies
  1. പ്രിന്‍റ് മീഡിയത്തിലുള്ള വായന തന്നെ കണ്ണിനും നല്ലത്. പക്ഷെ പത്രങ്ങള്‍ അടച്ചു പൂട്ടുകയാണ്.

   Delete
 10. പഴയ കാലത്ത് പുസ്തകവായനയിൽ നിന്നും പലതും കിട്ടിയിരുന്നു. അതിൽ ഏറ്റവും പ്രധാനം സംതൃപ്തി തന്നെയായിരുന്നിരിക്കുമെന്ന് ഇപ്പോൾ തോന്നുന്നു. ആ ഒരു തൃപ്തി നിറഞ്ഞ വായന ഇന്ന് കിട്ടുന്നില്ല. അന്ന് ശ്രദ്ധയോടെ കുത്തിയിരുന്ന് ആസ്വദിച്ചു വായിക്കാൻ സമയം ധാരാളമായിരുന്നെങ്കിൽ ഇന്നതില്ല. അതു കൊണ്ട് തന്നെ അത്ര ആസ്വാദ്യത കൈവരുന്നുമില്ല. അതുപക്ഷെ, എന്റെ തന്നെ വായനയുടേയും, സാഹചര്യത്തിന്റേയും കുഴപ്പമായിരിക്കാം...
  ആശംസകൾ...

  ReplyDelete
  Replies
  1. വായനക്ക് വേണ്ടി സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന ഒരു പ്രശ്നമാണ് അധികപേര്‍ക്കും

   Delete
 11. ആവശ്യക്കാരന് അന്നും ഇന്നും എല്ലാം ലഭ്യമാണ്. വായന ഒരിക്കലും മരിക്കുന്നുമില്ല; ജീവിക്കുന്നുമില്ല, അതിന്‍റെ തലങ്ങള്‍ മാത്രമാണ് മാറിമറിയുന്നത്. പണ്ട് പുസ്തകങ്ങള്‍ നേരിട്ട് വാങ്ങി വായിക്കുന്നു, ഇന്ന് പലതും വെബ്‌ എന്നാ വലിയ ലോകത്തില്‍ ലഭ്യമാണ്, ഈ ലേഖനം പോലും അതിന്‍റെ ഒരു ഭാഗമല്ലേ.. അതുകൊണ്ട് ഒന്നിനെയും കുറച്ചു കാണാന്‍ കഴിയില്ല. കാലം മാത്രം മാറുന്നു, അതോടൊപ്പം നമ്മുടെ ശീലങ്ങളും. !!
  നന്നായി എഴുതി.

  ReplyDelete
  Replies
  1. തീര്‍ച്ചയായും വെബ്നെ കുറച്ചു കാണുകയല്ല. വെബ് വരുത്തുന്ന മാറ്റങ്ങളെ കുറിച്ചു പറയാനാണ് ശ്രമിക്കുന്നത്.

   Delete
 12. പൂമ്പാറ്റയിൽ തുടങ്ങിയ ബാല്യകാലം തന്നെയായിരുന്നു എന്റേതും. പിന്നീട്‌ പരത്തിയുള്ള വായന എന്നൊന്നും അവകാശപ്പെടാൻ അന്നും ഇന്നും ഇല്ല. സൈബർ ലോകം എഴുത്തിനെയും വായനയെയും തിരികെ കൊണ്ടുവരാൻ സഹായകമായി എന്നതൊരു സത്യമാണ്‌. അതിലൂടെ പ്രിയപ്പെട്ട എഴുത്തുകളെയും, എഴുത്തുകാരെയും കണ്ടെത്താനും സാധിച്ചു. വിശാലമായ വായനയുടെ ലോകത്തിൽ ഒരുക്ലിക്ക്‌ എന്നത്‌ ഒഴിച്ചു കൂടാനാവത്തതായി എങ്കിലും വായിക്കുക അതിൽ ഇഷ്ടപ്പെട്ട വരികളെ അടയാളപ്പെടുത്തുക, ഒരു നിമിഷം വായനയുടെ ആഴങ്ങളിലേക്ക്‌ ഇറങ്ങുവാൻ പുസ്തകം മുഖത്ത്‌ കമിഴ്ത്തി വെച്ച്‌ ഇരിക്കുക എന്നീ മാനസിക സംതൃപ്തി പുസ്തക വായനക്കു മാത്രം സ്വന്തമാണ്‌. നല്ല കുറിപ്പ്‌ സലാംഭായ്‌. ആശംസകൾ.

  ReplyDelete
  Replies
  1. നെറ്റ് പലരുടേയും കാര്യത്തില്‍ വായനയെ തിരിച്ചു കൊടുത്തിട്ടുമുണ്ട്, അതും തിരിച്ചറിയപ്പെട്ടു വരുന്നു.

   Delete
 13. എന്നെ വായനയിലേക്ക് അടുപ്പിച്ചത് കോട്ടയം പുഷ്പനാഥാണ്. ഹൈസ്കൂള്‍ പഠനകാലത്തുതന്നെ കോട്ടയം പുഷ്പനാഥിനെ ഞാന്‍ ഏതാണ്ട് മുഴുവനായും വായിച്ചു തീര്‍ത്തിരുന്നു. പ്രമാദമായ കുറ്റകൃത്യവും അതിസാഹസികമായി അതിനെ പിന്തുടരുന്ന കുറ്റാന്വേഷണത്തിന്റെ വഴികളും, കുറ്റാന്വേഷകന് എന്തു സംഭവിച്ചു എന്നറിയാനുള്ള ജിജ്ഞാസയും കൊണ്ട് ആവേശപൂര്‍വ്വം ഞാന്‍ പുഷ്പനാഥിന്റെ ഓരോ ഡിക്ടക്ടീവ് നോവലും വായിച്ചു. കോട്ടയം പുഷ്പനാഥ് അല്ലാതെ മലയാളത്തില്‍ അക്കലാത്ത് ഡിക്ടക്ടീവ് നോവലുകള്‍ എഴുതിയിരുന്ന നോവലിസ്റ്റുകളുടെ ഭാഷയും, സമീപനങ്ങളും എനിക്ക് അത്ര ഇഷ്ടമായിരുന്നില്ല.എഴുത്തില്‍ സവിശേഷമായ ഭാഷ സൃഷ്ടിക്കുന്ന ഇന്ദ്രജാലം എന്തെന്ന് ഹൈസ്കൂള്‍ പഠനകാലത്തുതന്നെ ഞാന്‍ മനസ്സിലാക്കിയത് ഇങ്ങിനെയാണ്. കേസന്വേഷണം, സാഹസിക സഞ്ചാരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇല്ലാത്തതുകൊണ്ട് പൈങ്കിളി എന്നു പറയുന്ന പ്രണയകഥകളോടൊന്നും അന്നും ഇന്നും വലിയ താല്‍പ്പര്യം തോന്നിയിട്ടില്ല.... താല്‍പ്പര്യമുള്ള പുസ്തകങ്ങളേയും, താല്‍പ്പര്യമുള്ള എഴുത്തുകാരേയും മാത്രം തിരഞ്ഞെടുത്ത് അത് ആവേശപൂര്‍വ്വം വായിച്ചു തീര്‍ക്കാനുള്ള ഒരു ശീലം എനിക്ക് കിട്ടിയത് ഇങ്ങിനെയാണ്.....

  കോട്ടയം പുഷ്പനാഥില്‍ നിന്നു തുടങ്ങി,മുകുന്ദനിലൂടെയും, പേള്‍ എസ് ബക്കിലൂടെയും, മാര്‍ക്കേസിസൂടെയും പതുക്കെ വളര്‍ന്ന എന്റെ വായയുടെ നല്ല കാലം പതുക്കെ അസ്തമിക്കകയാണോ എന്നെനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. ഈയ്യിടെയായി ഒഴിവുവേളകള്‍ സോഷ്യല്‍ നെറ്റ്-വര്‍ക്കുകളില്‍ ചിലവഴിച്ച് ഞാനും പുസ്തകവായന നീട്ടിവെക്കാന്‍ തുടങ്ങിയിരിക്കുന്നു.... സൈബര്‍ വലയില്‍ ചെന്ന് ചാടി ഞാന്‍ ആത്മാഹുതി ചെയ്തില്ലെങ്കിലും, എന്റെ വായനയുടെ ആത്മാവിന് മരണത്തോട് അടുത്ത് നില്‍ക്കുന്ന ഒരുതരം നിഷ്കൃയത്വം പിടിപെട്ടുകൊണ്ടിരിക്കുന്നത് അറിയാനാവുന്നുണ്ട്.

  ഇവിടെ പങ്കുവെച്ച ചിന്തകളോട് പൂര്‍ണമായും യോജിക്കുന്നു. ഡ്രാക്കുളയുടെ ഇംഗ്ലീഷ് പതിപ്പ് വായിച്ചുകൊണ്ട് വീണ്ടും വായന പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്ന വേളയില്‍ത്തന്നെയാണ് ഈ ചിന്ത പങ്കുവെക്കാന്‍ കഴിഞ്ഞത്.

  ReplyDelete
  Replies
  1. കോട്ടയം പുഷ്പനാഥിന്‍റെ ഡിറ്റക്ടീവ് നോവലുകള്‍ അതും ഒരു വലിയ ഹരമായിരുന്നു. "ഡിറ്റക്ടീവ് സൈമണ്‍ ഒരു സിഗരറ്റിനു തീ കൊളുത്തി.. "
   പ്രദീപ്‌ സാറിനെ പോലുള്ള പരന്ന വായനയുള്ളവരെ പോലും നെറ്റ് നിഷ്ക്രിയമാക്കുന്നു എന്ന അറിവ് സന്തോഷം പകരുന്നതല്ല. വിശദമായ അവലോകനത്തിന് നന്ദി.

   Delete
 14. 'ഉണങ്ങിത്തുടങ്ങിയ വാഴത്തണ്ടില്‍ നിന്ന്‍ അടര്‍ത്തിയെടുക്കുന്ന നേര്‍ത്ത നാര് പച്ചയീര്‍ക്കിള്‍ വില്ലുപോലെ വളച്ചു പിടിച്ചു രണ്ടറ്റത്തും കെട്ടിയ ശേഷം വിരല്‍ തുമ്പുകൊണ്ട് അതില്‍ മുത്തമിടുമ്പോള്‍ ഉണരുന്ന നേര്‍ത്ത സംഗീതത്തില്‍ നിന്നാണ് തന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നതെന്ന് ബഷീര്‍ (ഓര്‍മ്മയുടെ അറകള്‍ എന്ന പുസ്തകത്തിലാണെന്ന് തോന്നുന്നു) പറയുന്നുണ്ട്.'

  ഇങ്ങനെ നല്ല ബഷീർ ഓർമ്മകളിലൂടെ തുടങ്ങി,

  'ധനാഢൃനായ വ്യവസായിയുടെ സുന്ദരിയായ ഏക മകള്‍ അച്ഛന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട, പക്ഷെ സുമുഖനായ ചെറുപ്പക്കാരനെ പ്രണയിക്കുന്നു. എന്നാല്‍ മകള്‍ക്ക് വേണ്ടി അച്ഛനുറപ്പിച്ച വരന്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഒരു ദിവസം നാട്ടിലെത്തുന്നു. ബാറില്‍ വെച്ച് അടിയുണ്ടാക്കിയ പ്രതിശ്രുത വരനെ, അവളുടെ കാമുകനായ ചെറുപ്പക്കാരന്‍ ഒരു ദിവസം രക്ഷിച്ചു കൊണ്ടു വരുന്നു. ആ തങ്ക ഹൃദയത്തെ (കാമുകനെ)യല്ലാതെ വേറൊരാളെ തനിക്ക് വേണ്ട എന്ന് മകള്‍ കട്ടായം പറയുന്നു. കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് കണ്ട അച്ഛന്‍ മകളുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ഗുണ്ടകളെ അയക്കുന്നു. (തുടരും). പിന്നെ അടുത്ത ലക്കം വരുന്ന തിയതി കലണ്ടറില്‍ നോക്കി ഒരു കാത്തിരിപ്പാണ്.'

  ഇതിലൂടെ പൈങ്കിളിയിലേക്കിറങ്ങി,

  'അന്ന കരെനീന വായിച്ചാല്‍ ലോകത്തെ എല്ലാ നോവലുകളും വായിച്ചതിനു തുല്യമായി എന്നൊക്കെ വാരഫലക്കാരന്‍ അന്ന് എഴുതാറുണ്ടായിരുന്നു.'

  ഇതിലൂടെ വീണ്ടും ഉയർന്ന് വളരെ നല്ല ഒരു വിശകലനമാണ് ഞാനിപ്പോൾ സലാമിക്കയുടേതായി വായിച്ചത്.

  ഏതൊരാളുടേയും ബാല്യം മുതൽ ആരംഭിക്കുന്ന വായനാ-കലാ വാസനകൾ മനസ്സിൽ പിച്ചവച്ച് തുടങ്ങുന്നത് എങ്ങനെ ഏതിന്റെ വായനയിലൂടെയാണെന്ന് വളരെ വൃത്തിയായി സലാമിക്ക ഇവിടെ വിവരിച്ചിരിക്കുന്നു. ഞാനും ഇതിൽ സലാമിക്ക പറഞ്ഞവയിലൂടെയെല്ലാം പോയിട്ടുണ്ട്, പക്ഷെ ഇപ്പോഴും അങ്ങനെ വലിയ 'സംഭവങ്ങൾ' വായിച്ചിട്ടില്ലാ എന്ന ദുഖം മനസ്സിലുണ്ടെങ്കിലും.!
  ഹാ....! ഇതിനൊന്നും വലിയൊരു ലകഷണ്മണ രേഖ ഇല്ലാ എന്നുള്ളതാണ് ആശ്വാസം.!

  ReplyDelete
  Replies
  1. വലിയ സംഭവങ്ങള്‍ താനേ വരും. വായനയെ വളര്‍ത്തുക എന്നതാണ് കാര്യം. നന്ദി മനേഷ്

   Delete
 15. ഈ പോസ്റ്റ് കൊള്ളാം, ട്ടോ സലാംജി. ഏതായാലും മിക്കവരും ചെയ്തപോലെ എന്റെ ബാല്യകാലവായനകളേക്കുറിച്ചെഴുതി എന്റെ വയസ്സുവെളിപ്പെടുത്താന്‍ ഞാനില്ല :) കൃഷ്ണന്‍നായരുടെ വാരഫലത്തിനപ്പുറം എന്റെ വായന നീണ്ടില്ല, എന്നുമാത്രം പറഞ്ഞുനിര്‍ത്തുന്നു. മലയാളത്തില്‍ വ്യക്തമായും കൃത്യമായും ശക്തമായും എഴുതാന്‍ കഴിയുമെന്ന് എന്നെ ബോധ്യപ്പെടുത്തിയത് കൃഷ്ണന്‍നായരാണെന്നതും ഓര്‍മ്മിക്കുന്നു.

  വായനയുടെ വൈവിധ്യത്തിന്റെ അഭാവത്തിന് മുഖ്യകാരണം അതിന്റെ ലഭ്യതതന്നെയാണ്. ഒന്നാലോചിച്ചുനോക്കൂ - പണ്ട് ഒരു സാരി വാങ്ങണമെങ്കില്‍ നഗരത്തില്‍ ആകെ മൂന്നോ നാലോ കടകളേ ഉണ്ടാകൂ, ഓരോന്നിലും ഏറിയാല്‍ അറുനൂറ് സാരിയുണ്ടാകും. നമുക്കുവേണ്ടയിനത്തിലുള്ളത് നൂറില്‍ താഴെയായിരിക്കും. അതുകൊണ്ടുതന്നെ ഒരു സാരിവാങ്ങുന്നതിനുമുമ്പ് മൂന്നുകടകളിലേയും എല്ലാ സാരികളും കണ്ടിട്ടേ വാങ്ങൂ. ഇന്നാണെങ്കില്‍ നൂറ്റുക്കണക്കിന് കടകളാണ്. അവയില്‍ ലക്ഷക്കണക്കിന് സാരികളും. എല്ലാത്തിലും കയറിയിറങ്ങുക പ്രായോഗികമല്ല. അതുകൊണ്ട് നമ്മള്‍ എന്തുചെയ്യുന്നു? സാരി വേണ്ടപ്പോഴെല്ലാം, ഇഷ്ടപ്പെട്ട "എല്ലാ ടൈപ്പും കിട്ടുന്ന" ഒരേകടയില്‍ത്തന്നെ നാം ചെല്ലുന്നു. ഒന്നു മാറ്റിച്ചിന്തിക്കേണ്ട ബുദ്ധിമുട്ട് നാം സ്വയം ഒഴിവാക്കുന്നു.....

  ReplyDelete
  Replies
  1. സാരിക്കടയുടെ ഉദാഹരണം apt. എന്നെ അതിശയിപ്പിച്ചത് രണ്ടു വിജയന്മാരാണ്. ഒവി വിജയന്‍ പിന്നെ എം എന്‍ വിജയന്‍. കവിതയില്‍ ചുള്ളിക്കാട്.

   Delete
 16. ഒരു പാട് പിറകോട്ടു കൊണ്ട് പോയി ഈ ലേഖനം .ബാലരമയും പൂമ്പാറ്റയുമൊക്കെ ആവേശത്തോടെ വായിക്കുന്ന ആ കാലഘട്ടം.പിന്നെ ഘട്ടം ഘട്ടമായി വായനയുടെ തലം മാറി E ലോകം വരെ എത്തി നില്‍ക്കുന്നു, വായന മരിക്കുന്നു എന്ന് പൊതുവേ പലരും പറയുന്നത് കേട്ടിട്ടുണ്ട്, എന്‍റെ അനുഭവത്തില്‍ വായന വര്‍ദ്ധിക്കുന്നു എന്നാണു. നല്ലൊരു കുറിപ്പായി ഈ പോസ്റ്റിനെ മാറ്റി നിര്‍ത്താം .

  ReplyDelete
  Replies
  1. കുറെ പേരെ സംബന്ധിച്ച് നെറ്റ് വായനയെ വളര്‍ത്തുകയാണ് ചെയ്തത് എന്ന സത്യം വീണ്ടും ഫൈസല്‍ തെലിയിക്കുന്നു. നന്ദി.

   Delete
 17. ആസ്വാദ്യകരമായ നല്ല ഒരെഴുത്ത്
  ആശംസകള്‍

  ReplyDelete
 18. എനിക്ക് അന്നും ഇന്നും രാത്രി ഒന്നൊന്നര മണിക്കൂര്‍ വായന ശീലമാണ് - അതില്‍ എല്ലാം ഉള്‍പ്പെടും ബഷീര്‍ -എം.ടി എന്നിവരുടെ എല്ലാ കൃതികളും വായിച്ചിട്ടുണ്ട് കണ്ണിന്റെ പ്രശ്നം മൂലം ഇ-വായനയും എഴുത്തും വളരെ കുറച്ചു. നല്ലൊരു ലേഖനം ഓര്‍മ്മകളെ ഒരുപാട് പുറകോട്ടു നയിചച്ചു..നന്ദി.

  ReplyDelete
  Replies
  1. e-വായന കണ്ണിനു വരുത്തുന്ന ഭാരം പ്രിന്‍റ് വായനയിലും നമ്മെ പിറകോട്ട് വലിച്ചേക്കാം. എങ്കിലും രാത്രിയിലെ കൃത്യമായ സമയം പാലിച്ചുള്ള വായന ഒരു അനുഗ്രഹം തന്നെ. നന്ദി

   Delete
 19. പണ്ട് ബന്ധു വീട്ടില്‍ ചെന്നാല്‍ കുറച്ച് നേരത്തേക്ക് നമ്മളെ ആരും കാണാറില്ല. എവിടെയെങ്കിലും പഴയ വായിക്കാത്ത ബാലരമയോ, പൂമ്പാറ്റയോ വായിച്ചിരിക്കുകയാണ് പതിവ്. ഇന്നും അതിന് മാറ്റമൊന്നുമില്ലാട്ടോ..

  ReplyDelete
  Replies
  1. വായന ശീലം ചെറുപ്പത്തിലെ കൈവരേണ്ട ഒന്നാണ് അല്ലെ.

   Delete
 20. ആദ്യകാലം യുറീക്ക ബാലരമ ബാലമംഗളം മുത്തശ്ശി മലര്‍വാടി പൂമ്പാറ്റ അമര്ചിത്ര കഥകള്‍............ പിന്നീട് കുറച്ചുകാലം പൈങ്കിളി .....ആ പഴയ കാലം ഓര്‍ത്തു പോയി...

  ReplyDelete
  Replies
  1. കാലത്തെ അടയാളപ്പെടുത്തുന്ന വായനകള്‍ വേണം

   Delete
 21. സലാംജിയോടൊത്തുള്ള ഒരു സായന്തനസവാരിക്കിടെ അദ്ദേഹത്തിന്റെ വായനയുടെ നാൾവഴികളെക്കുറിച്ച് കൗതുകപൂർവം ആരാഞ്ഞിരുന്നു. സ്വതസിദ്ധമായ വിനയം ഒരു പുഞ്ചിരിക്ക് വഴിമാറി, ആദ്യം. സ്നേഹപൂർവമായ നിർബന്ധത്തിനു വഴിപെട്ടു, പിന്നെ. അന്നു പങ്കുവെച്ചിരുന്നു, ഈ കുറിപ്പിലെ മിക്കകാര്യങ്ങളും!. ആദരവോടെ കേട്ടുനിന്നിരുന്നു വായനയുടെ വഴികളിലെ ഈ കാലൊച്ചകൾ.
  മാർക്ക് ട്വൈൻ പറഞ്ഞിട്ടുണ്ട്, "സത്യം പറയുകയാണെങ്കിൽ അത് ഓർത്തുവെക്കേണ്ട കാര്യമില്ല" എന്ന്.

  വ്യക്തിപരമായ വായനാനുഭവത്തിന്റെ ഓർമകൾ ഓളമിടുന്നു:
  അനന്തപൈയുടെ കപീഷിന്റെ നീളുന്ന വാലും, തസ്നീമും, സദാനന്ദനും ആവിഷ്കരിച്ചു മനോഹരമാക്കിയ പൂച്ചപ്പോലീസും, മായാവിയും, ഡിങ്കനും കുട്ടിക്കാലത്തെ വായനാനുഭവത്തെ കുട്ടിപ്രസിദ്ധീകരണങ്ങളിൽ തടവിലിട്ടു. പത്രവായന പതിവാക്കാൻ ഉപ്പയുടെ സ്നേഹപൂർവമുള്ള കല്പനഉണ്ടായിരുന്നു, പിന്നെ. കുനിയിലെ അരുണോദയം വായനശാലയിൽ മേശക്കൊരുവശം ഇരുന്ന് പത്രങ്ങൾ വായിക്കുന്ന ഒരു വൈകുന്നേരം, തൊട്ടടുത്ത മുറിയിൽ നിന്നും പുസ്തകങ്ങൾ കൊണ്ടുപോകുന്ന ആളുകളെകണ്ടു.വെറുതെ എത്തിനോക്കി, അകത്തേക്ക്. പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നു, ഒരുപാട്. വീട്ടിൽ ചെന്ന് വല്യുപ്പയോട് അതിനെക്കുറിച്ച് ചോദിച്ചു. പിറ്റേന്ന് തന്നെ, അവിടെ മെമ്പർഷിപ് വാങ്ങിതന്നു, വല്യുപ്പ. ബാലസാഹിത്യം സെക്ഷനിലെ വർണ്ണാഭമായൊരു പുസ്തകത്തിൽ കണ്ണുടക്കി. അത് എടുക്കട്ടെ എന്ന് ചോദിച്ചു, ലൈബ്രേറിയനോട്‌. ഇന്നും ഓർക്കുന്നു ആ പുസ്തകത്തിന്റെ പേര്. - 'രഹസ്യദ്വീപ്'. പിന്നെ വായിച്ചത്, 'മൂന്നു ഹൃദയങ്ങൾ' എന്ന അതീവഹൃദ്യമായ കൃതി. ഡിറ്റക്ടീവ് പുസ്തകത്തോടായി പിന്നീട് ആഭിമുഖ്യം. അന്നേ ആഗ്രഹിച്ചിരുന്നു, ഈ ഗ്രന്ഥാലയത്തിൽ ഒരു ലൈബ്രേറിയൻ ആയി ജോലികിട്ടിയിരുന്നെങ്കിൽ എന്ന്. ബിരുദാനന്തര വിരുതു കാലത്തൊരിക്കൽ ആ അവസരം കൈവന്നു. ഇഷ്ടമുള്ള പുസ്തകം, ഇഷ്ടമുള്ളപ്പോൾ വായിക്കാൻ പറ്റിയ സുവർണ്ണകാലം. ഗ്രന്ഥശാലാ സംഘത്തിന്റെ ഗ്രാന്റ് ലഭിക്കുമ്പോൾ കോഴിക്കോട്ടേക്ക് ഒരു യാത്രയുണ്ട്. പുസ്തകശാലകളിൽ നിന്നും ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്ന ആ യാത്രകൾ ഒരു പകൽ നീണ്ടുനില്ക്കും. വ്യത്യസ്തമായൊരു കോഴിക്കോടൻ യാത്ര.

  കലാകൌമുദിയുടെ നല്ല നാളുകളിൽ അതൊരു ഹരമായി കൂടെ ഉണ്ടായിരുന്നു. ഉത്തരേന്ത്യയിൽ പഠിക്കുമ്പോൾ കി.മീറ്ററുകൾ അകലെക്കിടക്കുന്ന റെയിൽവേ സ്റ്റേഷനിലേക്ക് ചെല്ലുമായിരുന്നു എല്ലാ ആഴ്ചകളിലും ഒരിക്കൽ. റെയിവേ സ്റ്റേഷനിലെ പുസ്തകക്കടയിൽ നിന്നും കലാകൌമുദിവാങ്ങാനായിരുന്നു ആ യാത്രകൾ.

  വി.ടി.ഭട്ടതിരിപ്പാടിന്റെ ആദ്യത്തെ വായനാനുഭവം 'കണ്ണീരും കിനാവിലും' അദ്ദേഹം വിവരിച്ചത് ഓർക്കുന്നു. അദ്ദേഹം ഒരു മരച്ചുവട്ടിൽ ഇരിക്കവേ, ഒരു തെയ്യാടി പെണ്‍കുട്ടി അദ്ദേഹത്തെ സമീപിച്ച് ഗൃഹപാഠം ചെയ്യുന്നതിന് സഹായിക്കുമോ എന്നഭ്യർഥിച്ചു. ഹോം വർക്ക് ചെയ്യാഞ്ഞാൽ ടീച്ചർ വഴക്ക് പറയും. അക്ഷരാഭ്യാസമില്ലാത്ത വി.ടി.ക്ക് കുട്ടിയുടെ നോട്ടുപുസ്തകത്തിലെ അക്ഷരങ്ങൾ 'കുനിയൻ ഉറുമ്പ്'പോലെയാണ് തോന്നിയത്! പരിഹാസ്യമായ ആ അവസ്ഥ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. പിന്നീട് ആ കൊച്ചുപെണ്കുട്ടിക്ക് ശിഷ്യപ്പെട്ട് അദ്ദേഹം അക്ഷരജ്ഞാനം കൈവരിക്കാൻ ശ്രമം തുടങ്ങി. ഒരുദിവസം വീട്ടിലെ മേപ്പടിക്കുണ്ടിൽ ശർക്കര പൊതിഞ്ഞുകൊണ്ടുവന്ന ഒരു പത്രക്കടലാസിന്റെ കഷ്ണം അദ്ദേഹം എടുത്തുനോക്കി. അതിൽ ഒരു മാനിന്റെ ചിത്രം കണ്ടു, താഴെ ഉള്ള വരികൾ അദ്ദേഹം ശ്രമപ്പെട്ട്‌ വായിച്ചു, "മാൻ മാർക്ക് കുടകൾ" എന്നായിരുന്നുവത്രേ അതിൽ എഴുതിയിരുന്നത്. അക്ഷരം കൂട്ടിവായിക്കാൻ കഴിഞ്ഞ ആ അസുലഭമുഹൂർത്തത്തിലെ അതിരുകൾ ഭേദിച്ച സന്തോഷം വി.ടി. ഏറെ ഹൃദ്യമായിട്ടാണ് വിവരിച്ചിട്ടുള്ളത്.

  പുസ്തക വായനയുടെ സുഖം ഇലക്ട്രോണിക് വായന നല്കുന്നില്ല എന്നത് അനുഭവമാണ്. പുസ്തകത്തിന്റെ മണവും, പുസ്തകത്താളുകൾ മറിക്കുമ്പോൾ കേൾക്കുന്ന സ്വരവും, കണ്ണീരിൽ കുതിർന്നു പേജുകൾ നുരുമ്പിപ്പോകുന്ന അനുഭവവും ഡിജിറ്റൽ അക്ഷരങ്ങൾ നല്കുന്നില്ല.

  നന്ദി, സലാംജി. ഗതകാലത്തിൽ നിന്നും പുതിയ കാലത്തേക്ക് ഒരു വായനാ യാത്ര നടത്തിയതിനു. ആശംസകൾ.

  ReplyDelete
  Replies
  1. വായനക്ക് ആത്മാവിനെ തന്നെ സമര്‍പ്പിച്ച രണ്ടു പേരെ എനിക്കറിയാം. അതില്‍ ഒരാള്‍ ഈ നൌഷാദ് ആണ്. ഇത്രയൊന്നും dedication കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഈ കമന്‍റില്‍ തന്നെ തെളിയുന്ന താങ്കളുടെ പരന്ന വായന, പിന്നെ യാത്രകളും എന്നെ അസൂയപ്പെടുത്തുന്നുണ്ട്. വിശദമായ പങ്കു വെയ്ക്കലിനു നന്ദി.

   Delete
 22. വായനയുടെ ആദ്യ ഓർമ്മകൾ പണ്ടത്തെ സോവിയറ്റ് റഷ്യയിൽ നിന്നും വരുന്ന കട്ടിയുള്ള പേജും മിഴിവുള്ള ചിത്രങ്ങളുമുള്ള കുഞ്ഞ് പുസ്തകങ്ങളാണു. വായിക്കാൻ അറിയില്ലേലും അതും പിടിച്ചിരിക്കാം. വലുതായപ്പൊ മനോരമയായി, അന്ന് നല്ല കഥകൽ വന്നിരുന്നു, പിന്നെ മനോരമയിലെ വരകൾ കോട്ടയം ലൈനായപ്പൊ അതും നിന്നു. മുട്ടത്ത് വർക്കിയുടെ നോവലുകൾ കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അന്നൊന്നും അത് കിട്ടിയില്ല. പിന്നെ കിട്ടിയപ്പൊഴേക്കും ആ കമ്പം പോയി എന്റെ വായനയും മാറിപ്പോയിരുന്നു. ഹോസ്റ്റലിൽ ബുക്സിനിടയിൽ വെച്ച് മിത്സ് ആൺദ് ബൂൺ വായിച്ച് അർമാദിച്ചിരുന്നു സിസ്റ്ററമ്മ കാണാതെ അന്നൊക്കെ. ഇപ്പൊ എല്ലാരും പറഞ്ഞ പോലെ എന്റെ വായനയും ഏറെക്കുറെ നിന്നിരിക്കുന്നു. തിരിഛ് പിടിക്കണം എനിക്കത്.

  നല്ല ലേഖനം .അഭിനന്ദങ്ങൾ സലാം ജി.

  ReplyDelete
  Replies
  1. മനോരമ വാരിക ആണ് കാണുമ്പോള്‍ വേറെ ഒരു ഫീലിംഗ് തന്നെയായിരുന്നു. മനോരമ മാറിയതാണോ നമ്മള്‍ മാറിയതാണോ എന്നറിയില്ല. മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി വായിച്ചിട്ടുണ്ട്. വായന തിരിച്ചു പിടിക്കുക തന്നെ വേണം, നെറ്റ് എടുക്കും മുന്‍പ്.

   Delete
 23. ഓർമ്മകളെ പൊടിതട്ടിയെടുത്തു.., ചെറുപ്പത്തിലെ വായനയും വായനകളിൽ വന്നുപോയ മാറ്റങ്ങളും പിന്നീട് പ്രവാസി ആയതോടെ പുസ്തകങ്ങൾ ലഭ്യമല്ലാതാവുകയും വാ‍യന വെബ് വേർഷനിലേക്ക് മാറ്റപെടുകയും ചെയ്തതോടെ തിരിച്ചുപിടിക്കാനാവാത്ത നിലയിൽ പ്രവാസ ലോകത്ത് വായനയുടെ ട്രാക്ക് വളരെ മാറിപോയിരിക്കുന്നു.. സത്യം!

  ReplyDelete
  Replies
  1. പ്രവാസ ലോകത്തുള്ള വായനയും നാട്ടിലില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഈ സ്കൂള്‍ മാഷന്മാരൊക്കെ നന്നായി വായിക്കുന്നവരാണ് എന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. പിന്നെ നന്നായി വായിക്കുന്ന ഒരു മാഷ്‌ തന്നെ പറഞ്ഞപ്പോഴാണ് അറിഞ്ഞത് അത് അവരെക്കുറിച്ച് അറിയാത്തത് കൊണ്ട് തോന്നുകയാനെന്ന്. പ്രവാസികള്‍ അവരെക്കാള്‍ മെച്ചമാണെന്ന് പിന്നെ തോന്നാന്‍ തുടങ്ങി.

   Delete
 24. നാലു വരി പോസ്റ്റുകളിൽ നിന്ന് മാറി ബ്ലോഗിലേക്ക്
  വീണ്ടും ഒന്ന് വന്നതിനു ആദ്യമേ ഒരു സലാം...

  പഴയ ഓർമകളോടൊപ്പം ഒരല്പം കുറ്റ ബോധം കൂടി
  സമ്മാനിച്ചു ഈ വായന..
  അല്പം ആലങ്കാരികം ആക്കിയാൽ എന്റെ ഓര്മയിലെ
  ആദ്യ വായന തല കുത്തി നിന്ന് ആയിരുന്നു..സ്കൂളിലേക്ക് പോകും വഴി പത്രത്തിന്റെ മുന് പേജ് വായിക്കുന്ന മുതിർന്നവരുടെ അടുത്ത്
  നിന്ന് പിറകിലെ പേജിലെ ഫാൻറം വായിക്കാനുള്ള തത്രപ്പാട് പലപ്പോഴും അങ്ങനെ ആയിരുന്നു.അവർ പത്രം തിരിക്കുന്നതിനു
  അനുസരിച്ച് ഞങ്ങൾ കുട്ടികൾ പല പോസിലും ശരീരം അതിനൊപ്പിചു അഡ്ജസ്റ്റ് ചെയ്തു വായിക്കും.പിന്നെ അകത്തെ പേജിലെ ടാർസൻ കാണാനുള്ള കാത്തിരുപ്പ്.ചിലപ്പോ അതിനിടക്ക് രണ്ടാമത്തെ ബെല്ല് അടിക്കുന്ന കേട്ട് വേഗം ഓരോട്ടവും.....

  ആദ്യ കാല വായനകൾ മുട്ടത്തു വര്ക്കിയും മാത്യു മറ്റവും കോട്ടയം
  പുഷ്പനാഥും,ബാറ്റൻ ബോസും,വേളൂർ കൃഷ്ണൻ കുട്ടിയും ഒക്കെ
  കവര്ന്നെങ്കിലും പിന്നെ ഗ്രാമത്തിലെ ഒരു കൊച്ചു library യിൽ നിന്നും കൂടുതൽ അകലേക്ക്‌ പുസ്തകങ്ങള തേടി സൈക്കിൾ ചവുട്ടി അലഞ്ഞത്‌ കുറേക്കൂടി വിപുലം ആയ വായനകൾ തന്നു....

  ഇപ്പോൾ അവസരങ്ങൾ കൂടിയപ്പോൾ പിന്നെ ആവട്ടെ എന്ന മടി വായനയെ അവഗണി ക്കുന്നോ എന്ന കുറ്റ ബോധവും..നന്നായി സലാം. ഈ പോസ്റ്റിനു പ്രത്യേകം നന്ദി.... .

  ReplyDelete
  Replies
  1. ഈ കൂട്ടത്തിലെ നര്‍മ്മം നിറഞ്ഞ കമന്റ് വിന്‍സെന്റിന്‍റെതു തന്നെ. സത്യം. ഞാന്‍ അങ്ങിനെ ചാഞ്ഞും ചെരിഞ്ഞും യോഗാസനത്തിലെന്ന പോലെ വായിച്ചിട്ടുണ്ട്. മനോരമ പത്രത്തിലെ ഫാന്‍റം, മാണ്ട്രെക്ക് ഒക്കെ തന്നെ. പോസ്റ്റ്‌ എഴുതുമ്പോള്‍ ഓര്മ വന്നിരുന്നെങ്കില്‍ ഞാന്‍ ഇത് ചേര്‍ക്കുമായിരുന്നു. cheers.

   Delete
  2. hum..enikku post idaan inspiration avunnundu ketto.:)

   Delete
  3. എങ്കില്‍ ഈ പോസ്റ്റും ഇവിടെ അഭിപ്രായം പറഞ്ഞവരും ധന്യരാവും. വേഗം പോസ്റ്റ്‌ ഇടുക.

   Delete
 25. പൂമ്പാറ്റ,ബാലരമ,അമര്‍ചിത്രകഥകള്‍
  സി ഐ ഡി മൂസ,ഫാന്‍റം,ഇരുമ്പ്കൈ മായാവി മുഴുനീള ചിത്രകഥകള്‍.
  സ്ഥിരമായി ഫലിതബിന്ദുക്കള്‍ എഴുതിയിരുന്ന ജേഷ്ടന്‍ വീട്ടില്‍ മനോരമയും,ഉറച്ച ലീഗുകാരനായ
  വാപ്പ ചന്ദ്രികയും വരുത്തിയിരുന്നു.
  മംഗളം അന്നത്ര പോപ്പുലര്‍ ആയിരുന്നില്ല. അതുകൊണ്ട് തന്നെ മനോരമയുടെ നിലവാരം തറയിലെത്തിയിരുന്നുമില്ല.
  പിന്നീട്,മുട്ടത്തുവര്‍ക്കിയുടെ കണ്ണീര്‍ചാലുകളില്‍ ഗതിതെറ്റിയൊഴുകുമായിരുന്ന എന്‍റെ വായനയെ ഒരൊറ്റ പുസ്തകം കൊണ്ട്
  നല്ലവായനയുടെ സര്‍ഗ്ഗപ്രവാഹത്തിലേക്ക് നയിച്ച സ്കൂള്‍ ലൈബ്രേറിയന്‍ കൂടിയായ റസാഖ് മാസ്റ്റര്‍.
  എവെറസ്റ്റ്‌ പര്‍വ്വതാരോഹകാരുടെ വഴികാട്ടിയായ ഒരു ഷെര്‍പ്പയുടെ ആത്മകഥയായിരുന്നു ആ പുസ്തകം.
  സകലകലയിലും, ശരാശരിയിലും താഴെ നിലവാരമുള്ള ഒരു ഏഴാം ക്ലാസ്സുകാരന്‍റെ കപ്പാസിറ്റിക്കൊതുങ്ങാത്ത ഉള്ളടക്കം.
  ആ വായനാനുഭവം സമ്മാനിച്ച വിചിത്രമായ ഒരാസ്വാദ്യതയിലൂടെ പിന്നീട് ബഷീര്‍ എംടി തകഴി...സ്വാഭാവികം .
  പ്രഭാത് ബുക്ക് ഹൌസിന്‍റെ വിലക്കുറവില്‍ ലഭ്യമാകുന്ന സോവിയറ്റ്കൃതികള്‍...
  മാഷ്‌ തന്നെ ലൈബ്രേറിയന്നായ യംഗ്മെന്‍സ് ലൈബ്രറിയില്‍ നിന്നും,
  തീക്ഷ്ണമായ കൌമാരത്തില്‍ വിജയനും മുകുന്ദനും,പുനത്തിലും,പമ്മിപമ്മി പമ്മനും..
  സുഭഗമായൊരനുഭൂതിയില്‍ രാധാകൃഷ്ണനും സേതുവും
  ജീവനില്‍ തൊട്ട് എന്‍പിയും ഖാദറും...
  കൂട്ടുകാരന്‍ ഫോട്ടോഗ്രാഫര്‍ ലെന്‍സ്മാന്‍ സിറാജാണ് മാജിക്കല്‍ റിയലിസത്തിന്‍റെ നൂതനാനുഭവങ്ങലിലേക്ക് നിഷ്കരുണം വലിച്ചിഴച്ചത്,
  അങ്ങിനെ മാര്‍ക്വേസും.

  ചിലരെ ചില പ്രായങ്ങളില്‍ തന്നെ വായിക്കണം.
  ബഷീറും എംടിയും കൌമാരത്തിന്‍റെ തുടക്കത്തിലും
  വിജയനും മുകുന്ദനും അതിന്‍റെ അവസാനഘട്ടത്തിലും
  ആനന്ദിനെ യുവത്വത്തിന്‍റെ തുടക്കത്തിലും.
  പിന്നെ,കാലഭേദമില്ലാതെ പുനര്‍വായനയും..

  വായനയുടെ പരിണാമത്തെക്കുറിക്കുന്ന ഈ പോസ്റ്റ്‌ ഏറെക്കാലമായി നിലച്ചുപോയ എന്‍റെ വായനാതാല്പര്യങ്ങളെ ഉദ്ദീപിപ്പിക്കുന്നു.

  നന്ദി സലാം .

  ReplyDelete
  Replies
  1. വായാനാ വൈവിധ്യത്തില്‍ അഷ്‌റഫ്‌ എന്നെക്കാള്‍ ഏറെ മുന്‍പിലാണെന്നതിന് ഈ കമന്റ് സാക്ഷി. നൌഷാദിന്റെ ക്ലാസ്സില്‍ ആണ് എന്ന് തോന്നുന്നു. എന്‍റെ വായന താങ്കളോടുപമിച്ചാല്‍ വളരെ കുറവാണ്. ആംഗലേയ നോവലുകള്‍ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ മലയാളം വളരെ കുറഞ്ഞു പോയി. ഇപ്പോള്‍ അതും ഇല്ല. പത്ര മാധ്യമങ്ങള്‍ കുറച്ചു നോക്കും. എങ്കിലും സെലക്ക്റ്റിവ് ആയി രണ്ടു ഭാഷയിലും വായനയെ തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമത്തിലാണ്. വിജയനെയും ബഷീറിനെയും ഏതു പേജില്‍ നിന്നും അല്‍പമെടുത്തു വായിച്ചാലും ആവര്‍ത്തനമാണെങ്കിലും മടുപ്പ് വരുന്നില്ല എന്നത് ഇന്നും സത്യമാണ്. ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി.

   Delete
 26. ഇവിടുത്തെ കമന്റുകളിലൂടെ കണ്ണോടിച്ചാല്‍ തന്നെ മനസ്സിലാവും നമ്മുടെ വായനാ ശീലത്തിലെ സമാനതകള്‍. എല്ലാവര്‍ക്കും ധാരാളം പറയാനുണ്ട്.മിക്ക പേരുടേയും അനുഭവം ഒന്നു തന്നെയാണ്. ചെറുപ്പത്തില്‍ തന്നെ എന്തെങ്കിലും വായിച്ചു ശീലിച്ചാല്‍ അതിന്റെ ഗുണം പില്‍ക്കാലത്ത് കിട്ടിയിട്ടുമുണ്ട്. ആദ്യമായി വായിച്ച കുട്ടികളുടെ മാസിക “ചിലമ്പൊലി” യാണ്. അതു തപാലില്‍ വരുത്തുകയായിരുന്നു.അന്നൊക്കെ അതിനുള്ള പണം കണ്ടെത്താന്‍ തന്നെ ബുദ്ധി മുട്ടായിരുന്നു. എന്നാലും ഓരോ മാസവും അതു പോസ്റ്റുമാന്‍ കൊണ്ടു വന്നു തരുമ്പോഴുണ്ടായിരുന്ന ആ അനുഭൂതി വിവരിക്കാന്‍ പ്രയാസം.അതുപോലെ മലയാള മനോരമ ആഴ്ചപ്പതിപ്പിനു 13 പൈസ സ്വരൂപിച്ച് വാങ്ങിയിരുന്ന കാര്യം ഓര്‍മ്മ വരുന്നു. അതിലെ ഫലിത ബിന്ദുക്കളും ബോബനും മോളിയും പിന്നെ നീണ്ട കഥകളും അതിനു യോജിച്ച രംഗങ്ങള്‍ അഭിനയിച്ചെടുത്ത ഫോട്ടോകളും അവസാനം കഥ തീരുമ്പോള്‍ അഭിനയിച്ചിരുന്നവരുടെ ഫോട്ടോകളും എല്ലാം ഓര്‍മ്മകള്‍.... സ്ക്കൂള്‍ വിട്ട് വീട്ടിലേക്കുമടങ്ങുമ്പോള്‍ കോട്ടക്കല്‍ ലോക്കല്‍ ലൈബ്രറി വഴി മടങ്ങിയിരുന്നതും അവിടുന്നു കിട്ടാവുന്ന മലയാളം ഇംഗ്ലീഷ് മാസികളും വാരികളും വായിച്ചതും ഒന്നും മറക്കാന്‍ കഴിയില്ല. മാതൃഭൂമിയും ,ജനയുഗവും ,ഇല്ലസ്ട്രേറ്റഡ് വീക്ക് ലിയും,സ്പോര്‍ട്ട്സ് വീക്കും അങ്ങിനെയെന്തെല്ലാം..പക്ഷെ ഇന്നു സൌകര്യങ്ങള്‍ വളരെയധികം കൂടിപ്പോയി. വിവര സാങ്കേതിക വിദ്യ വളര്‍ന്നു . പണം മുടക്കാതെ തന്നെ പലരും പറഞ്ഞു പോലെ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ധാരാളം പുസ്തകങ്ങള്‍ പണം മുടക്കാതെ തന്നെ വിരല്‍ തുമ്പില്‍ കിട്ടിത്തുടങ്ങി. ഞാനും ആടു ജീവിതം വായിച്ചത് അങ്ങിനെയാണ്. നമ്മള്‍ ഈ സൌകര്യങ്ങള്‍ വേണ്ട തരത്തില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം.പ്രത്യേകിച്ചു പുതിയ തലമുറയില്‍ പെട്ടവര്‍ക്കു ഇതിനൊന്നും സമയമില്ല.എന്നാല്‍ പാഴാക്കാന്‍ ഇഷ്ടം പോലെ സമയമുണ്ട് താനും. എന്റെ അഭിപ്രായത്തില്‍ എന്റെ തലമുറയില്‍ പെട്ട ആളുകളാണ് ഇന്നത്തെ ഈ സൌകര്യങ്ങള്‍ കുറച്ചെങ്കിലും നന്നായി ഉപയോഗീക്കുന്നത്.വിരലില്‍ എണ്ണാവുന്നവര്‍ മത്രമേ ഈ കൂട്ടത്തില്‍ പെടൂ എന്നതു മറ്റൊരു കാര്യം. ചെറുപ്പത്തില്‍ വൈക്കം മുഹമ്മദു ബഷീറിനേയും എം.ടിയേയും ,തകഴിയെയും ആസ്വദിച്ചിരുന്ന പോലെ തന്നെ പുതിയ എഴുത്തുകാരെയും ബ്ലോഗിനേയും സോഷ്യല്‍ നെറ്റു വര്‍ക്കിനേയും ആസ്വദിക്കാന്‍ എനിക്കു കഴിയുന്നു. ഓരോ സൌകര്യവും നമ്മള്‍ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതെല്ലാം.എന്തു കൊണ്ടും വളരെയധികം ചിന്തിക്കാനും അനുഭവങ്ങള്‍ പങ്കു വെക്കാനും സലാമിന്റെ ഈ പോസ്റ്റ് ഉപകാരപ്പെട്ടു എന്നു പറയുന്നതില്‍ ഏറെ സന്തോഷമുണ്ട്.

  ReplyDelete
  Replies
  1. മനോരമ ആഴ്ചപ്പതിപ്പിലെ പി.കെ രാജന്റെ ചിത്രങ്ങളും മാതൃഭൂമിയിലെ എ.എസ്. നായരുടെയും നമ്പൂതിരിയുടെയും വരകളും, പി.കെ മന്ത്രിയുടെയുടെയും ടോംസിന്റെയും ശങ്കറുടെയും കാര്‍ട്ടൂണുകളും ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്.അബു ഏബ്രഹാമിനെയും ഓര്‍ക്കുന്നു.ചിലമ്പൊലി എന്ന കുട്ടികളുടെ മാസികയില്‍ ചിത്രങ്ങള്‍ വരച്ചിരുന്ന തോമസിനെയും മറക്കാന്‍ കഴിയില്ല. ചെറുപ്പത്തില്‍ ചിത്ര കലയോടുള്ള വാസനയാവാം ഇവരെയൊക്കെ ഇന്നും ഓര്‍ക്കാന്‍ കാരണം.

   Delete
  2. തീര്‍ച്ചയായും ചെറുപ്പത്തിലെ വായന ശീലിച്ചവര്‍ അത് തുടര്‍ന്നും നിര്‍ത്താതെ തന്നെ മുന്നോട്ടു പോവും. ഏറ്റക്കുറച്ചിലുകള്‍ കണ്ടാലും. മുഹമ്മദ്‌ കുട്ടി സാഹിബിനു ചെറുപ്പം തൊട്ടേ സമ്പന്നമായ ഒരു വായന ശീലം ഉണ്ട് എന്നാണ് മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെ നെറ്റിനെയും പരമാവധി ആ രീതിയില്‍ തന്നെ ഉപയോഗിക്കാന്‍ കഴിയുന്നു. പുതിയ തലമുറ ഇതിനെ അധികവും ഗയിം കളിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. വായനയിലും എഴുത്തിലും വരയിലും ഒരുപോലെ നിറയാന്‍ മനസ്സുള്ള മുഹമ്മദ്‌ കുട്ടി സാഹിബിന്‍റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കല്‍ മനസ്സിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു.

   Delete
 27. പോസ്റ്റ് അതീവ ഹൃദ്യം.. പോസ്റ്റിനെ അതിശയിപ്പിക്കുന്ന മറുപടികള്‍ അതിലും ഹൃദ്യം.. ആകെപ്പാടെ സന്തോഷമായി..

  ReplyDelete
  Replies
  1. നന്ദി എച്മുകുട്ടി. ഇതിനകം തന്നെ അച്ചടി മാധ്യമങ്ങളില്‍ താരമായിത്തീര്‍ന്ന എച്മുവിന്‍റെ ഈ വായന എന്നെയും സന്തോഷിപ്പിക്കുന്നു.

   Delete
 28. നല്ലൊരു പോസ്റ്റ്‌.ഇപ്പോള്‍ ഈ-വായനയില്‍ അക്ഷരങ്ങള്‍ക്കും എനിക്കും ഇടയില്‍ ആരോ ഉള്ളതുപോലെ. നേരിട്ട് പുസ്തകം മറയ്ക്കുമ്പോള്‍ ഉണ്ടായ സുഖം, ആ ഗന്ധം അതില്ല.

  ReplyDelete
  Replies
  1. പുസ്തകങ്ങള്‍ പഴയ തലമുറയുടെ ഒരു ഗ്രഹാതുരത്ത്വം മാത്രമാവുന്ന നാളുകള്‍ അടുത്തു എന്ന് തോന്നുന്നു.

   Delete
 29. എത്താന്‍ വൈകി. ആയതിനാല്‍ കമന്റ്‌ ആയി കുറിക്കാന്‍ കരുതിയതെല്ലാം ആദ്യം വന്നവര്‍ കുറിച്ചിട്ടു. ഇനി അത് തന്നെ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. വളരെ മികച്ച ഒരു പോസ്റ്റ്‌. വായിച്ചവരെല്ലാം വളരെ പക്വതയോടെ വിലയിരുത്തിയ ബൂലോകത്തെ ചുരുക്കം ചില ബ്ലോഗ്‌ പോസ്റ്റുകളില്‍ ഒന്ന്. കൊടിയ ദാരിദ്ര്യം വാണിരുന്ന ഒരു കുടുംബാംഗമാണ് ഞാന്‍ . ആയതിനാല്‍ സ്കൂള്‍ പുസ്തകങ്ങള്‍ വരെ മറ്റു വല്ലവരുടെ പഴയതും അന്വേഷിച്ചായിരുന്നു പഠനം. അടുത്ത വീട്ടില്‍ വരുത്തുന്ന പേപ്പറും വാരികകളും അവരുടെ തിണ്ണയിലിരുന്നു വായിക്കുമായിരുന്നു. ഹൈസ്കൂള്‍ കാലത്ത് അത് പെരിങ്ങോട്‌ ഗ്രാമീണ വായനശാലയിലെക്കും അവിടെ നിന്ന് കോളേജ് ലൈബ്രറികളിലേക്കും വളര്‍ന്നു. പക്ഷെ അഷ്ടിക്കായുള്ള അലച്ചിലില്‍ മുംബയില്‍ എത്തിയതോടെ വായനയും അന്യം നിന്നു എന്ന് പറയുന്നതാവും ശരി. പിന്നെ വായന തുടങ്ങുന്നത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ബൂലോകത്ത് വന്നതോടെയാണ്. സത്യം പറഞ്ഞാല്‍ പലപ്പോഴായി ശേഖരിച്ച കുറേ പുസ്തകങ്ങളില്‍ പലതും ഇനിയും വായിക്കാന്‍ ബാക്കി കിടക്കുന്നു. ആ കുറവ് കാര്യമായി എന്റെ എഴുത്തുകളിലും കാണാം. ആയതിനാല്‍ തുടര്‍ച്ചയായ വായന കൂടിയേ തീരൂ. സലാമിന്റെ ഈ പോസ്റ്റ്‌ നല്ല ചില ഓര്‍മ്മകള്‍ പങ്കിടലായി. വായന വളരട്ടെ... ആശംസകള്‍

  ReplyDelete
  Replies
  1. കടമെടുത്താണെങ്കിലും വേണുഗോപാലിന്‍റെ ആ വായനകളില്‍ ഹൃദയമുണ്ടായിരുന്നു എന്നതിന് തെളിവാണ് താങ്കള്‍ ഇന്ന് എഴുതുന്ന മികച്ച കഥകള്‍. നന്ദി

   Delete
 30. അക്ഷരപ്പൂക്കളുടെ വസന്തവും ശിശിരവും.

  സലാമിന്റെ കുറിപ്പിന്റെ ശീർഷകം അർത്ഥവത്താണ്. ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾക്കൊപ്പം മാറുന്ന വായനയുടെ ഋതുക്കൾ…..

  ബന്ധുവായ പലചരക്ക് കച്ചവടക്കാരന്റെ കടയിൽ പലവ്യഞ്ജനസാധനങ്ങൾ പൊതിഞ്ഞുകൊടുക്കാനായിവന്നെത്തുന്ന പഴയ പത്രമാസികകളുടെ വൻശേഖരത്തിൽ പരതി “പൂമ്പാറ്റ” തുടങ്ങിയ ബാലസാഹിത്യപ്രസിദ്ധീകരണങ്ങൾ കണ്ടെടുത്ത് വീട്ടിൽ കൊണ്ടുപോയി വായനാസഞ്ചാരത്തിന്റെ ആദ്യകാൽ വെയ്പ്പുകൾ നടത്തി.
  ബാലസാഹിത്യങ്ങൾ ലഭ്യമല്ലാത്ത അവസ്ഥയിൽ, ശേഖരത്തിൽ ധാരാളമായി കാണപ്പെട്ടിരുന്ന പ്രചുരപ്രചാരമില്ലാത്ത പല പ്രാദേശിക പ്രസിദ്ധീകരണങ്ങളിലേക്കും പിന്നെപ്പിന്നെ മനോരമ വാരികയിലേക്കും വായന പടർന്നു.
  പിന്നെ വായനാതൽപ്പരരും അദ്ധ്യാപകരുമായ കസിൻസ് ദൂരെയേതോ ലൈബ്രറിയിൽ നിന്ന് അവരുടെ വീടുകളിൽ കൊണ്ടുവന്ന് വെയ്ക്കുന്നിടത്ത്നിന്നും നോവലുകൾ “ചൂണ്ടീ” തിടുക്കത്തിൽ വായിച്ചുതീർത്ത് തിരികെ കൊണ്ടുവെയ്ക്കൽ….
  എന്റെ വായനാജ്വരം തിരിച്ചറിഞ്ഞ പ്രിയപ്പെട്ട വെണുഗോപാലൻ അദ്ദേഹത്തിന്റെ വായന കഴിഞ്ഞാൽ എനിക്ക് കൈമാറിയിരുന്ന മലയാളനാട് വാരികയും കുങ്കുമം വാരികയും…….
  ഗ്രാമീണവായനശാലയിൽ ചെന്നിരുന്നു ആഹരിച്ചിരുന്ന മാതൃഭൂമി, കലാകൗമുദി വാരികകൾ…
  തുടർന്ന് വായനശാലയിൽ അംഗത്വമെടുത്ത് കിട്ടാവുന്ന പുസ്തകങ്ങളൊക്കെ വായിച്ചുകൂട്ടിയ വായനയുടെ പുഷ്ക്കലകാലം…
  സെലക്റ്റീവായ വായന ഒരുകാലത്തും ഉണ്ടായിരുന്നില്ല. കയ്യിൽ കിട്ടുന്നതെന്തും വായിക്കുക എന്നതായിരുന്നു ശീലം.
  കുടുംബവും കുട്ടികളുമൊക്കെയായി നിത്യനൈമിത്തികങ്ങളുടെ തിരക്കേറിയേറിവന്നതോടെ വായനയിൽ അറിയാതെ മാന്ദ്യം വന്നു.
  ആഗ്രഹിക്കുന്ന വിധത്തിൽ ഏകാഗ്രമായ വായന ഏറെക്കാലമായി ഏറെക്കുറെ അസാദ്ധ്യം തന്നെയായി.


  വായനയുടെ നാൾവഴികൾ അളന്ന് അനുഭവങ്ങളുടെ ഒറ്റയടിപ്പാതയിലൂടെ ഒന്ന് തിരിഞ്ഞുനടക്കാൻ ഉൾപ്രേരണതന്ന കുറിപ്പിന് സലാമിന് നന്ദിയോതട്ടെ.

  ReplyDelete
  Replies
  1. ഉസ്മാന്‍ സാഹിബിന്‍റെ കവിതകളിലും ലേഖനങ്ങളിലും കണ്ടു വരുന്ന അതിശയിപ്പിക്കുന്ന പദസമ്പത്ത് താങ്കളുടെ പുഷ്ക്കലമായ ഒരു പൂര്‍വ്വ വായനക്കാലത്തെ തെളിയിച്ചു കാണിച്ചു തരുന്നുണ്ട്. പറഞ്ഞു തുടങ്ങിയതും അവസാനിപ്പിച്ചതും പോലെ കടം കൊണ്ട വായനകള്‍ ഏറെപ്പേരെയും നല്ല ബൌദ്ധികവിശപ്പുള്ളവരാക്കി ഒരു കാലത്ത് എന്നത് തന്നെ നേര്. അത് തുടര്‍ന്നു നില നിര്‍ത്താന്‍ ശ്രമിച്ചാല്‍ കഴിയാതിരിക്കില്ല.

   Delete
 31. സ്കൂള്‍ പഠനസമയത്ത് സ്കൂള്‍ ലൈബ്രറിയില്‍ നിന്ന്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നു രാത്രി ഭക്ഷണം കഴിയുമ്പോള്‍ വായന തുടങ്ങും. വായിക്കുന്നത് അച്ഛനും അമ്മയും മാറി മാറിയാണ്. ഞങ്ങള്‍ മക്കള്‍ എല്ലാവരും അതു കേട്ടിരിക്കും. മുട്ടത്ത് വര്‍ക്കിയും കാനവും തന്നെയായിരുന്നു ഹീറോകള്‍ . ഞങ്ങള്‍ മക്കളില്‍ പലരും പലപ്പോഴായി പല ഭാഗങ്ങള്‍ എത്തുമ്പോള്‍ ആ കഥയില്‍ ലയിച്ചിരിക്കുന്നതിനാല്‍ കരയുന്ന സംഭവങ്ങള്‍ നിത്യസംഭവമായിരുന്നു. മിക്കവാറും കരച്ചിലിന്റെ തോത് കൂടുമ്പോള്‍ അന്നത്തെ വായന അവസാനിപ്പിക്കുകയാണ് പതിവ്. അതേത്തുടര്‍ന്നാണ് ലൈബ്രറിയുമായി ബന്ധപ്പെടുന്നത്. ആ ബന്ധം ഇപ്പോഴും തുടരുന്നു. ലൈബ്രറിയും വളരെ നല്ല നിലയില്‍ ഇപ്പോഴും ഈ ഗ്രാമത്തില്‍ തുടരുന്നു.

  വളരെ നല്ലൊരു ലേഖനമായി സലാം ഭായി.
  എനിക്ക് തോന്നുന്നത് അജിത്തേട്ടന്‍----- ---_____ സൗകര്യങ്ങളും ലഭ്യതയും കൂടുമ്പോള്‍ മൂല്യം കുറയുന്നു എന്ന പൊതുതത്വം ഇവിടെയും ബാധകമാണ്.____പറഞ്ഞതാണ് പ്രധാനമായ സംഭവം എന്നാണ്. കൊച്ചുകൊച്ചീച്ചിയും അജിതേട്ടനും സൂചിപ്പിച്ച അഭിപ്രായങ്ങളോട് ഒട്ടിനില്‍ക്കാനാണെനിക്കിഷ്ടം.

  ReplyDelete
 32. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ബാലമാസികകളും പൈങ്കിളികളും നോവലുകളും വായിച്ചു തള്ളിയത്, പിന്നെ മാതൃഭൂമി, കലാകൌമുദി വാരികകളിലേക്ക് മാറിയത് ഇപ്പോള്‍ അതൊക്കെ നിന്നു, ന്നാലും സ്‌കൂളില്‍ കുട്ടികളുടെ അടുത്ത് ബാലാമാസികകള്‍ കാണുമ്പോള്‍ കൌതുകത്തോടെ മറിച്ചുനോക്കും ..

  ReplyDelete
 33. അച്ഛന്‍ പറഞ്ഞു തന്ന കഥകളില്‍ നിന്നും സ്വന്തമായി കഥ വായിച്ച് രസിച്ചു തുടങ്ങിയ അവസ്ഥയിലേക്കുള്ള മാറ്റം എന്നായിരുന്നെന്ന് ഓര്‍മയില്ല. ഓം ഹ്രീം കുട്ടിച്ചാത്താ പറഞ്ഞാല്‍ മായാവി വരുമോയെന്നുള്ള പരീക്ഷണങ്ങളും ഒരു കാലത്തുണ്ടായിരുന്നു. ബോബനും മോളിയും വായിച്ച്പ ഇതില്‍ എവിടെയാ ചിരിക്കെണ്ടാതെന്ന സംശയവും മാറാന്‍ കുറെ കാലംപിടിച്ചു.പത്രക്കാരനെ വളരെ പ്രതീക്ഷയോടെ കാത്തിരുന്നു ഒടുവില്‍ ഇന്ന് ബാലരമ വന്നില്ലയെന്നൊക്കെ കേട്ടാല്‍ എന്ത് നിരാശയായിരുന്നു. അതില്‍ നിന്നും ഈ ആഴ്ച്ചപ്പതിപുകളിലേക്ക് മാറാന്‍ കുറെ നാളെടുത്തു കാണും. ചേട്ടന്റെ സ്വന്തം ലൈബ്രറിയില്‍ നിന്നും വായിച്ച് തുടങ്ങിയ ഐതിഹ്യമാലയായിരുന്നു ആദ്യത്തെ പ്രിയപ്പെട്ട പുസ്തകം. ഒരു ദേശത്തിന്റെ കഥ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വായിച്ചതുപോലെയല്ല പിന്നീട് വായിച്ചത്.വായിക്കുന്ന ഓരോ ബുക്കിലും കഥാപാത്രങ്ങളെയും ആ ചുറ്റുപാടുകളെയും ഒരു സിനിമ പോലെ കണ്ടു. ഇന്ന് അങ്ങനെ വായിക്കാന്‍ കഴിയുന്നില്ലയെന്നത് എന്റെ വായന മരിക്കുന്നതിന്റെ ലക്ഷണമാവാം. ഇന്നിപ്പോള്‍ കയ്യില്‍ ഇരിക്കുന്ന ഡോ.ഗംഗാധരന്റെ "ജീവിതമെന്ന അത്ഭുതം" വായിക്കുമ്പോള്‍ ഉള്‍ക്കൊണ്ട് വായിക്കാതിരിക്കാന്‍ കഴിയില്ലന്നു വിശ്വസിക്കുന്നു .
  ഒരുപാട് ഓര്‍മകളിലേക്ക് തിരികെ നടത്തിയ നല്ലൊരു പോസ്റ്റിനു ആശംസകള്‍.

  ReplyDelete
 34. ബാല്യത്തിന്റെ വെറുംനിലത്ത് ചാടഞ്ഞിരുന്നു വായിക്കുന്ന കാലം ഓർമ്മിപ്പിച്ചതിനു നന്ദി മാഷേ

  ReplyDelete
 35. കുട്ടിക്കാലം വീണ്ടും ഓര്‍മിപ്പിച്ചു ..അന്നത്തെ വായനയും ,,,,

  ReplyDelete
 36. അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല എഴുത്തും ഏറ്റവും നല്ല പ്രതികരണങ്ങളും. സലാം സാബ് കൂടുതൽ പ്രതീക്ഷിക്കുന്നു

  ReplyDelete
 37. മനോഹരമായി എഴുതിയ ഒരു നല്ല കുറിപ്പ്. അല്പം ഗൃഹാതുരതയോടെ വായനയുടെ വഴികളെ ഓര്‍മിപ്പിച്ചു. താത്പര്യത്തോടെയും അതിലേറെ ആവേശത്തോടെയും കിട്ടുന്നതെന്തും വായിച്ചിരുന്ന ആ നല്ല നാളുകള്‍ വല്ലാത്ത പ്രണയം ജനിപ്പിക്കുന്നു.

  ReplyDelete
 38. കുറേ ദിവസമായി നോട്ടമിട്ട് വെച്ചിരുന്നെങ്കിലും ഇന്നാണ് ഈ പോസ്റ്റ് വായിക്കാനായത്. നല്ലൊരു ലേഖനം . വ്യത്യസ്തമല്ല എന്‍റെ വായനാ ലോകവും. ബാലരമം പൂമ്പാറ്റ, അമര്‍ചിത്രകഥകള്‍ എന്നിവയ്ക്കൊപ്പം നാലാം പിറന്നാള്‍ സമ്മാനമായി ഉപ്പ തന്ന പഞ്ചതന്ത്രകഥകളുടെ വലിയൊരു പുസ്തകവും കൂട്ടുണ്ടായിരുന്നു. എത്രതവണ അതിലെ കഥകള്‍ വായിച്ചു തള്ളി എന്ന് പറയാനാവില്ല. പിന്നീട് ആരോഗ്യകരമായ ഒരു വായനാശീലം ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചത് എം കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം തന്നെയാണ്. പുതിയ പുസ്തകങ്ങളെ, എഴുത്തുകാരെ, സാഹിത്യപുതുമകളെ പരിചയപ്പെടാന്‍, വായനകളുടെ വിവിധ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ എല്ലാം സഹായിച്ചത് ആ പംക്തിയാണ്. നന്ദി ഈ നല്ല കുറിപ്പിന്.

  ReplyDelete
 39. വിരല്‍ത്തുമ്പിലേക്ക്‌ അനായസേന വന്ന് പതിക്കുന്ന അറിവുകളുടെ പ്രളയം. ഇന്‍ഫര്‍മേഷന്‍ ഒബീസിറ്റി എന്നാണ്‌ ശാസ്ത്ര ലോകം ഇതിനു നല്‍കിയിരിക്കുന്ന വിളിപ്പേര്‌.
  ആവശ്യത്തിനു ഭക്ഷണം ലഭിക്കാത്ത ഒരു കൂട്ടമാളുകള്‍ക്ക്‌ മുന്നിലേ ഭക്ഷണത്തിന്‌ ആര്‍ത്തി ഉണ്ടാവുകയുള്ളൂ. മറു വശം ആവട്ടെ ആവശ്യത്തിനും അനാവശ്യത്തിനും കോളയും കൃത്രിമനിറങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ഒക്കെ ചെന്നു ചേരുന്ന ഒരു ഗാര്‍ബേജ്‌ ബിന്‍ ആവുകയാണ്‌.ഫലമാവട്ടെ പൊണ്ണത്തടി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും.
  അതെ അനാരോഗ്യ പ്രശ്നങ്ങൾ ഇന്നിന്റെ വായനയും നേരിടുന്നു എന്ന് വേണം പറയാൻ.

  അറിവുകളുടെ സ്രോതസ്സുകള്‍ മിതമായിരുന്ന ഒരു കാലത്ത്‌ അറിവ്‌ നേടാനുള്ള ത്വരയും കൂടുതല്‍ ആയിരുന്നു. വിലക്കൂടുതല്‍ കാരണം സാധാരണക്കാരന്‌ അപ്രാപ്യം ആയിരുന്നു മുന്‍പൊക്കെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും. അന്നത്തെ പ്രധാന ആശ്രയങ്ങള്‍ ആവട്ടെ, വായന ശാലകളും. കാലത്തിന്റെ ഗതിക്കൊപ്പം വായന ശാലകളുടെയും മരണ മണി മുഴങ്ങുകയാണ്‌. വായന പകുക്കപ്പെട്ട്‌ പോയി എന്നു വേണം കരുതാന്‍, ആദ്യ കാലങ്ങളില്‍ റേഡിയോയും പിന്നെ ടെലിവിഷനും ഇങ്ങെ അറ്റം അന്റ്രോയിഡുകളും വരെ നമ്മുടെ വായനയുടെ സമയത്തെ പകുത്തെടുത്തു. ഡിജിറ്റല്‍ റീഡിംഗ്‌ ന്റെ പിടിയാല്‍ ആണ്‌ കാലത്തിനൊപ്പം നമ്മളിപ്പോള്‍. ബ്ബ്ലോഗുകളൂം ഇ-മാഗസിനുകളും ഇ-പത്രങ്ങളും ഒക്കെ ക്ഷണവേഗത്തില്‍ വായിച്ചു തീര്‍ന്ന് അടുത്ത സൈറ്റുകളിലെക്ക്‌ ബ്രൗസ്‌ ചെയ്യുമ്പോള്‍ വായിച്ചു പകുതി ആക്കി അടയാളം വെച്ച്‌ പോയ, പുസ്തകങ്ങളുടെ ഗന്ധവും നമുക്കന്യമാവുന്നു.

  ദൂരദര്‍ശനില്‍ രാജെശ്വരി മോഹനും ഡെല്‍ ഹി റിലേയില്‍ റിനി ഖാന്നയും സുനീല്‍ ഠണ്ടനും ഒക്കെ വാര്‍ത്ത വായിക്കുന്ന കാലങ്ങളില്‍ കൃത്യമായി അര മണിക്കൂര്‍ വാര്‍ത്താ ദൃശ്യങ്ങള്‍ക്കായി മാറ്റി വെക്കുമായിരുന്നു. (ആകാശവാണിയും അതു പോലെ തന്നെ). വായനയുടെ ഉച്ചാരണ ശുദ്ധിയും ആകര്‍ഷിക്കുന്ന പ്രധാന ഘടകം ആണ്‌. അന്ന് സം പ്രേഷണം ചെയ്തിരുന്നത്‌ അവശ്യ വാര്‍ത്തകള്‍ മാത്രം ആയിരുന്നു. ഇരുപത്തി നാലു മണിക്കൂറും വാര്‍ത്ത മാത്രം കാണിക്കുന്ന ചാനലുകള്‍ ഇന്നുണ്ടാവുമ്പോള്‍ പഴയ ഒരു മണിക്കൂര്‍ വാര്‍ത്തയുടെ പ്രാധാന്യം പോയി. മാത്രവുമല്ല വേണ്ട അറിവുകള്‍ വേണ്ട രീതിയില്‍ സംവദിക്കപ്പെടുന്നും ഇല്ല. അനാവശ്യ വാര്‍ത്തകള്‍ക്ക്‌ അമിത വാര്‍ത്താ പ്രാധാന്യവും ബ്രേക്കിംഗ്‌ ന്യൂസിന്റെ സെന്‍സേഷനിലിസവും കൊടുക്കുമ്പോള്‍ അറിവ്‌ പങ്കു വെക്കുന്ന വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുകയാണ്‌.

  ധാരാളിത്തത്തിന്റെ ഈ യുഗത്തില്‍ എല്ലാവരും അപ്ഡേറ്റഡ്‌ ആണ്‌. ക്ഷണ നേരത്തിന്റെ ആയുസ്സ്‌ മാത്രം ഉള്ള അപ്ഡേറ്റുകള്‍! വായിക്കാനോ വായിച്ചത്‌ മനനം ചെയ്യാനോ ഉള്ള ക്ഷമ നശിച്ച ഒരു സമൂഹത്തിന്റെ പ്രതിനിധികള്‍ ആവുന്നു നാം ഓരോരുത്തരും.ഫലമോ സ്വന്തം ടെലെഫോണ്‍ നമ്പര്‍ പോലും , ഓര്‍മ്മ വെക്കാനാവാത്ത ചെറിയ കണക്കു കൂട്ടലുകള്‍ക്ക്‌ പോലും മോബെയിലിലെ കാല്‍ക്കുലേറ്ററിനെ ആശ്രയിക്കുന്ന ഓര്‍മ്മയുടെ കോശങ്ങളില്‍ ഒന്നും എടുത്തു വെക്കാനില്ലാതെ ആയുസ്സില്ലാത്ത അപ്ഡേറ്റുകളുമായി വേഗ ദൂരങ്ങള്‍ വെറുതെ താണ്ടുന്നു.

  ReplyDelete
 40. വയന വളർന്നു വലുതാകുന്നതിന്റെ
  നല്ലോരു ആവിഷ്കാരമ്മാണിത് .
  ഈ നല്ല ആലേഖനത്തിനനുയോജ്യമായ
  മറുപടികളും കൂടി ആയപ്പോൾ ഫുൾ സാറ്റിസ്ഫേക്കഷനായി കേട്ടൊ സലാം ഭായ്

  ReplyDelete
 41. ഈ എഴുത്ത് എന്നെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി...ബാലരമ, ബാലഭൂമി, പൂമ്പാറ്റ, മുത്തശ്ശി...ഇതിലൊക്കെയായിരുന്നു എന്റെയും തുടക്കം...

  ReplyDelete
 42. ഞാനും വായിക്കാറുണ്ടായിരുന്നു.ഇപ്പോഴും കുറച്ചൊക്കെ ആശീലമുണ്ട്.

  ReplyDelete