Friday, January 3, 2014

യുക്തിയും വിചാരങ്ങളും

സമയം കിട്ടുമ്പോഴെല്ലാം പുരോഹിതനോടൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു അവരെല്ലാം. ചെറിയ വട്ടക്കണ്ണടയ്ക്കുള്ളിലൂടെ വേദഗ്രന്ഥം എല്ലാവരും കേള്‍ക്കും വിധം വായിച്ചു പുരോഹിതന്‍. ജപമാലകളുടെ മണികള്‍ മറിച്ച് അത് കേട്ടിരുന്നു ഭക്തര്‍. അന്നേരമെല്ലാം അയാള്‍ വേറെ കുറച്ചു പേര്‍ക്കൊപ്പം അതിലൊന്നും പങ്കെടുക്കാതെ വല്ലതും കുടിക്കാനും, പുക വലിക്കാനുമൊക്കെ ഉപയോഗിച്ചു. നിരന്തരം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിളിച്ച പുരോഹിതനെ അയാള്‍ കേട്ടില്ലെന്നു നടിച്ചു. നീ എന്തിലാണ് വിശ്വസിക്കുന്നത് എന്ന പുരോഹിതന്‍റെ ചോദ്യം ആവര്‍ത്തിച്ചു വന്നപ്പോള്‍ താന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നില്ലായെന്ന സത്യം അയാള്‍ അദ്ദേഹത്തോട് വെളിപ്പെടുത്തി. ലോകത്തിന്‍റെ പഴക്കം 5000 വര്‍ഷമാണെന്നോ, ദൈവമുണ്ടെന്നോ അയാള്‍ വിശ്വസിക്കുന്നില്ലായിരുന്നു. നീ പാപത്തിന്‍റെ ശമ്പളം പറ്റി നരകത്തില്‍ പതിക്കുമെന്ന മുന്നറിയിപ്പ് ഉടനെ വന്നു. 
പഠനം പൂര്‍ത്തിയായതില്‍ പിന്നെ അയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നെ കരിയര്‍ ഗ്രാഫിന്‍റെ മേലോട്ടുള്ള പ്രയാണത്തില്‍ ഉയര്‍ന്ന ജോലികള്‍, സ്ഥാപനങ്ങള്‍, അക്കങ്ങളുടെ കണിശതയും യുക്തിചിന്തയുടെ സൂത്രങ്ങളും നിറച്ച സംവാദങ്ങളും ചര്‍ച്ചകളും ഇടവേളകളില്‍. സ്വയം ഒരു നാസ്തികനായി വിലയിരുത്തിയ അയാള്‍ റിച്ചാര്‍ഡ്‌ ഡാക്കിന്‍സ് നയിച്ച ശാസ്ത്ര വിചാര കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ ആവേശം നിറഞ്ഞ പങ്കാളിയായി. ഡാക്കിന്സില്‍ അയാള്‍ അയാളെത്തനെ തന്നെ കണ്ടു. ഏതു ചോദ്യങ്ങള്‍ക്കും ഉരുളക്കുപ്പേരിപോലെ ഉത്തരങ്ങള്‍. വൈകാരിക വിചാരങ്ങളോട് തികഞ്ഞ വിരക്തി, യുക്തി ചിന്തകളോട് ഏറിയ ആഭിമുഖ്യം. ഏതു ദര്‍ശനത്തേയും, ചിന്തയേയും കീറി മുറിച്ച് വിചാരണ ചെയ്യാനും അതിലാകെയും അടങ്ങിയ വൈരുദ്ധ്യങ്ങളെ തുറന്നു കാണിക്കാനുമുള്ള ഉത്സാഹം. സഹസ്ര വര്‍ഷങ്ങളുടെ അപ്പുറത്ത് അവതീര്‍ണ്ണമായ മതഗ്രന്ഥങ്ങളിലാണെങ്കില്‍ ഈ വൈരുദ്ധ്യങ്ങള്‍ എമ്പാടുമുണ്ടായിരുന്നു. ശാസ്ത്രയുക്തികളുടെ മുഷ്ടി ചുരുട്ടി ആഞ്ഞ് വീക്കാന്‍ മതഗ്രന്ഥങ്ങളില്‍ ഇടങ്ങള്‍ സുലഭമായിരുന്നു. 
 കുറെക്കാലം അങ്ങിനെയൊക്കെ കഴിഞ്ഞതില്‍ പിന്നെയാണ് തന്‍റെ കോര്‍പറേറ്റ് നിയോഗം വിട്ടു അയാള്‍ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. അങ്ങിനെ അയാള്‍ തൊഴില്‍ രഹിതരുടെയും, ഭവനരഹിതരുടെയും നിരാലംബരുടേയും ഇടയിലേക്കിറങ്ങി അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന അന്വേഷണത്തില്‍ മുഴുകി. ഒരു ദൈവമുണ്ടെന്നു കരുതാന്‍ തക്ക യാതൊരു സാഹചര്യവും അനുഭവിക്കാത്ത അവരെല്ലാം സ്വാഭാവികമായും അവിശ്വാസികളായിരിക്കുമെന്ന ഉറച്ച ധാരണ അയാള്‍ക്കുണ്ടായിരുന്നു. ലോകത്തിന്‍റെ ഒരു കരുണയും അനുഭവിക്കാത്ത അവര്‍ക്ക് എന്തു വിശ്വാസമുണ്ടാകാനാണ്! എന്നാല്‍ അയാളെ അമ്പരപ്പിച്ചുകൊണ്ട്‌ അവരില്‍ മിക്ക പേരും ജീവിക്കാനുള്ള അവരുടെ ഏക പ്രചോദനമായി കണക്കാക്കുന്നത് ദൈവത്തെയാണെന്ന് അയാള്‍ കണ്ടെത്തി. ആ കൂട്ടത്തില്‍ നിറഞ്ഞ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും കൂടി ഉള്‍പെട്ടിരുന്നു. വീടും കുടിലുമില്ലാത്ത, അടുത്ത നേരത്തെ അന്നം എവിടെ എന്ന ഉറപ്പുപോലുമില്ലാത്ത ഇവര്‍ എങ്ങിനെ, ഏത് ദൈവത്തിലാണ് വിശ്വസിക്കുന്നത് എന്നയാള്‍ അത്ഭുതപ്പെട്ടു. കോര്‍പറേറ്റ് വികസന യുക്തിയുടെ ജെ സി ബികള്‍ക്കും, ബുള്‍ഡോസറുകള്‍ക്കും മുന്നില്‍ മണ്ണില്‍ നിന്ന് പറിച്ചെറിയപ്പെട്ടു നഗര പ്രാന്തങ്ങളില്‍ എത്തപ്പെട്ട അവരുടെ കൂട്ടത്തില്‍ ലൈംഗിക തൊഴിലാളികളും മയക്കു മരുന്നിന്‍റെ അടിമകളുമുണ്ടായിരുന്നു. അരികുവത്കരിക്കപ്പെട്ട അവരോട് വികസിത സമൂഹം ഒരു ദയയും കാണിച്ചിരുന്നില്ല. മുന്‍വിധികളുടെ നിസ്സാരമനസ്സോടെ അവരെ അവഗണിക്കുന്ന പൊതു സമൂഹത്തേക്കാള്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്നത് ദൈവമാണെന്ന് അവര്‍ വിശ്വസിച്ചു. അങ്ങിനെ ജീവിക്കാന്‍ അത്താണിയാകുന്ന ഒരു ദൈവത്തെ അവര്‍ക്ക് നിഷേധിക്കാന്‍ താന്‍ ആരാണ് എന്ന് അയാള്‍ പതിവിനു വിപരീതമായി സ്വയം ചോദിച്ചു. പ്രതീക്ഷയുടെ ഒരു കിരണവും ശേഷിക്കാത്ത ഈ ലോകത്ത് അവരുടെ ഒരു ചെറിയ വെളിച്ചം ഉള്ളതോ ഇല്ലാത്തതോ ആയ ഈ ദൈവം മാത്രമാണ്. നാസ്തികതയുടെ യുക്തി കൊണ്ട് മരണശേഷം വേറെ ജീവിതമില്ല എന്നൊക്കെ അവരെ പറഞ്ഞു ബോധ്യപ്പെടുന്നത് നിരര്‍ത്ഥകവും ക്രൂരവുമായിരിക്കുമെന്ന പുതിയൊരു ബോധ്യം അയാളില്‍ തെളിഞ്ഞു വരികയായിരുന്നു.